Friday, April 11, 2008

ഒരു ബാച്ചിലര്‍ രാജി കത്ത്‌

ബാച്ചിലര്‍ ക്ലബിന്റെ ആജീവനാന്ത പ്രസിഡന്റിന്റേം സെക്രട്ടറിയുടേയും ജനാധിപത്യ രാഹിത്യവും സ്വേച്ചാധിപത്യവും ആരോപിച്ചല്ല,ഞാനും രാജിവെക്കുന്നു. (കാരണം അങ്ങ്‌ ഊഹിക്ക്യാ)

ഇതിനു മുന്‍പ്‌ ഞാന്‍ ഈ ബ്ലോഗിലിട്ട എല്ലാ പോസ്റ്റുകളും കാലഹരണപ്പെട്ടിരിക്കുന്നു (അല്ല്ലേലും അതൊന്നും സത്യല്ലാന്നേ)

Friday, March 07, 2008

മാഫിയ

ഇക്കുറി നാട്ടില്‍ നിന്നു ചെന്നൈയിലെക്കുള്ള മടക്കയാത്രയില്‍ ആണ് സംഭവം. ഭാരം നിറച്ച ബാഗുമായി ട്രെയിനില്‍ കംപാര്ട്ട്മെന്റ് കണ്ടുപിടിച്ച് ഭാണ്ടക്കെട്ട്ട് ബര്‍ത്തിന്റെ മുകളില്‍ ' അണ്‍ ലോഡ് ' ചെയ്തതിനു ശേഷം ആണ് പതിവ് പരുപാടി ആയ 'തിര നോട്ടം' (സഹയാത്രികര്‍ ആയ മറ്റു കുഞ്ഞാടുകള്‍ ആരെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസ) ആരംഭിച്ചത്.

എന്റെ ഹിന്ദി ജ്ഞ്ഞാനതെക്കുരിച്ച് എനിക്ക് തന്നെ അഭിമാനം ഉണ്ടാക്കി തന്ന ഒരു അനാലിസിസ് അവിടെ ഞാന്‍ നടത്തുക ഉണ്ടായി. സഹയാത്രികരായ ഒരു പറ്റം ചേട്ടന്‍മാര്‍, സ്റ്റാന്റില്‍ നിര്ത്തി ഇട്ടിരിക്കുന്ന ബസ്സിന്റെ കിളിയും കണ്ടക്ടരും ബസ്സിന്റെ 'ഡെസ്ടിനേഷന്‍' അനൌന്‍സ് ചെയ്യുന്ന അതെ രാഗത്തില്‍, കോറസ്സായി ചിലക്കുന്നത് എന്തായാലും ഹിന്ദിയില്‍ അല്ല. ഒരു പക്ഷെ വല്ല ബംഗാളിയും ആകും(ഈ ബംഗാളി ഭാഷ എനിക്കറിയാവുന്നത് കൊണ്ടൊന്നും അല്ല, എന്തോ അങ്ങനെ തോന്നി.)അത് കൊണ്ട്ട് തന്നെ മൌനം വിദ്വാനു ഭൂഷണം എന്ന പ്രമേയം മനസ്സില്‍ കയ്യടിച്ച് പാസ്സാക്കി ഒരു 'ഇന്ത്യ ടുടെ' കയ്യിലെടുത്ത് പേജ് മറിക്കാന്‍ തുടങ്ങി. ഒരു കാപ്പിയും ഇന്ത്യ ടുടെയും ആയി നിമിഷങ്ങള്‍ അങ്ങനെ. എന്റെ മനസ്സില്‍ 'സഫ്രോന്‍ കി സിന്ദഗി' ഒക്കെ വരാന്‍ തുടങ്ങി.

നൂറു കോടി ആളുകളുള്ള രാജ്യത്ത് മിണ്ടാന്‍ ഒരു ആള് പോലും ഇല്ലെന്ന് വെച്ചാല്‍!!!

ഈ വൈഷമ്യങ്ങളും ആയി ഇരുന്നപ്പോളാണ് ഒരു പിടി 'ഡി വി ഡി'കളുമായി ഒരു ചേട്ടന്‍ സമീപിച്ചത്. വളരെ രഹസ്യമായി അദ്ദേഹം ചോദിച്ചത്‌ ഇങ്ങനെ
'ഇങ്ങക്ക് പടം ബെണോ? പുതിയ പടം?'
'ഏതാ പടം? കാണട്ടെ?' ഞാന്‍ പ്രതികരിച്ചു.
ഒരു കെട്ട് ഡി വി ഡി എന്റെ മുന്‍പില്‍ നിരത്തിയിട്ട്, പെണ്ണുകാണല്‍ സീനുകളില്‍(ഐ മീന്‍ സിനിമകളില്‍, അല്ലാതെ നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ ആ സീനില്‍ പണ്ടേ താത്പര്യം ഇല്ലാത്തവര്‍ ആണല്ലോ.) പെണ്ണിന്റെ അച്ഛന്‍ അനുവദിക്കുന്നത് പോലെ ഞങ്ങള്‍ക്ക് പ്രൈവറ്റ് സമയം അനുവദിചിട്ട് എഴുന്നേറ്റ് പോയി. ഞാന്‍ സസൂക്ഷം ഡി വി ഡി കള്‍ പരിശോധിച്ച് ഒടുവില്‍ ഒന്നു രണ്ടെണ്ണം മാറ്റി വച്ചു.

എത്രയോ വിനാഴികകള്‍ കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു, ഡി വി ഡി കള്‍ പെറുക്കി ബാഗിലാക്കി 'ഒന്നും വേണ്ടല്ലോ അല്ലെ' എന്ന് നെഗടീവ് ചോദ്യം ചോദിച്ചു,

ഇത്തരത്തില്‍ ഒരു ചോദ്യം എന്നെ ഒരല്പം ചൊടിപ്പിച്ചു എന്ന് തന്നെ പറയാം എന്തന്നാല്‍ കാത്ത് കാത്ത് ഒരു മലയാളി വന്നണഞ്ഞതാണ്. ഒരു നാല് നാട്ടുവിശേഷമെങ്കിലും പറയാതെ പോകാന്‍ ഈ ചങ്ങാതിക്ക് എങ്ങിനെ മനസ്സു വരുന്നു?

ഭാണ്ടക്കെട്ട് നിറച്ച് 'ടേക് ഓഫ്' ചെയ്യാന്‍ പോയ ഡി വി ഡി ചേട്ടനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍, ആത്മാവിന്റെ അപേക്ഷയുടെ സ്വരത്തില്‍ ഇങ്ങനെ മൊഴിഞ്ഞു "എനിക്ക് 'പ്രണയകാലം' വേണം"

ഒരു ചിരി ഡി വി ഡി ചേട്ടന്റെ മുഖത്ത് വിരിഞ്ഞുവോ എന്നൊരു സംശയം. കെട്ട് അഴിച്ച് അദ്ദേഹം 'പ്രണയകാലം' തപ്പി, നിരാശനായി പറഞ്ഞു 'ഇല്ലല്ലോ' 'പ്രണയകാലം അപ്പുറത്തെ ബോഗിയിലെ പയ്യന് കൊടുത്തു'

അപ്പുറത്തെ ബോഗിയിലെ പയ്യന് വരെ പ്രണയകാലം ആയി. ഞാന്‍ ഒന്നു ഇരുത്തി മൂളി. "ഊം"
"റോക്ക് ആന്‍ഡ്‌ റോള്‍ മതിയോ?" ചേട്ടന്റെ ഉള്ളിലെ എം ബി എ കാരന്‍ ചിലച്ചു.
"പ്രിന്റ് നല്ലാതാണോ" ഞാന്‍ ഒരു കുശലം ചോദിച്ചു.
"പിന്നില്ലേ നല്ല ഒന്നാന്തരം പ്രിന്റ്റാ. അതോണ്ടല്ലേ അന്‍പത് രൂപ വില."
എന്റെ ആകാംക്ഷയുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു.
"തീയറ്റര്‍ പ്രിന്റ് അല്ലെ? അതിത്ര നല്ലതൊന്നും ആകില്ലല്ലോ" എന്റെ വക ഒരു താങ്ങ്

ചേട്ടന്റെ വിശ്വാസ്യതയുടെ വൃക്ഷത്തിനു ചുവട്ടില്‍ ഞാന്‍ മുറുക്കി തുപ്പിയെന്ന പോലെ അദ്ദേഹത്തിന്റെ ആവേശം അണ പൊട്ടി ഒഴുകി.
"ഇത് തീയറ്റര്‍ പ്രിന്റ് ഒന്നും അല്ല. ഒറിജിനലാ ഒറിജിനല്‍. കൊണ്ട്ട് പോയി കണ്ട്ട് നോക്കിന്‍. എന്നിട്ട വിവരം പറ. ഞമ്മളിതില്‍ സ്ഥിരം കച്ചവടം നടത്തണതാ. കൊള്ളില്ലെന്കില്‍ അടുത്ത തവണ നിങ്ങളുടെ മുന്‍പില്‍ വരാന്‍ പറ്റില്ലല്ലോ?"

ഞാന്‍ ആകെ ഇമ്പ്രസ്സ്ഡ് ആയി. ആ പടത്തിന്റെ സംവിധായകന്‍ രന്ജിത്തിനു പോലും അത്ര ആത്മവിശ്വാസത്തോടെ പടത്തിന്റെ ഏതേലും മേന്മയെക്കുറിച്ച് സംസാരിക്കാന്‍ പറ്റില്ല. ഈ പടം കൊള്ളില്ലേല്‍ ഞാന്‍ ഇനി നിങ്ങടെ മുന്‍പില്‍ കച്ചവടത്തിനു വരില്ല എന്ന് ലാലേട്ടന് പറയാന്‍ സാധിക്കുമോ? ഇല്ല തന്നെ. അതിഭയങ്കരം!! അഭിനന്ദനാര്‍ഹം!!

വേറെ ഒന്നും ആലോചിക്കാതെ ചേട്ടന്റെ ആത്മവിസ്വാസത്തിനു മുന്നില്‍ ഞാന്‍ അന്‍പത് രൂപ വെച്ച് നീട്ടി. (പടം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, ആ കൊണ്ഫിടന്സിനു ഒരു റിവാര്‍ഡ് എന്ന നിലയ്ക്ക് )

പടം പൊതിന്ജോണ്ടിരുന്നതിനിടയില്‍ ചേട്ടനോട് കുസലപ്രശ്നമെന്ന രൂപേണ ഞാന്‍ ചോദിച്ചു. "അല്ല ഇത് തീയറ്ററില്‍ നിന്നല്ലന്കില്‍ പിന്നെ എവിടുന്നു കിട്ടുന്നു?"
ചേട്ടന്‍ മുഖം എന്നോട് അടുപ്പിച്ച് രഹസ്യ രൂപേണ പറഞ്ഞു. "ഇതൊക്കെ സിംഗപ്പൂര്‍ നിന്നും വരുന്നതല്ലേ"
"സിംഗപ്പൂരോ?"
"ആ. സിംഗപ്പൂര്‍ തന്നെ. അവിടുന്നു ഒറിജിനല്‍ പ്രിന്റ് അടിച്ച് വിടുകയല്ലേ. "
"ഓഹോ. അതെങ്ങിനെ ചേട്ടന്റെ കയ്യില്‍ എത്തി?"
"അത് എജന്റ്റ് വഴി."
"സിംഗപ്പൂര്‍ നിന്നു എജന്ട്ട് വരുവോ?"
"എജന്റ്മാര്‍ ഇവിടെ കൊച്ചിയിലല്ലേ."
"അപ്പൊ സിംഗപ്പൂര്‍ നിന്നു ഇതെങ്ങിനെ ഇവിടെ എത്തും."
"ആ പ്രിന്റ് കപ്പലില്‍ കൊച്ചിയിലെത്തിക്കും. ചിലപ്പോള്‍ വിമാനത്തിലും."
"ആര്?"
"മാഫിയ"
"എന്ത്??"
"മാഫിയ."

മാത്രുഭുമിയുടെ പല പേജുകളിലായും, ഇന്ത്യാ വിഷനിലെ നികേഷ്‌ കുമാറിന്റെ ജിഹ്വ സന്ചാരത്തിലും ഒക്കെയായി മാത്രം ഞാന്‍ കേട്ട പരിച്ചയപ്പെട്ടിട്ടുള്ള വാക്ക്। ഒരു പക്ഷെ മലയാളികള്‍ക്കെല്ലാം കേട്ട പരിചയമുള്ള വാക്ക്, കണ്ട്ട് പരിചയം ഇല്ല. എങ്ങനെ ഇരിക്കും ഈ മാഫിയ കാണാന്‍? സ്വാഭാവിക ആക്രാന്തം ചോദ്യമായി പുറപ്പെട്ടത് ഇങ്ങനെ
'അപ്പോള്‍ ചേട്ടനാ ഈ മാഫിയ?'
'ഞമ്മളും ഞമ്മളെ പോലെ പലരും' തികച്ചും മാഫിയ സ്ടയില്‍ ഉത്തരം തന്നെ. ഇന്കംപ്ലീട്ട് വണ്‍.

അഞ്ചടിയില്‍ താഴെ മാത്രം ഉയരമുള്ള, ബാലചന്ദ്രമേനോന്‍ സ്ടൈലില്‍ കഷണ്ടിക്ക് വെയില്‍ എല്ക്കതിരിക്കാന്‍ റ്റൌവല്‍ കെട്ടിയ, കൈ വീശി നടക്കുമ്പോള്‍ 'ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍' എന്ന് കയ്യും വയറുമായി ആരോഗ്യകരമായ കിടമത്സരം നടത്തുന്ന, ഇറികി ചിരിക്കുമ്പോള്‍ അണപ്പല്ലിലെ പുഴുക്കുഞ്ഞുങ്ങള്‍ ലാല്‍സലാം പറയുന്ന, ആ രൂപം എന്റെ മാഫിയാ സന്കല്പതിനു ചാരുത ഏകി।

ഞാന്‍ തുടര്‍ന്നു "അപ്പൊ ചേട്ടനും മാഫിയയാ?"
"അതെല്ലോ. ഡി വി ഡി വാങ്ങിയ സ്ഥിതിക്ക് ഇങ്ങളും മാഫിയ തന്നെ" ഒരു മാഫിയാ ചിരി പാസ്സാക്കി ചേട്ടന്‍ നടന്നു നീങ്ങി.

അങ്ങനെ ഞാനും മാഫിയ ആയി.ഞാന്‍ എന്നെ തന്നെ നോക്കി രഹസ്യത്തില്‍ പുലമ്പി."മാഫിയാ ശിശു"

Monday, February 18, 2008

വൈഫു ഭയം ( ഭാര്യോ ഫോബിയ) നാടോടി കഥ

വീര ശൂര പുരത്തെ വീരസേന മഹാരാജാവ്‌ മഹാ ധീരനുംവീരനും ധൈര്യ ശാലിയുമായിരുന്നു
.വീരമഹാരാജന്റെ പേരു കേള്‍ക്കുമ്പോഴേക്കൂം ദേശത്തേയും അയല്‍ ദേശങ്ങളിലേയും ആണായും പെണ്ണായും പിറന്ന സകല മനുഷ്യരും ഭയക്കുകയും കിടു കിടെ വിറക്കുകയും ചെയ്തു പോന്നു,
രാജനെ നേരിട്ടു മുഖം കാണിച്ച പലരും രാജാവൊന്നു തറപ്പിച്ചു നോക്കിയപ്പോഴേക്കും അറിയാതെ ഒന്നും രണ്ടുമൊക്കെ പുറത്തേക്കൊഴുക്കി.

വീരസേന മഹാരാജാവങ്ങനെ അര്‍മാദിച്ചു നടക്കുന്ന കാലത്താണ്‌ അതിര്‍ത്തി ഗ്രാമത്തെ ഒരു കൊവിലില്‍ സമാധാന പൂര്‍വ്വം വാഴുന്ന ഒരു ദേവിയെ ദര്‍ശനമാക്കപ്പെട്ട്‌ ഒന്നു വിറപ്പിക്കാന്‍ വേണ്ടി പൊവുന്നത്‌. ദേവിയേം വിറപ്പിച്ച്‌ പ്രസാദോം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്‌ അയല്‍ ദേശത്തെ അപ്സര സുന്ദരിയായ രാജ കുമാരി ഭര്‍തൃമര്‍ദ്ദിനിയെ കാണുന്നത്‌. "പ്രേമം@ ആദ്യ കടാക്ഷം."അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ മാംഗല്യവും കഴിഞ്ഞു.

കല്യാണവും കഴിഞ്ഞു രണ്ടാമത്തെ മാസം ചെവിയില്‍ നിന്ന് ചെവിയിലേക്ക്‌ സ്വകാര്യങ്ങളായും അടുത്ത മാസം കുശു കുശുപ്പായും തൊട്ടടുത്ത മാസം കുറച്ചൊക്കെ ഉച്ചത്തിലും ജനങ്ങള്‍ പറഞ്ഞു തുടങ്ങി."മഹാരാജന്‌ മിസ്സിസ്സിനെ കാണുമ്പൊഴേക്കും മുട്ടുകാല്‍ കൂട്ടിയിടിക്കുമത്രെ. മിക്ക ദിവസങ്ങളിലും പള്ളിയറയില്‍ നിന്ന് രാജന്റെ വായ്‌ പാട്ടു വിലാപവും മാഡത്തിന്റെ രാജവിന്റെ പുറത്തുള്ള മര്‍ദ്ദന മദ്ദള മേളവും കേള്‍ക്കാറുണ്ടത്രെ. രാജാവിന്റെ ബാച്ചിലേഴ്സ്‌ കൂട്ടുകാരുമൊത്ത്‌ റമ്മി കളിച്ചും റം കൂടിച്ചും ഇരിക്കാറുള്ള രാത്രിയില്‍ പള്ളിയറ പുല്‍കാന്‍ രാജാവെങ്ങാനും അഞ്ചു നിമിഷം വൈകിയാല്‍ പിറ്റേന്നു രാവിലെ രാജന്റെ മുതുകത്തും കൊട്ടാരത്തിലെ ചിരവയുടേ പുറത്തും ക്രൂര മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണാറുണ്ടത്രെ.

അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.

ഓമനപുഴ വില്ലേജിലെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ.അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു.അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത. ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ മാരുതി കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌.

രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

Tuesday, February 12, 2008

വാലന്റൈന്‍സ് ദിനവും ചില ബാച്ചി പ്രതിസന്ധികളും: ഒരു പഠനവും ചില ഉപദേശങ്ങളും

[ഒരു പ്രത്യേക അറിയിപ്പ്: കടുത്ത ബുജി പോസ്റ്റായതിനാല്‍ ലോലഹൃദയരോ ഗര്‍ഭിണികളോ ആയ ബാച്ചിലര്‍മാര്‍ ഇത് വായിക്കാതിരിക്കാന്‍ അപേക്ഷ]

ലോകമെമ്പാടുമുള്ള ബാച്ചിലര്‍മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ വിതരണം ചെയ്യുന്നതായി പ്രഖ്യാപിയ്ക്കപ്പെട്ട ദിവസം കാത്തിരിയ്ക്കുന്ന പോലെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. വര്‍ഷാവര്‍ഷം തുലാവര്‍ഷം പോലെ വന്ന്‍ പോകുന്ന ഈ അല്‍ഭുത പ്രതിഭാസം പലപ്പോഴും യുവ ബാച്ചിലര്‍മാരുടെ ജീവിതത്തില്‍ അനിതരസാധാരണമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഒരു മാതൃകാബാച്ചിയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണോ ഈ വാലന്റൈന്‍സ് ഡേ എന്ന് യൂറോപ്പിലെ ചില ബുദ്ധിജീവി ബുജികള്‍ ഒരിക്കല്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി.ബാച്ചികളുടെ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുന്നതിലും അവരുടെ സ്വതന്ത്രചിന്തയുടെ മുകളില്‍ കുതിരകയറുന്ന ചില സാമ്രാജ്യശക്തികളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കുന്നതിലും വാലന്റൈന്‍സ് ദിനത്തിനുള്ള പങ്ക് കമ്മ്യൂണിസ്റ്റ് ബാച്ചികളും ചൂണ്ടിക്കാണിക്കുക ഉണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും ബാച്ചികളും വാലന്റൈന്‍സ് ദിനവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും എന്ന പോലെ അഭേദ്യമായി തന്നെ തുടരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനത്തില്‍ ബാച്ചികള്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ് വഴി ശ്രമിക്കുന്നത്.

ആരാണ് വാലന്റൈന്‍?
ഒരു ബാച്ചിലര്‍ മിനിമം അറിഞ്ഞിരിക്കേണ്ട വസ്തുത ആണ് ഇത്. എന്നൊക്കെ പലരും പറയും പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയാതെ വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ പാടില്ല എന്ന് നിയമം ഒന്നും ഇല്ല എന്ന് ഞാന്‍ പ്രസ്താവിക്കാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. വാലന്റൈന്‍ ആരോ ആയിക്കൊള്ളട്ടെ. അങ്ങേരുടെ പേരില്‍ വീണ് കിട്ടുന്ന ഈ അവസരം പരമാവധി മുതലാക്കുന്നതില്‍ മാത്രമായിരിക്കണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ വാലന്റൈന്റെ ചരിത്രവും ഡേറ്റ് ഓഫ് ബെര്‍ത്തും ഒക്കെ പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നുമല്ലല്ലോ പോകുന്നത്.

പ്ലീസ് നോട്ട്: മഹാരാഷ്ട്രയില്‍ താക്കറെയുടെ അനുയായികള്‍ വാലന്റൈനെ എതിര്‍ക്കുന്നത് ഉദാഹരണമായി എടുത്ത് കാട്ടി ചിലര്‍ വാലന്റൈന്‍ യു പിയില്‍ ജീവിച്ചിരുന്ന ഒരു ഭയ്യ ആണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്.അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്ന് ഓര്‍മ്മിയ്ക്കുക. വാലന്റൈന്‍ ഇന്ത്യക്കാരനാണ് എന്ന് വരുകില്‍ തന്നെ അത് ഒരു മലയാളി ബാച്ചി ആയിരുന്നിരിക്കണം എന്നാണ് ക്ലബ്ബിന്റെ നിലപാട്. ഉള്‍ക്ലബ്ബ് ജനാധിപത്യം ഒക്കെ ഉണ്ട് എങ്കിലും റാഡിക്കല്‍ ചിന്താധാര ഈ ക്ലബ്ബില്‍ സജീവമാവാന്‍ അനുവദിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നു.

എത്ര വാലന്റൈന്‍ വരെ ആകാം?
ഈ ടൈപ്പ് ബാച്ചിലര്‍ സംശയങ്ങള്‍ക്ക് കാലാകാലങ്ങളായി കേട്ട് വരുന്ന മറുപടി അവനവന്റെ കപ്പാസിറ്റി അനുസരിച്ച് എത്ര വേണേലും ആവാം എന്നാണ്. ഈ വസ്തുത ആഹ്ലാദം പകരുന്ന ഒന്നാണെങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന ചതികള്‍ നമ്മള്‍ ബാച്ചിലേഴ്സ് കാണാതെ പോകരുത്. വെള്ളമടിയ്ക്കുമ്പോള്‍ എന്നത് പോലെ ഈ കാര്യത്തിലും സ്വന്തം കപ്പാസിറ്റി അറിഞ്ഞിരിക്കേണ്ടത് ഒരു ബാച്ചിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമത്രേ. സാമ്പത്തികമായി അവനവന്റെ കപ്പാസിറ്റി ഓട്ടൊമറ്റിക്കായി ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും‘ എന്ന സാമ്പത്തികശാസ്ത്ര തത്വപ്രകാരം അറിഞ്ഞോളും.അത് പ്രശ്നമുള്ള കേസല്ല. എന്നാല്‍ ഇമോഷണലായി എത്ര പേരെ ഒരു ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യാം എന്നുള്ളതാണ് പ്രശ്നം. ഒരു പെണ്‍കുട്ടിയോട് പാര്‍ക്കില്‍ വെച്ച് കാണാം എന്ന് പറഞ്ഞ സമയത്തിനും അടുത്ത പെണ്‍കുട്ടിയോട് പറഞ്ഞ സമയത്തിനും ഇടയില്‍ ട്രാഫിക്കില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് എത്താന്‍ ഉള്ള സമയം കൂടികണക്കിലെടുത്തിട്ട് വേണം ഗ്യാപ്പ് നിശ്ചയിക്കാന്‍. ഇത് ഒഴിവാക്കാന്‍ ഒരേ പാര്‍ക്കിന്റെ രണ്ട് മൂലകള്‍ തിരഞ്ഞടുക്കാം എങ്കിലും റിസ്കുള്ള പരിപാടി ആണ്. ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് വലിയ വിജയങ്ങളും പരാജയങ്ങളും ആയി മാറുന്നത്. മികവുറ്റ പ്ലാനിങ്ങും കഠിനമായ പരിശീലനവും വാലന്റൈന്‍ ദിന പരാക്രമങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ പകുതി വിജയിച്ചു.

എന്ത് ഗിഫ്റ്റ് നല്‍കണം?
ഒരിക്കലും.. ഐ റിപ്പീറ്റ് ഒരിക്കലും നമ്മുടെ ക്ലബ്ബിന്റെ ഉമ്മറത്തെ ടേബിളില്‍ സ്ഥിരമായി കിടക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വാലന്റൈന്‍ ദിന ഗിഫ്റ്റ് നിശ്ചയിക്കരുത്. ശത്രുക്കളുടെ പ്രൊപഗാണ്ട കേട്ടിട്ടാണോ നമ്മള്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ തെരഞ്ഞടുക്കാറ്? സ്വന്തം ഭാവനയില്‍ വിരിയുന്ന സമ്മാനങ്ങള്‍ ആവാം എങ്കിലും ഭാവന അതിര് വിട്ട് പോയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്നുള്ളത് കൊണ്ട് ബാച്ചിലര്‍മാര്‍ പ്രത്യേകിച്ച് ‘യുവ’ ബാച്ചിലര്‍മാര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ചീപ്പ് ടെഡി ബെയറൊക്കെ തന്നെ വാങ്ങി നല്‍കുന്നതാണ് നല്ലത്. റിസ്ക് എടുക്കരുതല്ലോ. കൂടാതെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനുള്ളത് കൊണ്ട് ഹോള്‍ സെയില്‍ കടയില്‍ പോയി ഗിഫ്റ്റ് ഐറ്റം ബള്‍ക്കായി വാങ്ങിയാല്‍ ഒരു ഫുള്ളിനുള്ള കാശെങ്കിലും ലാഭിക്കുകയും ചെയ്യാം എന്ന് അനുഭവസ്ഥര്‍ പറയുന്നു.

വാലന്റൈന്‍ വയലന്റായാല്‍..
ഒരു വിധം പെണ്‍കുട്ടികളൊക്കെ ഡയമണ്ട് പെന്റന്റ് പ്രതീക്ഷിച്ചിടത്ത് മേഡ് ഇന്‍ ചൈന ടെഡി ബെയര്‍ ഗിഫ്റ്റ് കിട്ടിയാല്‍ വയലന്റാവും. ഇത് കണ്ട് തുടക്കക്കാര്‍ ബാച്ചികള്‍ ‍പരിഭ്രമിയ്ക്കരുത്. അതിന്റെ ആവശ്യമില്ല. പോകെപ്പോകെ ഇതൊക്കെ ശീലമായിക്കോളും എന്ന് മുതിര്‍ന്ന ബാച്ചികള്‍ പറഞ്ഞ് തരാറുള്ളത് ഓര്‍മ്മിയ്ക്കുക. നിങ്ങളുടെ വാലന്റൈന്‍ അസാധാരണമാം വിധം വയലന്റാവും എന്ന് തോന്നുകയാണെങ്കില്‍ സാധാരണ കീപ്പ് ചെയ്യാറുള്ള കൈപ്പാടകലത്തില്‍ നിന്ന് കുറച്ച് കൂടി മാറി നില്‍ക്കുക. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിലപിടിപ്പുള്ള മുന്തിയ ഇനം അല്ല എങ്കില്‍ പേടിയ്ക്കണം അത് വെച്ച് എറിയാന്‍ ചാന്‍സ് ഉണ്ട്, മുന്‍‌കരുതലുകള്‍ സ്വീകരിക്കുക. ബാച്ചിലേഴ്സ് ക്ലബ്ബിലെ സ്റ്റഡീ ക്ലാസുകളില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ സില്‍ക്ക് ജയന്തിയ്ക്ക് നമ്മള്‍ സംഘടിപ്പിച്ച ഫിലോസഫീ ക്ലാസ് ഓര്‍മ്മിയ്ക്കുന്നുണ്ടാവും. വളരെ വയലന്റായ നിങ്ങളുടെ വാലന്റൈനെ തണുപ്പിയ്ക്കാന്‍ ആര്‍ഷഭാരത സംസ്കാ‍രത്തിന്റെ മഹിമയെ പറ്റിയും വാലന്റൈന്‍ ഡേ പോലെയുള്ള പാശ്ചാത്യ സ്വാധീനങ്ങളുടെ ദൂഷ്യവശങ്ങളെ പറ്റിയും ഒക്കെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ക്ലാസില്‍ നോട്ട് എഴുതിയെടുത്ത സ്വാമി വിവേകാനന്ദന്റെയും ശങ്കരാചാര്യരുടെയുമൊക്കെ ശ്ലോകങ്ങള്‍ തുണ്ട് കടലാസില്‍ എഴുതി പോക്കറ്റില്‍ കരുതുന്നത് ഈ സാഹചര്യങ്ങളില്‍ ഉപകരിക്കും.

ഇത് വെറും മാര്‍ഗ നിര്‍ദേശങ്ങളാണ് എന്ന് ഓര്‍മ്മിയ്ക്കുക. സ്വന്തം ക്രിയാത്മകത ഉപയോഗിച്ച് നിങ്ങള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുക. പോയി വിജയിച്ച് വരിന്‍ ബാച്ചിലര്‍മാരേ.. ലോകം നിങ്ങളുടേതാണ്.

അറിയിപ്പ്: ഫെബ്രുവരി പതിനഞ്ചിന് എല്ലാ വര്‍ഷവും എന്നപോലെ ഈ വര്‍ഷവും ക്ലബ്ബില്‍ മര്‍മ്മ ചികിത്സയും തിരുമ്മല്‍ ക്യാമ്പും സംഘടിപ്പിയ്ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ആരും ചികിത്സയ്ക്കായി ഇത്തവണ തിക്കും തിരക്കും ഉണ്ടാക്കരുത് എന്ന അഭ്യര്‍ത്ഥിയ്ക്കുന്നു. ചൂട് പിടിയ്ക്കാനുള്ള തൊര്‍ത്തുമുണ്ടും കുഴമ്പും മറ്റും മെമ്പര്‍മാര്‍ സ്വയം കൊണ്ട് വരേണ്ടതാണ്. നന്ദി.

ജയ് ഹിന്ദ്!

Monday, December 31, 2007

ഹപ്പി ന്യൂ ഇയര്‍- ബാചിലേഴ്സ്‌ ക്ലബ്‌ വക

ശ്ശെടാ.ളെവന്മാരിത്‌ എവടെ കെടക്‍ണ്‌.അല്ലേല്‍ എല്ലാ ന്യൂയിര്‍ രാതിനും പാമ്പായി വാളും അടിച്ച്‌ ദേ ഈ ബാച്ചിലേഴ്സ്‌ ക്ലബിന്റെ തിണ്ണേല്‌ നെര നെര ആയി കെടക്‌ക്‍ണേണ്‌ ഇതിപ്പൊ..

ക്‌ണീീീീം ആ..
ല്ലെയ്‌ ദെ കുപ്പി ഒടയണേം വാള്‌ വേക്കണേം മിഠി ആവാസ്‌..

ഡാ ദില്‍ബാ. ശ്രീജിത്തേ, സാന്റോ ഞാനു വരുണ്‌ഡാ...

അപ്പൊ പറഞ്ഞ പൊലേ അടുത്ത കൊല്ലത്തില്‍ കാണാംസ്‌

എല്ലാര്‍ക്കും ബാച്ചി ക്ലബ്‌ വക ചിയേഴ്സ്‌, അതെന്നെ ഹാപ്പി ന്യൂയീര്‍

Sunday, December 02, 2007

വിവാഹം - യാഥാര്‍ഥ്യബോധം




ഭാര്യയുടെ പീഡനം സഹിക്കവയ്യതെ അയാള്‍ മകനെയുമെടുത്ത്‌ പുറത്തിറങ്ങി. വഴിയില്‍ വെച്ചവന്‍ ചോദിച്ചു
അച്‌ഛനെനിക്ക്‌ കാഴ്ചബംഗ്ലാവ്‌ കാണിച്ചു തരുമോ?
അയാള്‍ മകനെയുമെടുത്ത്‌ മൃഗങ്ങളെ കാണാനുള്ള ക്യൂവില്‍ നിന്നു. ആദ്യം കഴുതകളെ കെട്ടിയ ലായത്തിലാണവരെത്തിയത്‌.ഒരു കഴുതയെ ചൂണ്ടി മകന്‍ ചോദിച്ചു:

എന്തിനാണച്‌ഛാ ആ കഴുത ചിരിക്കുന്നത്‌?
അതു കല്യാണം കഴിച്ചിട്ടുണ്ടാവില്ല അതുകൊണ്ടാവും
ഒരു കഴുതയും കല്യാണം കഴിക്കില്ലേ അച്‌ഛാ?

കഴുതകളേ കല്യാണം കഴിക്കൂ. അച്‌ഛന്‍ ആത്മഗതമെന്നോണം പറഞ്ഞു




മാധ്യമം ദിനപത്രത്തില്‍ കാനേഷ്‌ പൂനൂരിന്റെ "നേരം പോക്കിന്റെ നേരം" എന്ന പംക്തിയില്‍ വന്നത്‌

Sunday, November 25, 2007

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!


2007 നവംബര്‍‌ 26 രാവിലെ 11.00 മണിയ്ക്ക് വിവാഹിതരായ ബാച്ചി ക്ലബ്ബിന്റെ അഭിമാനമായ (ആയിരുന്ന) നമ്മുടെ പ്രിയപ്പെട്ട ചാത്തനും വധു നടാഷയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.

മലയാളി ബ്ലോഗര്‍‌മാരില്‍‌ പ്രശസ്തനും ലോകമെമ്പാടുമുള്ള മലയാളി ബ്ലോഗര്‍‌മാരുടെയെല്ലാം പ്രിയങ്കരനും ബ്ലോഗിലെ ചാത്തനേറു കൊണ്ട് പ്രസിദ്ധനും സര്‍‌വ്വോപരി ബാച്ചി ക്ലബ്ബിന്റെ രോമാഞ്ചവുമായിരുന്ന ശ്രീമാന്‍‌ കുട്ടിച്ചാത്തന്‍‌ വിട പറയുന്നത് ബാച്ചി ക്ലബ്ബിന് ഒരു തീരാ നഷ്ടമാണെങ്കിലും വിവാഹിതര്‍‌ ക്ലബ്ബിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റത്തിന് സര്‍‌വ്വ മംഗളങ്ങളും ആശംസിയ്ക്കുന്നു.

ബാച്ചി ചോര,,

ലൊക്കേഷന്‍: കൊതുകു ഫാമിലി ഫ്ലാറ്റ്‌

സൂര്യന്‍ അസ്തമിക്കുമ്പോഴെക്കും ഫ്ലറ്റിലെത്തി നിരുത്സാഹത്തോടെ ടി വിയില്‍ സീരിയലും കണ്ടിരിക്കുന്ന മകന്‍ കൊതുക്‌ അമ്മയോട്‌,,
അമ്മേ കറിക്കരിയാന്‍ സഹായിക്കണോ?

അമ്മ: എന്നും പാതി രാത്രി സെകന്റ്‌ ഷോ കഴിഞ്ഞ്‌ വയറു നിറയെ ചോരേം അടിച്ച്‌ ബോധോം ല്ലാണ്ടെ വരണ ന്റെ കുട്ടിക്ക്‌ ന്തെ പറ്റീ, ള്ള ഉത്സാഹോം പൊയി...

മകന്‍ കൊതുക്‌

ഞാന്‍ സ്ഥിരമായി ചോര കുടിക്കണ പയ്യന്റെ കല്യാണം കഴിഞ്ഞമ്മേ.. ഞാനതറിഞ്ഞില്ല അമ്മേ (അവന്‍ ബാച്ചിലര്‍ രാജി കത്ത്‌ ബ്ലോഗിലിട്ടിരുന്നു പൊലും)

Sunday, November 04, 2007

ഒരു രാജിക്കത്ത്

എന്റെ ബ്ലോഗ് വാര്‍ഷികത്തോട് അനുബന്ധിച്ച് പറയാം എന്നു കരുതിയതാ‍, ഇനിയിപ്പോ അതിനുവേണ്ടി എഴുതി വച്ചരാജിക്കത്ത് ഇന്ന് വൈകീട്ട് അപ്ഡേറ്റ് ചെയ്യാം, വീട്ടിലായിപ്പോയി.

ഈ ഒരു പോസ്റ്റോടെ കുട്ടിച്ചാത്തന്‍ ബാച്ചിലേഴ്സ് ക്ലബ്ബീന്ന് നിറകണ്ണുകളോടെ രാജി വയ്ക്കുന്നു.
ബാക്കി വിവരങ്ങള്‍ വൈകീട്ട്.

Monday, October 22, 2007

ഇക്കാസ്‌-ജാസൂട്ടി കല്യാണ സ്പെഷ്യല്‍ പതിപ്പ്‌

അഖിലബൂലോഗ ബാച്ചികളേ...
നെഞ്ചത്തടിച്ച്‌ കരയണോ അതോ കുരവയിട്ട്‌ ആഘോഷിക്കണോ....
ചില മൂരാച്ചി എക്സ്‌-ബാച്ചി ക്ലബ്ബുകാരുടെ കൊഞ്ഞനം കുത്തല്‍ കണ്ടില്ലാന്ന് നടിച്ച്‌ ബലം പിടിച്ച്‌ നില്‍ക്കണോ അതോ തിരിച്ച്‌ കൊഞ്ഞനം കുത്തണോ....

ഇന്നലെ വരെ ഉരുളക്ക്‌ ഉപ്പേരി കൊടുത്ത്‌...
വറചട്ടിയില്‍ എണ്ണയൊഴിച്ച്‌...
നമുക്ക്‌ വേണ്ടി പോരാടിയിരുന്ന....
സ്മോള്‍ കഴിച്ച്‌ കാശും ശരീരവും നശിപ്പിക്കാതെ ലാര്‍ജ്ജ്‌ വാങ്ങിച്ചടീടായെന്ന് നമ്മളെ ഉപദേശിക്കാറുള്ള...
ലാര്‍ജ്ജിന്‌ ടച്ചിങ്ങ്സും വാങ്ങിച്ച്‌ കണ്ണില്‍ എണ്ണയുമൊഴിച്ച്‌[എണ്ണക്കൊക്കെ എന്താ വെല..അതു കൂടി നിങ്ങള്‍ ഓര്‍ക്കണം..]കാത്തിരുന്ന ബൂലോകത്തെ ഏക മര്‍ച്ചന്റ്‌...നമ്മളെ..നമ്മള്‍ ബാച്ചികളെ ഉപേക്ഷിച്ച്‌ മൂന്നാറിന്‌ പോകുന്നെടാ...പോകുന്നു...
ഇതെങ്ങനെ നമ്മള്‍ സഹിക്കും...എന്റെ ഇട നെഞ്ച്‌ കലങ്ങിപ്പോയടാ..കലങ്ങിപ്പോയി.[ഇടനെഞ്ച്‌ ഏത്‌ ഭാഗത്തായിട്ട്‌ വരുമെന്ന് ചോദിക്കരുത്‌...അങ്ങനൊരു സാധനമൊണ്ട്‌]

ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.എന്തായാലും ഇതില്‍ നിന്നും പാഠം പഠിച്ച്‌..ബാച്ചിക്ലബിന്റെ നിയമാവലികള്‍ ഒന്ന് മാറ്റിയെഴുതണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ നിര്‍ദേശങ്ങള്‍....

1.മേലാല്‍ ബാച്ചികള്‍ ഒരു മീറ്റിലും പങ്കെടുക്കുന്നതല്ല.
ഏരിയ വിട്ടുള്ള മീറ്റില്‍ ഒട്ടും പങ്കെടുക്കുന്നതല്ല.[ഉദാ;ബാംഗ്ലൂര്‍]

2.ഇടക്കിടക്ക്‌ യാത്രകള്‍ നടത്തിയിട്ട്‌..തേന്‍ എടുക്കാനാണ്‌ പോയത്‌..മാങ്ങ പറിക്കാനാണ്‌ പോയത്‌ എന്നൊക്കെ പറഞ്ഞ്‌..മാങ്ങേടേം ചക്കേടേം തേനിന്റേം ഒക്കെ പടമിടുന്ന ബാച്ചികളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ ഒരു ബാച്ചി കര്‍മ്മസേനയെ നിയോഗിക്കേണ്ടതാണ്‌.
3.കല്യാണം കഴിച്ചേ തീരൂ എന്നുള്ള ബാച്ചികള്‍ ഒരു ലക്ഷം രൂപ പിഴയടക്കേണ്ടതാണ്‌.പിഴയടച്ച ശേഷം നിങ്ങള്‍ക്ക്‌ തോന്നിയ വഴിക്ക്‌ പോകാവുന്നതാണ്‌.പിഴയടക്കാനുള്ള കാശും ചേര്‍ത്ത്‌ സ്ത്രീധനം വാങ്ങിച്ചാല്‍ മതി.
[ഈ സ്ത്രീധനം എന്നു പറയുന്ന സാധനം എന്താണെന്ന് പലര്‍ക്കും സംശയം ഉണ്ടാകും.ബാച്ചികളായിരിക്കുന്ന അവസ്ഥയില്‍ അനുകൂലിക്കുകയും..കിട്ടാനായി പരമാവധി ശ്രമിക്കുകയും...കിട്ടിക്കഴിഞ്ഞാല്‍..അതായത്‌ എക്സ്‌-ബാച്ചി ആയാല്‍ ച്ചേ..മോശം എന്നു പറയുകയും ചെയ്യുന്ന ഒരു സാധനമാണ്‌ ഈ സ്ത്രീധനം]
*********************

ബൂലോകത്തെ ഏക മര്‍ച്ചന്റ്‌.....
ബാച്ചിക്ലബിന്റെ പൊന്നോമന...
കൊച്ചിന്‍ ക്ലബിന്റെ സാരഥി...
സര്‍വോപരി നിത്യവസന്തവുമായിരുന്ന[ഉവ്വ].....
കുലപതികൊച്ചുണ്ണികുലോത്തമന്‍....
ശ്രീമാന്‍ ഇക്കാസും....
ബാംഗ്ലൂര്‍ ബ്ലോഗറും....വാസുവിന്റെ അനിയത്തിയുമായ ജാസുവും തമ്മിലുള്ള നിക്കാഹിന്‌...
ബാച്ചി ക്ലബിന്റെ എല്ലാ ആശംസകളും.....

***********************

ബാച്ചിക്ലബിന്റെ പ്രിയങ്കരനായിരുന്ന ഇക്കാസിന്റെ കല്യാണാര്‍മ്മാദാര്‍ഥം ബാച്ചിക്ലബ്‌ വക സ്പെഷ്യല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്‌...

നവമ്പര്‍ 1-കഥകളി.
കഥ-ഹണീബീ വധം രണ്ടാം ദിവസം.
അവതരണം-സര്‍വ്വശ്രീ കലാമണ്ടലം ഉണ്ണിക്കുട്ടന്‍,
സര്‍വ്വശ്രീ കലാമണ്ടലം ചാത്തന്‍.

നവമ്പര്‍ 2-കള്ളടിച്ചാന്‍ പാട്ട്‌..സോറി....വില്ലടിച്ചാന്‍ പാട്ട്‌.
അവതരണം-സര്‍വ്വശ്രീ ചെന്നൈ പൊന്നു,
സര്‍വ്വശ്രീ പച്ചാളം പച്ചു.

നവമ്പര്‍ 3- ബാച്ചിലേഴ്സ്‌ തീയറ്റര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ ഹൈടെക്ക്‌ നാടകം-'ബാച്ചായണം'.
രംഗത്ത്‌-കണ്ണൂര്‍ ശ്രീജി,ഭരണങ്ങാനം സുനീഷ്‌,ചെന്നൈ ലോന,പറവൂര്‍ സിജു,വാവക്കാടന്‍.
നായികയെ കിട്ടിയിട്ടില്ലാ...അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള ബാച്ചിണികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ കൊള്ളുന്നു

നാടകത്തെ തുടര്‍ന്ന് അതേ വേദിയില്‍ ഡപ്പാംകൂത്ത്‌ ഉണ്ടായിരിക്കുന്നതാണ്‌.
ബാച്ചി....എക്സ്‌-ബാച്ചി വിവേചനമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്‌.
ഡപ്പാംകൂത്ത്‌ ബുക്കിങ്ങിന്‌ സമീപ്പിക്കുക-
മഞ്ഞുമ്മല്‍ സാന്റോ
കെ.ടി.എച്ച്‌ ബാറിനു പുറകുവശം,
അല്ലേല്‍ കാര്‍ത്തിക ബാറിനു മുന്‍ വശം,
അതുമല്ലേല്‍ പോളക്കുളത്ത്‌ ബാറിനു ഉള്‍ വശം.

തുടര്‍ന്ന് കൂട്ടവെടി.
[വെടി പറയുന്നതില്‍ മിടുക്കനായ കോട്ടക്കല്‍ ദില്‍ബന്‍ നേതൃത്വം കൊടുക്കുന്നു].


******************
ഒരിക്കല്‍ കൂടി...
ഇക്കാസിനും ജാസൂട്ടിക്കും ബാച്ചിക്ലബ്ബിലെ എല്ലാ അന്തേവാസികളും വക ആശംസകള്‍...

Wednesday, October 17, 2007

Monday, October 01, 2007

ബാച്ചി പുലാവ്

പണ്ട് ഒരു ‘പൊന്നമ്പിളിശേരി’ വച്ചത് ഓര്‍മ്മയില്ലേ? ഇത് പൊന്നമ്പലത്തിന്റെ രീതിയില്‍ ഒരു പുലാവ്!

ആവശ്യമുള്ള സാധനങ്ങള്‍:

അരപ്പ്:
ഈഞ്ചി - 1 കഷണം
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 4 അല്ലി
പുദിന - 2 രൂപക്ക്
കൊത്തമല്ലി - 2 രൂപക്ക്
പട്ട (ല ലതല്ല) - 2 കഷണം
കരയാമ്പൂ‍! (ഗ്രാമ്പു) - 4 എണ്ണം
ചുവന്ന ഉള്ളി (തൊലിച്ചത്) - 6-7 എണ്ണം

വതക്കാന്‍:
കാരറ്റ് - 150 ഗ്രാം - മുക്കാലിഞ്ച് അളവില്‍ നീളത്തില്‍ 3x3 മട്രിക്സില്‍ മുറിക്കുക
ബീന്‍സ് - 150 ഗ്രാം - മുക്കാലിഞ്ച് നീളത്തില്‍ മുറിക്കുക
പീസ് - ഒരു പായ്ക്കറ്റ് - വെള്ളത്തില്‍ കുതിര്‍ത്ത് പച്ച കളര്‍ കളഞ്ഞ് വയ്ക്കുക!
തക്കാള്‍സ് - 150 ഗ്രാം - കട്ട് ഇന്റൂ സോ മെനി പീസസ്!

മെയിന്‍ ഐറ്റംസ്
നെയ്യ് - ശകലം (എല്ലാം മനക്കണക്ക് തന്നെ)
പച്ചരി - ഇരുനാഴി (കഴുകിയത്)
ഉപ്പ് - ഇട്ടോളൂ, നാണവും മാനവുമൊക്ക് ഇത്തിരി ഇണ്ടായ്ക്കോട്ടേ.

റേഷ്യോ:
അരി : വെള്ളം = 1 : 2.5


യുദ്ധം:
അരപ്പിനുള്ളതെല്ലാം കൂടെ മിക്സിയില്‍ ഇട്ട് നല്ല മഷി പരുവത്തിനു അരക്കണം. കുക്കര്‍ അടുപ്പത്ത് വച്ച്, ചൂടാക്കണം. അതിലോട്ട് ശകലം നെയ്യൊഴിച്ച്, അരപ്പ് ഇട്ട് വഴറ്റണം. അരപ്പിന്റെ പച്ച മണം പോകുന്നത് വരെ വഴറ്റണം. പച്ച മണം പോയിക്കഴിഞ്ഞാല്‍ അരിഞ്ഞു കഴുകി വച്ചിരിക്കുന്ന വെജിറ്റബിള്‍സ് കുക്കറിലേക്ക് തട്ടൂ.എല്ലാം ഇട്ട് ഒന്ന് നന്നായി മിക്സ് മാഡി. ഇത് നല്ല പോലെ വതങ്ങിക്കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ശരിക്കു തിളച്ച് കഴിയുമ്പോള്‍ അരിയും, ഉപ്പും കുക്കറില്‍ ഇട്ട് മൂടി മൂന്ന് വിസിലടിക്കുക ;). ഇതാണ് സ്വാദിഷ്ടമായ ‘ബാച്ചിലേഴ്സ് വെജിറ്റബിള്‍ പുലാവ്’

ചൂടോടെ, റൈത്താപപ്പട സമേതം സേവിക്കുക. സകല ഐശ്വര്യങ്ങളും ഉണ്ടാവും.

Monday, September 24, 2007

ബ്ലാക്ക് സെപ്റ്റംബര്‍

സെപ്റ്റംബര്‍ എന്ന് പറഞ്ഞാല്‍ ലോകം ഞെട്ടുന്നത് രണ്ട് കാര്യങ്ങള്‍ ഓര്‍ത്താണ്.
1) 1972-ഇല്‍ മ്യൂണിക്കില്‍ വച്ച് സമ്മര്‍ ഒളിമ്പിക്സിന്റെ ഇടയ്ക്ക് ഇസ്രായേലി ഒളിമ്പിക്ക് ടീമിനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന്റെ ഓര്‍മ്മയ്ക്ക്
2) 2001-l വേള്‍ഡ് ട്രേഡ് സെന്ററില്‍ ചില തീവ്രവാദികള്‍ വിമാനം ഇടിച്ച് കയറ്റിയതിന്റെ ഓര്‍മ്മയ്ക്ക്.

എന്നാല്‍ ബാച്ചിലേര്‍സ് ഇനി മുതല്‍ സെപ്റ്റംബര്‍ എന്ന് കേട്ടാ‍ല്‍ ഞെട്ടുക മറ്റൊരു കാരണത്തിനായിരിക്കും. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ മുന്നണിപ്പോ‍രാളികളും പ്രഗല്‍ഭരും ആയ രണ്ട് പ്രവര്‍ത്തകര്‍ കൂട് മാറിയതിന്റെ പേരില്‍.

ആദ്യം ക്ലബ്ബിനെ ഉപേക്ഷിച്ച് പോയത് മഴനൂലാണ്. സെപ്റ്റംബര്‍ 13-ന്‍ ആയിരുന്നു മഴനൂല്‍ സനം എന്ന തന്റെ മനം കവര്‍ന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയത്. ബാച്ചിലേര്‍സിന്റെ ഇടയില്‍ വളരെ പേരും പ്രശസ്തിയും ഉണ്ടായിരുന്ന മഴനൂല്‍, തന്റെ പല കഴിവുകള്‍ വഴി ബാച്ചിലേര്‍സിനു മുഴുവന്‍ അഭിമാനമായിരുന്നു. (എന്തൊക്കെ എന്ന് ചോദിക്കരുത്, പ്ലീസ്). മഴനൂലിന്‍ എല്ലാ വിധ വിവാഹ മംഗളാശംസകളും. ബാച്ചിലേര്‍സ് ക്ലബ്ബ് താങ്കളെ എന്നും ഓര്‍ക്കുന്നതായിരിക്കും. താങ്കളുടെ പേരില്‍ പുതിയ ഒരു വെള്ളമടി ഗോമ്പറ്റീഷന്‍ ക്ലബ്ബ് ഒരുക്കി താങ്കളെ ആദരിക്കുന്ന കാര്യം ക്ലബ്ബിന്റെ പരിഗണനയിലുണ്ട്.

സെപ്റ്റംബര്‍ 16-ന്‍ ആയിരുന്നു ബാച്ചികള്‍ക്ക് അടുത്ത വെള്ളിടി കിട്ടിയത്. തന്റെ വരകളിലുടേയും നിസ്തുല്യമായ കഥകളിലൂടെയും പ്രേക്ഷകലക്ഷങ്ങളുടെ ആരാധനയ്ക്ക് പാത്രമായ സാക്ഷി എന്ന രാജീവ് അന്നേ ദിവസം ആതിര എന്ന പെണ്‍കുട്ടിയെ തന്റെ ജീവിത സഖി ആക്കി. തന്റെ സാന്നിധ്യം കൊണ്ട് എല്ലാ ബാച്ചിലേര്‍സ് ചടങ്ങുകളും അവിസ്മരണീയമാക്കിയിരുന്ന സാക്ഷിക്കും ഈ ക്ലബ്ബിന്റെ വിവാഹമംഗളാശംസകള്‍.

ട്വിന്‍ ടവേറ്സ് പോലെ ക്ലബ്ബിന്റെ അഭിമാനമായി ഉയര്‍ന്ന് നിന്നിരുന്ന ഈ അവിവാഹിതരായ രണ്ട് പുലികളേയും, ക്ലബ്ബ് നിരോധിച്ച വിവാഹം എന്ന തീവ്രവാദ സംഘടന താലി എന്ന വിമാനം‍ ഇടിച്ച് തകര്‍ത്തു കളഞ്ഞിരിക്കുന്നു. സ്വയം ചോദിച്ച് വാങ്ങിയ വിമാനം ആയതിനാല്‍ ക്ലബ്ബ് ഇക്കാര്യത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ്. അതുകൊണ്ട് തന്നെ മഴനൂലിനേയും സാക്ഷിയേയും ക്ലബ്ബ് ഭാരവാഹികള്‍ കനത്ത ഹൃദയത്തോടെ യാത്രയാക്കുകയാണ് സുഹൃത്തുക്കളേ. രണ്ടാള്‍ക്കും ഈ ക്ലബ്ബിന്റെ ബദ്ധവൈരികളായ വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിച്ചുകൊള്ളുന്നു.

മറ്റ് ക്ലബ് അംഗങ്ങള്‍ ഇത് കണ്ട് ചാടരുത് എന്ന് കര്‍ശനമായ മുന്നറിയിപ്പുണ്ട്. നിങ്ങള്‍ക്ക് ടൈം ആയിട്ടില്ല. ആവുമ്പോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറയും. അതു വരെ, ചുപ്പ് രഹോ!

Sunday, September 02, 2007

ബാച്ചിയും വിക്കിയും തമ്മില്‍ എന്താണ് പ്രശ്നം?

ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ മലയാളം വിക്കിപ്പീഡിയയെ കുറിച്ച് നല്ല ഒരു ലേഖനം ഉണ്ട്.ഈ കാണുന്ന ലിങ്കില്‍ പോയാല്‍ ലേഖനം കാണാം.
http://mathrubhumi.com/php/newsFrm.php?news_id=1242046&n_type=NE&category_id=11&Farc=

നമ്മുടെ സഹബ്ലോഗര്‍ ജെ ഏ അഥവാ ജോസഫ് ആന്റണി എഴുതിയ ഈ ലേഖനത്തില്‍ ഇരുപതോളം മാത്രം വ്യക്തികളുടെ ആക്ടീവായ കഠിന പ്രയത്നത്താല്‍ മുന്നോട്ട് പോകുന്നു എന്ന് പറയുന്നു മലയാളം വിക്കി. മഞ്ജിത്ത്,രാജ് (പെരിങ്ങോടന്‍),സിബു തുടങ്ങി പല ബ്ലോഗര്‍മാരേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ ബാച്ചിസിങ്കം ഷിജു അലക്സ് ഇതില്‍ ഒരാളാണ്.

മലയാളം യൂണിക്കോഡില്‍ വിളയാടുന്ന ഒട്ടനേകം ബാച്ചി മച്ചാന്മാര്‍ ഇവിടെ ഉള്ളപ്പോള്‍ 20 ആളുകള്‍ മാത്രം മലയാളത്തിന് വേണ്ടി കഷ്ടപ്പെട്ടാല്‍ അതിന്റെ മോശം ആര്‍ക്കാ? (എനിക്കല്ല എന്തായാലും)മുകളില്‍ ചോദിച്ച ഈ ചോദ്യം എന്നോട് വ്യക്തിപരമായി ശ്രീ.ഷിജു ചോദിക്കുക ഉണ്ടായി ഒരിക്കല്‍. ഞാന്‍ അതിനെ പറ്റി കൂലങ്കുഷമായി ചിന്തിച്ചപ്പോള്‍ (അതെപ്പൊ സംഭവിച്ചു?) യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ താഴെ പറയുന്ന പരിപാടികള്‍ വിക്കിയില്‍ നടപ്പിലാക്കിയാല്‍ ബാച്ചികള്‍ കൂട്ടത്തോടെ ജീപ്പ് വിളിച്ച് വിക്കിയില്‍ വരും എന്ന് ബോധ്യപ്പെട്ടു.

1)ബാച്ചികള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ വേര്‍തിരിക്കുക വിക്കിയില്‍. ഇവിടെ സില്‍ക്ക് സ്മിതയുടെ ജീവ ചരിത്രം, മര്‍ലിന്‍ മണ്‍‌റോയുടെ ജീവിതം, ഷക്കീലയും മലയാള സിനിമാ ചരിത്രവും, ബിപാഷാ ബസുവിന്റെ ലുങ്കി തുടങ്ങിയ വിജ്ഞാനപ്രദമായ സചിത്ര ലേഖനങ്ങളുടെ പരിഭാഷ, രചന എന്നിവ ആദ്യം വരുന്ന പത്ത് പേര്‍ക്ക് മാത്രമായി നിജപ്പെടുത്തുക. (ഇത് നടപ്പില്‍ വരുത്തുന്നതിന് മുമ്പ് യൂസര്‍മാരുടെ തള്ളിക്കയറ്റം താങ്ങാനുള്ള കരുത്ത് സെര്‍വറിനുണ്ട് എന്ന് ഉറപ്പ് വരുത്തുക)

2)നിലവില്‍ കൂടുതല്‍ വിവര ശേഖരണം അസാധ്യമായ ലേഖനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാച്ചികള്‍ക്ക് അവസരം നല്‍കുക. ഉദാ: ഇപ്പോള്‍ ആരുടേയും ശ്രദ്ധയില്‍ വരാതെ ‘അടിമാലി ശാന്ത- ഒരു സത്യമോ മിഥ്യയോ?’എന്ന് തലക്കെട്ട് മാത്രമായി കിടക്കുന്ന ലേഖനം ബാച്ചി സെക്ഷനിലേക്ക് മാറ്റുക. മിനിറ്റുകള്‍ക്കകം ആവശ്യമുള്ള വിവരങ്ങള്‍‍ക്ക് പുറമെ ശാന്തയുടെ ഉയരം, തൂക്കം എന്നിവ കൂടാതെ രക്തത്തിലെ ആര്യ/ദ്രാവിഡ ഗോത്രശതമാനം വരെ വന്ന് നിറയും. (ഇമ്പോര്‍ട്ടന്റ്: ഈ പരിപാടിയ്ക്ക് തെരഞ്ഞെടുക്കുന്ന ലേഖനങ്ങളെ ആശ്രയിച്ചിരിക്കും പരിപാടിയുടെ വിജയം. ആയതിനാല്‍ ബാച്ചി ക്ലബ്ബില്‍ ഡിസ്കഷന് വെച്ച ശേഷം ലേഖനം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും)

3) മദ്യത്തെ പറ്റിയുള്ള എല്ലാ ലേഖനങ്ങളും ബാച്ചി സെക്ഷനില്‍ റിവ്യൂ ചെയ്യുക. നിലവില്‍ ‘മദ്യം വിഷമാണു, അതു കുടിക്കരുതു’ എന്ന് ഉല്‍ഘോഷിയ്ക്കുന്ന ലേഖനങ്ങളെ എല്ലാം വിവാദവേദിയില്‍ ചര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും ആയി നീക്കി വെയ്ക്കുക. കൂടാതെ ലോകത്തുള്ള എല്ലാ മദ്യത്തെയും പറ്റി ഒറ്റ ലേഖനം എന്നതിന് പകരം വിസ്കി,ബ്രാണ്ടി,റം,വോഡ്ക എന്നിങ്ങനെ ഓരോന്നിനും പ്രത്യേകമായ സെക്ഷന്‍ ഉണ്ടാക്കണം. ഇത് നടപ്പില്‍ വരുത്തിക്കഴിഞ്ഞാല്‍ എല്ലാം ബ്രാന്റനുസരിച്ച് പുതിയ താളുകള്‍ തിരിക്കുകയും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ബാച്ചനുസരിച്ച് ഗുണത്തില്‍ വന്ന മാറ്റങ്ങളും കൂടാതെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാനുള്ള നിര്‍ദേശങ്ങളടക്കം സമ്പൂര്‍ണ്ണ ലേഖനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാവും.

4) നിലവില്‍ വിക്കി സംബന്ധമായ ചര്‍ച്ചകളില്‍ ബാച്ചി പ്രാതിനിധ്യം കുറവാണ് എന്ന് ആരോപണമുണ്ട്. ഇത് ബാച്ചികളുടെ കുറ്റമല്ല എന്നാണ് എന്റെ കണ്ടെത്തല്‍. രാമാനന്ദകൃഷ്ണന്‍ പിള്ള, സുധാകരന്‍ വക്കീല്‍, വെട്ടുകിളി ജബ്ബാര്‍ എന്നൊക്കെയുള്ള ഐഡികള്‍ ഡിസ്കഷനിരിക്കുന്നത് കണ്ടാല്‍ അമ്മച്ചിയാണേ ഞാനൊക്കെ ഓടി രക്ഷപ്പെടും. വനിതാ പ്രതിനിധ്യം എന്ന് പറയുന്ന സാധനം വിക്കിയിലെ ഒരു ലേഖനം മാത്രമല്ല എന്നാണ് അഖിലലോക ബാച്ചികളുടെ വിശ്വാസപ്രമാണം. വനിതകളെ തപ്പി എവിടെ പോകും എന്നാണ് ചോദ്യമെങ്കില്‍ കഷ്ടപ്പെടണ്ട ദാ ഈ ബെഞ്ചിലിരിക്കൂ പറഞ്ഞ് തരാം എന്നാണ് ഉത്തരം.

സുഷമ ബോസ്, പ്രിയാ റെഡ്ഡി എന്നിങ്ങനെ വിദേശ മലയാളി വനിതകളെ കൂടാതെ അമ്മുക്കുട്ടി,സൈനബ,സാന്ദ്ര എന്നൊക്കെ തനി മലയാളികളുടെയും ഐഡി കയ്യീന്ന് ഇടുക. (മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ ഈ ജോലി ഏല്‍പ്പിച്ചാല്‍ ഉത്തമം)“ഈ ലേഖനം എന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമോ ദില്‍ബാ പ്ലീസ്?” എന്ന് വനിതാ ഐഡിയില്‍ വന്ന് ചോദിച്ചാല്‍ എന്നെ പോലെ ജോലി രാജി വെച്ചും വിക്കിയിലിറങ്ങാന്‍ പലരും കാണും. ഇല്ലേ? (ആരെങ്കിലും ഉണ്ട് എന്ന് പറയെഡേയ്.. ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ഞരമ്പനാവും)

5) അല്‍പ്പം മെമ്പര്‍മാരായിക്കഴിഞ്ഞാല്‍ പിന്നെ മുട്ടിന് മുട്ടിന് വിക്കി മീറ്റുകള്‍ നടത്തുക. 120 വിഭവങ്ങളൊക്കെ മീറ്റില്‍ സ്പെഷ്യലൈസ് ചെയ്യുന്നവര്‍ക്കു പറഞ്ഞതായത് കൊണ്ട് ഒരു തുടക്കം എന്ന നിലയില്‍ പൊറോട്ട ബീഫ് ഫ്രൈ മാത്രമായാലും മതി. എല്ലാവരും വട്ടത്തില്‍ വെടി പറഞ്ഞിരുന്ന് റമ്മി കളിയ്ക്കുന്നതിലൂടെ കൂട്ടായ്മ വളരും സൈഡിലൂടെ കുറേശ്ശെ മലയാളം വിക്കിയും വളരാന്‍ സാധ്യതയുണ്ട്. വിക്കിയേക്കാള്‍ വലുതാണ് കൂട്ടായ്മ എന്ന് മനസ്സിലാക്കിയാല്‍ തന്നെ നമ്മള്‍ പകുതി ലക്ഷ്യം നേടിക്കഴിഞ്ഞു. (ബാക്കി പകുതി മറ്റേ ഗ്രൂപ്പുകാര്‍ നേടട്ടെ. അല്ല പിന്നെ)

ഇത്രയും നടപ്പില്‍ വരുത്തിയാല്‍ പിന്നെ മലയാളം വിക്കിയില്‍ ബാച്ചികളുടെ പങ്ക് പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഉയരും എന്ന് ഞാന്‍ അനുമാനിക്കുന്നു. ജയ് ബാച്ചി! ജയ് വിക്കി!

(ഡിസ്ക്ലെയിമര്‍: വിക്കിയ്ക്ക് അല്പം പബ്ലിസിറ്റി എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ പോസ്റ്റ്. വിക്കിപ്പീഡിയ എന്ന മഹത്തായ സംരംഭത്തേയോ അതിന് വേണ്ടി അഹോരാത്രം സേവനം അനുഷ്ഠിയ്ക്കുന്നവരെയോ ഒരു തരത്തിലും നെഗറ്റീവ് ഇമെജില്‍ കൊണ്ട് വരാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വായനയ്ക്ക് ശേഷം അങ്ങനെ തോന്നുന്നുവെങ്കില്‍ അത് എന്റെ എഴുത്തിന്റെ കുഴപ്പമാണ്. ആര്‍ക്കെങ്കിലും ഒഫന്‍സീവായി തോന്നുന്നുണ്ടെങ്കില്‍ ആ നിമിഷം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ്)

Wednesday, August 22, 2007

ബൂലോകകപ്പ്‌-വനിതാക്ക്ലബിന്‌ ജയം

അന്റാര്‍ട്ടിക്ക:ആദ്യ മത്സരത്തില്‍ വനിതാക്ലബിന്‌ ജയം.

ബൂലോഗകപ്പിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‌ വനിതാക്ലബ്‌ പ്രബലരായ വിവാഹിതര്‍ക്ലബിനെ അട്ടിമറിച്ചു.
ഇന്നലെ വൈകീട്ട്‌ ആയിരങ്ങളെ സാക്ഷി നിര്‍ത്തി.....അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതാക്ലബിന്‌ വേണ്ടി ആക്രമണനിരയിലെ സാരംഗിയാണ്‌ മത്സരത്തിലെ ഏകഗോള്‍ നേടിയത്‌.
മത്സരം ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ വളരയേറെ നാടകീയ രംഗങ്ങള്‍ക്ക്‌ അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.നിലവിലുള്ള കോച്ചിനും മാനേജര്‍ക്കും കീഴില്‍ കളിക്കില്ലായെന്ന് വനിതാ ടീമംഗങ്ങള്‍ ശാഠ്യം പിടിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം പുതിയ കോച്ചും മാനേജറും സ്ഥാനം ഏല്‍ക്കുകയായിരുന്നു.
'പാവം ക്രൂരന്‍' സ്പോര്‍ട്ട്‌സ്‌ അക്കാഡമിയുടെ ഡയറക്ടറും പഴയ താരവുമായ ടി.ജി.രവിയാണ്‌ വര്‍മ്മക്ക്‌ പകരം കോച്ച്‌ സ്ഥാനം ഏറ്റത്‌.ഇന്റര്‍നാഷണല്‍ താരം ബാലന്‍.കെ.നായരുടെ ശിഷ്യനും ജയമാലിനി ഇന്‍വിറ്റേഷന്‍ ട്രോഫി മൂന്ന് പ്രാവശ്യം നേടിയ ടീമിന്റെ മുന്‍ക്യാപ്റ്റനുമായ ഭീമന്‍ രഘു മാനേജര്‍ സ്ഥാനവും ഏറ്റു.
പഴയ ടീം മാനേജര്‍ പ്രിയങ്കാമാത്യൂസുമായി ടീമംഗങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്ന പടലപ്പിണക്കങ്ങളാണ്‌ അവസാന നിമിഷത്തെ...മത്സരത്തെ തന്നെ ബാധിച്ചേക്കാവുന്ന രീതിയില്‍ വളര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ വഴിവച്ചത്‌.

പുതിയ കോച്ചിന്‌ കീഴില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും....അന്താരാഷ്ട്ര മത്സരങ്ങള്‍ വളരെയേറെ കണ്ടിട്ടുള്ള ടി.ജി.രവി സ്ഥാനം ഏറ്റെടുത്തത്‌ തന്നെ വനിതാടീമംഗങ്ങള്‍ക്ക്‌ വളരെയേറെ ഉണര്‍വ്‌ ഉണ്ടാക്കിയെന്ന് മത്സര ഫലം തെളിയിക്കുന്നു.ഷാറൂഖ്‌ ഖാനെ കോച്ചായി കൊണ്ടുവരണം എന്നാണ്‌ ടീമംഗങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹം ഇപ്പോള്‍ ഏതോ ഹോക്കി ടീമിന്റെ കോച്ചായി ആസ്ത്രേലിയയില്‍ ആണ്‌.പൃഥ്വിരാജിനെ കോച്ചായി കിട്ടാന്‍ ശ്രമിച്ചെങ്കിലും വല്ലപ്പോഴും കിട്ടുന്നത്‌ ഒരു വിനയന്‍ സിനിമയാണ്‌.....അത്‌ കളഞ്ഞിട്ട്‌ വരാന്‍ പറ്റില്ലായെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.അഛന്‍ ഒരു മോശമല്ലാത്ത കോച്ചായിരുന്നു എന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തു.
റഫറി ആരായിരിക്കണം എന്ന കാര്യം സംഘാടകസമിതിയായ ബാച്ചിക്ലബിന്‌ വളരെയേറെ തലവേദന ഉണ്ടാക്കി.
എങ്കിലും അവസാനനിമിഷം....ജപ്പാന്‍ ഒന്നാം ഡിവിഷന്‍ ലീഗിലെ റഫറി....
മലയാളത്തില്‍ വക്കാരിയെന്നും....ജപ്പാനില്‍ വക്കാരികോ ഹിമോറയെന്നും അറിയപ്പെടുന്ന ശ്രീമാന്‍ വക്കാരി വിസിലൂതാന്‍ സമ്മതിച്ച്‌ ബാച്ചികളെ ധര്‍മ്മസങ്കടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

തൊണ്ണൂറുമിനുട്ടും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ എണ്‍പത്തിയൊമ്പതാം മിനുട്ടിലാണ്‌ മത്സരത്തിലെ ഏക ഗോള്‍ പിറന്നത്‌.സമനിലയിലേക്ക്‌ പോകുമെന്ന് കരുതിയ മത്സരം അവസാനമിനുട്ടില്‍ സാരംഗി നേടിയ ഗോളിലൂടെ വനിതക്ലബ്‌ പിടിച്ചെടുക്കുകയായിരുന്നു.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ വിവാഹിതര്‍ മുന്‍പിലെത്തേണ്ടതായിരുന്നു.അവരുടെ ഫോര്‍വേഡ്‌ ദേവരാഗം പെനാല്‍ട്ടി ബോക്സിന്റെ തൊട്ടുമുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു ബുള്ളറ്റ്ഷോട്ട്‌ വനിതാക്ലബിന്റെ ഗോളി സു കുത്തിയകറ്റി.
മറുവശത്ത്‌...പ്രതിരോധനിരയില്‍ നിന്നും ഇടതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് ഇടതുകാല്‍ കൊണ്ടും വലതുകാല്‍ കൊണ്ടും മാറിമാറി ഷോട്ടുകളുതിര്‍ത്ത്‌ ബിന്ദു വിവാഹിതരുടെ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കി.
ചിലപ്പോഴൊക്കെ പന്തില്ലാതെയും ബിന്ദൂട്ടി ഷോട്ടുകളുതിര്‍ത്തു.

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നും പന്തുമായി മുന്നേറിയ വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡ്‌ ഗന്ധര്‍വനെ വനിതകളുടെ സെന്റര്‍ബാക്ക്‌ അതുല്യാമ്മ പെനാല്‍ട്ടിബോക്സില്‍ വച്ച്‌ ഫൗള്‍ ചെയ്തതിന്‌ അവര്‍ക്ക്‌ ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചു.പെനാല്‍ട്ടിക്ക്‌ പകരം ബോക്സിന്‌ തൊട്ടുമുന്‍വശത്ത്‌ നിന്നുള്ള ഫ്രീകിക്കാണ്‌ അവര്‍ക്ക്‌ അനുവദിച്ചത്‌.വിവാഹിതര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.ആ ഫൗളിലൂടെ അതുല്യാമ്മക്ക്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.
ചുവപ്പ്‌ കാര്‍ഡ്‌ തന്നെ കൊടുക്കണം എന്നുപറഞ്ഞ്‌ വിവാഹിതര്‍ പിന്നേയും പ്രതിഷേധിച്ചെങ്കിലും...
ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌.
[വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]
പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌....
വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു.
ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു.
ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടന്‍മേനോന്‍ എടുത്ത ഫ്രീകിക്ക്‌ വനിതാക്ലബ്‌ ഉയര്‍ത്തിയ പ്രതിരോധത്തിന്‌ മുകളിലൂടെ വളഞ്ഞുപുളഞ്ഞ്‌ ചെന്ന് ബാറിലിടിച്ച്‌ മടങ്ങി.ഇടിച്ചത്‌ ബാറിലായത്‌ കൊണ്ട്‌ കുട്ടന്‍മേനോന്‌ സങ്കടം തോന്നിയില്ല.
പണ്ട്‌ തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്‌ ഇടി...ഇത്‌ എന്തോന്ന് ഇടി എന്നാണ്‌ ഇടിഗഡി ചോദിച്ചത്‌.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വലതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് കൈപ്പിള്ളി നല്‍കിയ ക്രോസ്‌...
നാല്‌ വനിതാപ്രതിരോധനിരക്കാരുടെ തലക്ക്‌ മുകളിലൂടെ ചാടി..
കുറുമാന്‍ ഹെഡ്‌ ചെയ്തത്‌ പോസ്റ്റില്‍ ഇടിച്ച്‌ മടങ്ങിയപ്പോള്‍...
വിവാഹിതരുടെ ആരാധകര്‍ തലയില്‍ കൈവച്ച്‌ പോയി.
കുറുമാനും തലയില്‍ കൈവച്ച്‌ പോയി.
ഇങ്ങനെ ഹെഡ്‌ ചെയ്താണ്‌ എന്റെ മുടിമുഴുവന്‍ പോയതെന്നും ഇനി അങ്ങോട്ട്‌ പോയി പന്തിനെ ഹെഡ്‌ ചെയ്യില്ലെന്നും പന്ത്‌ വേണേല്‍ ഇങ്ങോട്ട്‌ വന്ന് ഹെഡ്‌ ചെയ്യട്ടേയെന്നും കുറുമാന്‍ കളിക്കിടയില്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ കൂട്ടി വ്യക്തമാക്കി.
ഇക്കാസ്‌ നന്ദിയും പറഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യപത്ത്‌ മിനുട്ട്‌ കളി മധ്യനിരയിലൊതുങ്ങി.
വനിതാക്ലബിന്റെ അചിന്ത്യാമ്മയുടെ നേതൃതത്തിലുള്ള മധ്യനിര പന്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശപ്പെടുത്തി.
പന്ത്‌ ഞാന്‍ തരില്ല്യാ..ഇല്ല്യാ..ഇല്ല്യാ എന്നാണ്‌ അചിന്ത്യാമ്മ പറഞ്ഞത്‌.

അതിനിടയില്‍ പന്തുമായി മുന്നേറിയ ഇഞ്ചിയെ ഫൗള്‍ ചെയ്തതിന്‌ അഗ്രജന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.മഞ്ഞക്കാര്‍ഡ്‌ കിട്ടിയ അഗ്രജന്‍ അത്‌ റഫറിക്ക്‌ തിരിച്ച്‌ കൊടുക്കാതെ പോക്കറ്റിലിട്ടു.
ഇത്‌ എനിക്ക്‌ കിട്ടിയ കാര്‍ഡാണ്‌...ഇത്‌ ഞാന്‍ തിരിച്ച്‌ തരില്ലായെന്ന് അഗ്രജന്‍ പ്രഖ്യാപിച്ചു.

അറുപത്തിരണ്ടാം മിനുട്ടില്‍ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്ത്‌ ഇടിഗഡി നടത്തിയ ഒരു മനോഹരമായ നീക്കം വനിതകളുടെ പ്രതിരോധ നിര താരം ബിക്കു വളരെ കഷ്ടപ്പെട്ട്‌ നടത്തിയ ഒരു ടാക്കിളിങ്ങിലൂടെ തടഞ്ഞു.
ഓഫടിയൂണിയന്റെ സ്ഥാപക പ്രസിഡന്റായ ഇടിഗഡിയെ ഓഫടിക്കുന്ന ലാഘവത്തോട്‌ കൂടിയാണ്‌ ബിക്കു ചവുട്ടിക്കൂട്ടിയത്‌.
അതില്‍ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചെങ്കിലും...ഗോളാകുമെന്നുറപ്പിച്ച ഒരു നീക്കമാണ്‌ ബിക്കു തടഞ്ഞത്‌.
ബിക്കുവിനെ മഞ്ഞക്കാര്‍ഡ്‌ കാണിക്കാന്‍ റഫറി കുറേ കഷ്ടപ്പെട്ടു.
അഗ്രജനെ... മറ്റ്‌ രണ്ട്‌ കളിക്കാരുടെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഗോള്‍പോസ്റ്റില്‍ കെട്ടിയിട്ട്‌ പോക്കറ്റില്‍ നിന്ന് മഞ്ഞക്കാര്‍ഡ്‌ വീണ്ടെടുത്താണ്‌ ബിക്കുവിനെ കാണിച്ചത്‌.
ഇത്‌ അഗ്രജന്‌ കൊടുത്ത മഞ്ഞക്കാര്‍ഡല്ലേ..ഇതെനിക്ക്‌ വേണ്ടാ..എനിക്ക്‌ പുതിയ മഞ്ഞക്കാര്‍ഡ്‌ വേണം എന്നും പറഞ്ഞ്‌ ബിക്കു ബഹളമുണ്ടാക്കിയെങ്കിലും..റഫറി വക്കാരികോ...പുതിയ മഞ്ഞക്കാര്‍ഡും പഴയമഞ്ഞക്കാര്‍ഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഒരു മുഴുനീള കമന്റ്‌ എഴുതാന്‍ പേപ്പറും പേനയും എടുത്തതിനെ തുടര്‍ന്ന്... അപകടം മനസ്സിലാക്കിയ ബിക്കു പഴയ മഞ്ഞക്കാര്‍ഡ്‌ സ്വീകരിച്ച്‌ പ്രതിഷേധം അവസാനിപ്പിച്ചു.

അറുപത്തിയൊമ്പതാം മിനുട്ടില്‍ വലത്‌ വിങ്ങില്‍ നിന്നും രേഷ്മ നീട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌....പ്രതിരോധത്തിലെ സിയയെ മനോഹരമായ ഒരു ഡ്രിബ്ലിങ്ങിലൂടെ മറികടന്ന ഡാലി....അജിതയേയും സാറാജോസഫിനേയും മനസ്സില്‍ ധ്യാനിച്ച്‌ പായിച്ച ഒരു ഷോട്ട്‌ വിവാഹിതര്‍ ക്ലബിന്റെ ഗോളി സുല്‍ വളരെ കഷ്ടപ്പെട്ടാണ്‌ തട്ടിയകറ്റിയത്‌.
എഴുപത്തിയഞ്ചാം മിനുട്ടില്‍ വിവാഹിതര്‍ ക്ലബിന്റെ ഗോള്‍മുഖത്ത്‌ മുല്ലപ്പൂവിന്റെ ഒരു ഡയഗണല്‍ ക്രോസ്‌ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വനിതകളുടെ ഫോര്‍വേഡുകള്‍ക്ക്‌ അത്‌ മുതലാക്കാന്‍ പറ്റുന്നതിന്‌ മുന്‍പേ പ്രതിരോധനിരതാരം കലേഷേട്ടന്‍ അത്‌ ഹെഡ്‌ ചെയ്തകറ്റി.കലേഷേട്ടന്‍ ഹെഡ്‌ ചെയ്തതിനെ തുടര്‍ന്ന് പന്തിന്റെ ഷെയിപ്പ്‌ വെള്ളേപ്പം മോഡലില്‍ പരന്ന് പോയി.തുടര്‍ന്ന് വേറെ പന്ത്‌ തൊട്ടപ്പുറത്ത്‌ കളി നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് കടം വാങ്ങിച്ച്‌ കൊണ്ട്‌ വന്ന്..ഇനി മേലാല്‍ ഹെഡ്‌ ചെയ്യില്ലായെന്ന് കലേഷേട്ടനെ കൊണ്ട്‌ മുദ്രപത്രത്തില്‍ എഴുതിവാങ്ങിച്ചതിന്‌ ശേഷം കളി പുനരാരംഭിച്ചു.

അവസാനമിനുട്ടുകളില്‍ പന്ത്‌ ഇരു ഹാഫുകളിലും ഒരു പോലെ കയറിയിറങ്ങി.ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞ്‌ നിന്നു.
മത്സരം സമനിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്‌ സാരംഗിയുടെ ഗോള്‍ വന്നത്‌.
മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.
അവസാനമിനുട്ടുകളില്‍ സമനിലക്ക്‌ വേണ്ടി പൊരിഞ്ഞ പോരാട്ടം വിവാഹിതര്‍ക്ലബ്‌ നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്റില്‍.....മുപ്പത്‌ വാര അകലെ നിന്ന് കുമാര്‍ പായിച്ച ഒരു മഴവില്‍ ഷോട്ട്‌..കളി തീര്‍ന്നുവെന്ന് കരുതി ഗായത്രീ മന്ത്രം ജപിക്കാന്‍ ഒരുങ്ങുകയായിരുന്ന വനിതാക്ലബിന്റെ ഗോളി സൂവിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെങ്കിലും....സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിരോധനിരതാരം വല്യമ്മായി ഡെഡ്‌ ലൈനില്‍ വച്ച്‌ പന്ത്‌ തട്ടിയകറ്റി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോട്‌ കൂടി വനിതാക്ലബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നൃത്തം ചവുട്ടി. നൃത്തം ചവിട്ടുന്ന വനിതാക്ലബിന്റെ ഫാന്‍സുകളുടെ കൂട്ടത്തില്‍ കൊച്ച്‌ ത്രേസ്യയും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്.... അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം അധികൃതര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളഗ്യാലറിയുടെ സുരക്ഷാവസ്ഥയില്‍ ആശങ്ക പൂണ്ടു.തിരുത്താനാവാത്ത പിഴവ്‌ കാണിച്ച ഗോളി സുല്‍ ആരാധകരുടെ രോഷം ഭയന്ന് ഗ്രൗണ്ടില്‍നിന്നും ഹെലിക്കോപ്ടറിലാണ്‌ രക്ഷപെട്ടത്‌.

ബാച്ചി ക്ലബുമായി നടക്കുന്ന അടുത്ത മത്സരത്തില്‍ വിവാഹിതര്‍ ടീമില്‍ മാറ്റം ഉണ്ടായേക്കുമെന്ന് കോച്ച്‌ അടൂര്‍ഭവാനിയും മാനേജര്‍ കവിയൂര്‍ പൊന്നമ്മയും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.മത്സരത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം ഉണ്ടായിട്ടും ഭാഗ്യക്കേട്‌ കൊണ്ടാണ്‌ മത്സരം കൈവിട്ട്‌ പോയതെന്നും അവര്‍ പറഞ്ഞു.
******************

അടുത്ത മത്സരത്തിന്റെ വേദിയായ കളമശേരി പ്രീമിയര്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു.മധ്യനിര ഒഴിച്ച്‌ ബാക്കി ബാച്ചിടീമംഗങ്ങള്‍ മൈതാനത്ത്‌ ഇന്നലെ കോച്ച്‌ നവ്യാനായരുടെ കീഴില്‍ പരിശീലനം നടത്തി.ബാര്‍ അടച്ചതിന്‌ ശേഷം മാത്രമാണ്‌ കാത്ത്‌ നിന്ന ആയിരക്കണക്കിന്‌ ആരാധകര്‍ക്ക്‌ മുന്‍പില്‍ മധ്യനിര പ്രത്യക്ഷപ്പെട്ടത്‌.

ആദ്യമത്സരത്തില്‍ വ്യക്തമായ മാര്‍ജിനോട്‌ കൂടി ജയിച്ച്‌ ഫൈനലിലേക്ക്‌ ടിക്കറ്റ്‌ നേടുകയാണ്‌ ലക്ഷ്യമെന്ന് ടീം മാനേജര്‍ ജയഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
*****************

അടുത്ത മത്സരത്തിന്റെ വിവരണങ്ങളുമായി[ബാച്ചിക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌]ഈ ബുള്ളറ്റിന്‍ തുടരും.......

[തുടരാന്‍ ചാന്‍സില്ല]

Friday, August 17, 2007

ബൂലോക കപ്പ്‌

ബൂലോകം കേന്ദ്രീകരിച്ച്‌ വളരെയധികം മത്സരങ്ങള്‍ നടക്കുന്ന ഒരു കാലഘട്ടം ആണല്ലോയിത്‌.
ഫോട്ടോ മത്സരം...കാര്‍ട്ടൂണ്‍ മത്സരം...കഥകവിത മത്സരം...
മറുമൊഴിപിന്മൊഴി മത്സരം...പൈപ്പ്‌-റീഡേഴ്സ്‌ ലിസ്റ്റ്‌ മത്സരം തുടങ്ങിയ അനേകം മത്സരങ്ങള്‍.
അങ്ങനെയെങ്കില്‍ ബൂലോഗര്‍ക്കായി ഒരു ഫുട്ബോള്‍ മത്സരം...
എന്ത്‌ കൊണ്ട്‌ സംഘടിപ്പിച്ചുകൂടായെന്ന ഒരു ചോദ്യം ബാച്ചിലേഴ്സ്‌ ക്ലബിന്റെ എക്സിക്ക്യുട്ടീവ്‌ മീറ്റിങ്ങില്‍ ഉയര്‍ന്ന് വരികയുണ്ടായി.
തുടര്‍ന്ന് ആ ചോദ്യത്തിന്മേല്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചക്കൊടുവില്‍....
ഈ ബാച്ചിക്ലബ്‌ പിറക്കാന്‍ തന്നെ കാരണഹേതുവായ.....
മണ്മറഞ്ഞ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ സ്മരണാര്‍ഥം തന്നെ ഒരു ഫുട്ബോള്‍ മേള സംഘടിപ്പിക്കാന്‍ തിരുമാനിക്കുകയും വന്‍ ഹര്‍ഷാരവത്തോടു കൂടി ആ അഭിപ്രായം പാസാക്കുകയും ചെയ്തു.
************************
ഓണത്തിനോടനുബന്ധിച്ച്‌ നടക്കുന്ന മത്സരത്തില്‍ വിജയിയാകുന്ന ടീമിന്‌ ശ്രീമതി സില്‍ക്ക്‌ സ്മിതയുടെ പേരിലുള്ള എവര്‍ റോളിംഗ്‌ ട്രോഫിയും...
ടീമംഗങ്ങള്‍ക്ക്‌ കുടുംബസമേതം അഫ്ഗാനിസ്ഥാനിലേക്കുള്ള ഒരു യാത്രയുമാണ്‌ സമ്മാനം.
*************
ബൂലോകത്തിലെ പ്രമുഖരായ മൂന്ന് ക്ലബുകളാണ്‌ ഈ മേളയില്‍ പങ്കെടുക്കുന്നത്‌.
ബാച്ചിലേഴ്സ്‌ ക്ലബ്‌...വിവാഹിതര്‍ ക്ലബ്‌...വനിതാക്ലബ്‌ എന്നിവരാണ്‌ ആ പ്രമുഖ ടീമുകള്‍.

പ്രാഥമിക റൗണ്ടില്‍ മൂന്ന് ടീമുകളും പരസ്പരം ഓരോ പ്രാവശ്യം ഏറ്റുമുട്ടുകയും.....
അതിലേറ്റവും കൂടുതല്‍ പോയന്റ്‌ ലഭിക്കുന്ന രണ്ട്‌ ടീമുകള്‍ ഫൈനല്‍ കളിക്കുകയും ചെയ്യും.

മത്സര ഫിക്ചര്‍;

ആദ്യ മത്സരം-വിവാഹിതര്‍ ക്ലബ്‌ വേഴ്സസ്‌ വനിതാ ക്ലബ്‌.
വേദി-അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ഇന്‍ഡ്യന്‍ സമയം വൈകീട്ട്‌ ആറുമണി.

രണ്ടാം മത്സരം-ബാച്ചി ക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌.
വേദി-കളമശ്ശേരി കെ.ടി.എച്ച്‌ ബാറിന്റെ അടുത്തുള്ള പ്രീമിയര്‍ ഗ്രൗണ്ട്‌.
തീയതി-തീരുമാനിച്ചിട്ടില്ല.
സമയം-ബാര്‍ അടച്ചതിന്‌ ശേഷം.

മൂന്നാം മത്സരം-വനിതാ ക്ലബ്‌ വേഴ്സസ്‌ ബാച്ചി ക്ലബ്‌.
വേദി-എറണാകുളം സെന്റ്‌ തെരേസാസ്‌ കോളേജ്‌ ഗ്രൗണ്ട്‌.
സമയം-വേദിക്ക്‌ പ്രത്യേകതയുള്ളത്‌ കൊണ്ട്‌ ഏത്‌ സമയത്ത്‌ കളിക്കാനും തയ്യാറാണെന്ന് ബാച്ചി ക്ലബ്‌ അറിയിച്ചിട്ടുണ്ട്‌.

ഫൈനല്‍-തീയതിയും വേദിയും സമയവും തീരുമാനിച്ചിട്ടില്ല.

****************************

ഫിഫയുടെ ലോകകപ്പിനേക്കാളും പ്രശസ്തിയാണ്‌ ഈ ബൂലോകകപ്പിന്‌ ലഭിച്ചിരിക്കുന്നത്‌.
അത്‌ കൊണ്ട്‌ തന്നെ പങ്കെടുക്കുന്ന മൂന്ന് ടീമുകളും തങ്ങളുടെ അന്തിമ ഇലവനെ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കുകയും...
പരിശീലനം ആരംഭിക്കുകയും ചെയ്തുകഴിഞ്ഞു.എന്ത്‌ വില കൊടുത്തും ബൂലോകകപ്പ്‌ സ്വന്തമാക്കുമെന്ന പ്രതിജ്ഞയിലാണ്‌ മൂന്ന് ടീമുകളും.

*********************

ബാച്ചി ഇലവന്‍;

2-4-4 ഫോര്‍മേഷനിലാണ്‌ ബാച്ചി ഇലവന്‍ ഗ്രൗണ്ടിലിറങ്ങുന്നത്‌.

ആക്രമണം-പച്ചാളം....ശ്രീജിത്‌.

മധ്യ[ദ്യ]നിര-സാന്റോസ്‌...ഇക്കാസ്‌...ഡിങ്കന്‍...ഉണ്ണിക്കുട്ടന്‍.

പ്രതിരോധം-ദില്‍ബാസുരന്‍....പൊന്നമ്പലം...സുനീഷ്‌...സിജു.

ഗോള്‍കീപ്പര്‍-കുട്ടിച്ചാത്തന്‍.

കോച്ച്‌-നവ്യാനായര്‍.
ടീം മാനേജര്‍-ജയഭാരതി.

**********************

വിവാഹിതര്‍ ഇലവന്‍;


വിവാഹിതര്‍ ഇലവനും 2-4-4 ഫോര്‍മേഷനില്‍ തന്നെയാണ്‌ ഗ്രൗണ്ടില്‍ ഇറങ്ങുന്നത്‌.

ആക്രമണം-ദേവരാഗം...ഗന്ധര്‍വന്‍.

മധ്യനിര-കുറുമാന്‍..ഇടിവാള്‍...കുട്ടന്‍ മേനോന്‍...അഗ്രജന്‍.

പ്രതിരോധം-സിയ...കുമാര്‍...കലേഷ്‌...കൈപ്പിള്ളി
ഗോള്‍കീപ്പര്‍-സുല്‍.

കോച്ച്‌-അടൂര്‍ ഭവാനി.
ടീം മാനേജര്‍-കവിയൂര്‍പൊന്നമ്മ.

*******************

വനിതാ ഇലവന്‍;

എല്ലാരും 2-4-4 എങ്കില്‍ ഞങ്ങളും അങ്ങനെ തന്നെ എന്നാണ്‌ വനിത ഇലവന്റെ മാനേജര്‍ പ്രിയങ്കാമാത്യൂസ്‌ പറഞ്ഞത്‌.

ആക്രമണം-ഡാലി....സാരംഗി.

മധ്യനിര-മുല്ലപ്പൂ...ഇഞ്ചി...രേഷ്മ....അചിന്ത്യ

പ്രതിരോധം-ബിന്ദു...വല്യമ്മായി...ബിരിയാണിക്കുട്ടി.....അതുല്യ.

ഗോള്‍കീപ്പര്‍-സു


കോച്ച്‌-ദ്രൗപതീവര്‍മ്മ
ടീം മാനേജര്‍-പ്രിയങ്കാ മാത്യൂസ്‌.

*****************

ടീം ന്യൂസ്‌;

ബാച്ചി ഇലവന്‍-

ചാത്തന്‍.....ബാച്ചിടീമിന്റെ ഒന്നാം നമ്പര്‍ കീപ്പര്‍ ആയത്‌....
ഗോള്‍കീപ്പിങ്ങിലെ മികവ്‌ കൊണ്ടല്ലെന്നും.....
കുതിച്ച്‌ വരുന്ന എതിര്‍ടീമിലെ ഫോര്‍വേഡുകളെ കുന്തം കൊണ്ട്‌ കുത്തിയൊതുക്കാനുള്ള കഴിവാണ്‌ അദ്ദേഹത്തിന്‌ ആ സ്ഥാനം നേടിക്കൊടുത്തതെന്നും പറഞ്ഞ്‌ കേള്‍ക്കുന്നു.
കൊച്ചിക്ലബ്ബില്‍ ഒരുമിച്ച്‌ കളിച്ചിരുന്ന കാലത്തേയുള്ള ഒത്തിണക്കവും പരിചയവും...
പച്ചാളവും ശ്രീജിയും ബാച്ചിക്ലബിന്‌ വേണ്ടിയും പുറത്തെടുക്കും എന്നാണ്‌ ബാച്ചിക്ലബ്ബിന്റെ ആരാധകര്‍ കരുതുന്നത്‌.
ടോപ്പ്‌ സ്കോറര്‍ സ്ഥാനം ആര്‍ക്കായിരിക്കും എന്ന കാര്യത്തില്‍ നടക്കുന്ന വാത്‌ വെയ്പ്പില്‍ രണ്ടിലൊന്ന് റേറ്റിങ്ങോട്‌ കൂടി മുന്‍പന്തിയിലാണ്‌ പച്ചാളം.

പ്രതിരോധത്തില്‍...ദുബായ്‌ എഫ്‌.സിക്ക്‌ കളിക്കുന്ന ദില്‍ബനിലും മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന സുനീഷിലുമാണ്‌ ബാച്ചി ക്ലബ്ബിന്റെ പ്രതീക്ഷ.മറ്റു രണ്ട്‌ പ്രതിരോധ നിരക്കാരായ സിജുവും പൊന്നുവും ചെന്നൈ ബ്രദേഴ്സിലെ കളിക്കാരാണ്‌.
സിജു കഴിഞ്ഞ മൂന്ന് മാസമായി സിംഗപ്പൂര്‍ എഫ്‌.സിക്ക്‌ വേണ്ടി വായ്പാ അടിസ്ഥാനത്തില്‍ കളിക്കുകയാണ്‌.

അതി ശക്തമായ മധ്യനിരയാണ്‌ ബാച്ചി ഇലവന്റെ മറ്റൊരു പ്രത്യേകത.മധ്യ നിര എന്ന കേട്ടപ്പോള്‍ മദ്യവുമായി ബന്ധപ്പെട്ട വല്ലതുമായിരിക്കും എന്ന് വിചാരിച്ച്‌..ഓടി വന്ന് അവിഹിതമാര്‍ഗ്ഗത്തിലൂടെ ടീമില്‍ ഇടം നേടിയതാണെന്ന ആക്ഷേപം നിലവിലെ ബാച്ചി മധ്യനിരയെക്കുറിച്ചുണ്ട്‌.

കൊച്ചിക്ലബ്ബിന്റെ ജീവനാഡിയും പരമനാഡിയുമായ
[ഡ എന്ന അക്ഷരത്തിന്റെ സ്ഥാനത്ത്‌ റ എന്ന അക്ഷരം ചേര്‍ത്ത്‌ വായിച്ചാല്‍..പിന്നീടുണ്ടാവുന്ന ഭവിഷ്യത്തുകള്‍ക്ക്‌ ഞാന്‍ ഉത്തരവാദി ആയിരിക്കില്ല.]
ഇക്കാസ്‌ നയിക്കുന്ന മധ്യനിരയില്‍...
ഡിങ്കവനം സ്പോര്‍ട്ടിങ്ങിന്‌ കളിക്കുന്ന ഡിങ്കന്‍....ചെന്നൈ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഉണ്ണിക്കുട്ടന്‍....
അഹമ്മദാബാദ്‌ ബിവറേജസിന്‌ വേണ്ടി ബൂട്ട്‌ കെട്ടുന്ന സാന്റോ എന്നിവരാണ്‌ അണിനിരക്കുന്നത്‌.

വിവാഹിതര്‍ ഇലവന്‍-

ഏത്‌ പ്രതിരോധ നിരയേയും തകര്‍ക്കാന്‍ പോന്ന കരുത്ത്‌ കാലുകളില്‍ ആവാഹിച്ച്‌ പറന്ന് വരുന്ന...
വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡുകളായ ദേവേട്ടനും ഗന്ധര്‍വനും എതിര്‍ ടീമുകള്‍ക്ക്‌ ഇപ്പോഴേ ചങ്കിടിപ്പ്‌ സമ്മാനിച്ച്‌ കഴിഞ്ഞു.ദുബായ്‌ എഫ്‌.സിയിലെ കളിക്കാരാണ്‌ രണ്ടുപേരും.
യൂറോപ്യന്‍ ലീഗില്‍ ഫിന്‍ലന്റ്‌ പോലീസിന്‌ കളിക്കുന്ന കുറൂസിന്റെ നേതൃതത്തിലുള്ള മധ്യനിരയില്‍ ഷാര്‍ജാ റേഞ്ചേഴ്സിന്‌ വേണ്ടി കളിക്കുന്ന ഇടിഗഡി...കുവൈറ്റ്‌ ഓയില്‍സിന്റെ രോമാഞ്ചം, മേനന്‍...
ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ അഗ്രു എന്നിവര്‍ അണിനിരക്കുന്നു.

അതി ശക്തമായ പ്രതിരോധനിരയാണ്‌ വിവാഹിതര്‍ ഇലവന്റെ പ്രത്യേകത.
സൗദി വാരിയേര്‍സിന്റെ പ്രതിരോധദുര്‍ഗ്ഗം സിയ....കൊച്ചിന്‍ ക്ലബ്ബിലെ കുമാറേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കൊച്ചിന്‍ ക്ലബ്ബിലെ അതിഥി താരവുമായ കലേഷേട്ടന്‍....
ദുബായ്‌ എഫ്‌.സിയുടെ തന്നെ കൈപ്പിള്ളി എന്നിവരാണ്‌ വിവാഹിതര്‍ ഇലവന്റെ കോട്ട കാക്കുന്നത്‌.

ദുബായ്‌ കോക്കനട്ട്‌ കോര്‍പ്പറേഷന്‌ കളിക്കുന്ന സുല്‍....ഗോള്‍വലയത്തിന്‌ കീഴില്‍ അചഞ്ചലന്‍ ആയിരിക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല.

അക്രമണനിരയില്‍....മനോരമ യുണൈറ്റഡിന്‌ കളിക്കുന്ന ബെര്‍ളിയേയും ലോസാഞ്ചല്‍സ്‌ ഗ്യാലക്സിക്ക്‌ കളിക്കുന്ന ഏവൂരാനേയുമാണ്‌ കോച്ച്‌ അടൂര്‍ ഭവാനി ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും......യൂറോപ്യന്‍ ശൈലിയില്‍ കളിക്കുന്ന ഏവൂരാനും...സാംബനൃത്തച്ചുവടുകളുമായി ബ്രസീലിയന്‍ ശൈലിയില്‍ കളിക്കുന്ന ബെര്‍ളിയും മുന്നേറ്റ നിരയില്‍ പരസ്പരധാരണ ലഭിക്കാതെ പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്ന ചിന്തയില്‍ അവരെ അവസാന നിമിഷം മാറ്റുകയായിരുന്നു.
കുവൈറ്റ്‌ യുണൈറ്റഡിന്റെ വെറ്ററന്‍ താരം വിശ്വപ്രഭ അവസാന നിമിഷം ടീമില്‍ നിന്ന് പിന്മാറി.
ഞാന്‍ ഗ്യാലറിയിലുണ്ടാകും..നിങ്ങള്‍ കളി മക്കളേ...എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.

വനിതാ ഇലവന്‍-

ഇസ്രായേല്‍ ലീഗില്‍ ഉള്‍പ്പെട്ട ടെല്‍ അവീവ്‌ സ്പോര്‍ട്ടിങ്ങിന്റെ ഡാലിയും ഫിലാല്‍ഡെല്‍ഫിയ എഫ്‌.സിയുടെ കുന്തമുനയായ സാരംഗിയുമാണ്‌ വനിതാ ഇലവന്റെ ആക്രമണം നയിക്കുന്നത്‌.
കൊച്ചിന്‍ ക്ലബ്ബിലെ മുല്ലപ്പൂ....ഫ്ലോറിഡാ ക്യാപ്‌സിന്‌ കളിക്കുന്ന ഇഞ്ചി...വാഷിങ്ങ്ടണ്‍ റോയലിന്‌ ബൂട്ട്‌ കെട്ടുന്ന രേഷ്മ....ത്രിശൂര്‍ സിസ്റ്റേഴ്സിന്റെ ക്യാപ്റ്റനും മധ്യനിരയിലെ കരുത്തിന്റെ പ്രതീകവുമായ ഉമേച്ചിയെന്ന അചിന്ത്യാമ്മ എന്നിവരാണ്‌ വനിതാ ഇലവന്റെ മധ്യനിരയില്‍ പ്രത്യക്ഷപ്പെടുന്നത്‌.

ക്യാനഡാ ലീഗിലെ മോണ്‌ട്രിയല്‍ സിസ്റ്റേഴ്സ്‌ ക്ലബ്ബിലെ സിംഹം എന്നറിയപ്പെടുന്ന ബിന്ദൂട്ടി
...ജെബല്‍ അലി സ്പോര്‍ട്ടിങ്ങിന്റെ വല്യമ്മായി...ദുബായ്‌ എഫ്‌.സിയുടെ അതുല്യാമ്മ...
ഹൈദ്രാബാദ്‌ സുല്‍ത്താന്‍സിന്‌ വേണ്ടി പ്രതിരോധം കാക്കുന്ന ബിക്കു എന്നിവരാണ്‌ വനിതാ ഇലവന്റെ പ്രതിരോധനിരയില്‍ ഉള്ളത്‌.
സീനിയര്‍ താരവും മൂന്ന് വര്‍ഷമായി മുടങ്ങാതെ കണ്ണൂര്‍ ഇലവന്‌ വേണ്ടി ഗോള്‍വലയം കാക്കുകയും ചെയ്യുന്ന സൂവിന്റെ കൈയില്‍ വനിതാ ഇലവന്റെ ഗോള്‍പോസ്റ്റ്‌ ഭദ്രമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

വിവാഹിതര്‍ ഇലവന്റെ ശക്തനായ ഫോര്‍വേഡ്‌ ഗന്ധര്‍വനെ തടയുന്നതിനും....വേണ്ടി വന്നാല്‍ ഭീകരമായി ടാക്കിള്‍ ചെയ്യുന്നതിനും വേണ്ടി തന്നെയാണ്‌ പ്രതിരോധനിരയില്‍ അതുല്യാമ്മയെ ഉള്‍പ്പെടുത്തിയത്‌ എന്ന് അഭ്യൂഹം പരന്നിട്ടുണ്ട്‌.
*****************

ഈ മത്സരങ്ങള്‍ക്ക്‌ റഫറിയാകാന്‍ ജീവനില്‍ കൊതിയുള്ള ആരും തയ്യാറാകാത്തത്‌ കൊണ്ട്‌ ഇതിന്റെ സംഘാടകരായ ബാച്ചിക്ലബ്‌ ധര്‍മ്മസങ്കടത്തിലാണ്‌.

റഫറിയാകാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി കടന്ന് വരണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എല്ലാവിധ സംരക്ഷണവും അവര്‍ക്ക്‌ കൊടുക്കുന്നതാണ്‌.മുഖത്ത്‌ ഇടിയേല്‍ക്കാതിരിക്കാനുള്ള മാസ്ക്‌....തെറി കേട്ടാല്‍ മനസ്സിലാകാത്ത തരത്തിലുള്ള ഈയര്‍ഫോണ്‍.....മുട്ട്ചിരട്ടയെ സംരക്ഷിക്കുന്ന പാഡുകള്‍ എന്നിവ റഫറിക്ക്‌ നല്‍കുന്നതായിരിക്കും.റഫറിമാര്‍ക്ക്‌ പ്രത്യേക ആമ്പുലന്‍സ്‌ സൗകര്യവും ഗ്രൗണ്ടില്‍ ലഭ്യമാണ്‌.
************************

ഈ മത്സരത്തിന്റെ മുഖ്യ സ്പോണ്‍സേഴ്സ്‌-
1.കേരള ബിവറേജസ്‌ കോര്‍പറേഷന്‍.
2.അല്‍ക്വയ്ദ ഇന്റര്‍നാഷണല്‍.
3.അനുരാധ-ഡിസ്കോശാന്തി കലാസാംസ്കാരിക സമിതി.
****************

ഈ ടൂര്‍ണമെന്റിലെ ആദ്യമത്സരത്തിന്റെ[വിവാഹിതര്‍ ഇലവന്‍ വേഴ്സസ്‌ വനിതാ ഇലവന്‍] വിവരണങ്ങളുമായി ഈ ബുള്ളറ്റിന്‍ ഇനിയും പ്രതീക്ഷിക്കുക......


[തുടര്‍ന്നേക്കും]

Wednesday, August 08, 2007

ബാച്ചി കണ്ട കൊച്ചി (പുസ്തകപ്രകാശനം)

കെഎസ്ആര്‍ടിസി വക സൂപ്പര്‍ ഫാസ്റ്റ്

പേരിനൊരു ബാച്ചി ഗമയുണ്ടല്ലോ എന്നു കരുതി കയറിയതാണ്. പക്ഷേ, കയറിക്കഴിഞ്ഞാണു പിടികിട്ടയത് വണ്ടി അറുപഴഞ്ചന്‍. വലി എന്നൊരു സാധനമില്ല. വണ്ടിയോട്ടുന്നതാകട്ടെ ബാച്ചികളായ പേരമക്കള്‍ക്കുടയോനായ ഒരു പാവം കാര്‍ന്നോര്. നിരങ്ങിനീങ്ങുന്ന വണ്ടിയെ ഓവര്‍ടേക്കു ചെയ്ത് നാട്ടുകാര്‍ കാല്‍നടപ്പായി വരെ പൊയ്ക്കൊണ്ടിരുന്നു.

ഇതെപ്പം കൊച്ചിയിലെത്തും?

കൊച്ചിയില്‍ കുറുമാന്‍റെ പുസ്തകപ്രകാശനം നടക്കുന്നു. ബ്ളോഗ്, ബൂലോഗം, പുലികള്‍ തുടങ്ങിയ സംഗതികളെക്കുറിച്ച് ഭയങ്കര വിവരമാണെന്നാണു ധാരണയെങ്കിലും ഒറ്റയെണ്ണത്തിനെ നേരില്‍ കണ്ടിട്ടില്ലാത്തതിനാല്‍ അതിനുള്ള പോക്കാണ്.

ബെര്‍ളിക്കാണു ത്രില്ലുകൂടുതല്‍. അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ആക്ഷന്‍ പടത്തിലേക്കു കുറച്ചു കഥാപാത്രങ്ങളെ കാസ്റ്റ് ചെയ്യുകയുമാണത്രേ മൂപ്പരുടെ യാത്രയുടെ ലക്ഷ്യം. ഞാന്‍ പക്ഷേ പ്രത്യേകിച്ചൊരു ഉദ്ദേശവുമില്ലാതെ വെറുതെ കൊച്ചിയിലെ കാറ്റുകൊള്ളാന്‍ ഇറങ്ങിത്തിരിച്ചതായിരുന്നു.

ചെറിയ ചാറ്റല്‍മഴയായതിനാല്‍ ബസിനുള്ളിലേക്ക് വീശുന്ന ഈറന്‍കാറ്റ് ശല്യപ്പെടുത്തിയിട്ടാവാം ഞങ്ങടെ തൊട്ടുപുറകിലിരുന്ന സീറ്റില്‍നിന്നു വിന്‍ഡോഗ്ളാസ് നീക്കാന്‍ വളയിട്ട ഒരു കൈ മുന്‍പിലോട്ടു നീണ്ടു വന്നു. ഗ്ലാസിന്‍റെ അറ്റത്തുപിടിച്ച് ആ കൈ കുറേനേരം പരാക്രമം കാട്ടിയെങ്കിലും ഗ്ളാസ് അനങ്ങിയില്ല. കേസാര്‍ടിസിയാരാ മോന്‍?

പെണ്‍കൊച്ചിന്‍റെ മുഖം കണ്ടില്ലേലും ആ കൈ കണ്ടപ്പോഴേ എനിക്കിഷ്ടമായി. ഒടുവില്‍ ഗ്ളാസ് നീക്കാനുള്ള ഭഗീരഥ പ്രയത്നം ഒഴിവാക്കി കൈ തിരിച്ചുപോയി. എനിക്കാകെ നിരാശ തോന്നി. ആ പെണ്‍കൈകള്‍ക്കു വേണ്ടി ഗ്ളാസ് അടയ്ക്കുകയെന്ന ഉത്തരവാദിത്തം ഏതൊരു ബാച്ചിയെ എന്നപോലെ ഞാന്‍ ഏറ്റെടുത്തു.

ഹെന്‍റമ്മോ... സാക്ഷാല്‍ ദില്‍ബാസുരന്‍ വന്നാല്‍പ്പോലും അടയ്ക്കാന്‍ പറ്റാത്ത വിധം അതവിടെ ഉറച്ചുപോയിരുന്നു. ഞാന്‍ ബെര്‍ളിയുടെ സഹായം തേടി. ഞങ്ങളു രണ്ടുപേരുംകൂടി ഒരുവിധം സംഗതി അടച്ചു. പെണ്‍കുട്ടിക്കും സന്തോഷമായിക്കാണും. പിറകോട്ട് ഒന്നു തിരിഞ്ഞുനോക്കണമെന്നുണ്ടായിരുന്നു. എന്നാലും ഞാനൊരു ബാച്ചിയല്ലേ എന്നോര്‍ത്തപ്പോള്‍ വേണ്ടെന്നു വച്ചു.

ഒരു വിധം വണ്ടി തൃശൂരെത്തി. പതിനഞ്ചു മിനിറ്റു സമയമുണ്ട്. ഉച്ചഭക്ഷണം കഴിക്കാത്തതിനാലും ബ്രേയ്ക്ക് ഫാസ്റ്റ് കഴിക്കാന്‍ സമയം കിട്ടാത്തതിനാലും നല്ല വിശപ്പ്.ഭക്ഷണം കഴിക്കുകയും ചെയ്യാം. പിന്നിലിരിക്കുന്ന വളയിട്ട കൈയുടെ ബാക്കിയായ മുഖമൊന്നു കാണുകയും ചെയ്യാം... ആ ആഗ്രഹത്തോടെ ഞാന്‍ എഴുന്നേറ്റു. തിരിഞ്ഞുനോക്കി.
പെണ്‍കൊച്ച് എന്നെ കണ്ടപ്പോഴേ ഞെട്ടിയ പോലെ.

ഏയ് തോന്നിയതായിരിക്കും.

ഒന്നുകൂടി നോക്കിയ ശേഷം കൊച്ച് ചെറുതായിട്ടാണേലും മനോഹരമായി ഒന്നു പുഞ്ചിരിച്ചു.
പെണ്‍കുട്ടികള്‍ ചിരിക്കുന്നത് എനിക്കിഷ്ടമുള്ള കേസ് ആണെങ്കിലും ഞാനതു പരസ്യമായി പ്രകടിപ്പിക്കാറില്ലാത്തതിനാല്‍ ഗൗരവഭാവത്തില്‍ ഒന്നു തലകുലുക്കി. കൊച്ച് വീണ്ടും എന്നെത്തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു.

അപ്പോഴേയ്ക്കും ഹോട്ടലിലിരുന്ന് ബെര്‍ളി കഴിപ്പു തുടങ്ങിയിരുന്നു. അദ്ദേഹത്തിനു ശൈശവകാലത്തെ ബാച്ചിലര്‍ പദവി നഷ്ടപ്പെട്ടതിനാല്‍ ഇക്കാര്യത്തിലൊക്കെ എന്ത് ആശങ്ക?!! ബാച്ചികളുടെ കഷ്ടപ്പാട് ബെര്‍ളിക്കറിയില്ലല്ലോ...

ഭക്ഷണം കഴിച്ചുതിരിച്ചുവന്നപ്പോളും പെണ്‍കൊച്ച് അവിടെയിരിപ്പുണ്ട്. സന്തോഷമായി. അടുത്ത നിമിഷം സന്തോഷം വഴിമാറി.

ഞാനും ബെര്‍ളിയുമിരുന്ന ഞങ്ങളുടെ സ്വന്തം സീറ്റില്‍ ഒരു കുടവയറന്‍ കയറിയിരിക്കുന്നു!!

സീററില്‍ അടയാളം വച്ചിട്ടുപോയ ടൗവല്‍ കാണാനില്ല.

ഞങ്ങടെ സീറ്റുപോയി!!

വയറുനിറഞ്ഞ സാഹചര്യത്തില്‍ ഇനിയങ്ങോട്ടു കൊച്ചിവരെ ഒന്നുറങ്ങാമെന്നു വച്ചിരിക്കുമ്പോളാണ് അപ്പോള്‍ എവിടെനിന്നോ വന്നുകയറിയ ഒരുത്തന്‍ സീറ്റടിച്ചോണ്ടു പോയത്. ഞങ്ങളിതെങ്ങനെ സഹിക്കും???

ചേട്ടാ, ഇതു ഞങ്ങളുടെ സീറ്റാ...

കുടവയറന്‍ സൂക്ഷിച്ചു നോക്കി. മുപ്പത്തഞ്ചിലേറെ പ്രായമില്ല. വെളുത്ത നിറം. തലയില്‍ സമൃദ്ധമായ മുടി. വിഗ് പോലെ തോന്നിയെങ്കിലും മുടി തന്നെ.

സൂക്ഷിച്ചു നോക്കിയതല്ലാതെ അങ്ങേര്‍ക്കു മൈന്‍ഡില്ല.

എടോ ഇതു ഞങ്ങളൂടെ സീറ്റാ...

ബെര്‍ളി ചൂടായി.

കുടവയറിന് അനക്കമില്ല.


ആ പെണ്‍കൈകളുടെ ആഗ്രഹനിവൃത്തിക്കായി ഞങ്ങളു കഷ്ടപ്പെട്ട് അടച്ച സൈഡ് ഗ്ളാസ് ആ കാലമാന്‍ തുറന്നുവച്ചു കാറ്റുകൊള്ളുന്നു. അതുകൂടി കണ്ടപ്പോള്‍ എനിക്കു ദേഷ്യം കൂടി.

എഴുന്നേല്‍ക്കെടോ കോപ്പേ..

തൊട്ടപ്പുറത്തെ സീറ്റിലിരുന്ന് ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ട്. അപ്പോള്‍ ദേഷ്യം വന്നില്ലെങ്കില്‍പ്പിന്നെ ഞാനൊരു ബാച്ചിയല്ലല്ലോ.

ഇതു നിന്‍റെയൊക്കെ സീറ്റാണെന്ന് എഴുതി വച്ചിട്ടുണ്ടോ?

കുടവയറന്‍ തിരിച്ചടിച്ചു.

സീറ്റില്‍ തൂവാല വച്ചിട്ടാണു പോയത്. അതേല്‍ക്കയറി ഇരുന്നിട്ടു വാചകമടിക്കുന്നോടാ കോപ്പേ?

ബെര്‍ളി അയാളെ പിടിച്ച് എഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു. കുടവയറ് അനങ്ങുന്നില്ല. എനിക്കു ദേഷ്യം കൂടി. ബെര്‍ളിക്കൊപ്പം ഞാനും കൂടി ഒരുവിധം അയാളെ സീറ്റില്‍ പൊക്കിനിര്‍ത്തി. എന്‍റെ ടൗവലിന്‍റെ മുകളിലാണ് അയാളുടെ ഇരിപ്പ്.

ദേ നോക്കടോ ടൗവല്‍!! ഇതിന്‍റെ മുകളില്‍ കയറി ഇരിക്കുവായിരുന്നല്ലേ.. ഇങ്ങോട്ടുമാറ്. ഞങ്ങള്‍ക്കിരിക്കണം

കുടവയറനു കലിപ്പായെന്നു തോന്നുന്നു. അയാള്‍ ഉള്ള ആരോഗ്യമെടുത്ത് എന്നെപിടിച്ചു തള്ളി. ഞാന്‍ ആ പെണ്‍കൊച്ചിരിക്കന്ന സീറ്റിനു തൊട്ടടിയില്‍പോയി വീണു. എനിക്ക് സങ്കടം, ദേഷ്യം, ചമ്മല്‍, കലിപ്പ്, നിരാശ തുടങ്ങിയ വികാരങ്ങള്‍ ഒന്നിച്ചിങ്ങുവരികയും ആ പെണ്‍കൊച്ച് ഇതെല്ലാം കാണുന്നുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ എന്‍റെ കയ്യിലെ രക്തയോട്ടം വര്‍ധിക്കുകയും ചെയ്തു.

വര്‍ധിത വീര്യത്തോടെ ഞാനയാളെ പിടിച്ചുപൊക്കി. കുടവയറന്‍രെ കുടവയറു നോക്കി ഞാനൊരു കുത്തുകൊടുത്തു.

അമ്മേ... അയാള്‍ അലറി. ബെര്‍ളി അയാളുടെ കോളറിനു പിടിച്ച് വണ്ടിയില്‍നിന്നു പുറത്തേക്കു വലിച്ചിഴച്ചു. ബസിലെ മറ്റു യാത്രക്കാര്‍ എല്ലാം നോക്കിക്കണ്ടതല്ലാതെ ഒരക്ഷരം സംസാരിക്കുന്നില്ല. എനിക്കു ധൈര്യംകൂടി.

അയാളുടെ പിന്നില്‍നിന്നു ഒരൊറ്റ തള്ള്. ഫുട്ബോഡിലിടിച്ച് കക്ഷി ദേ കിടക്കുന്നു നിലത്ത്.
ഞാന്‍ തിരിഞ്ഞുനോക്കി. അയാളു തുറന്നുവച്ചിട്ടുപോയ ഗ്ളാസിലൂടെ അവളു പുറത്തേക്കു നോക്കി അയാളുടെ കിടപ്പ് വീക്ഷിക്കുകയാണ്. ഞാന്‍ വണ്ടിക്കു പുറത്തേക്കു ചാടിയിറങ്ങി. എന്നിട്ട് അവള്‍ക്കു കാണാവുന്ന പാകത്തില്‍ അയാളുടെ കുടവയറും ചങ്കും കൂടിച്ചേരുന്ന ഭാഗം നോക്കി നല്ല ഒന്നാന്തരം നാലു ചവിട്ടങ്ങുവച്ചുകൊടുത്തു.

തിരിച്ചു ബസില്‍ കയറിയപ്പോള്‍ കിടന്നകിടപ്പില്‍ അയാളെന്നെ ക്രൂരമായി നോക്കുന്നുണ്ടായിരുന്നു. ഞാനതു മൈന്‍ഡ് ചെയ്തില്ല. സ്റ്റണ്ട് സീനിനു ശേഷം സുരേഷ് ഗോപി നടക്കുന്ന പോലെ സ്ളോമോഷനില്‍ വന്ന് ഞാന്‍ ബെര്‍ളിക്കൊപ്പം ഞങ്ങളുടെ സീറ്റിലിരുന്നു. ഒരുവിധം കഷ്ടപ്പെട്ട്, ആ തടിയന്‍ തുറന്നു വച്ചേച്ചും പോയ ഗ്ളാസ് അടച്ചു.

കണ്ടക്ടര്‍ വന്നു. ബെല്ലടിച്ചു. വണ്ടി യാത്ര പുനരാരംഭിച്ചു.

സുന്ദരിയായിരുന്നു അവള്‍. ചിരിക്കുമ്പോള്‍ സൗന്ദര്യം കൂടുന്ന ഇനം. എന്താണെന്നറിയില്ല എനിക്ക് അവളെ പെട്ടെന്നങ്ങ് ഇഷ്ടമായി. ബെര്‍ളി ഇതൊന്നുമറിയാതെ കൂര്‍ക്കം വലിച്ചുറങ്ങുകയായിരുന്നു. ഞാന്‍ പതിയെ എഴുന്നേറ്റു. അവളുടെ സീറ്റില്‍ മറ്റാരുമില്ല. ധൈര്യസമേതം ഞാന്‍ അവിടെ പോയിരുന്നു.

എങ്ങോട്ടാ?
കൊച്ചി!
കൊച്ചിന്‍റെ പേരെന്നാ?
ലൂസിക്കുട്ടി.
ഞാന്‍ ഞെട്ടിപ്പോയി!!
സുനീഷല്ലേ?
വീണ്ടും ഞെട്ടല്‍. അതേ...!!
ഞാന്‍ ബ്ളോഗ് വായിക്കാറുണ്ട്. അപ്പുറത്തെ സീറ്റില്‍ ഒപ്പമുള്ളതു ബെര്‍ളിയല്ലേ?
അതേ.... എനിക്കങ്ങു മനസ്സിലാവാത്ത പോലെ....
ബ്ളോഗിലെ കഥകളൊക്കെ എനിക്കിഷ്ടമാ.. കള്ളുഷാപ്പില്‍ നിങ്ങളെ കാണാന്‍ വരുന്ന സീന്‍ ബെര്‍ളി എഴുതിയത് ഇഷ്ടപ്പെട്ടു.
എനിക്കു ചമ്മലായി.
ബാറില്‍ എന്നെഴുതണമെന്നു പറഞ്ഞതാ. പക്ഷേ ആ ദ്രോഹി ഷാപ്പാക്കിക്കളഞ്ഞു. ലൂസിക്കുട്ടി ക്ഷമിക്കണം.
ഓ... അതു സാരമില്ലെന്നേ... അതൊക്കെ കഥയല്ലേ?

കഥയില്‍നിന്നു പിന്നെ കാര്യത്തിലേക്കും കാര്യത്തില്‍നിന്നു കാര്യകാരണങ്ങളിലേക്കും കടന്നു ഞങ്ങള്‍ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ദേശീയപാതയിലെ ഗട്ടറില്‍ വീണും കയറിയും കേസാര്‍ടീസീടെ മോന്‍ നിരങ്ങിനീങ്ങിക്കൊണ്ടിരുന്നു. വണ്ടിയെപ്പം കൊച്ചിയില്‍ ചെന്നാലും എനിക്കു വിരോധമില്ലെന്ന നിലയിലെത്തി കാര്യങ്ങള്‍.

കഥ മാത്രം മതിയോ? എന്നാ നമ്മുടെ കല്യാണം?

ഹെന്‍റമ്മേ... എന്‍റെ പകര്‍ച്ചപ്പനിക്കാലത്തെ പ്രണയം കഥയില്‍ എന്‍റെ നായികയായ ലൂസിക്കുട്ടിയെക്കൊണ്ടു ഞാന്‍ ചോദിപ്പിച്ച അതേ ചോദ്യം ദേ ഇവള്‍ എന്നോടു ചോദിക്കുന്നു... എന്നാ കല്യാണമെന്ന്?

ഞാനെന്തു മറുപടി പറയും??

പ്രായമായില്ലെന്നും പറഞ്ഞു വീട്ടുകാരു ബലം പിടിച്ചു നില്‍ക്കുവാ.. പത്തുകൊല്ലംകൂടി കഴിയുവായിരിക്കും!!

എന്നാല്‍ നമുക്കു റജിസ്റ്റര്‍ മാര്യേജ് ചെയ്താലോ?

പെണ്‍കൊച്ച് അഡ്വാന്‍സ്ഡ് ആണല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കു സന്തോഷമായി.
എന്നാല്‍പ്പിന്നെ ആയിക്കളയാം.

വണ്ടി ചാലക്കുടിയിലെത്തി.

ഇവിടെയിറങ്ങിയാലോ? അടുത്ത് തന്നെ ഒരു റജിസ്റ്റര്‍ ആപ്പീസുണ്ട്- അവളു വീണ്ടും അഡ്വാന്‍സ് തന്നു.

ഞാനതു മേടിച്ചു പോക്കറ്റിലിട്ടു. ഇറങ്ങിയേക്കാം.

വണ്ടി ബെല്ലടിച്ചു നിന്നു. ബെര്‍ളി അതിഗാഢമായി ഉറങ്ങുന്നു. ബെര്‍ളിയെ ഉണര്‍ത്തേണ്ട.. ഉണര്‍ത്തിയാല്‍ മൂപ്പരു സംഗതി കുളമാക്കും.ബെര്‍ളിയറിയാതെ ലൂസിക്കുട്ടിക്കൊപ്പം പതിയെ ഞാനും ബസില്‍നിന്നിറങ്ങാനായി വാതിലിന്നടുത്തേക്കു നടന്നു.

പുസ്തക പ്രകാശനം- കുറുമാനോടു പോയി പണി നോക്കാന്‍ പറ!!!

അവളിറങ്ങി. പിന്നാലെ ഞാനിറങ്ങാന്‍ നോക്കുമ്പോള്‍ കണ്ടക്ടര്‍ ഡോറിന്‍റെ വാതിലടച്ചു. ഡബിള്‍ ബെല്ലടിച്ചു. എനിക്കിറങ്ങാന്‍ പറ്റും മുന്‍പേ വണ്ടി നീങ്ങിത്തുടങ്ങി. അവള് ബസ് സ്റ്റാന്‍ഡില്‍. ഞാന്‍ ബസില്‍. എനിക്കിറങ്ങാന്‍ പറ്റുന്നില്ല. എനിക്കു ദേഷ്യം വന്നു. കണ്ടകറെ നോക്കി ഞാനലറി.

വണ്ടി നിര്‍ത്തെടോ...എനിക്കിറങ്ങണം... ഇവിടെ ഇപ്പം ഇറങ്ങണം...

ആരോ സിംഗിള്‍ ബെല്ലടിച്ചു. വണ്ടി നിന്നു.

എന്താ പ്രശ്നം? - ബെര്‍ളി എന്നെ തുറിച്ചുനോക്കുന്നു. ഞാന്‍ ഈത്തായും വാറ്റി സീറ്റിലിരിക്കുന്നു. ഉറക്കത്തില്‍ വന്ന ലൂസിക്കുട്ടി ചാലക്കുടി സ്റ്റാന്‍ഡില്‍ നില്‍പു കാണും. ഞാന്‍ ചമ്മി കസാട്ടയായിപ്പോയി. വണ്ടി കൊച്ചിയിലെത്തിയിരിക്കുന്നു.

എന്താടാ പ്രശ്നം? നീ ബസിലിരുന്ന് ഉറങ്ങിയാലും സ്വപ്നം കാണുമോ?

ബെര്‍ളി ചൊറിയാന്‍ തുടങ്ങി. എനിക്കു ദേഷ്യം വന്നു. ആ പെണ്‍കൊച്ചു കേട്ടുകാണുമോ?
രണ്ടും കല്‍പിച്ച് ഞാന്‍ പിറകിലേട്ടു തിരിഞ്ഞുനോക്കി. അവിടെ ആരുമില്ല. നേരത്തെ ഏതോ സ്റ്റോപ്പില്‍ ഇറങ്ങിപ്പോയെന്നു തോന്നുന്നു. എനിക്കാകെ നിരാശയായി.

യുവറാണി ഇന്‍- ജോസ് ജങ്ഷന്‍. ഓട്ടോക്കാരനോടു വഴിപറഞ്ഞ് അതില്‍ക്കയറി ഇരിക്കുമ്പോളും എന്‍റെ ദുഖം മാറിയിരുന്നില്ല. എങ്ങനെ മാറാന്‍? റജിസ്ട്രാപ്പീസിലോട്ടു പോകും വഴിയല്ലേ കാലമാടന്‍ വണ്ടീടെ ഡോര്‍ അടച്ചത്? അവന്‍ ഇടിവെട്ടിച്ചാകത്തേയുള്ളൂ.

ഓട്ടോ യുവറാണിയുടെ മുന്‍പില്‍ നിന്നു. അങ്ങോട്ടു കേറുന്ന വഴിയില്‍ ആദ്യം കണ്ടത് ചെറിയൊരു ബോര്‍ഡ്.

ബാര്‍!!!

ദുഖം മാറ്റാന്‍ ആദ്യം അങ്ങോട്ടുപോയാലോ എന്നാലോചിച്ചതാണ്. പക്ഷേ, ബെര്‍ളി എന്നെ പിടിച്ചു വലിക്കുന്നു. നേരെ മുന്നോട്ടു പോയി. അവിടെ കൈലി കേറ്റിക്കുത്തി തലേക്കെട്ടും കെട്ടി ഒരുത്തന്‍. ബെന്‍സു കാറിന്‍രെ ബോണറ്റില്‍ ചാരിനിന്നു ബീഡി വലിക്കുകയാണ്.

പച്ചാളമായിരിക്കും-ബെര്‍ളിയുടെ നിഗമനം.


ബൂലോഗത്തെ വല്യ റൗഡിയല്ലേ? ഇവന്‍ തന്നെ പച്ചാളം. സ്വീകരണക്കമ്മിറ്റിയായിരിക്കും.
ഞങ്ങളു നേരെ അങ്ങോട്ടു ചെന്നു. ഞാന്‍ ബെര്‍ളിയുടെ മറവില്‍പിന്നില്‍ക്കൂടി.

പച്ചാളം???

ബെര്‍ളിയുടെ ചോദ്യത്തിനു നേര്‍ക്ക് തലേക്കെട്ടന്‍ ചോദ്യഭാവത്തില്‍ നോക്കി

പച്ചാളമല്ലേ?- ബെര്‍ളി വീണ്ടും.

അല്ല തമ്മനം!!!

തമ്മനമോ? അങ്ങനെയൊരു ബ്ളോഗറുണ്ടോടാ...

ബെര്‍ളി തിരിഞ്ഞുചോദിച്ചു.

കാണുമായിരിക്കും. ഞാന്‍ തിരിച്ചുപറഞ്ഞു.

പച്ചാളം ശ്രീനി....??

അല്ലെന്നു പറഞ്ഞില്ലേ? ഞാന്‍ തമ്മനം ഷാജി. നിനക്കെന്തുവേണം?

ആറാം നിലയിലേക്കു കയറാന്‍ ലിഫ്റ്റ് ഉണ്ടെന്ന് ആരോ പറയുന്നതുകേട്ടു. അപ്പോഴേയ്ക്കും ‍ഞങ്ങള് ആറാം നിലയിലെത്തിക്കഴിഞ്ഞിരുന്നു.

ഗ്ളാസ് ഡോര്‍. പുഷ് എന്നെഴുതിയിരിക്കുന്നു. ഞാന്‍ പിടിച്ചുവലിച്ചു തുറന്നു.

കോട്ടും ടൈയും കെട്ടിയ ഒരുത്തന്‍ വന്ന് എന്നെ രൂക്ഷമായി നോക്കി. സാര്‍ അതില്‍ പുഷ് എന്നെഴുതിയിട്ടുണ്ടല്ലോ. തള്ളിയാല്‍ പോരാരുന്നോ?

പുഷ് എന്നാല്‍ തള്ളുക എന്നായിരുന്നു അല്ലേ അര്‍ഥം?

ഞങ്ങളുടെ നാട്ടിലൊക്കെ പുഷ് എന്നാല്‍ വലിക്കുക എന്നാണര്‍ഥം. അതാ വലിച്ചത്. ടൈയും കെട്ടിവന്നവന്‍ വാലും ചുരുട്ടിപ്പോയി.


ദേ ബെര്‍ളിയും സുനീഷും.....

നല്ലതടിയും വയറുമുള്ള ഒരു ചേട്ടന്‍ ഞങ്ങടെ പേരുവിളിക്കുന്നു.

ആരാന്നു മനസ്സിലായില്ല. മുന്‍പു കെഎസ്ആര്‍ടിസിയില്‍നിന്നിറക്കിവിട്ട കക്ഷിയെക്കാള്‍ വയറുണ്ട്. നല്ല ചിരി.

ഞാന്‍ തഥാഗതന്‍.

ദൈവമേ, പേരു പോലെ തന്നെ....

വരാന്‍ വൈകിയല്ലേ, അകത്തോട്ടു ചെല്ല്. പരിപാടി നടക്കുന്നു.

അകത്തോട്ടു ചെന്നു. കസേരയൊക്കെ ഫുള്‍. ഓഡിറ്റോറിയത്തിന്‍റെ പിന്നില്‍ രണ്ടുപേര്‍ക്കു നില്‍ക്കാന്‍ ആവശ്യത്തിനു സ്ഥലം ബാക്കിയുണ്ട്. അവിടെ നിന്നു.

വെട്ടിത്തിളങ്ങുന്ന കഷണ്ടിയുമായി കുറുമാന്‍ വേദിയില്‍. ഒപ്പം, വികെ ശ്രീരാമന്‍, വൈശാഖന്‍, റെയിന്‍ബോ രാജേഷ്, പിന്നെ ബിഗ്ബിയുടെ സംവിധായകന്‍ അമല്‍ നീരദിന്‍റെ അച്ചന്‍ പ്രഫ. സി. ആര്‍. ഓമനക്കുട്ടന്‍സാറും. വേദിയും ഫുള്‍. കുമാറേട്ടന്‍ കുറുമാന്‍റെ പുസ്തകത്തെ കീറിമുറിക്കുകയാണ്. മുന്‍പില്‍ ഒരാള്‍ നഖം കടിച്ചിരിക്കുന്നു. പ്രസംഗമല്‍സരത്തിനു മുന്‍പു സ്റ്റേജില്‍ കയറാന്‍ കാത്തുനില്‍ക്കുന്ന നഴ്സറിക്കുട്ടിയുടെ ടെന്‍ഷന്‍ മുഖത്തുണ്ട്. ആളെ കണ്ടിട്ടു പെട്ടെന്നു മനസ്സിലായില്ല.

നിന്നനില്‍പില്‍ തലകുത്തിനിന്നു നോക്കിയപ്പോള്‍ ആളെ പെട്ടെന്നു പിടികിട്ടി.

ഇക്കാസ്!!!

കൃതജ്ഞത പറയേണ്ടി വരുമല്ലോ എന്നോര്‍ത്തു ടെന്‍ഷനടിച്ചിരിപ്പാണെന്നു തോന്നു. തൊട്ടിപ്പുറത്ത് രണ്ടു കസേരയിലായി ഒരാളിരിക്കുന്നു.

ആരാ ബെര്‍ളീ അത്. ബെര്‍ളി സൂക്ഷിച്ചു നോക്കി.

അതാണു കലേഷ്.

യാരത് കലേഷേട്ടനോ...കലക്കി. നേരെ ചെന്ന് ഒരു ഷെയ്ക്ക് ഹാന്‍ഡ് കൊടുത്താലോ?

വേണ്ട. നമ്മളെ അറിയുവേലെന്നു പറഞ്ഞാലോ?

അതു ശരിയാ.. നാറിപ്പോകും.

കുറുമാന്‍ മറുപടി പ്രസംഗത്തിനെഴുന്നേറ്റു. റോസ് ഷര്‍ട്ടില്‍ കുറുമാനു നല്ല തിളക്കം. പോഡിയത്തിനു വിറതാങ്ങി എന്ന പേരിട്ടത് ഉചിതമായി എന്ന നിലയ്ക്ക് അതില്‍ബലമായി പിടിച്ചാണു പ്രസംഗം. അതുകഴിഞ്ഞ് ഇക്കാസിന്‍റെ വക കൃതജ്ഞത.

ഒടുക്കം അധ്യക്ഷനായ ശ്രീരാമന്‍ വീണ്ടുമെഴുന്നേറ്റു. യോഗം പിരിച്ചുവിട്ടിരിക്കുന്നു. ഇനി സ്മോള്‍ ഈസ് ബ്യൂട്ടിഫുള്‍!!

ശ്രീരാമന്‍റെ ആഹ്വാനത്തില്‍ ബൂലോഗര്‍ കുലുങ്ങിച്ചിരിച്ചു. കുറുമാനും ചിരിച്ചു. ഞാനും ചിരിച്ചു.

സാന്‍ഡ് വിച്ചും പേസ്ട്രിയും കണ്ടപ്പോള്‍ എന്‍റെ വായില്‍ക്കിടന്ന് ഐ.എന്‍.എസ്. വിക്രാന്ത് ഹോണടിച്ചു. നേരെ അങ്ങോട്ടുപാഞ്ഞു.

അവിടെ ഒരു കൊച്ചുപയ്യന്‍സ്. വള്ളിനിക്കറുപോലത്തെ പാന്‍റ്സും ഷര്‍ട്ടുമിട്ട് നില്‍ക്കുന്നു. നല്ല മുഖപരിചയം. നേരെ നോക്കിയൊന്നു കണ്ണുരുട്ടിക്കാണിച്ചു.

അവനൊറ്റക്കരച്ചില്‍. പേടിച്ചുപോയി പാവം.

ഞാന്‍ കുടുങ്ങി. പയ്യന്‍റെ കരച്ചില്‍ നിര്‍ത്തിയില്ലേല്‍ എല്ലാരുംകൂടി എന്നെ എടുത്തിട്ടു ചവിട്ടും.
മോനെ കരച്ചില്‍ നിര്‍ത്തെടാ.. ഞാന്‍ വെറുതെ .. നീയെന്തിനാ അതിനു കരയുന്നത്?

എനിച്ചു പേടിയാ...ചേട്ടനെന്തിനാ പേടിപ്പിച്ചത്?

ചുമ്മാ പേടിപ്പിച്ചതല്ലേടാ.. നീ കരച്ചില്‍ നിര്‍ത്ത്. ഞാന്‍ താഴെപ്പോയി കോലുമുട്ടായി മേടിച്ചുതരാം.
പയ്യന്‍സ് കരച്ചില്‍നിര്‍ത്തി. സമാധാനമായി.

എന്നാ മോന്‍റെ പേര്?

ശ്രീനി..!!

ഹെന്നതാ?!!!

പച്ചാളം ശ്രീനി!!!

മൊത്തം പ്രതീക്ഷകള്‍ പാളം തെറ്റിക്കൊണ്ടിരുന്നു.

എലിപ്പെട്ടിക്കകത്തു മുഖം വച്ചു കൊടുത്തു വെട്ടിയെടുത്ത താടിയുമായി ഒരാള്‍ വന്നു. നേരിട്ടു പരിചയപ്പെട്ടു. - ഞാന്‍ പരാജിതന്‍.

ഞാന്‍ തോറ്റുപോയി.

തൊട്ടിപ്പുറത്ത് വേറൊരാള്‍. ഞാന്‍ നിക്ക്.
നിക്കറ്, സോറി നിക്കിനെ കണ്ടപ്പോള്‍ സന്തോഷം. പടത്തില്‍ കുപ്പിപ്പാലു കുടിക്കുന്ന ഒരു കൊച്ചിന്‍റെ പടവും ഇട്ടേച്ച് നിക്കുവാരുന്നല്ലേ നിക്കേ? നല്ല ഗ്ളാമറാണല്ലോ..
നിക്കിന്‍റെ പൊക്കം ഒറ്റയടിക്ക് ടപ്പേന്ന് ഒരടി കൂടി.

കുറച്ചുകഴിഞ്ഞപ്പോള്‍ ഒരു വല്യ ബഹളം കേട്ടു. കയ്യില്‍ ചുവന്ന നിറത്തിലുള്ള കുരിശുമായി ഒരാള്‍ കയറിവന്നു.
ദേണ്ടേ ശശിച്ചേട്ടന്‍ വന്നേ.. പച്ചാളം തുള്ളിച്ചാടി.
ഉദയാ സൗണ്ട്സിലെ ശശിച്ചേട്ടന്‍... നമ്മുടെ സാന്‍ഡോസ്.

വന്നപാടെ സാന്‍ഡോസ് അവിടെയിരുന്ന കാപ്പി ഒരു കപ്പിലോട്ട് ഊറ്റി ഒറ്റവലിക്ക് അകത്താക്കി. ബാക്കിയുള്ളവരൊക്കെ കാപ്പി സിപ് ചെയ്തു കുടിക്കുമ്പോള്‍ സാന്‍ഡോസിന്‍റെ ശീലം ഇതായിരുന്നത്രേ.

റോസ് നിറമുള്ള ഷര്‍ട്ട് ഊരിയിട്ട് പകരം ഇളംപച്ച നിറമുള്ള ഷര്‍ട്ട് പോലത്തെ ഒരു സാധനവുമിട്ട് കുറുമാന്‍ വീണ്ടും വന്നു. വന്നപാടെ ഒരുകപ്പ് കാപ്പിയെടുത്തു കുടിച്ചു.

ബാക്കിയുള്ളവര്‍ക്കൊക്കെ അപ്പോഴേയ്ക്കും കാപ്പിയിലെ കഫീന്‍ തലയ്ക്കുപിടിച്ചു തുടങ്ങിയിരുന്നു.

ബൂലോഗസാഹിത്യം നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഓഡിറ്റോറിയത്തില്‍ ചര്‍ച്ച തുടങ്ങി. ചര്‍ച്ച നയിക്കുന്നതും ഫുള്‍ടൈം പ്രസംഗിക്കുന്നതും കയ്യടിക്കുന്നതുമെല്ലാം തഥാഗതന്‍ ഒറ്റയ്ക്ക്. സംഘഗാനം ഒറ്റയ്ക്കു പാടുന്ന പോലെ....

സജീവ് ഒരു ചാക്ക് കടലാസുമായി വന്നിരുന്ന് കാരിക്കേച്ചര്‍ വര തുടങ്ങിയിരുന്നു. വില്ലന്‍ ചിരിയുമായി വില്ലൂസ് അതിലെ സുന്ദരനായി പാറിപ്പറന്നു നടന്നു. ഇക്കാസ് അപ്പോളും സംഘാടനത്തിന്‍രെ തിരക്കിലായിരുന്നു.
ഓഡിറ്റോറിയത്തിന്‍റെ ഒരുകോണില്‍ നിലത്തുകുത്തിയിരുന്ന് ബെര്‍ളിക്കൊപ്പം കാപ്പി കുടിക്കുന്ന ഒരാളെക്കൂടി പരിചയപ്പെട്ടു. വിഷ്ണുപ്രസാദ്. ദൈവമേ ഈ ചെറിയ മനുഷ്യനായിരുന്നോ അത്???
മെലോഡിയസിനെ കണ്ടപ്പോള്‍ വിഷ്ണുപ്രസാദ് ചെറുതായിപ്പോയതിന്‍റെ വിഷമം തീര്‍ന്നു. അത്രയ്ക്കുണ്ട്. അതില്‍ ഒട്ടും അഹങ്കാരമില്ല. ശുദ്ധന്‍.

ഹോട്ടലുകാരെപ്പോലും അദ്ഭുതപ്പെടുത്തിക്കൊണ്ട് കൊണ്ടുവന്നുവച്ച കാപ്പി വേഗം തീര്‍ന്നു. അടുത്ത സെറ്റ് കാപ്പിക്ക് ഓര്‍ഡര്‍ ചെയ്തെങ്കിലും പശുവിനെ കറക്കുന്ന സ്ഥലം അടച്ചുപോയതിനാല്‍ ഇനി കാപ്പി കിട്ടില്ല എന്ന് അറിയിപ്പു വന്നു.
കാപ്പി കുടിക്കു ശേഷം പാട്ടുകച്ചേരി തുടങ്ങി. പരാജിതന്‍ ത്യാഗരാജസ്വാമികളെ തോല്‍പിച്ചു പാടിക്കൊണ്ടിരുന്നു. കൂട്ടത്തില്‍ ആരൊക്കെയോ പാടി. മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ പുല്ലുമേഞ്ഞു നടന്ന ഗോക്കള്‍ അതു കേട്ട് രായ്ക്കുരാമാനം ഗോശ്രീപാലം കടന്ന് ഓടിക്കളഞ്ഞു.

പരിപാടിക്കു കര്‍ട്ടന്‍ വീഴാന്‍ നേരമായി.

കുറുമാന്‍ അടുത്തേക്കുവന്നു.

തിരക്കായതുകൊണ്ടാ കെട്ടോ കാണാന്‍ പറ്റാതെ പോയത്. പോകുന്നതിനു മുന്‍പൊന്നു കാണണം. രണ്ടുപേര്‍ക്കും ഓരോ സാധനം തന്നു വിടാനുണ്ട്.

എനിക്കതു കേട്ടപ്പോള്‍ സന്തോഷമായി. ഗള്‍ഫില്‍നിന്നു വന്ന സ്ഥിതിക്ക് കുറുമാന്‍ എനിക്കും ബെര്‍ളിക്കും ഓരോ ഐഫോണ്‍ സമ്മാനിക്കാന്‍ പോകുന്നു. ആനിലയ്ക്ക് അങ്ങേരുടെ പുസ്തകത്തിന്‍റെ പത്തുകോപ്പികൂടി വാങ്ങിയേക്കാം. കക്ഷിക്കും നിരാശ വേണ്ട.
ബെര്‍ളിയോടും സംഗതി പറഞ്ഞു. അപ്രൂവ്ഡ്. പത്തുകോപ്പികള്‍ വച്ച് ആകെ ഇരുപതു കോപ്പികള്‍കൂടി ഓര്‍ഡര്‍ ചെയ്തു. മേടിച്ചു പൊതിഞ്ഞുകെട്ടി ഒരു ചാക്കിലാക്കി വച്ചശേഷം നേരെ കുറുമാന്‍റെ മുറിയിലേക്കു നടന്നു.
വാതിലില്‍ മുട്ടി.

യേസ് കമിന്‍.....

അകത്തേക്കു കടന്നു. കുറുമാന്‍ ഡ്രസ് മാറുകയാണ്.

കുറുമാനേ ഞങ്ങളാ... എന്താ കാണണമെന്നു പറഞ്ഞത്?
പ്രതീക്ഷയോടെ ഞാന്‍ ചോദ്യമെറിഞ്ഞു.

ദാ വരുന്നു.
അകത്തുനിന്നു തിളങ്ങുന്ന കഷണ്ടിത്തലുമായി കുറുമാന്‍ ഇറങ്ങിവന്നു.
എന്താ കാണണം എന്നു പറഞ്ഞത്? ഇരട്ടിയായ പ്രതീക്ഷയോടെ ബെര്‍ളി വീണ്ടും ചോദ്യമെറിഞ്ഞു.

കയ്യിലിരുന്ന കറുത്ത സാധനം എടുത്തു നിവര്‍ത്തിക്കൊണ്ട് കുറുമാന്‍ പറഞ്ഞു. നിങ്ങള്‍ക്കു രണ്ടുപേര്‍ക്കും ഒരു ഗിഫ്റ്റ് തരണമെന്ന് ഇന്നുച്ചയ്ക്കു വിചാരിച്ചതാ. അതങ്ങു തന്നേക്കാം.
അതും പറഞ്ഞിട്ട് കുറുമാന്‍ സാഹിബ് കയ്യിലിരുന്ന കറുത്ത സാധനമെടുത്ത് തലയില്‍ ധരിച്ചു. ഞാന്‍ ഞെട്ടിപ്പോയി. അതൊരു വിഗ് ആയിരുന്നു. വിഗ് വച്ച കുറുമാനെ കണ്ട ഞാനും ബെര്‍ളിയും വീണ്ടും ഞെട്ടി.

ഉച്ചയ്ക്ക് കെഎസ്ആര്‍ടിസി ബസില്‍നിന്നു തൊഴിച്ചിറക്കി വിട്ട മനുഷ്യന്‍ ദേണ്ടെ നില്‍ക്കുന്നു. കുറുമാന്‍??? വിഗ്?? തൊഴി??? ലൂസിക്കുട്ടി??? കെഎസ്ആര്‍ടിസി...?!!!!

ഇച്ചിരി സുന്ദരനായി പ്രകാശനത്തിനു വരാന്‍ നീയൊന്നും സമ്മതിക്കത്തില്ല അല്ലേടാ? നിന്‍റെ തൊഴികിട്ടി കിടന്നുപോയ ഞാന്‍ പിന്നെ ടാക്സി വിളിച്ചാ ഇവിടെയെത്തിയത്? അതുകൊണ്ടു നേരത്തെയെത്താന്‍ പറ്റി!!
പക്ഷേ അവിടെവച്ചുനിങ്ങള്‍ക്കു തരാന്‍ പറ്റാതെ പോയത് ഇവിടെ വച്ചെങ്കിലും തരാതിരിക്കാന്‍ പറ്റുമോ?

കുറുമാന്‍ ആയത്തില്‍ നല്ല ഏമത്തില്‍ കൈവീശിയടിച്ചു.
ആദ്യ അടി കിട്ടിയപ്പോളേ എന്‍റെ ബോധം പോയി.

പിന്നീട് എപ്പോളോ ബോധം തെളിഞ്ഞപ്പോള്‍ ഞാനും ബെര്‍ളിയും എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന്‍റെ ഒരുകോണില്‍ കൊതുകുകടിയേറ്റ് കിടക്കുകയായിരുന്നു.

Wednesday, July 04, 2007

പുളിശ്ശേരി

ഹല ഹലോ ഹല ഹല...

ബാച്ചികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. എന്നുമെന്നും ഹോട്ടലില്‍ നിന്നും കഴിച്ച് വയറ് കേടാക്കാതെ വീക്കെന്‍ഡുകളില്‍, റൂമില്‍ തന്നെ കുക്ക് ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. ഈ ഒരു ചിന്തയുടെ ഭാഗമായി ഞാന്‍ എന്റെ സഹ ബാച്ചികള്‍ക്ക് ഒരു പുളിശ്ശേരി ഡെഡിക്കേറ്റ് ചെയ്യുന്നു. പുളിശ്ശേരി, പെട്ടെന്ന് കേടാവാത്ത ഒരു കറിയാണ്. ശനിയാഴ്ച്ച ഉച്ചക്ക് വച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ വരെ ഒരു പ്രശ്നവും ഇല്ലാതെ പോകും. ചോറു മാത്രം അപ്പപ്പൊ വച്ച ഇവനെയും കൂട്ടി അങ്ങ് വഹിക്കുക. ടച്ചിങ്സിന് ഒരു പാക്കറ്റ് കുര്‍ക്കുറേയോ ലേയ്സോ മതിയാകും. അച്ചാറും കൂടെ ഉണ്ടെങ്കില്‍ സുഖം സ്വസ്ഥം. ചിലവാകട്ടെ. ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ 1/10-ഏ വരൂ. അതും ഹോം മെയ്ഡ് ഫുഡ്. ഒരിക്കല്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും അതിന്റെ ഗുണം.


ആവശ്യമുള്ള സാധനങ്ങള്‍:

തൈര് : 400 എം എല്‍ (നെസ്റ്റ്ലെ ഡെപ്പി കിട്ടും - 17 രൂപ)
തേങ്ങ : സാമാന്യം വലുത് 1 (രണ്ട് മൂടിയും എടുക്കാം, തേങ്ങ ഈസ് ഈക്വല്‍ റ്റു റ്റേസ്റ്റ്)
പെരുങ്കായം : ശകലം (പൊടി ഉത്തമം)
ജീരകം : ഒരു സ്പൂണ്‍(പൊടിച്ചത് ഉണ്ടെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ ചതക്കുക)
മഞ്ഞള്‍പ്പൊടി: അര സ്പൂണ്‍ മതി
എണ്ണ, കടുക്, ഉലുവ: തോന്നിയ പോലെ
കൊത്തമല്ലി : ഒരു ചെറിയ കെട്ട് (3 രൂപക്ക് കിട്ടുന്നത്രയും മതി)
കറിവേപ്പില : മണം വരണം
പച്ചമുളക് : 5 എണ്ണം (നല്ല സൈസ് ഉള്ളത്)
ഉപ്പ് : മറക്കണ്ട

ചീനച്ചട്ടി : 1
തവി : 1
മിക്സി/അമ്മിക്കല്ല്(വിത്ത് കുഴവി): 1
ചെറിയ ചരുവം: 1
സ്പൂണ്‍ : ഉപ്പിനും, ജീരകത്തിനും, മഞ്ഞള്‍പ്പൊടിക്കും
അടുപ്പ് : 1
തീപ്പെട്ടി : 1
ഇന്ധനം : ആവശ്യത്തിന്

(വെള്ളം : പാത്രം കഴുകാന്‍!)

പാചക രീതി:

തേങ്ങ ചിരവുക. (ബാച്ചി റൂമുകളില്‍ ചിരവ ഇല്ലങ്കില്‍, പിച്ചാത്തി കൊണ്ട് തേങ്ങ അരിയുക, പായസത്തിനൊക്കെ ഇടുന്ന പോലെ. ) പച്ചമുളക് കമ്പ് കളഞ്ഞ് കഴുകിയതും, ഇത്തിരി കറിവേപ്പിലയും ചേര്‍ത്ത് നല്ല മഷി പരുവത്തിന് അരക്കുക. മിക്സിയോ അരകല്ലോ... നോ പ്രോബ്ലം. ഇനി മഷി ഇത്തിരി തരു തരാന്നിരുന്നാലും ആരും ഒന്നും പറയൂല്ല. എല്ലാം നന്നായി മിക്സ് ആയി എന്ന് ഉറപ്പ് വരുത്തുക.

അരപ്പ് പാത്രത്തിലേക്ക് മാറ്റുക. തൈര് അതിലേ ഒഴിച്ച് കൈ കൊണ്ട് മിക്സ് ചെയ്യുക.

അടുപ്പ് കത്തിച്ച്, ചീനച്ചട്ടി അതേല്‍ വച്ച് ചൂടാക്കുക. ശകലം എണ്ണ ഒഴിക്കുക. അതിലോട്ട് കടുക്, ഉലുവ, ജീരകം എന്നിവ ഇടുക. ആദ്യത്തെ ഒരു ലൈറ്റ് അന്‍ഡ് സൌണ്ട് ഷോ കഴിയുമ്പോളേക്കും, കൊത്തിയരിഞ്ഞ മഞ്ഞള്‍പ്പൊടിയും മല്ലിയിലയും ചീനച്ചട്ടിയിലേക്കിടുക. പാത്രത്തിലെ അരപ്പ്+തൈര് ലായനി ചീനച്ചട്ടിലേക്കൊഴിക്കുക. ഉപ്പ് ഇടുക. ഒരു ഗ്ലാസ്സില്‍ ഇത്തിരി വെള്ളമെടുത്ത് അതിലേക്ക് ശകലം കായപ്പൊടി ഇട്ട് മിക്സ് ചെയ്ത് ചീനച്ചട്ടിയില്‍ ഒഴിക്കുക. മിച്ചമുള്ള കറിവേപ്പിലയും ഇതില്‍ കീറിയിടുക. നന്നായിട്ടൊന്ന് ഇളക്കി വിടുക. ചിലപ്പൊ ഈ കുഴമ്പ് ഇത്തിരി കട്ടി കൂടിപ്പോയൊ എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ സൂക്ഷിച്ച് ഇത്തിരി വെള്ളം ചേര്‍ക്കുക. ഒരുപാട് നീട്ടിയാല്‍, അതിന്റെ ഗുമ്മ്‌ പോകും. ഇതിനെ ഒരു 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഒന്ന് തിളച്ചാല്‍ പിന്നെ സിമ്മിലിട്ട് വച്ചാല്‍ മതി. ഇനി ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ കാണാന്‍ പോകൂ... 2 പേര്‍ പാടിക്കഴിയുമ്പോള്‍ തിരിച്ച് വന്ന് അടുപ്പണക്കൂ. പുളിശ്ശേരി റെഡി.

ഇവനെ, ചോറ്, ചപ്പാത്തി, ദോശ, ഉഴുന്ന് വട, തുടങ്ങി എന്തിനെ കൂടെയും ചാമ്പാം എന്നതാണ് ഏറ്റവും വലിയ ഗുണം.

ആള്‍ ദി ബെസ്റ്റ്