Monday, February 18, 2008

വൈഫു ഭയം ( ഭാര്യോ ഫോബിയ) നാടോടി കഥ

വീര ശൂര പുരത്തെ വീരസേന മഹാരാജാവ്‌ മഹാ ധീരനുംവീരനും ധൈര്യ ശാലിയുമായിരുന്നു
.വീരമഹാരാജന്റെ പേരു കേള്‍ക്കുമ്പോഴേക്കൂം ദേശത്തേയും അയല്‍ ദേശങ്ങളിലേയും ആണായും പെണ്ണായും പിറന്ന സകല മനുഷ്യരും ഭയക്കുകയും കിടു കിടെ വിറക്കുകയും ചെയ്തു പോന്നു,
രാജനെ നേരിട്ടു മുഖം കാണിച്ച പലരും രാജാവൊന്നു തറപ്പിച്ചു നോക്കിയപ്പോഴേക്കും അറിയാതെ ഒന്നും രണ്ടുമൊക്കെ പുറത്തേക്കൊഴുക്കി.

വീരസേന മഹാരാജാവങ്ങനെ അര്‍മാദിച്ചു നടക്കുന്ന കാലത്താണ്‌ അതിര്‍ത്തി ഗ്രാമത്തെ ഒരു കൊവിലില്‍ സമാധാന പൂര്‍വ്വം വാഴുന്ന ഒരു ദേവിയെ ദര്‍ശനമാക്കപ്പെട്ട്‌ ഒന്നു വിറപ്പിക്കാന്‍ വേണ്ടി പൊവുന്നത്‌. ദേവിയേം വിറപ്പിച്ച്‌ പ്രസാദോം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്‌ അയല്‍ ദേശത്തെ അപ്സര സുന്ദരിയായ രാജ കുമാരി ഭര്‍തൃമര്‍ദ്ദിനിയെ കാണുന്നത്‌. "പ്രേമം@ ആദ്യ കടാക്ഷം."അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ മാംഗല്യവും കഴിഞ്ഞു.

കല്യാണവും കഴിഞ്ഞു രണ്ടാമത്തെ മാസം ചെവിയില്‍ നിന്ന് ചെവിയിലേക്ക്‌ സ്വകാര്യങ്ങളായും അടുത്ത മാസം കുശു കുശുപ്പായും തൊട്ടടുത്ത മാസം കുറച്ചൊക്കെ ഉച്ചത്തിലും ജനങ്ങള്‍ പറഞ്ഞു തുടങ്ങി."മഹാരാജന്‌ മിസ്സിസ്സിനെ കാണുമ്പൊഴേക്കും മുട്ടുകാല്‍ കൂട്ടിയിടിക്കുമത്രെ. മിക്ക ദിവസങ്ങളിലും പള്ളിയറയില്‍ നിന്ന് രാജന്റെ വായ്‌ പാട്ടു വിലാപവും മാഡത്തിന്റെ രാജവിന്റെ പുറത്തുള്ള മര്‍ദ്ദന മദ്ദള മേളവും കേള്‍ക്കാറുണ്ടത്രെ. രാജാവിന്റെ ബാച്ചിലേഴ്സ്‌ കൂട്ടുകാരുമൊത്ത്‌ റമ്മി കളിച്ചും റം കൂടിച്ചും ഇരിക്കാറുള്ള രാത്രിയില്‍ പള്ളിയറ പുല്‍കാന്‍ രാജാവെങ്ങാനും അഞ്ചു നിമിഷം വൈകിയാല്‍ പിറ്റേന്നു രാവിലെ രാജന്റെ മുതുകത്തും കൊട്ടാരത്തിലെ ചിരവയുടേ പുറത്തും ക്രൂര മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണാറുണ്ടത്രെ.

അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.

ഓമനപുഴ വില്ലേജിലെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ.അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു.അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത. ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ മാരുതി കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌.

രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

Tuesday, February 12, 2008

വാലന്റൈന്‍സ് ദിനവും ചില ബാച്ചി പ്രതിസന്ധികളും: ഒരു പഠനവും ചില ഉപദേശങ്ങളും

[ഒരു പ്രത്യേക അറിയിപ്പ്: കടുത്ത ബുജി പോസ്റ്റായതിനാല്‍ ലോലഹൃദയരോ ഗര്‍ഭിണികളോ ആയ ബാച്ചിലര്‍മാര്‍ ഇത് വായിക്കാതിരിക്കാന്‍ അപേക്ഷ]

ലോകമെമ്പാടുമുള്ള ബാച്ചിലര്‍മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ വിതരണം ചെയ്യുന്നതായി പ്രഖ്യാപിയ്ക്കപ്പെട്ട ദിവസം കാത്തിരിയ്ക്കുന്ന പോലെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. വര്‍ഷാവര്‍ഷം തുലാവര്‍ഷം പോലെ വന്ന്‍ പോകുന്ന ഈ അല്‍ഭുത പ്രതിഭാസം പലപ്പോഴും യുവ ബാച്ചിലര്‍മാരുടെ ജീവിതത്തില്‍ അനിതരസാധാരണമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഒരു മാതൃകാബാച്ചിയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണോ ഈ വാലന്റൈന്‍സ് ഡേ എന്ന് യൂറോപ്പിലെ ചില ബുദ്ധിജീവി ബുജികള്‍ ഒരിക്കല്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി.ബാച്ചികളുടെ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുന്നതിലും അവരുടെ സ്വതന്ത്രചിന്തയുടെ മുകളില്‍ കുതിരകയറുന്ന ചില സാമ്രാജ്യശക്തികളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കുന്നതിലും വാലന്റൈന്‍സ് ദിനത്തിനുള്ള പങ്ക് കമ്മ്യൂണിസ്റ്റ് ബാച്ചികളും ചൂണ്ടിക്കാണിക്കുക ഉണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും ബാച്ചികളും വാലന്റൈന്‍സ് ദിനവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും എന്ന പോലെ അഭേദ്യമായി തന്നെ തുടരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനത്തില്‍ ബാച്ചികള്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ് വഴി ശ്രമിക്കുന്നത്.

ആരാണ് വാലന്റൈന്‍?
ഒരു ബാച്ചിലര്‍ മിനിമം അറിഞ്ഞിരിക്കേണ്ട വസ്തുത ആണ് ഇത്. എന്നൊക്കെ പലരും പറയും പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയാതെ വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ പാടില്ല എന്ന് നിയമം ഒന്നും ഇല്ല എന്ന് ഞാന്‍ പ്രസ്താവിക്കാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. വാലന്റൈന്‍ ആരോ ആയിക്കൊള്ളട്ടെ. അങ്ങേരുടെ പേരില്‍ വീണ് കിട്ടുന്ന ഈ അവസരം പരമാവധി മുതലാക്കുന്നതില്‍ മാത്രമായിരിക്കണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ വാലന്റൈന്റെ ചരിത്രവും ഡേറ്റ് ഓഫ് ബെര്‍ത്തും ഒക്കെ പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നുമല്ലല്ലോ പോകുന്നത്.

പ്ലീസ് നോട്ട്: മഹാരാഷ്ട്രയില്‍ താക്കറെയുടെ അനുയായികള്‍ വാലന്റൈനെ എതിര്‍ക്കുന്നത് ഉദാഹരണമായി എടുത്ത് കാട്ടി ചിലര്‍ വാലന്റൈന്‍ യു പിയില്‍ ജീവിച്ചിരുന്ന ഒരു ഭയ്യ ആണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്.അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്ന് ഓര്‍മ്മിയ്ക്കുക. വാലന്റൈന്‍ ഇന്ത്യക്കാരനാണ് എന്ന് വരുകില്‍ തന്നെ അത് ഒരു മലയാളി ബാച്ചി ആയിരുന്നിരിക്കണം എന്നാണ് ക്ലബ്ബിന്റെ നിലപാട്. ഉള്‍ക്ലബ്ബ് ജനാധിപത്യം ഒക്കെ ഉണ്ട് എങ്കിലും റാഡിക്കല്‍ ചിന്താധാര ഈ ക്ലബ്ബില്‍ സജീവമാവാന്‍ അനുവദിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നു.

എത്ര വാലന്റൈന്‍ വരെ ആകാം?
ഈ ടൈപ്പ് ബാച്ചിലര്‍ സംശയങ്ങള്‍ക്ക് കാലാകാലങ്ങളായി കേട്ട് വരുന്ന മറുപടി അവനവന്റെ കപ്പാസിറ്റി അനുസരിച്ച് എത്ര വേണേലും ആവാം എന്നാണ്. ഈ വസ്തുത ആഹ്ലാദം പകരുന്ന ഒന്നാണെങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന ചതികള്‍ നമ്മള്‍ ബാച്ചിലേഴ്സ് കാണാതെ പോകരുത്. വെള്ളമടിയ്ക്കുമ്പോള്‍ എന്നത് പോലെ ഈ കാര്യത്തിലും സ്വന്തം കപ്പാസിറ്റി അറിഞ്ഞിരിക്കേണ്ടത് ഒരു ബാച്ചിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമത്രേ. സാമ്പത്തികമായി അവനവന്റെ കപ്പാസിറ്റി ഓട്ടൊമറ്റിക്കായി ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും‘ എന്ന സാമ്പത്തികശാസ്ത്ര തത്വപ്രകാരം അറിഞ്ഞോളും.അത് പ്രശ്നമുള്ള കേസല്ല. എന്നാല്‍ ഇമോഷണലായി എത്ര പേരെ ഒരു ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യാം എന്നുള്ളതാണ് പ്രശ്നം. ഒരു പെണ്‍കുട്ടിയോട് പാര്‍ക്കില്‍ വെച്ച് കാണാം എന്ന് പറഞ്ഞ സമയത്തിനും അടുത്ത പെണ്‍കുട്ടിയോട് പറഞ്ഞ സമയത്തിനും ഇടയില്‍ ട്രാഫിക്കില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് എത്താന്‍ ഉള്ള സമയം കൂടികണക്കിലെടുത്തിട്ട് വേണം ഗ്യാപ്പ് നിശ്ചയിക്കാന്‍. ഇത് ഒഴിവാക്കാന്‍ ഒരേ പാര്‍ക്കിന്റെ രണ്ട് മൂലകള്‍ തിരഞ്ഞടുക്കാം എങ്കിലും റിസ്കുള്ള പരിപാടി ആണ്. ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് വലിയ വിജയങ്ങളും പരാജയങ്ങളും ആയി മാറുന്നത്. മികവുറ്റ പ്ലാനിങ്ങും കഠിനമായ പരിശീലനവും വാലന്റൈന്‍ ദിന പരാക്രമങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ പകുതി വിജയിച്ചു.

എന്ത് ഗിഫ്റ്റ് നല്‍കണം?
ഒരിക്കലും.. ഐ റിപ്പീറ്റ് ഒരിക്കലും നമ്മുടെ ക്ലബ്ബിന്റെ ഉമ്മറത്തെ ടേബിളില്‍ സ്ഥിരമായി കിടക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വാലന്റൈന്‍ ദിന ഗിഫ്റ്റ് നിശ്ചയിക്കരുത്. ശത്രുക്കളുടെ പ്രൊപഗാണ്ട കേട്ടിട്ടാണോ നമ്മള്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ തെരഞ്ഞടുക്കാറ്? സ്വന്തം ഭാവനയില്‍ വിരിയുന്ന സമ്മാനങ്ങള്‍ ആവാം എങ്കിലും ഭാവന അതിര് വിട്ട് പോയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്നുള്ളത് കൊണ്ട് ബാച്ചിലര്‍മാര്‍ പ്രത്യേകിച്ച് ‘യുവ’ ബാച്ചിലര്‍മാര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ചീപ്പ് ടെഡി ബെയറൊക്കെ തന്നെ വാങ്ങി നല്‍കുന്നതാണ് നല്ലത്. റിസ്ക് എടുക്കരുതല്ലോ. കൂടാതെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനുള്ളത് കൊണ്ട് ഹോള്‍ സെയില്‍ കടയില്‍ പോയി ഗിഫ്റ്റ് ഐറ്റം ബള്‍ക്കായി വാങ്ങിയാല്‍ ഒരു ഫുള്ളിനുള്ള കാശെങ്കിലും ലാഭിക്കുകയും ചെയ്യാം എന്ന് അനുഭവസ്ഥര്‍ പറയുന്നു.

വാലന്റൈന്‍ വയലന്റായാല്‍..
ഒരു വിധം പെണ്‍കുട്ടികളൊക്കെ ഡയമണ്ട് പെന്റന്റ് പ്രതീക്ഷിച്ചിടത്ത് മേഡ് ഇന്‍ ചൈന ടെഡി ബെയര്‍ ഗിഫ്റ്റ് കിട്ടിയാല്‍ വയലന്റാവും. ഇത് കണ്ട് തുടക്കക്കാര്‍ ബാച്ചികള്‍ ‍പരിഭ്രമിയ്ക്കരുത്. അതിന്റെ ആവശ്യമില്ല. പോകെപ്പോകെ ഇതൊക്കെ ശീലമായിക്കോളും എന്ന് മുതിര്‍ന്ന ബാച്ചികള്‍ പറഞ്ഞ് തരാറുള്ളത് ഓര്‍മ്മിയ്ക്കുക. നിങ്ങളുടെ വാലന്റൈന്‍ അസാധാരണമാം വിധം വയലന്റാവും എന്ന് തോന്നുകയാണെങ്കില്‍ സാധാരണ കീപ്പ് ചെയ്യാറുള്ള കൈപ്പാടകലത്തില്‍ നിന്ന് കുറച്ച് കൂടി മാറി നില്‍ക്കുക. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിലപിടിപ്പുള്ള മുന്തിയ ഇനം അല്ല എങ്കില്‍ പേടിയ്ക്കണം അത് വെച്ച് എറിയാന്‍ ചാന്‍സ് ഉണ്ട്, മുന്‍‌കരുതലുകള്‍ സ്വീകരിക്കുക. ബാച്ചിലേഴ്സ് ക്ലബ്ബിലെ സ്റ്റഡീ ക്ലാസുകളില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ സില്‍ക്ക് ജയന്തിയ്ക്ക് നമ്മള്‍ സംഘടിപ്പിച്ച ഫിലോസഫീ ക്ലാസ് ഓര്‍മ്മിയ്ക്കുന്നുണ്ടാവും. വളരെ വയലന്റായ നിങ്ങളുടെ വാലന്റൈനെ തണുപ്പിയ്ക്കാന്‍ ആര്‍ഷഭാരത സംസ്കാ‍രത്തിന്റെ മഹിമയെ പറ്റിയും വാലന്റൈന്‍ ഡേ പോലെയുള്ള പാശ്ചാത്യ സ്വാധീനങ്ങളുടെ ദൂഷ്യവശങ്ങളെ പറ്റിയും ഒക്കെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ക്ലാസില്‍ നോട്ട് എഴുതിയെടുത്ത സ്വാമി വിവേകാനന്ദന്റെയും ശങ്കരാചാര്യരുടെയുമൊക്കെ ശ്ലോകങ്ങള്‍ തുണ്ട് കടലാസില്‍ എഴുതി പോക്കറ്റില്‍ കരുതുന്നത് ഈ സാഹചര്യങ്ങളില്‍ ഉപകരിക്കും.

ഇത് വെറും മാര്‍ഗ നിര്‍ദേശങ്ങളാണ് എന്ന് ഓര്‍മ്മിയ്ക്കുക. സ്വന്തം ക്രിയാത്മകത ഉപയോഗിച്ച് നിങ്ങള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുക. പോയി വിജയിച്ച് വരിന്‍ ബാച്ചിലര്‍മാരേ.. ലോകം നിങ്ങളുടേതാണ്.

അറിയിപ്പ്: ഫെബ്രുവരി പതിനഞ്ചിന് എല്ലാ വര്‍ഷവും എന്നപോലെ ഈ വര്‍ഷവും ക്ലബ്ബില്‍ മര്‍മ്മ ചികിത്സയും തിരുമ്മല്‍ ക്യാമ്പും സംഘടിപ്പിയ്ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ആരും ചികിത്സയ്ക്കായി ഇത്തവണ തിക്കും തിരക്കും ഉണ്ടാക്കരുത് എന്ന അഭ്യര്‍ത്ഥിയ്ക്കുന്നു. ചൂട് പിടിയ്ക്കാനുള്ള തൊര്‍ത്തുമുണ്ടും കുഴമ്പും മറ്റും മെമ്പര്‍മാര്‍ സ്വയം കൊണ്ട് വരേണ്ടതാണ്. നന്ദി.

ജയ് ഹിന്ദ്!