Monday, September 24, 2007

ബ്ലാക്ക് സെപ്റ്റംബര്‍

സെപ്റ്റംബര്‍ എന്ന് പറഞ്ഞാല്‍ ലോകം ഞെട്ടുന്നത് രണ്ട് കാര്യങ്ങള്‍ ഓര്‍ത്താണ്.
1) 1972-ഇല്‍ മ്യൂണിക്കില്‍ വച്ച് സമ്മര്‍ ഒളിമ്പിക്സിന്റെ ഇടയ്ക്ക് ഇസ്രായേലി ഒളിമ്പിക്ക് ടീമിനെ തട്ടിക്കൊണ്ട് പോയി വധിച്ചതിന്റെ ഓര്‍മ്മയ്ക്ക്
2) 2001-l വേള്‍ഡ് ട്രേഡ് സെന്ററില്‍ ചില തീവ്രവാദികള്‍ വിമാനം ഇടിച്ച് കയറ്റിയതിന്റെ ഓര്‍മ്മയ്ക്ക്.

എന്നാല്‍ ബാച്ചിലേര്‍സ് ഇനി മുതല്‍ സെപ്റ്റംബര്‍ എന്ന് കേട്ടാ‍ല്‍ ഞെട്ടുക മറ്റൊരു കാരണത്തിനായിരിക്കും. ബാച്ചിലേര്‍സ് ക്ലബ്ബിന്റെ മുന്നണിപ്പോ‍രാളികളും പ്രഗല്‍ഭരും ആയ രണ്ട് പ്രവര്‍ത്തകര്‍ കൂട് മാറിയതിന്റെ പേരില്‍.

ആദ്യം ക്ലബ്ബിനെ ഉപേക്ഷിച്ച് പോയത് മഴനൂലാണ്. സെപ്റ്റംബര്‍ 13-ന്‍ ആയിരുന്നു മഴനൂല്‍ സനം എന്ന തന്റെ മനം കവര്‍ന്ന പെണ്‍കുട്ടിയുടെ കഴുത്തില്‍ താലികെട്ടിയത്. ബാച്ചിലേര്‍സിന്റെ ഇടയില്‍ വളരെ പേരും പ്രശസ്തിയും ഉണ്ടായിരുന്ന മഴനൂല്‍, തന്റെ പല കഴിവുകള്‍ വഴി ബാച്ചിലേര്‍സിനു മുഴുവന്‍ അഭിമാനമായിരുന്നു. (എന്തൊക്കെ എന്ന് ചോദിക്കരുത്, പ്ലീസ്). മഴനൂലിന്‍ എല്ലാ വിധ വിവാഹ മംഗളാശംസകളും. ബാച്ചിലേര്‍സ് ക്ലബ്ബ് താങ്കളെ എന്നും ഓര്‍ക്കുന്നതായിരിക്കും. താങ്കളുടെ പേരില്‍ പുതിയ ഒരു വെള്ളമടി ഗോമ്പറ്റീഷന്‍ ക്ലബ്ബ് ഒരുക്കി താങ്കളെ ആദരിക്കുന്ന കാര്യം ക്ലബ്ബിന്റെ പരിഗണനയിലുണ്ട്.

സെപ്റ്റംബര്‍ 16-ന്‍ ആയിരുന്നു ബാച്ചികള്‍ക്ക് അടുത്ത വെള്ളിടി കിട്ടിയത്. തന്റെ വരകളിലുടേയും നിസ്തുല്യമായ കഥകളിലൂടെയും പ്രേക്ഷകലക്ഷങ്ങളുടെ ആരാധനയ്ക്ക് പാത്രമായ സാക്ഷി എന്ന രാജീവ് അന്നേ ദിവസം ആതിര എന്ന പെണ്‍കുട്ടിയെ തന്റെ ജീവിത സഖി ആക്കി. തന്റെ സാന്നിധ്യം കൊണ്ട് എല്ലാ ബാച്ചിലേര്‍സ് ചടങ്ങുകളും അവിസ്മരണീയമാക്കിയിരുന്ന സാക്ഷിക്കും ഈ ക്ലബ്ബിന്റെ വിവാഹമംഗളാശംസകള്‍.

ട്വിന്‍ ടവേറ്സ് പോലെ ക്ലബ്ബിന്റെ അഭിമാനമായി ഉയര്‍ന്ന് നിന്നിരുന്ന ഈ അവിവാഹിതരായ രണ്ട് പുലികളേയും, ക്ലബ്ബ് നിരോധിച്ച വിവാഹം എന്ന തീവ്രവാദ സംഘടന താലി എന്ന വിമാനം‍ ഇടിച്ച് തകര്‍ത്തു കളഞ്ഞിരിക്കുന്നു. സ്വയം ചോദിച്ച് വാങ്ങിയ വിമാനം ആയതിനാല്‍ ക്ലബ്ബ് ഇക്കാര്യത്തില്‍ നിഷ്പക്ഷത പാലിക്കുകയാണ്. അതുകൊണ്ട് തന്നെ മഴനൂലിനേയും സാക്ഷിയേയും ക്ലബ്ബ് ഭാരവാഹികള്‍ കനത്ത ഹൃദയത്തോടെ യാത്രയാക്കുകയാണ് സുഹൃത്തുക്കളേ. രണ്ടാള്‍ക്കും ഈ ക്ലബ്ബിന്റെ ബദ്ധവൈരികളായ വിവാഹിതര്‍ ക്ലബ്ബില്‍ ഒരു നല്ല സമയം ആശംസിച്ചുകൊള്ളുന്നു.

മറ്റ് ക്ലബ് അംഗങ്ങള്‍ ഇത് കണ്ട് ചാടരുത് എന്ന് കര്‍ശനമായ മുന്നറിയിപ്പുണ്ട്. നിങ്ങള്‍ക്ക് ടൈം ആയിട്ടില്ല. ആവുമ്പോള്‍ ക്ലബ്ബ് ഭാരവാഹികള്‍ പറയും. അതു വരെ, ചുപ്പ് രഹോ!

Sunday, September 02, 2007

ബാച്ചിയും വിക്കിയും തമ്മില്‍ എന്താണ് പ്രശ്നം?

ഇന്നത്തെ മാതൃഭൂമി വാരാന്ത്യപ്പതിപ്പില്‍ മലയാളം വിക്കിപ്പീഡിയയെ കുറിച്ച് നല്ല ഒരു ലേഖനം ഉണ്ട്.ഈ കാണുന്ന ലിങ്കില്‍ പോയാല്‍ ലേഖനം കാണാം.
http://mathrubhumi.com/php/newsFrm.php?news_id=1242046&n_type=NE&category_id=11&Farc=

നമ്മുടെ സഹബ്ലോഗര്‍ ജെ ഏ അഥവാ ജോസഫ് ആന്റണി എഴുതിയ ഈ ലേഖനത്തില്‍ ഇരുപതോളം മാത്രം വ്യക്തികളുടെ ആക്ടീവായ കഠിന പ്രയത്നത്താല്‍ മുന്നോട്ട് പോകുന്നു എന്ന് പറയുന്നു മലയാളം വിക്കി. മഞ്ജിത്ത്,രാജ് (പെരിങ്ങോടന്‍),സിബു തുടങ്ങി പല ബ്ലോഗര്‍മാരേയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. നമ്മുടെ ബാച്ചിസിങ്കം ഷിജു അലക്സ് ഇതില്‍ ഒരാളാണ്.

മലയാളം യൂണിക്കോഡില്‍ വിളയാടുന്ന ഒട്ടനേകം ബാച്ചി മച്ചാന്മാര്‍ ഇവിടെ ഉള്ളപ്പോള്‍ 20 ആളുകള്‍ മാത്രം മലയാളത്തിന് വേണ്ടി കഷ്ടപ്പെട്ടാല്‍ അതിന്റെ മോശം ആര്‍ക്കാ? (എനിക്കല്ല എന്തായാലും)മുകളില്‍ ചോദിച്ച ഈ ചോദ്യം എന്നോട് വ്യക്തിപരമായി ശ്രീ.ഷിജു ചോദിക്കുക ഉണ്ടായി ഒരിക്കല്‍. ഞാന്‍ അതിനെ പറ്റി കൂലങ്കുഷമായി ചിന്തിച്ചപ്പോള്‍ (അതെപ്പൊ സംഭവിച്ചു?) യുവാക്കളെ ആകര്‍ഷിയ്ക്കാന്‍ താഴെ പറയുന്ന പരിപാടികള്‍ വിക്കിയില്‍ നടപ്പിലാക്കിയാല്‍ ബാച്ചികള്‍ കൂട്ടത്തോടെ ജീപ്പ് വിളിച്ച് വിക്കിയില്‍ വരും എന്ന് ബോധ്യപ്പെട്ടു.

1)ബാച്ചികള്‍ക്ക് മാത്രമായി ഒരു സെക്ഷന്‍ വേര്‍തിരിക്കുക വിക്കിയില്‍. ഇവിടെ സില്‍ക്ക് സ്മിതയുടെ ജീവ ചരിത്രം, മര്‍ലിന്‍ മണ്‍‌റോയുടെ ജീവിതം, ഷക്കീലയും മലയാള സിനിമാ ചരിത്രവും, ബിപാഷാ ബസുവിന്റെ ലുങ്കി തുടങ്ങിയ വിജ്ഞാനപ്രദമായ സചിത്ര ലേഖനങ്ങളുടെ പരിഭാഷ, രചന എന്നിവ ആദ്യം വരുന്ന പത്ത് പേര്‍ക്ക് മാത്രമായി നിജപ്പെടുത്തുക. (ഇത് നടപ്പില്‍ വരുത്തുന്നതിന് മുമ്പ് യൂസര്‍മാരുടെ തള്ളിക്കയറ്റം താങ്ങാനുള്ള കരുത്ത് സെര്‍വറിനുണ്ട് എന്ന് ഉറപ്പ് വരുത്തുക)

2)നിലവില്‍ കൂടുതല്‍ വിവര ശേഖരണം അസാധ്യമായ ലേഖനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ബാച്ചികള്‍ക്ക് അവസരം നല്‍കുക. ഉദാ: ഇപ്പോള്‍ ആരുടേയും ശ്രദ്ധയില്‍ വരാതെ ‘അടിമാലി ശാന്ത- ഒരു സത്യമോ മിഥ്യയോ?’എന്ന് തലക്കെട്ട് മാത്രമായി കിടക്കുന്ന ലേഖനം ബാച്ചി സെക്ഷനിലേക്ക് മാറ്റുക. മിനിറ്റുകള്‍ക്കകം ആവശ്യമുള്ള വിവരങ്ങള്‍‍ക്ക് പുറമെ ശാന്തയുടെ ഉയരം, തൂക്കം എന്നിവ കൂടാതെ രക്തത്തിലെ ആര്യ/ദ്രാവിഡ ഗോത്രശതമാനം വരെ വന്ന് നിറയും. (ഇമ്പോര്‍ട്ടന്റ്: ഈ പരിപാടിയ്ക്ക് തെരഞ്ഞെടുക്കുന്ന ലേഖനങ്ങളെ ആശ്രയിച്ചിരിക്കും പരിപാടിയുടെ വിജയം. ആയതിനാല്‍ ബാച്ചി ക്ലബ്ബില്‍ ഡിസ്കഷന് വെച്ച ശേഷം ലേഖനം തെരഞ്ഞെടുക്കുന്നത് നന്നായിരിക്കും)

3) മദ്യത്തെ പറ്റിയുള്ള എല്ലാ ലേഖനങ്ങളും ബാച്ചി സെക്ഷനില്‍ റിവ്യൂ ചെയ്യുക. നിലവില്‍ ‘മദ്യം വിഷമാണു, അതു കുടിക്കരുതു’ എന്ന് ഉല്‍ഘോഷിയ്ക്കുന്ന ലേഖനങ്ങളെ എല്ലാം വിവാദവേദിയില്‍ ചര്‍ച്ചയ്ക്കും മാറ്റങ്ങള്‍ക്കും ആയി നീക്കി വെയ്ക്കുക. കൂടാതെ ലോകത്തുള്ള എല്ലാ മദ്യത്തെയും പറ്റി ഒറ്റ ലേഖനം എന്നതിന് പകരം വിസ്കി,ബ്രാണ്ടി,റം,വോഡ്ക എന്നിങ്ങനെ ഓരോന്നിനും പ്രത്യേകമായ സെക്ഷന്‍ ഉണ്ടാക്കണം. ഇത് നടപ്പില്‍ വരുത്തിക്കഴിഞ്ഞാല്‍ എല്ലാം ബ്രാന്റനുസരിച്ച് പുതിയ താളുകള്‍ തിരിക്കുകയും നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയ ബാച്ചനുസരിച്ച് ഗുണത്തില്‍ വന്ന മാറ്റങ്ങളും കൂടാതെ ഗുണമേന്മ വര്‍ദ്ധിപ്പിയ്ക്കാനുള്ള നിര്‍ദേശങ്ങളടക്കം സമ്പൂര്‍ണ്ണ ലേഖനങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തയ്യാറാവും.

4) നിലവില്‍ വിക്കി സംബന്ധമായ ചര്‍ച്ചകളില്‍ ബാച്ചി പ്രാതിനിധ്യം കുറവാണ് എന്ന് ആരോപണമുണ്ട്. ഇത് ബാച്ചികളുടെ കുറ്റമല്ല എന്നാണ് എന്റെ കണ്ടെത്തല്‍. രാമാനന്ദകൃഷ്ണന്‍ പിള്ള, സുധാകരന്‍ വക്കീല്‍, വെട്ടുകിളി ജബ്ബാര്‍ എന്നൊക്കെയുള്ള ഐഡികള്‍ ഡിസ്കഷനിരിക്കുന്നത് കണ്ടാല്‍ അമ്മച്ചിയാണേ ഞാനൊക്കെ ഓടി രക്ഷപ്പെടും. വനിതാ പ്രതിനിധ്യം എന്ന് പറയുന്ന സാധനം വിക്കിയിലെ ഒരു ലേഖനം മാത്രമല്ല എന്നാണ് അഖിലലോക ബാച്ചികളുടെ വിശ്വാസപ്രമാണം. വനിതകളെ തപ്പി എവിടെ പോകും എന്നാണ് ചോദ്യമെങ്കില്‍ കഷ്ടപ്പെടണ്ട ദാ ഈ ബെഞ്ചിലിരിക്കൂ പറഞ്ഞ് തരാം എന്നാണ് ഉത്തരം.

സുഷമ ബോസ്, പ്രിയാ റെഡ്ഡി എന്നിങ്ങനെ വിദേശ മലയാളി വനിതകളെ കൂടാതെ അമ്മുക്കുട്ടി,സൈനബ,സാന്ദ്ര എന്നൊക്കെ തനി മലയാളികളുടെയും ഐഡി കയ്യീന്ന് ഇടുക. (മലയാളം ബ്ലോഗുകള്‍ കൈകാര്യം ചെയ്ത് പരിചയമുള്ളവരെ ഈ ജോലി ഏല്‍പ്പിച്ചാല്‍ ഉത്തമം)“ഈ ലേഖനം എന്നെ പൂര്‍ത്തിയാക്കാന്‍ സഹായിക്കുമോ ദില്‍ബാ പ്ലീസ്?” എന്ന് വനിതാ ഐഡിയില്‍ വന്ന് ചോദിച്ചാല്‍ എന്നെ പോലെ ജോലി രാജി വെച്ചും വിക്കിയിലിറങ്ങാന്‍ പലരും കാണും. ഇല്ലേ? (ആരെങ്കിലും ഉണ്ട് എന്ന് പറയെഡേയ്.. ഇല്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ഞരമ്പനാവും)

5) അല്‍പ്പം മെമ്പര്‍മാരായിക്കഴിഞ്ഞാല്‍ പിന്നെ മുട്ടിന് മുട്ടിന് വിക്കി മീറ്റുകള്‍ നടത്തുക. 120 വിഭവങ്ങളൊക്കെ മീറ്റില്‍ സ്പെഷ്യലൈസ് ചെയ്യുന്നവര്‍ക്കു പറഞ്ഞതായത് കൊണ്ട് ഒരു തുടക്കം എന്ന നിലയില്‍ പൊറോട്ട ബീഫ് ഫ്രൈ മാത്രമായാലും മതി. എല്ലാവരും വട്ടത്തില്‍ വെടി പറഞ്ഞിരുന്ന് റമ്മി കളിയ്ക്കുന്നതിലൂടെ കൂട്ടായ്മ വളരും സൈഡിലൂടെ കുറേശ്ശെ മലയാളം വിക്കിയും വളരാന്‍ സാധ്യതയുണ്ട്. വിക്കിയേക്കാള്‍ വലുതാണ് കൂട്ടായ്മ എന്ന് മനസ്സിലാക്കിയാല്‍ തന്നെ നമ്മള്‍ പകുതി ലക്ഷ്യം നേടിക്കഴിഞ്ഞു. (ബാക്കി പകുതി മറ്റേ ഗ്രൂപ്പുകാര്‍ നേടട്ടെ. അല്ല പിന്നെ)

ഇത്രയും നടപ്പില്‍ വരുത്തിയാല്‍ പിന്നെ മലയാളം വിക്കിയില്‍ ബാച്ചികളുടെ പങ്ക് പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ ഉയരും എന്ന് ഞാന്‍ അനുമാനിക്കുന്നു. ജയ് ബാച്ചി! ജയ് വിക്കി!

(ഡിസ്ക്ലെയിമര്‍: വിക്കിയ്ക്ക് അല്പം പബ്ലിസിറ്റി എന്ന ഉദ്ദേശത്തോടെ മാത്രമാണ് ഈ പോസ്റ്റ്. വിക്കിപ്പീഡിയ എന്ന മഹത്തായ സംരംഭത്തേയോ അതിന് വേണ്ടി അഹോരാത്രം സേവനം അനുഷ്ഠിയ്ക്കുന്നവരെയോ ഒരു തരത്തിലും നെഗറ്റീവ് ഇമെജില്‍ കൊണ്ട് വരാന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വായനയ്ക്ക് ശേഷം അങ്ങനെ തോന്നുന്നുവെങ്കില്‍ അത് എന്റെ എഴുത്തിന്റെ കുഴപ്പമാണ്. ആര്‍ക്കെങ്കിലും ഒഫന്‍സീവായി തോന്നുന്നുണ്ടെങ്കില്‍ ആ നിമിഷം ഈ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നതാണ്)