Wednesday, July 04, 2007

പുളിശ്ശേരി

ഹല ഹലോ ഹല ഹല...

ബാച്ചികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. എന്നുമെന്നും ഹോട്ടലില്‍ നിന്നും കഴിച്ച് വയറ് കേടാക്കാതെ വീക്കെന്‍ഡുകളില്‍, റൂമില്‍ തന്നെ കുക്ക് ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. ഈ ഒരു ചിന്തയുടെ ഭാഗമായി ഞാന്‍ എന്റെ സഹ ബാച്ചികള്‍ക്ക് ഒരു പുളിശ്ശേരി ഡെഡിക്കേറ്റ് ചെയ്യുന്നു. പുളിശ്ശേരി, പെട്ടെന്ന് കേടാവാത്ത ഒരു കറിയാണ്. ശനിയാഴ്ച്ച ഉച്ചക്ക് വച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ വരെ ഒരു പ്രശ്നവും ഇല്ലാതെ പോകും. ചോറു മാത്രം അപ്പപ്പൊ വച്ച ഇവനെയും കൂട്ടി അങ്ങ് വഹിക്കുക. ടച്ചിങ്സിന് ഒരു പാക്കറ്റ് കുര്‍ക്കുറേയോ ലേയ്സോ മതിയാകും. അച്ചാറും കൂടെ ഉണ്ടെങ്കില്‍ സുഖം സ്വസ്ഥം. ചിലവാകട്ടെ. ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ 1/10-ഏ വരൂ. അതും ഹോം മെയ്ഡ് ഫുഡ്. ഒരിക്കല്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും അതിന്റെ ഗുണം.


ആവശ്യമുള്ള സാധനങ്ങള്‍:

തൈര് : 400 എം എല്‍ (നെസ്റ്റ്ലെ ഡെപ്പി കിട്ടും - 17 രൂപ)
തേങ്ങ : സാമാന്യം വലുത് 1 (രണ്ട് മൂടിയും എടുക്കാം, തേങ്ങ ഈസ് ഈക്വല്‍ റ്റു റ്റേസ്റ്റ്)
പെരുങ്കായം : ശകലം (പൊടി ഉത്തമം)
ജീരകം : ഒരു സ്പൂണ്‍(പൊടിച്ചത് ഉണ്ടെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ ചതക്കുക)
മഞ്ഞള്‍പ്പൊടി: അര സ്പൂണ്‍ മതി
എണ്ണ, കടുക്, ഉലുവ: തോന്നിയ പോലെ
കൊത്തമല്ലി : ഒരു ചെറിയ കെട്ട് (3 രൂപക്ക് കിട്ടുന്നത്രയും മതി)
കറിവേപ്പില : മണം വരണം
പച്ചമുളക് : 5 എണ്ണം (നല്ല സൈസ് ഉള്ളത്)
ഉപ്പ് : മറക്കണ്ട

ചീനച്ചട്ടി : 1
തവി : 1
മിക്സി/അമ്മിക്കല്ല്(വിത്ത് കുഴവി): 1
ചെറിയ ചരുവം: 1
സ്പൂണ്‍ : ഉപ്പിനും, ജീരകത്തിനും, മഞ്ഞള്‍പ്പൊടിക്കും
അടുപ്പ് : 1
തീപ്പെട്ടി : 1
ഇന്ധനം : ആവശ്യത്തിന്

(വെള്ളം : പാത്രം കഴുകാന്‍!)

പാചക രീതി:

തേങ്ങ ചിരവുക. (ബാച്ചി റൂമുകളില്‍ ചിരവ ഇല്ലങ്കില്‍, പിച്ചാത്തി കൊണ്ട് തേങ്ങ അരിയുക, പായസത്തിനൊക്കെ ഇടുന്ന പോലെ. ) പച്ചമുളക് കമ്പ് കളഞ്ഞ് കഴുകിയതും, ഇത്തിരി കറിവേപ്പിലയും ചേര്‍ത്ത് നല്ല മഷി പരുവത്തിന് അരക്കുക. മിക്സിയോ അരകല്ലോ... നോ പ്രോബ്ലം. ഇനി മഷി ഇത്തിരി തരു തരാന്നിരുന്നാലും ആരും ഒന്നും പറയൂല്ല. എല്ലാം നന്നായി മിക്സ് ആയി എന്ന് ഉറപ്പ് വരുത്തുക.

അരപ്പ് പാത്രത്തിലേക്ക് മാറ്റുക. തൈര് അതിലേ ഒഴിച്ച് കൈ കൊണ്ട് മിക്സ് ചെയ്യുക.

അടുപ്പ് കത്തിച്ച്, ചീനച്ചട്ടി അതേല്‍ വച്ച് ചൂടാക്കുക. ശകലം എണ്ണ ഒഴിക്കുക. അതിലോട്ട് കടുക്, ഉലുവ, ജീരകം എന്നിവ ഇടുക. ആദ്യത്തെ ഒരു ലൈറ്റ് അന്‍ഡ് സൌണ്ട് ഷോ കഴിയുമ്പോളേക്കും, കൊത്തിയരിഞ്ഞ മഞ്ഞള്‍പ്പൊടിയും മല്ലിയിലയും ചീനച്ചട്ടിയിലേക്കിടുക. പാത്രത്തിലെ അരപ്പ്+തൈര് ലായനി ചീനച്ചട്ടിലേക്കൊഴിക്കുക. ഉപ്പ് ഇടുക. ഒരു ഗ്ലാസ്സില്‍ ഇത്തിരി വെള്ളമെടുത്ത് അതിലേക്ക് ശകലം കായപ്പൊടി ഇട്ട് മിക്സ് ചെയ്ത് ചീനച്ചട്ടിയില്‍ ഒഴിക്കുക. മിച്ചമുള്ള കറിവേപ്പിലയും ഇതില്‍ കീറിയിടുക. നന്നായിട്ടൊന്ന് ഇളക്കി വിടുക. ചിലപ്പൊ ഈ കുഴമ്പ് ഇത്തിരി കട്ടി കൂടിപ്പോയൊ എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ സൂക്ഷിച്ച് ഇത്തിരി വെള്ളം ചേര്‍ക്കുക. ഒരുപാട് നീട്ടിയാല്‍, അതിന്റെ ഗുമ്മ്‌ പോകും. ഇതിനെ ഒരു 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഒന്ന് തിളച്ചാല്‍ പിന്നെ സിമ്മിലിട്ട് വച്ചാല്‍ മതി. ഇനി ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ കാണാന്‍ പോകൂ... 2 പേര്‍ പാടിക്കഴിയുമ്പോള്‍ തിരിച്ച് വന്ന് അടുപ്പണക്കൂ. പുളിശ്ശേരി റെഡി.

ഇവനെ, ചോറ്, ചപ്പാത്തി, ദോശ, ഉഴുന്ന് വട, തുടങ്ങി എന്തിനെ കൂടെയും ചാമ്പാം എന്നതാണ് ഏറ്റവും വലിയ ഗുണം.

ആള്‍ ദി ബെസ്റ്റ്

23 comments:

Unknown said...

ബാച്ചികളുടെ ആരോഗ്യത്തിനും, അവരുടെ പഴ്സിന്റെ ഭദ്രതക്കും വേണ്ടി പൊന്നമ്പലത്തിന്റെ കൈങ്കര്യം.

Unknown said...

പൊന്നമ്പലമേ.. നിങ്ങള്‍ പൊന്നമ്പലമല്ല തങ്കമ്പലമാണ്.. തങ്കമ്പലം. ഇത് പരീക്ഷിച്ച് നോക്കട്ടെ. (ദൈവമേ എന്റെ ജീവിതം നിന്റെ കൈയ്യില്‍..)

സാല്‍ജോҐsaljo said...

ഒള്ളതാണോ?

ദൈവേ.. ഇതുവഴി ചേച്ചിമാരാരും വരുന്നില്ലല്ലോ.. ആരോടാ ഒന്നു ചോദിക്ക്വാ..
അല്പം അറ്റ്ലീസ്റ്റ് ഡിസെന്റ്രി ടാബ്ലറ്റ്സ് പൊടീച്ചു ചേര്‍ക്കാം ഒരു രുചിക്ക് അല്ലേടോ>>

Unknown said...

ഇതാണ്‍... പൊതു നന്മയെ മുന്‍‌നിര്‍‌ത്തി ഒരു പോസ്റ്റ് ഇട്ടപ്പൊ...

ഇതാണ്‍... നല്ലതിനൊന്നും ഇപ്പൊ കാലമില്ല...

ചേച്ചിമാരേ... ഈ പുളിശ്ശേരി ഒന്ന് സര്‍ട്ടിഫൈ ചെയ്ത് താ...

നിര്‍മ്മല said...

തേങ്ങേം തൈരും കൂടി 15 മിനിറ്റു തിളപ്പിച്ചാല്‍.... ചാറും കഷണവും ആയിട്ടുള്ള കറിയാണോ പൊന്നമ്പലാ കിട്ടുന്നത്?
എന്റെ അമ്മയുടെ വിധിപ്രകാരം പുളിശ്ശേരി ചൂടാവാനെ പാടുള്ളൂ, തിളക്കരുത്.

“ഒരു സ്പൂണ്‍(പൊടിച്ചത് ഉണ്ടെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ ചതക്കുക)“
ഹെന്‍റമ്മേ!!!
:) :)

ഡാലി said...

“കൊത്തിയരിഞ്ഞ മഞ്ഞള്‍പ്പൊടിയും “
മഞ്ഞള്‍പൊടി കൊത്തിയരിയുകാന്നു പറഞ്ഞാല്‍...
:))

Dinkan-ഡിങ്കന്‍ said...

ആവശ്യം ഇല്ലാത്ത ഓരോ സാധനങ്ങള് ഇവിടെ ഇട്ടോ.
ബാച്ചികള്‍ പാചകപ്രിയരല്ല വാചകപ്രിയരും ഭക്ഷണപ്രിയരും ആണ് :)

ബിന്ദു said...

പുളിശ്ശേരി തിളച്ചാല്‍ ആ തൈരു പിരിഞ്ഞു പോവും. ചൂടാക്കിയാല്‍ മതിയെന്നു തന്നെയാണ്‌ എന്റെ അനുഭവം. :)
മല്ലിയില ചേര്‍ത്താല്‍ നല്ലതാണോ? എന്തായാലും തനിയെ ഉണ്ടാക്കി കഴിക്കാന്‍ തോന്നുന്നുണ്ടല്ലൊ, കണ്ടുപഠിക്കട്ടെ ബാക്കിയുള്ള ബാച്ചികള്‍. :)

റീനി said...

പുളിശ്ശേരിയില്‍ മല്ലിയില ചേര്‍ക്കുകയോ? മണ്മറഞ്ഞ മുത്തശ്ശിമാരാരും ഇതു കേള്‍ക്കണ്ട. പുളിശ്ശേരി പതിനഞ്ചുമിനിട്ട്‌ തിളപ്പിച്ചാല്‍ ചേരുവകകള്‍ ബന്ധം വിടര്‍ത്തി പിരിഞ്ഞു പോവും.

Unknown said...

ചേച്ചിമാരുടെ ഈ പിന്‍‌തിരിപ്പന്‍ നയം മതിയാക്കുക... അമ്മ പറഞ്ഞു എന്നും പറഞ്ഞ് നിങ്ങള്‍ പുളിശ്ശേരി തിളപ്പിച്ച് നോക്കീട്ടില്ല അല്ലേ? ഞാന്‍ എപ്പളും തിളപ്പിച്ച് തന്നെയാണ് ഉണ്ടാക്കാറ്‌...

ഒന്ന് ശ്രമിച്ച് നോക്കീട്ട് പറ...

@നിമ്മിച്ചേച്ചി: ഈ ചേച്ചിക്ക് ഒരു മാറ്റവും ഇല്ല.. പഴയ പോലെ തന്നെ... ജീരകം ഒരു സ്പൂണ്‍ പൊടിച്ചതോ ചതച്ചതോ ഇടാന്‍ പറഞ്ഞാല്‍..!!! എന്നെ കൊല്ല്...

@ബിന്ദു ചേച്ചി: നന്ദി

@ഡാലിയക്കാ...: സ്വാറി... കൊത്തമല്ലിയാണ് ഞാന്‍ ഉദ്ദേശിച്ചത്... അച്ചര പിശാശാണ്‍

@റീനിമാമി...: മല്ലിയില ഇട്ട് നോക്കീട്ടില്ലല്ലൊ...!!! ട്രൈ ചെയ്യൂ...

നല്ല ടേസ്റ്റാന്നേ... സത്യം... മ്മ്മ്മ്...

Unknown said...

ഡേയ് ഡിങ്കാ...

എന്തര്‍ടേയ്... തമിഴില്‍ ഒരു ചൊല്ലുണ്ട്...

“നമ്പിക്കൈ തുമ്പിക്കയ്യ വിട ബലമാനത്”

വിശ്വാസമാണെടേയ് ഏറ്റവും വലുത്!!!

ബാച്ചിലേഴ്സ്... സ്റ്റാര്‍‌ട്ട് മ്യൂസിക്ക്...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: ഇത് നീ കൊണ്ടോയി ആ വനിതാലോഗത്തില്‍ പോസ്റ്റ് ചെയ്യ്.
മൂന്നാലു പെങ്കൊച്ചുങ്ങളു ഈ വഴി പോവാനിരിക്കുന്ന നേരത്താണോടാ ഉള്ള അമ്മൂമ്മമാരെയൊക്കെ ബാച്ചിക്ലബ്ബിലു വിളിച്ച് കേറ്റുന്നേ!!!ഇനി കൊച്ചുങ്ങളു ഈ വഴി പോവൂല.

സാന്‍ഡോ തല്ലെടാ ഇവനെ..

sandoz said...

ഇതിപ്പൊ അടി ഷൂവര്‍ ആണ്....
പൊന്നമ്പലത്തിന് അല്ലാ....
ചാത്തന്....
വനിതാലോകം വക...
അതിന്റെ കുറച്ച് എനിക്കും കൂടി വാങിച്ച് തരാനാണോടാ എന്നെ വിളിച്ച് വരുത്തീത്....

എന്നാലും അമ്മൂമ്മമാര്‍ എന്നൊക്കെ വിളിച്ചത് കഷ്ടായി....

പൊന്നൂ..ഇതെന്തരടെയ്.....
ചെന്നയില്‍ നില്‍പ്പന്‍ ഒനും തുറക്കണില്ലേ..
നിനക്കൊരു നിരാശാ ഭാവം...

Anonymous said...

"ബാച്ചികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം..." പൊന്നംബലം അണ്ണാ നേരേചൊവ്വേ ജീവിച്ചാല്‍ ഭക്ഷണത്തിനു ഒരു കുഴപ്പവും വരൂല്ല. ഓസിനു വേണേലും കിട്ടും ;)

നേരേചൊവ്വേ ജീവിക്കുന്നവര്‍ക്ക് മാത്രമല്ല.. ചാത്തനുവരെ കിട്ടും ഓസിന്... ചാത്തന്റെ ആര്‍ത്തിപുരാണം ഒന്നും വായിച്ചിട്ടില്ലേ...

ചാത്താ ആക്രാന്തം ഭക്ഷണത്തില്‍ മാത്രമല്ല അല്ലേ... ഈ ചെക്കനെ വേഗം കെട്ടച്ചുവിട്ടില്ലേല്‍ പേരുദോഷമാവുമേ ബാച്ചികളേ.....

നിര്‍മ്മല said...

ഇത് ബാച്ചിപ്പുലികളുടെ പുലിശ്ശേരി എന്ന ISO സര്‍ട്ടിഫിക്കറ്റ് ഞാന്‍ തന്നിരിക്കുന്നു. തിളപ്പിക്കാതുണ്ടാക്കുന്നതൊക്കെ വെറും പുളുശ്ശേരി.

നിര്‍മ്മല said...

ചാത്തൂസേ,കശ്മലാ വെച്ചിട്ടുണ്ടട്ടാ‍ാ‍ാ‍ാ, ഹും!!!

Kaithamullu said...

പൊന്നമ്പലം,

ച്വാച്ചിമാര് വന്ന് പറഞ്ഞു പോയി.
ഇനി ച്വാട്ടന്മാര്‍:

-ഉലുവ:തോന്നിയ പോലെയിട്ടാല്‍ കയ്ച്ചിട്ടാവഴി പോകാനൊക്കില്ല. ഒരു നുള്ള് -ഓക്കെ!
-മല്ലിയില ചേര്‍ത്ത് പുളിശ്ശേരിയെ നോര്‍ത്തനാക്കണോ?
കറിവേപ്പിലയല്ലേ അഭികാമ്യം?
-വെള്ളം വീണ്ടും ചേര്‍ക്കുമ്പോള്‍ തിളപ്പിച്ച വെള്ളമാണു നല്ലത്.അല്ലെങ്കി അത് ‘ടേസ്റ്റിനെ’ ബാധിക്കും.
-തൈര് ചേര്‍ത്ത് തിളപ്പിക്കരുത്. ഒന്ന് ഇളക്കിയ ശേഷം തീ കെടൂത്തുക.

നല്ല ശ്രമം, പൊന്നമ്പലാം, അഭിനന്ദനംസ്!

Unknown said...

പാചകം ചെയ്യുന്ന എല്ലാര്‍ക്കും വേണ്ടി:

എന്റെ റിസര്‍ച്ച് പ്രകാരം, തൈര് ചേര്‍ത്ത് തിളപ്പിച്ചാല്‍ ഒരു കുഴപ്പവും ഇല്ല. ഞാന്‍ വാങ്ങുന്ന തൈരിന്റെ ഗുണമാണോ എന്നറിയില്ല.

സത്യം.

ഉണ്ണിക്കുട്ടന്‍ said...

പൊന്നൂ.. ഇന്നാ കണ്ടേ..രണ്ടു ദിവസം ലീവ് എടുത്തു കക്കൂസില്‍ ഇരിക്കുവാരുന്നു. കടുത്ത വയറിളക്കം .. ചന്നൈ മുഴുവന്‍ ഉണ്ടെന്നാ കേട്ടെ.. ആയതിനാല്‍ നിന്റെ കറി ഉടനെ പരീക്ഷിക്കുന്നതല്ല ..ഉടനേ ഇനി ലീവ് തരില്ലെന്നു പി.എല്‍ പറഞ്ഞു. അടുത്ത വീക്കെണ്ട് കഴിഞ്ഞിട്ടു അലോചിക്കാം കേട്ടോ..

നമ്മുടെ ചാത്തനെ പെണ്ണുങ്ങളാരോ ചിരവക്കു തല്ലീന്നു കേട്ടു..ശരിയാണോ..?

Dinkan-ഡിങ്കന്‍ said...

ഉണ്ണിക്കുട്ടാ നിന്നോട് ഇമ്മാതിരി കാര്യം ഒന്നും പരസ്യമാക്കരുത് എന്ന് പറാഞ്ഞിട്ടില്ലേ . അസുകം എന്താണെന്ന് ചോദിച്ചാല്‍ “ക്ലോവെര്‍ദീനാ അനേര്‍ഗിസിസ്” ആണെന്ന് പറയാന്‍ ഞാന്‍ പറഞ്ഞതല്ലെ. ഛേയ്. മോശം.

പിന്നെ ചാത്തനെ ആരാ തല്ലീത്? പറ ആരാ തല്ലീത്. (സീക്രട്ടായിട്ട് പറ കൈ കൊടുക്കാനാ )

ചാത്താ പേടിക്കേണ്ടാ ഇടിച്ച് കൂമ്പ് വാട്ടാട്ടാ (ഉവ്വ)

ശ്രീ said...

പൊന്നമ്പലം ജീ...

പരിപാടി കൊള്ളാം...
പക്ഷെ.... “ക്ലോവെര്‍ദീനാ അനേര്‍ഗിസിസ്” ഒന്നും വരില്ലാന്ന് സര്‍‌ട്ടിഫൈ ചെയ്തു തന്നാല്‍‌ പരീക്ഷിക്കാം...[എന്തിനാ സഹമുറിയന്‍‌മാരുടെ ഇടി കൊള്ളണേന്നു കരുതീട്ടാ]

Sreejith K. said...

പൊന്നൂ, ഈ പോസ്റ്റ് മുന്‍പേ വായിച്ചിരുന്നെങ്കിലും ഇപ്പോഴാ പരീക്ഷിക്കാന്‍ സമയം കിട്ടിയത്. സംഭവം കൊള്ളാം കേട്ടോ. മുഴുവന്‍ കഴിക്കാന്‍ പറ്റി (സാധാരണ ഞാന്‍ ഉണ്ടാക്കുന്നതൊന്നും ഞാനടക്കം ആരും മുഴുവന്‍ കഴിക്കാറില്ല). താങ്ക്സ്.

എതിരന്‍ കതിരവന്‍ said...

ഡിയര്‍ പൊന്‍സ്:
ഉലുവ കടുകുപൊട്ടിക്കുന്ന എണ്ണയില്‍ ഇട്ടാല്‍ അത് ഉടനെ കരിഞ്ഞു പോകും. കടുകുപോട്ടിക്കഴിഞ്ഞെ ഉളുവ ഇടവൂ. അതിന്റെ നിറം മാറുമ്പോള്‍ അരപ്പ് ഒഴിക്കണം.

മഞ്ഞള്‍പ്പൊടി അക്ഷരപ്പിശാശാണെന്നും പറഞ്ഞ് കൊത്തമല്ലി എന്നു മാറ്റുന്നു. യു മീന്‍ മല്ലിയില?
ഇതിന്‍ “പൊന്നമ്പിളിശ്ശേരി” എന്ന പേരല്ലെ ഭേദം? ആമല്ലിയിലപ്രയോഗം കാരണം.


ഇനി കാളന്‍ ഉണ്ടാക്കണമെങ്കില്‍ .....