Friday, November 24, 2006

വെടിപ്പായി അടിക്കാന്‍


ഒരു പേപ്പര്‍ കട്ടിങ്ങ് പൊതുജനതാല്പര്യാര്‍ത്ഥം ഇവിടെ തട്ടുന്നു.
ഓര്‍ക്കുക : മദ്യം വിഷമാണ്.ആരും അതു കുടിക്കരുത്.
കുടിക്കണമെന്ന് നിര്‍ബദ്ധമാണെങ്കില്‍ സോഡയും ഐസ് ക്യൂബും ചേര്‍ത്തു കഴിക്കുക,ടച്ചിങ്ങ്സിന് അച്ചാറും ആവാം.

Saturday, November 18, 2006

ദില്‍ബാസുരം

“നിനക്കുവേണ്ടിമാത്രം വിമാനം പറക്കട്ടെ
നിനക്കുവേണ്ടി മാത്രം ജോതീഷ്‍ബ്രഹ്മികള്‍ കാലിയാവട്ടെ”
ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന ദില്‍ബാസുരനു ബാച്ചിലേര്‍സ് ക്ലബിന്‍റെ വക
ആശംസകള്‍...

Monday, October 30, 2006

അലക്കാനുള്ള നിര്‍ദ്ദേശങ്ങള്‍



സാധാരണ പുതുവസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ കൂടെ അലക്കാനുള്ള നിര്‍ദ്ദേശങ്ങളും കൂടെ വരാറുണ്ട്. പുതുതായി ഇറങ്ങുന്ന വസ്ത്രങ്ങളില്‍ ചിത്രത്തില്‍ കൊടുത്തത് പോലെയുള്ള നിര്‍ദ്ദേശങ്ങള്‍ വയ്ക്കാന്‍ ഒരു പ്രമുഖ വസ്ത്ര നിര്‍മ്മാണം കമ്പനി തീരുമാനിച്ചതായി സ്ഥിതീകരിക്കാനാവാത്ത റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ഇങ്ങനെയൊരു പ്രസ്താവന ഇറക്കാന്‍ ക്ലബ്ബ് നിര്‍ബന്ധിതമായിരിക്കുന്നു.

ഇതു കണ്ട് ബാച്ചിലേര്‍സില്‍ തുണി അലക്കാന്‍ മടിയുള്ള (ഈ ജന്മത്ത് ഇന്നേ വരെ അലക്കാത്ത) അംഗങ്ങള്‍ മറുകണ്ടം ചാടിയാല്‍ ക്ലബ്ബിന്റെ വക അച്ചടക്ക നടപടി ഉണ്ടാകുമെന്ന് അറിയിച്ചു കൊള്ളുന്നു. ജാഗ്രതൈ!

പ്രസിഡന്റിനു വേണ്ടി
(ഒപ്പ്)

Tuesday, October 24, 2006

ഒരു ബാച്ചിലര്‍ കൂടി പടിയിറങ്ങുമ്പോള്‍..

ഏറ്റവും പ്രിയപ്പെട്ട ബാച്ചിലര്‍, വിവഹിത സുഹ്രുത്തുക്കളെ,

ഇപ്പൊള്‍ വീശിയടിക്കുന്ന ഈ വെള്ള കൊടിയുടെ കീഴില്‍ നിന്ന്‌ ഈ വിഷയം അവതരിപ്പിക്കാന്‍ എനിക്ക്‌ സന്തൊഷമേ ഉള്ളു.

ഒരു ബാച്ചിലര്‍ എന്ന നിലയിലുള്ള എന്റെ വിജയകരമായ കഴിഞ്ഞ 29 വര്‍ഷക്കാലം, നിങ്ങളുടെ മുന്‍പില്‍ തുറന്ന ഒരു പുസ്തകമാണ്‌.
എനിക്ക്‌ പിന്‍പേ വന്ന കുട്ടികള്‍ക്കും, എനിക്ക്‌ മുന്നേ വന്നിട്ടും ഗൃഹാതുരത്തം മാറാതെ ബാച്ചിലര്‍മാരായി തന്നെ തുടരുന്ന ഏട്ടന്മാര്‍ക്കും ആ പുസ്തകം പുനര്‍വിചിന്തനത്തിനായി സമര്‍പ്പിക്കുന്നു.
:)
അപ്പോള്‍ പറഞ്ഞു വന്ന കാര്യം,എന്റെ കല്യാണം ആണ്‌..
അതായത്‌ ശേഷമുള്ള ജീവിതം, ഒരു മിടുക്കിക്കൊപ്പം, ജീവിച്ചു തിര്‍ക്കാന്‍ ഈ മിടുക്കന്‍ തീരുമാനിച്ചു ന്ന്.....

നിങ്ങളുടെ അറിവിലേക്കായി, വിവാഹ ക്ഷണ പത്രിക ഇതിനൊപ്പം വയ്ക്കുകയാണ്‌.

ഈ ബൂലൊകത്തിലെ ബാച്ചിലര്‍ മാരായവരും, വിവാഹിതരായവരും, വൈരനിര്യാതന ബുദ്ധി ഉപേക്ഷിച്ച്‌, ഇപ്പോള്‍ പാറുന്ന ഈ വെള്ള കൊടിയെ ഇനിയെന്നും ഉയരെ ഉയരെ പാറിക്കാന്‍ നിങ്ങളെ ഏവരേയും ഞാന്‍ സഹൃദയം ക്ഷണിക്കുകയാണ്‌
എന്ന്‌
വിനയ പൂര്‍വ്വം
സ്വന്തം മിടുക്കന്‍

Thursday, October 19, 2006

തല്‍കാലം ഒരു വെള്ളക്കൊടി..!!!

അതേയ്...... തല്‍ക്കാലത്തേക്ക് നമുക്ക് ഒന്ന് വെടി നിര്‍ത്തിയാലോ....?
അതായത് എ ടെമ്പററി ബ്രേക് ഫോര്‍ പാര,മറുപാര,കമ്പിപ്പാര ബിറ്റ്വീന്‍ ബാച്ചിലേര്‍സ് ആന്റ് വിവാഹിതേര്‍സ്.

കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി അങ്ങോട്ടും ഇങ്ങോട്ടും ഭയങ്കര അടിയാണല്ലോ..? വന്ന് വന്ന് ഇപ്പോ ഒരു ബാച്ചിലര്‍ വിവാഹിതനെയും അതേ പോലെ വിവാഹിതന്‍ ബാച്ചിലറിനെയും ‘കണ്ടാലുടന്‍ വെടി വക്കും’ എന്ന സ്ഥിതിയായി. രണ്ട് ദിവസത്തിനുള്ളില്‍ എത്ര പാര പോസ്റ്റുകളായിരുന്നു...!!
ഈ സജഷന്‍ ഞാന്‍ ബാച്ചിലേര്‍സിന്റെ സാരഥികളായ ശ്രീജിത്,ദില്‍ബ്സ്,ആദി,പാച്ചാള്‍ അതേ പോലെ വിവാഹിതരിലെ സെലിബ്ര്റ്റികളായ ഇടിഗഡി,ദേവ്സ്,സൂരോദയം,ഇത്തിരി തുടങ്ങിയവരുടെ മുന്നില്‍ സമര്‍പ്പിക്കുന്നു.(എല്ലാവരുടെ പേരും എഴുതാന്‍ പോയാല്‍ പോസ്റ്റ് രണ്ട് മൂന്ന് കിലോമീറ്ററവും...ഷമി.)

റമദാന്‍ വരുകയല്ലേ.... ഒരാഴ്ചക്ക് തല്ലുപിടുത്തമൊക്കെ നിര്‍ത്താം...... എന്തേയ്...?
പ്ലീസ് നോട് ദാറ്റ് ദിസ് കാന്‍ ബി ഓണ്‍ലി എ ടെമ്പററി സീസ് ഫയര്‍.

അപ്പോ ശരി...എല്ലാം ഫറഞ്ഞ ഫോലെ...

Wednesday, October 18, 2006

ബാച്ചിക്കുട്ടന്‍

ബാച്ചിക്കുട്ടന്‍ ഒരു പായ്ക്കറ്റ് മീനുമായി അപ്പുറത്തെ വീട്ടിലെ സുമതി ചേച്ചിയെ കാണുന്നു.

ബാച്ചി: സുമതി ചേച്ചീ... സുകുവേട്ടന് നെയ് മീന്‍ ഇഷ്ടമാണല്ലൊ എന്ന് കരുതി വാങ്ങിയതാ. എനിക്കാണെങ്കില്‍ കുക്കിങ് അത്ര വശമില്ല. സുകുവേട്ടന് ഉണ്ടാക്കുമ്പോള്‍ എനിക്ക് കുറച്ച് തന്നാല്‍ മതി.

ചേച്ചി: മോനേ നീയെങ്കിലും എന്റെ കുക്കിങ് കാണുന്നുണ്ടല്ലോ. സുകുവേട്ടന്‍ വലിച്ച് വാരിത്തിന്ന്‍ ഏമ്പക്കവുമിട്ട് എഴുന്നേറ്റ് പോകും എന്നും. നിങ്ങടെ കൂടെ കമ്പനി കൂടാന്‍ വിടാത്ത ദേഷ്യമാ.

ബാച്ചി:അയ്യോ..ഞങ്ങള്‍ കൂട്ട് കൂടി നശിപ്പിക്കും എന്ന് കരുതിയാണോ?

ചേച്ചി: ഏയ്... പുള്ളിക്കാരന് പ്രായമായില്ലേ? സ്വന്തം കുട്ടികളെ പറ്റിയെങ്കിലും ആലോചിക്കേണ്ടേ. നിങ്ങള്‍ പിള്ളേര്‍ രസിച്ച് നടക്കണ്ട പ്രായം.പുള്ളിക്കാരന്‍ അത് പോലാണോ? ഞാന്‍ നിയന്ത്രിക്കുന്നു എന്നുള്ളത് കൊണ്ട് ഒന്ന് അയച്ച് വിട്ടാല്‍ വല്ലാത്ത ആക്രാന്തമാ സുകുവേട്ടന്. അത് കൊണ്ടാ മോനേ. ഒന്നും വിചാരിക്കല്ലേ..

ബാച്ചി: പാവമാ ചേച്ചീ....

ചേച്ചി: അതെനിക്കറിഞ്ഞൂടേ? കറിയായാല്‍ സുകുവേട്ടന് കുറച്ച് വെച്ചിട്ട് ബാക്കി ഞാന്‍ കൊടുത്തയയ്ക്കാം മോന്റെ കൈയ്യില്‍.

ബാച്ചി: ശരി ചേച്ചീ. കുറച്ച് മതിയായിരുന്നു.എ ങ്കിലും കൂട്ടുകാരൊക്കെയുള്ളത് കൊണ്ട്....

ചേച്ചി: ദാ ഇപ്പൊ ഉണ്ടാക്കിത്തരാം...

തിരിച്ച് വീട്ടിലെത്തിയ ബാച്ചിയെ കാത്ത് കൂട്ടുകാരന്‍ ഇരിപ്പുണ്ടായിരുന്നു.

ബാച്ചി: ഒരു വിധത്തില്‍ ചേച്ചിയെ കൊണ്ട് സമ്മതിപ്പിച്ചു. എന്നാലും ചേച്ചിയെ ഇങ്ങനെ മുതലെടുക്കുന്നത് മോശമല്ലേ? ഒരു കുറ്റബോധം...

കൂട്ടു: എന്തിന്? ഇതൊക്കെ സാധാരണമല്ലേ? നീ എന്ത് തെറ്റ് ചെയ്തു അതിന്? ആര്‍ക്കും ചേതമില്ലാത്ത കാര്യം.

ബാച്ചി: എങ്കിലും ഒരു വല്ലായ്മ..

കൂട്ടു: വല്ലായ്ക വരാന്‍ നീ കല്ല്യാണമൊന്നും കഴിച്ചിട്ടില്ലല്ലോ? എടാ കല്ല്യാണം കഴിച്ചവര്‍ക്കേ അതിന്റെ വിഷമമറിയൂ. മോനേ വേണ്ട.. അത് വേണ്ട

ബാച്ചി: സോഡ വരുന്നത്തിന് മുമ്പേ രണ്ടെണ്ണം കഴിച്ച് കഴിഞ്ഞോ എന്റെ ഈശ്വരാ... സുകുവേട്ടാ എന്താ ഇത്? ഇത് ചേച്ചി പറഞ്ഞത് പോലെ തന്നെയാണല്ലോ ദൈവമേ...ഞാന്‍ പറഞ്ഞതാ വേണ്ടാന്ന്.. എന്നെക്കൊണ്ട് നിര്‍ബന്ധിച്ച് ഓരോന്ന് ചെയ്യിപ്പിച്ചിട്ട്..

നൈരാശ്യവും കുറ്റബോധവും ഒരു നിമിഷത്തേയ്ക്ക് സുകുമാരന്റെ മുഖത്ത് നിഴലിച്ച് കണ്ടു. പിന്നെ അയാള്‍ ശാന്തനായി ഒരു സൈഡിലേയ്ക്ക് വാള് വെച്ചു. കുഴഞ്ഞ് വീണ അയാളെ മീങ്കറിയുമായി ഗേറ്റ് വരുന്ന മകന്‍ കാണാതെ വീടിന്റെ ഉള്ളിലേക്ക് മാറ്റിക്കിടത്തുമ്പോള്‍ ആ ബാച്ചിയുടെ ഹൃദയം വിങ്ങുകയായിരുന്നു.

Tuesday, October 17, 2006

നുറുങ്ങ്

ഇപ്പോള്‍ കിട്ടിയ വാര്‍ത്ത:

കുടിയ്ക്കുന്ന മദ്യത്തിന്റെ അളവ് കുറയ്ക്കാനുള്ള എളുപ്പ വഴി.
1) കല്ല്യാണത്തിന് മുമ്പാണെങ്കില്‍- സങ്കടം വരുമ്പോള്‍ മാത്രം കുടിയ്ക്കുക
2) കല്ല്യാണത്തിന് ശേഷമാണെങ്കില്‍- സന്തോഷം വരുമ്പോള്‍ മാത്രം കുടിയ്ക്കുക

(ബാച്ചിലര്‍മാരുടെ അറിവിലേയ്ക്കായി പൊതുജനതാല്‍പ്പര്യപ്രകാരം അറിയിക്കുന്നത്)

Wednesday, October 11, 2006

മഴനൂല്‍

ബാച്ചിലര്‍-വിവാഹിതര്‍ അടിയ്ക്കിടയ്ക്കേക്ക് ഇറക്കിവിടുന്ന ഐറ്റമല്ലിത്. കലാമൂല്യവും ജനപ്രീതിയുമുള്ളതുമായ ചിത്രമാണല്ലോ എവിടെയേലും പബ്ലിഷ് ചെയ്യണോല്ലോ എന്നു വിചാരിച്ച് ഇവിടെ ചെയ്തതാണ്. ഗൂഗിളില്‍ നിന്ന് പൊക്കിയ പടമല്ല, ഒറിജിനല്‍ ഫോട്ടോ തന്നെ ;) ഇതാണ് അപൂര്‍വ്വയുടെ കിച്ചണ്‍ ടോപ്പ് ;).




ഇനി ഇത് ഇപ്പോള്‍ എന്തിന് ഇറക്കി വിടുന്നു എന്നു ചോദിച്ചാല്‍, നമ്മുടെ എല്ലാം പ്രിയങ്കരനായ ബാച്ചിലര്‍ മദ്യനൂലിന്റെ ബര്‍ത്ത് ഡേ ആണിന്ന്...

ജന്മദിനാശംസകള്‍ മനൂ!!!!

വിവാഹിതര്‍ക്കും ബാച്ചിലേഴ്സും എല്ലാവര്‍ക്കും ഓരോന്നടിക്കാം. അപ്പോ എല്ലാരും ഒരു ചിയേഴ്സ്.

വിവാഹിതന്‍

അന്ന് ഒരു മണിക്കൂര്‍ മുന്‍പേ അയാള് ഓഫീസില്‍ നിന്നിറങ്ങി.അവള്‍ക്ക് കൊടുത്ത വാക്ക് തെറ്റിക്കരുതെന്ന് അയാള്‍ക്ക് വലിയ നിര്‍ബ്ബന്ധമായിരുന്നു. ‘ക്ലാസ്മേറ്റ്സി’ന്റെ ടിക്കറ്റ് ലഞ്ച് ബ്രേക് സമയത്ത് വാങ്ങിയത് പോക്കറ്റില്‍ തന്നെയുണ്ടെന്നുറപ്പു വരുത്തിക്കൊണ്ട് അയാള്‍ കാര്‍ സ്റ്റാര്‍ട്ടാക്കി.വീട്ടില്‍ ചെന്നപ്പോള്‍ പ്രതീക്ഷിച്ച പോലെ അയാള്‍ക്കിഷ്ടപ്പെട്ട സാരിയുമെടുത്ത് അവള്‍ റെഡിയായി നിന്നിരുന്നു. മഞ്ഞയില്‍ പച്ച ഷേഡുള്ള ആ സാരി, വില അല്‍പ്പം കൂടുതലായിരുന്നെങ്കിലും പ്രിയപ്പെട്ടവളുടെ ജന്മദിനസമ്മാനമായി വാങ്ങിക്കൊടുത്തതാണ്.മോളാണെങ്കില്‍ അവള്‍ക്കിഷ്ടപ്പെട്ട നീല ഫ്രോക്കിലും.കവിളത്ത് പതിവു സമ്മാനവും കൊടുത്ത് കയ്യില്‍ നിന്ന് ഫില്‍ട്ടര്‍ കാഫിയും വാങ്ങി കുടിച്ച് പിന്നെ ഒരു കാക്കക്കുളിയും പാസ്സാക്കി അയാള്‍ പെട്ടെന്ന് തന്നെ റെഡിയായി.അന്ന് ഡിന്നര്‍ പുറത്തു നിന്നാവാമെന്ന അവളുടെ സജഷന്‍ അയാള്‍ മുന്‍പേ സമ്മതിച്ചിരുന്നു.

പടം പ്രതീക്ഷിച്ച പോലെ നന്നായിരുന്നു.കോളേജില്‍ വച്ച്‍ B.Com first year ലെ രാധികക്കു ലവ് ലെറ്റര്‍ കൊടുത്ത കാര്യം ശ്രീമതിയെ ഒന്നു കൂടി ഓര്‍മ്മിപ്പിച്ചപ്പോള്‍ ‘എന്നാ പിന്നെ അവളുടെ കൂടെ തന്നെ പോകാമായിരുന്നില്ലേ’ എന്നു പറഞ്ഞുകൊണ്ട് അവള്‍ കൈയില്‍ നുള്ളി.സ്നേഹത്തോടെയുള്ള ആ വേദന ആസ്വദിച്ചുകൊണ്ട് അയാള്‍ റെസ്റ്റോറന്റിനു മുന്‍പില്‍ വണ്ടി പാര്‍ക്ക് ചെയ്തു.അവള്‍ക്കിഷ്ടപ്പെട്ട ചിക്കണ്‍ ഫ്രൈഡ് റൈസും മോള്‍ക്ക് ന്യൂഡിത്സും തന്റെ ഫേവരെറ്റായ ചപ്പാത്തിയും ചില്ലിച്ചിക്കണും ഓര്‍ഡര്‍ ചെയ്ത് വെയ്റ്റ് ചെയ്തിരുക്കുമ്പൊ അയാള്‍ നേരത്തേ വാങ്ങി വച്ച ആ സമ്മാനം അവള്‍ക്ക് കൊടുത്തു,നീലക്കല്ലു പതിച്ച മൊതിരം.അവളുടെ കയ്യില്‍ അതണിയിക്കുമ്പോള്‍ സ്നേഹത്തില്‍ പൊതിഞ്ഞ ഒരു തുള്ളി കണ്ണീര്‍ അയാളുടെ കൈത്തണ്ടയില്‍ വീണു.
അവസാനം ഓരോ ഫ്രൂട് സലാഡും കഴിച്ച് അവരിറങ്ങി.

വീട്ടില്‍ തിരിച്ചെത്തി ഡ്രെസ്സെല്ലാം മാറി ടിവിയും ഓണ്‍ ചെയ്ത് റിമോട്ടിനെ വേദനിപ്പിച്ചു കൊണ്ടിരിക്കുമ്പൊ ‘കിടക്കാന്‍ വരുന്നില്ലേ’ എന്ന അവളുടെ സ്നേഹത്തോടെയുള്ള വിളി.
‘മോള്‍ ഉറങ്ങട്ടെ’ എന്ന് കള്ളച്ചിരിയോടെ അയാള്‍‍ പറഞ്ഞു.
“നാല് വയസ്സായി..ഇനി മോളെ തനിയെ കിടത്തി ശീലിപ്പിക്കണം” .
“പിന്നേ, അവള്‍ കുഞ്ഞല്ലേ’ അവളുടെ മറുപടി.
‘മോളുറങ്ങി,നിങ്ങള്‍ റൂമിലേക്കു വരൂന്നേ” എന്നു പറഞ്ഞു കൊണ്ട് റിമോട്ടും വാങ്ങി ടീവി ഓഫു ചെയ്ത് കൊണ്ട് അവള്‍ പറഞ്ഞു.
ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ മോളെ ഉണര്‍ത്താതെ നീക്കിക്കിടത്തി അയാള്‍ ബെഡ്ഡിലിരുന്നു.ബെഡ് ലാമ്പ് ഓഫ് ചെയ്യാന്‍ കൈനീട്ടിയ അവളെ ‘അതു ഓഫ് ചെയ്യണ്ട’ എന്നു പറഞ്ഞ് തന്റെ അരികിലിരുത്തി.


“വീട്ടീപ്പോയി കിടന്നുറങ്ങ് സാറെ .. ബാര്‍ അടക്കണം,മണി പതിനൊന്നായി” വെയിറ്ററുടെ പുശ്ച്ത്തോടെയുള്ള വിളി കേട്ടാണ് അയാള്‍ ഉണര്‍ന്നത്.ഇന്നും ഓവറായി കുടിച്ചിരിക്കുന്നു.ചെയറില്‍ ചാരിയിരുന്ന് ഉറങ്ങിപ്പോയതറിഞ്ഞില്ല. അപ്പോള്‍ കണ്ട സ്വപ്നത്തിന്റെ വേദന കുറക്കാനായി ഗ്ലാസില്‍ ബാക്കിയിരുന്നതെല്ലാം ഒറ്റ വലിക്ക് കാലിയാക്കി ബില്‍ പേ ചെയ്ത് ആടിയാടി അയാളിറങ്ങി,ബാറിനു മുന്നിലുള്ള ഓട്ടോസ്റ്റാന്റിലേക്ക്.

“എന്റെ വീടിനടുത്തുള്ള പയ്യനാ.. മുന്‍പ് വല്ലപ്പൊഴും വീക്കെന്റ്സില്‍ മാത്രം ഫ്രെന്റ്സുമായി സ്വന്തം കാറില്‍ വന്നു സ്മാള്‍ മാത്രം അടിച്ചിരുന്നവനാ. കല്യാണം കഴിഞ്ഞ് ഒരു കൊല്ലം ആകുന്നതേയുള്ളൂ .ഇപ്പോ‍ ഓഫീസ് വിട്ടാല്‍ നേരെ ഇങ്ങോട്ടാ.മനുഷ്യന്റെ ഒരു കാര്യമേ.. “ ഇതെല്ലാം കണ്ട് കൌണ്ടറിലിരുന്നയാള്‍ വെയിറ്ററോട് പറഞ്ഞു.
“ഗള്‍ഫില്‍ ഒരു വിസ റെഡിയായിട്ടുണ്ടത്രെ.അവിടെ പൊയെങ്കിലും നന്നാവട്ടെ” അയാള്‍ കൂട്ടിച്ചേര്‍ത്തു.

Monday, October 09, 2006

ഒരു ബാച്ചിലര്‍ ഞായറാ‍ഴ്ച

ശനിയാഴ്ച ഉച്ചയ്ക്ക് തന്നെ അവളുടെ മെസ്സേജ് കിട്ടിയിരുന്നു.

What about this Sunday? Don't tell me you have changed the plans again.

ബാച്ചിലറായതിനാല്‍ എന്നെ കുരുക്കിട്ട് വലിക്കാന്‍ കഴിയാത്തത് അവളെ ശരിക്കും അരിശം പിടിപ്പിക്കുന്നുണ്ട്. ഷോപ്പിങ്ങിന് കൂടെ കൊണ്ട്പോകാന്‍ അവള്‍ കഴിഞ്ഞ ഞായറാഴ്ച കിണഞ്ഞ് പരിശ്രമിച്ചതാണ്. പി വി ആറില്‍ ഒരു സിനിമ അതും ആക്ഷന്‍ മൂവി അവള്‍ സ്പോണ്‍സര്‍ ചെയ്യാമെന്നേറ്റിട്ടാണ് ഈ ഞായറാഴ്ച ലാല്‍ബാഗിലൊക്കെ പോയി സമയമുണ്ടെങ്കില്‍ ഷോപ്പിങ്ങിന് കൂടെ ചെല്ലാമെന്ന് സമ്മതിച്ചത്.

കഴിഞ്ഞ ഞായറാഴ്ച റൂം മേറ്റ്സ് പയ്യന്മാരിലൊരുത്തന് പ്രൊമോഷന്‍ കിട്ടിയ വകയില്‍ ശനിയാഴ്ച രാത്രി 10 മണി മുതല്‍ ഞായറാഴ്ച രാത്രി 10 മണി വരെ നീണ്ട് നില്‍ക്കുന്ന ഉറക്കമൊഴിച്ചുള്ള 24 മണിക്കൂര്‍ പാര്‍ട്ടിയായിരുന്നു. റമ്മികളി (വിത്ത് അണ്‍ലിമിറ്റഡ് സപ്ലൈ ഓഫ് ബീവറേജസ്), സിനിമ കാണല്‍, അന്താക്ഷരി, ഡാന്‍സ് (ഫ്രീ സ്റ്റൈല്‍) എല്ലാമടങ്ങിയ ജീവിതത്തിലൊരിക്കല്‍ മിസ് ചെയ്താല്‍ അതിന്റെ ദു:ഖത്തില്‍ ആത്മഹത്യ വരെ ചെയ്യാന്‍ തോന്നുന്ന സംഭവം. ഇത് മിസ്സാക്കി ഞാന്‍ ഷോപ്പിങ്ങിന് കൂട്ട് പോയി ചുരുദാറിന്റേയും ഫ്രോക്കിന്റേയും നിറം നോക്കും. ഉവ്വുവ്വേ...

എന്തായാലും ഈ ആഴ്ച പോകാതിരുന്നാല്‍ മോശമല്ലേ. അങ്ങനെ രാവിലെ കൃത്യം 9 മണിക്ക് അവളുടെ പി.ജി അക്കോമഡേഷനില്‍ നിന്ന്‍ ആളെ കണ്ട് മുട്ടുന്നു. നേരെ എം.ടി. ആര്‍ റെസ്റ്റോറന്റിലേക്ക്. അവളുടെ ചെലവില്‍ രണ്ട് മസാലദോശ അടിക്കുന്നു. പിന്നെ തമാശകള്‍ പറഞ്ഞ് കാഴ്ചകള്‍ കണ്ട് നടത്തം എം.ജി റോഡ് വരെ. അതിനിടയില്‍ രണ്ട് ബൈക്കുകള്‍ പിന്നില്‍ നിന്ന് വന്ന് സഡന്‍ ബ്രേക്കിടുന്നു. ഞാന്‍ താമസിക്കുന്നതിന്റെ തൊട്ടപ്പുറത്തെ വീട്ടിലെ പയ്യന്മാര്‍ കറങ്ങാനിറങ്ങിയതാണ്. എല്ലാവരും പരസ്പരം പരിചയപ്പെടുന്നു. അടുത്ത് കണ്ട ബാരിസ്റ്റ കഫേയില്‍ കയറി കുറച്ച് നേരം കാപ്പികുടി+ സൊള്ളല്‍ നടത്തുന്നു. തുടര്‍ന്ന് ഒരു ബൈക്ക് ഞങ്ങള്‍ക്ക് വിട്ട് തന്ന് പയ്യന്മാര്‍ വണ്ടി വിടുന്നു.

പള്‍സര്‍ ബൈക്കില്‍ അടിച്ച് പറത്തി ലാല്‍ബാഗിലേക്ക്. പിന്നിലിരുന്ന് അവള്‍ കാറ്റില്‍ പറക്കുന്ന മുടി നേരെയാക്കാന്‍ ശ്രമിക്കുന്നു. മെയിന്‍ ഗേറ്റില്‍ പാര്‍ക്ക് ചെയ്തിട്ട് നേരെ ലാല്‍ബാഗില്‍ കയറി വിശാലമായ കറക്കം. ലേക്കിനെ അഞ്ച് റൌണ്ട് ചുറ്റി കിതയ്ക്കാന്‍ തുടങ്ങിയപ്പോള്‍ കുന്നിന്റെ മുകളില്‍ വിശ്രമം. നട്ടുച്ചയ്ക്കും കുളിരുന്ന കാലാവസ്ഥ, ആകെ മൊത്തം പരമസുഖം. വിശ്രമത്തിനിടയില്‍ ചര്‍ച്ച യാന്‍ മാര്‍ട്ടെലിന്റെ ‘ലൈഫ് ഓഫ് പൈ’ എന്ന പുസ്തകത്തിനെ പറ്റി. പിന്നീട് സമയം പോകാന്‍ ഒരു ശനിയാഴ്ച ‘ഡിസ്കോതെക്കില്‍’ പോയ കഥ പറഞ്ഞ് ചിരിച്ചു. കപ്പിള്‍സ് ഓണ്‍ലി ദിവസങ്ങളില്‍ ലവളുമൊത്തും അല്ലാത്ത ദിവസങ്ങളില്‍ മറ്റ് ബാച്ചിലര്‍ പയ്യന്മാരുമൊത്തും അര്‍മ്മാദിക്കുന്ന സ്ഥലമാണല്ലോ അത്.

സമയം മൂന്ന് മണിയായിത്തുടങ്ങി. ഷോപ്പിങ് എന്ന വാക്ക് പുറത്ത് ചാടുന്നതിന് മുമ്പ് വണ്ടിയെടുത്ത് കോറമംഗല പി വി ആര്‍ സിനിമാസ് സ്ഥിതിചെയ്യുന്ന ഫോറം മാളിലേക്ക് വിട്ടു. വണ്ടിയുടെ പിന്‍സീറ്റില്‍ നിന്ന് അനക്കമൊന്നുമില്ല. ആക്ഷന്‍ പടം സഹിച്ചിരുന്നിട്ട് വേണമല്ലോ ഷോപ്പിങ്ങിന് പോകാന്‍ എന്ന ചിന്ത അലട്ടുകയാണ്. ഇത്ര നേരം നല്ല കുട്ടിയായിരുന്നത് കണക്കിലെടുത്ത് ഒരു സര്‍പ്രൈസായി അവള്‍ക്കിഷ്ടപ്പെട്ട ഹൊറര്‍ സിനിമ കാണാമെന്ന് പറഞ്ഞതും പിന്നിലിരുന്ന് അവള്‍ ഡാന്‍സ് കളിക്കുകയോ മറ്റോ ചെയ്തു. വണ്ടി പാളിയെങ്കിലും ഭാഗ്യം കൊണ്ട് ചാലില്‍ പോയി വീണില്ല.

ഹൊറര്‍ സിനിമയായിട്ടും ഭയങ്കര ക്യൂ. ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൊണ്ട് ചുളുവില്‍ ടിക്കറ്റെടുപ്പിക്കുന്നു. ഇത് കണ്ട് നില്‍ക്കുന്ന പത്ത് പതിനഞ്ച് ബാച്ചിലര്‍ പയ്യന്മാര്‍ ഞങ്ങളേയും ഈര്‍ഷ്യയോടെ നോക്കി. അവരെ ഞെട്ടിച്ച് കൊണ്ട് മുഴുവന്‍ പേര്‍ക്കുമുള്ള ടിക്കറ്റ് ലവള്‍ എടുത്ത് കൊടുത്തു. അവരുടെ ആ സ്നേഹവും കടപ്പാടും പിന്നീട് നല്ല സീറ്റ് കിട്ടുന്നതിലും, ഫ്രീ പെപ്സി, കോണ്‍ഫ്ലേക്സ് എന്നിവയുടെ രൂപത്തിലും, ലവളോട് അലമ്പുണ്ടാക്കാന്‍ വന്ന ഒരുത്തന്റെ കരണക്കുറ്റിക്ക് അടിയുടെ രൂപത്തിലും ഒക്കെ ആ പയ്യന്മാര്‍ രേഖപ്പെടുത്തി. സഹായിക്കുകയാണെങ്കില്‍ ബാച്ചിലേഴ്സിനെ സഹായിക്കണം!

സിനിമക്കിടയില്‍ പടം കണ്ട് പേടിച്ച് അവളുണ്ടാക്കിയ നിലവിളി ശബ്ദങ്ങളൊഴിച്ചാല്‍ മറ്റ് ശല്ല്യങ്ങളൊന്നുമില്ലാതെ രണ്ട് മണിക്കൂര്‍ പാതി മയക്കം. സിനിമ കഴിഞ്ഞ് പുറത്തിറങ്ങി. 7 മണി. നേരെ മക് ഡൊണാള്‍ഡ്സില്‍ നിന്ന് ഭക്ഷണം. പിന്നീട് ഷോപ്പിങ്. ഒരു മണിക്കൂര്‍ നേരം ചേരുന്ന നീല ഷേഡ് ഫ്രോക്ക് നോക്കി അവളും മറ്റ് കസ്റ്റമേഴ്സിനെ നോക്കി ഞാനും സമയം ചെലവാക്കി. എത്രയായിട്ടും കച്ചവടം നടക്കുന്നില്ല എന്ന് കണ്ടപ്പോള്‍ അര മണിക്കൂര്‍ കഴിഞ്ഞാല്‍ അടുത്ത വീട്ടിലെ പ്രിയ വരും എന്നും അവളെയും കൊണ്ട് ഞാന്‍ പോകാമെന്നും, ബൈക്ക് എല്‍പ്പിക്കാം അവള്‍ക്കൊരു ലിഫ്റ്റുമാകും എന്ന് പകുതി തമാശ രൂപത്തില്‍ പറഞ്ഞു. അത് ഏറ്റത് കൊണ്ടാണോ എന്ന് അറിയില്ല വന്നയുടന്‍ ഞാന്‍ കാണിച്ച് കൊടുത്തിട്ടും മാറ്റിയിട്ട ഒരു ഫ്രോക്കും വാങ്ങി ധൃതിയില്‍ പുറത്തിറങ്ങി ബൈക്കില്‍ കേറി. 10 മണി എന്ന് മ്യൂച്വല്‍ അണ്ടര്‍സ്റ്റാന്റിങ്ങുള്ള പിരിയാനുള്ള സമയം ആവാന്‍ അര മണിക്കൂര്‍ കൂടി. ചെറിയ ചാറ്റല്‍ മഴ പെയ്യുന്നു.

തണുപ്പുള്ള മഴയത്ത് പതുക്കെ കാറ്റ് കൊണ്ട് ബൈക്കില്‍ പോകുമ്പോള്‍ ഈ ഞായറാഴ്ച കഴിയാതിരുന്നെങ്കില്‍ എന്നായിരുന്നു മനസ്സില്‍. കൃത്യം പത്ത് മണിക്ക് പി.ജിയുടെ മുന്നില്‍ അവളെ ഇറക്കി. വീട്ടില്‍ വന്ന് തല തോര്‍ത്തിയിട്ട് പോയാല്‍ മതി എന്ന് അവള്‍ കുറേ നിര്‍ബന്ധിച്ചെങ്കിലും എന്റെ ഉള്ളിലെ മാന്യനായ ബാച്ചിലര്‍ അതിന് സമ്മതിച്ചില്ല. യാത്ര പറഞ്ഞ് വണ്ടിയെടുത്തപ്പോള്‍ തോന്നിയ അസ്വസ്ഥത Aliyaa, come fast. Priya has thrown a surprise party here എന്ന സുഹൃത്തിന്റെ എസ് എം എസ് കിട്ടിയപ്പോള്‍ ആവിയായിപ്പോയി. ഞാന്‍ പുഞ്ചിരിച്ച് കൊണ്ട് ആ ഞായറാഴ്ച രാത്രിയിലേക്ക് ബൈക്കോടിച്ച് പോയി.

ഒരു ബാച്ചിലറുടെ വിനോദയാത്ര.

തികച്ചും സാധാരണമായ ഒരു ഞായറാഴ്ച. പതിവ് പോലെ പത്ത് മണിയായപ്പോള്‍ ഞാന്‍ എഴുന്നേറ്റു. ബാച്ചിലറായത് കൊണ്ട് രക്ഷപ്പെട്ടു. രാവിലെ എഴുന്നേറ്റ് അമ്പലത്തില്‍ പോകാന്‍ ആരും നിര്‍ബന്ധിക്കില്ലല്ലോ. രാവിലത്തെ ബ്രേക്ക്ഫാസ്റ്റും ഉച്ചയ്ക്ക് ഊണിന്റെ കുടെ തട്ടാനുള്ള സിദ്ധി ഈശ്വരന്‍ തന്നിട്ടുള്ളതിനാല്‍ ഉറക്കം രാവിലെ മുടങ്ങുകയുമില്ല. വേറെ ആരുടേയും വിശപ്പിനെക്കുറിച്ച് വേവലാതിയും വേണ്ടല്ലോ, ഞാന്‍ ഒറ്റയ്ക്കല്ലേ.

പതുക്കെ എഴുന്നേറ്റ് പല്ലുതേച്ച് പേപ്പറുമായി വന്നിരുന്നു വായന തുടങ്ങി. പതുക്കെ വായിച്ച് തീര്‍ക്കാം, ഉച്ച വരെ സമയമുണ്ട്. ബാച്ചിലറായത് കൊണ്ട് ഇന്നത്തെ പരിപാടികള്‍ പറഞ്ഞ് ആരും സ്വൈര്യം കെടുത്തില്ലല്ലോ. ഷോപ്പിങ്ങും സിനിമയും ഒന്നും മനസ്സമാധാനഘാതകര്‍ ആകില്ലെന്നുറപ്പ്. രാവിലത്തെ ചായ കുടി നിര്‍ബന്ധമല്ലാത്തതിനാല്‍ ഉറക്കത്തിന്റെ ആലസ്യം വിടാതെയിരിക്കാനും പറ്റി. പത്രം വായിച്ച് കൊണ്ടിരിക്കുമ്പോഴാണ് കൂടെത്താമസിക്കുന്നവന്റെ ചോദ്യം. “ഏടാ, നമുക്ക് ബൈക്കുമെടുത്ത് ഒന്ന് മൈസൂര്‍ വരെ പോയി കറങ്ങി വന്നാ‍ലോ”.

ഒന്നാലോചിച്ചു. കൊള്ളാം, നല്ല ഐഡിയ. ബാച്ചിലറായത് കൊണ്ട് ആരോടും സമ്മതം ചോദിക്കാനില്ല. ഒന്നും ഒരുങ്ങാനില്ല, കിട്ടിയ വസ്ത്രമുടുത്ത് അങ്ങോട്ടിറങ്ങിയാല്‍ മതി. ബൈക്കിന്റെ ബ്രേക്ക് മോശം, ടയറും പഴയതായതിനാല്‍ ചെറുതായി തെന്നാറുമുണ്ട്. ആര്‍ക്ക് ചേതം, അതിനനുസരിച്ച് ഓടിച്ചാല്‍ മതിയല്ല്ലോ. ഒന്നു വീണാല്‍ തന്നെ അധികം ആപത്തൊന്നും വരുത്താതെ വീഴാന്‍‍ ഇത്ര നാളത്തെ ബൈക്കോടിക്കല്‍ പരിശീലനം വഴി പഠിച്ചിട്ടുണ്ട്. തൊലി ഇത്തിരി പോയാലും പേടിക്കാനെന്തിരിക്കുന്നു, അതൊക്കെ ശീലമായതല്ലേ; കരയാതിരിക്കാന്‍ നന്നായി അറിയാം. കൂടെ സ്ത്രീകള്‍ ഉണ്ടെങ്കിലല്ലേ പ്രശ്നമുള്ളൂ.

ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് നൂറ്റിഅന്‍പത് കിലോമീറ്ററാണ് ദൂരം. കത്തിച്ച് വിട്ടാല്‍ മൂന്ന് മണിക്കൂറിനുള്ളില്‍ എത്താവുന്നതേയൂള്ളൂ. പക്ഷെ ഇത്ര നേരം ബൈക്കിലിരിക്കാന്‍ ദൂരയാത്ര ശീലമില്ലാത്തവര്‍ക്കും പെണ്‍കുട്ടികള്‍ക്കും ബുദ്ധിമുട്ടാകും. കഴുത്തും നടുവും വേദനയുടെ കേളീയരങ്ങാവാന്‍ ഇത് ധാരാളം. പക്ഷെ ഞങ്ങളുടെ കൂടെ പെണ്‍കുട്ടികള്‍ ഇല്ലല്ലോ. പിന്നെന്ത് പേടിക്കാന്‍. രാത്രി വരാന്‍ വൈകിയാലോ? ആണ്‍കുട്ടികളായത് കൊണ്ട് അതും പ്രശ്നമല്ല. പോരാണ്ട്, രണ്ടാള്‍ക്കും കാഴ്ച അത്ര പോര. വര്‍ണ്ണാന്ധതയുമുണ്ട്, രാത്രിയുള്ള ഓടിക്കല്‍ ബുദ്ധിമുട്ടാണ്. ഓ. പിന്നെ, അതൊക്കെ ആരു നോക്കുന്നു.

അങ്ങിനെ മൈസൂറ് യാത്രയ്ക്ക് അരങ്ങൊരുങ്ങി. രണ്ട് കൂട്ടുകാരെക്കൂടെ വിളിച്ച് വരുത്തി രണ്ട് ബൈക്കുകളിലായി ഞങ്ങള്‍ യാത്രയായി.

ആദ്യ മുപ്പത് കിലോമീറ്ററുകളോളം വഴിയില്‍ തിരക്കുണ്ടായിരുന്നു. ബാംഗ്ലൂര്‍ സിറ്റിയുടെ ട്രാഫിക്ക് ഒഴിഞ്ഞ് കിട്ടാന്‍ അത്രദൂരം പോകേണ്ടി വന്നു. പറയാന്‍ വിട്ടു, ബാംഗ്ലൂരില്‍ നിന്ന് മൈസൂരിലേക്ക് ഇപ്പോള്‍ നാലുവരിപ്പാതയാണ്. ഇപ്പോള്‍ ഉത്ഘാടനം ചെയ്തതേ ഉള്ളൂ എന്നതിനാല്‍ കുണ്ടും കുഴിയും ഒന്നും ഇല്ലാത്ത വളരെ നല്ല റോഡ്. ട്രാഫിക്കും കുറവ്, ആള്‍ത്താമസം കുറഞ്ഞ പ്രദേശങ്ങളായതിനാല്‍ റോഡ് മുറിച്ച് കടക്കുന്നവരും കവലകളും തീരെ ഇല്ല. ഒരു ബൈക്ക് യാത്രയ്ക്ക് ഇതിലും കൂടുതല്‍ എന്ത് വേണം. എന്റെ ബൈക്കിന്റെ സ്പീഡോമീറ്റര്‍ ഇന്നു വരെ പോയിട്ടില്ലാത്ത അറ്റത്തേക്ക് നീങ്ങിത്തുടങ്ങി.

പിറകേ ഇരുന്നത് എന്റെ കൂട്ടുകാരന്‍ ആയിരുന്നതിനാല്‍ ഈ വേഗതയില്‍ അവന്‍ നിലവിളിച്ചില്ല. വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടില്ല, ദൈവത്തെ പ്രാര്‍ത്ഥിച്ച് എന്റെ മനോവീര്യം കളഞ്ഞില്ല. ബാച്ചിലേര്‍സ് ആയതിന്റെ ഗുണം ആ യാത്രയിടെ രസം കൂട്ടി, സ്പീഡും. 125 സി.സി. മാത്രമുള്ള എന്റെ ബൈക്ക് ആദ്യമായി നൂറ്‌‍ കിലോമീറ്റര്‍ പെര്‍ അവറിനു മുകളില്‍ കുതിക്കാന്‍ തുടങ്ങി.

പ്രാതല്‍ കഴിക്കാതിരുന്നതിന്റെ ക്ഷീണം തോന്നിത്തുടങ്ങിയപ്പോള്‍ വഴിയില്‍ കണ്ട ചെറിയ ഒരു ഹോട്ടലില്‍ കയറി. ജനവാസമുള്ള സ്ഥലമല്ലാത്തതിനാല്‍ ഹോട്ടലുകള്‍ നന്നേ കുറവ്. അവിടെ കഴിക്കാനായി‍ പൂരി മസാല മാത്രം. അതെങ്കില്‍ അത്, ബാച്ചിലേര്‍സായ ആണ്‍പിള്ളേര്‍ക്ക് കൊളസ്റ്റ്രോളിനെക്കുറിച്ചും മുഖത്തെ എണ്ണമയത്തെക്കുറിച്ചും പേടിക്കേണ്ടല്ലോ. പ്രതീക്ഷിച്ചത് പോലെ എണ്ണയില്‍ കുതിര്‍ന്ന ഒരു പൂരി തന്നെ കിട്ടി. രുചി പ്രശ്നമല്ലാത്തതിനാല്‍ എല്ലാവരും നന്നായി അത് അകത്താക്കി.

ഭക്ഷണം കഴിഞ്ഞ് ഒന്ന് മൂത്രമൊഴിക്കാന്‍ നോക്കുമ്പോള്‍ അവിടെ മൂത്രപ്പുര ഇല്ല. അതിനെന്താ, നമുക്ക് ലോകം മുഴുവന്‍ മൂത്രപ്പുര അല്ലേ. ഒരു ചെറിയ മറ നോക്കി കാ‍ര്യം സാധിച്ചു. പെണ്‍കുട്ടികള്‍ മറ്റോ കൂടെ ഉണ്ടായിരുന്നെങ്കില്‍ ചുറ്റിപ്പോയേനേ.

വീണ്ടും യാത്ര തുടര്‍ന്നു. മൈസൂരില്‍ എത്തിയപ്പോള്‍ സമയം രണ്ടര. ഭക്ഷണം കഴിക്കാന്‍ വൈകിയതിനാല്‍ ആരും പ്രശ്നമുണ്ടാക്കിയില്ല, നമുക്ക് നമ്മുടെ ഫിഗറിനെക്കുറിച്ചോ കോമ്പ്ലെക്ഷനെക്കുറിച്ചോ പേടിച്ച് ശീലമില്ലല്ലോ. വിശന്നിരിക്കാന്‍ ഒരു മടിയുമില്ലതാനും. മൈസൂരിലെത്തി ഊണിന് വക തപ്പി. ഞായറാഴ്ചയായതിനാല്‍ മിക്ക കടകളും തുറന്നിട്ടില്ല. കുറേ അന്വേഷിച്ചപ്പോള്‍ ഒരു ചെറിയ കട കണ്ടു പിടിച്ചു. നല്ല തിരക്ക്. ഒരു വൃത്തിയും വെടിപ്പും ഇല്ല. ഒരു പെണ്‍കുട്ടിയും കയറില്ല ആ സ്ഥലത്ത്, ഞങ്ങള്‍ക്ക് ആ പ്രശ്നമില്ലല്ലോ. അകത്ത് കയറി ഞങ്ങള്‍ ഊണ് കഴിച്ചു. രുചി വളരെ മോശം, എങ്കിലും വിശപ്പ് കാരണം കഴിക്കാതിരിക്കാനും വയ്യ. അങ്ങിനെ ബാച്ചിലര്‍കളരിയിലെ ആശാനെ മനസ്സില്‍ ധ്യാനിച്ച് മനസ്സില്ലാമനസ്സോടെ അത് കഴിച്ചു.

അതിനുശേഷം മൈസൂര്‍ കൊട്ടാരം കാണാന്‍ ഇറങ്ങി. പക്ഷെ അവിടെ ദസറ ആഘോഷങ്ങളുടെ ഭാഗമായ ഭീമന്‍ ക്യൂ. തിക്കും തിരക്കും ഒന്നും പറയണ്ട. പെണ്‍കുട്ടികളെക്കൊണ്ട് ആ തിരക്കിനകത്തേക്ക് കയറിയാല്‍ ആകെ പുലിവാലാകുമെന്ന് ഉറപ്പ്. എങ്കിലും ആ ക്യൂവില്‍ മണിക്കൂറുകള്‍ നില്‍ക്കാന്‍ സമയമില്ലാത്തതിനാല്‍ ഞങ്ങളും നിന്നില്ല. കൊട്ടാരം ഒഴിവാക്കി അവിടുന്ന് അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള ചാമുണ്ടി മലകളിലേക്ക് യാത്രയായി ഞങ്ങള്‍.

മലയുടെ ചുരങ്ങള്‍ കയറുമ്പോഴും ബൈക്കിന്റെ സ്പീഡോമീറ്റര്‍ യാതൊരു മന്ദഗതിയും കാണിച്ചില്ല. അപകടകരമായിത്തന്നെ ഞങ്ങള്‍ വളവുകള്‍ വീശിയെടുത്തും, ആ വീതികുറഞ്ഞ റോഡില്‍ എതിരേ വരുന്ന ബസ്സുകള്‍ക്കിടയിലൂടെ പാഞ്ഞും മല അതിവേഗം ഓടിച്ച് കയറി. മുകളില്‍ ചെന്ന് അമ്പലമൊക്കെ കണ്ട് അവിടെ വന്ന പെണ്‍പിള്ളേരെ ഒക്കെ വായ്‌നോക്കി തിരിച്ചിറങ്ങാന്‍ തുടങ്ങി. അവിടെ ഉണ്ടായിരുന്ന അസംഖ്യം പൊട്ട്, ചീപ്പ്, കുപ്പിവള, കണ്ണാടി കടകള്‍ കയറി ഇറങ്ങാന്‍ ഞങ്ങളുടെ കൂട്ടത്തില്‍ പെണ്‍കുട്ടികള്‍ ഇല്ലായിരുന്നുവല്ലോ.

തിരിച്ച് വരുന്ന വഴി ഞങ്ങള്‍ കറഞ്ഞി തടാകത്തിനു ചുറ്റുമുള്ള ഉദ്യാനം കാണാന്‍ പോയി. വൃന്ദാവന്‍ കുറേയേറെ തവണ കണ്ടിട്ടുണ്ടായിരുന്നതിനാലാണ് അതൊഴിവാക്കി ഞങ്ങള്‍ ഇവിടെപ്പോയത്. ഇതിനകത്തുള്ള പൂമ്പാറ്റകളുടെ പാര്‍ക്ക് കാണാന്‍ ഒന്നര കിലോമീറ്റളോളം നടക്കണം. ഇത്രയും ബൈക്ക് ഓടിച്ച് തളര്‍ന്നിരിക്കുന്ന ഞങ്ങള്‍ അത്ര നടക്കണോ എന്ന് ശരിക്കും ആലോചിച്ചു. വീണ്ടും മൂന്നില്‍ക്കൂടുതല്‍ മണിക്കൂര്‍ വണ്ടി ഓടിക്കാനുള്ളതാണെന്നതും ഓര്‍ക്കേണ്ടതുണ്ടല്ലോ. എങ്കിലും സംഘത്തില്‍ പെണ്‍കുട്ടികള്‍‍ ഇല്ലാതിരുന്നതിനാല്‍ അത്ര ദൂരം നടക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഒന്നര കിലോമീറ്റര്‍ നടന്ന് അവിടെ എത്തിയപ്പോഴാണ് അറിയുന്നത് ആറ് മണിക്ക് ആ പാര്‍ക്ക് അടയ്ക്കുമെന്ന്. നടന്നതത്രയും വെറുതേയായി. എങ്കിലും അത് ഒരു രസമായി തന്നെ ഞങ്ങള്‍ കണ്ടു. ഒന്നര കിലോമീറ്റര്‍ ഞങ്ങള്‍ കൊച്ചുവര്‍ത്തമാനങ്ങള്‍ പറഞ്ഞ് തിരിച്ചും നടന്നു. ആരോഗ്യമുള്ളവരാണ് എല്ലാവരും എന്നത് രക്ഷയായി. വല്ല പെണ്‍പിള്ളേരും ആയിരുന്നെങ്കില്‍ കിടന്നു പോയേനേ.

അപ്പോഴേക്കും ആറര ആയിരുന്നു. ഞങ്ങള്‍ മടക്ക യാത്ര തുടങ്ങി. രാത്രിയായതിനാല്‍ പൊടിയും തണുപ്പും വളരെ കൂടുതലായിരുന്നു. പോരാണ്ട് പ്രാണികളുടെ ശല്യവും. എങ്കിലും വേഗതയുടെ കാര്യത്തില്‍ ഒരു വിട്ടുപോക്കിന് ഞങ്ങള്‍ തയ്യാറായിരുന്നില്ല. വന്ന വേഗതയില്‍ തന്നെ ഞങ്ങള്‍ തിരിച്ചും പോന്നു. നാലുവരിപ്പാതയായിരുന്നതിനാല്‍ എതിരേ വരുന്ന വണ്ടികളുടെ ലൈറ്റ് കണ്ണിലടിക്കുന്നുണ്ടായിരുന്നില്ല. എന്നാലും ബാംഗ്ലൂരിലേക്ക് ഞങ്ങളുടെ അതേ ദിശയില്‍ യാത്ര ചെയ്യുന്നുണ്ടായിരുന്ന ബസ്സ്, ലോറി, കാറുകള്‍ മുതലായവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരുന്നു. അതൊന്നും ഞങ്ങള്‍ ഗൌനിച്ചില്ല.

വൈകീട്ടെപ്പോഴോ വഴിയില്‍ കണ്ട ഹോട്ടലില്‍ നിന്ന് അത്താഴവും കഴിച്ചപ്പോള്‍ മാത്രം ബൈക്കിന് കുറച്ച് നേരത്തേക്ക് വിശ്രമം കിട്ടി. അല്ലാത്തപ്പോള്‍ മുഴുവന്‍ മരണക്കിണറില്‍ ഓടിക്കുന്നതുപോലെ അപകടം മുന്നില്‍ക്കണ്ടിട്ടും പതറാതെ, അത്യാഹിതങ്ങളില്‍ നിന്ന് ചിലപ്പോള്‍ തലനാരിഴയ്ക്കൊഴിവായിക്കൊണ്ടും, ഇരുട്ടത്ത് കാണാതെ പോകുന്ന ഹമ്പുകളില്‍ ചാടിച്ച് കൊണ്ടും ഞങ്ങള്‍ ഒരു റോളര്‍ക്കോസ്റ്റര്‍ യാത്ര പോലെ ഈ സവാരി ആസ്വദിച്ചുകൊണ്ടിരുന്നു. ചിലയിടങ്ങളില്‍ തണുപ്പ് കാരണം വിറച്ചിട്ട് കണ്ണ് തുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലെത്തിയെങ്കിലും അതൊന്നും വണ്ടിയുടെ വേഗത കുറയ്ക്കാന്‍ നിമിത്തമായില്ല. എന്നിട്ടവസാനം, പോകുമ്പോള്‍ എടുത്തതിനേക്കാള്‍ കുറഞ്ഞ സമയമെടുത്ത് പത്ത് മണിയോടെ ബാംഗ്ലൂരിലെത്തി ഞങ്ങള്‍ ടി.വിയും കണ്ട് അത്യാവശ്യം പിന്മൊഴികളും വായിച്ച്, വന്ന മെയിലുകള്‍ക്ക് മറുപടിയും കൊടുത്ത് പാതിരാത്രിയായതോടെ അന്യോന്യം കെട്ടിപ്പിടിച്ച് കിടന്നുറങ്ങി.

ബാച്ചിലര്‍ ആയത് കൊണ്ട് ജീവിതത്തില്‍ എന്തെല്ലാം സുഖങ്ങള്‍, എന്തെല്ലാം രസകരമായ അനുംഭവങ്ങള്‍‍, എന്തെല്ലാം ആസ്വാദ്യകരമായ യാത്രകള്‍. ബാച്ചിലര്‍ഹുഡ് ഒരു വരം തന്നെ, സംശയമില്ല.

Wednesday, September 27, 2006

കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു

ഒരു കാട്ടില്‍ ഒരു ഗംഭീരന്‍ കല്യാണം നടക്കുന്നു. വരന്‍ സിംഹ രാജകുമാരന്‍ വധു സിംഹ രാജകുമാരി.കല്യാണത്തിനു സദ്യയൊരുങ്ങി. പാട്ടും ഡാന്‍സും തുടങ്ങി. ആ കാട്ടിലേയും അയല്‍ കാട്ടിലേയും സകല സിംഹങ്ങളും വന്നു ചേര്‍ന്നു, സിംഹങ്ങളുടെ ഡാന്‍സ്‌ തക്രുതിയായി. അയ്യൊ സിംഹങ്ങളുടെ കൂട്ടത്തിലതാ ഒരു എലി കിടന്നു ഡാന്‍സ്‌ ചെയ്യുന്നു.ആ എലിക്കുട്ടനെ പതുക്കെ അടുത്ത്‌ വിളിച്ച്‌ ചോദിച്ചു. "സിംഹത്തിന്റെ കല്യാണത്തില്‍ നിനക്കെന്താ കാര്യം? ക്ഷണിക്കാതെ വന്നതാ അല്ലേ?" എലി തിരിച്ചടിച്ചു. "എന്റെ അനിയന്റെ കല്യാണത്തിനു എന്നെ ആരേങ്കിലും ക്ഷണിച്ചിട്ടു വേണോ? ""ഓ അതെങ്ങനെ താനൊരു എലിുയും കല്യാണം സിംഹത്തിന്റെയും. നിങ്ങളെങ്ങനെ സഹോദരങ്ങളായി."എലി സങ്കടത്തൊടെ " എന്റെ കല്യാണത്തിനു മുന്‍പു ഞാനും ഒരു സിംഹമായിരുന്നു."(പങ്കജ്‌ ഉദാസ്‌ ഒരു show യില്‍ പറഞ്ഞു കേട്ടത്‌)

Saturday, September 23, 2006

സില്‍ക്ക് സ്മിത: ഒരു അനുസ്മരണം

സില്‍ക്ക് സ്മിത(ഡിസംബര്‍ 2, 1960 – സെപ്റ്റമ്പര്‍‍ 23, 1996) എണ്‍പതുകളില്‍ തിളങ്ങി നിന്ന ഒരു തെന്നിന്ത്യന്‍ താരമായിരുന്നു. ആന്ധ്രാപ്രദേശില്‍ ഏളൂര്‍ എന്ന ഗ്രാമത്തില്‍ ഒരു പാവപ്പെട്ട കുടുമ്പത്തില്‍ ജനിച്ച സ്മിത മലയാളം, ഇരുന്നൂറിലധികം തമിഴ്, തെലുഗ്, കന്നഡ സിനിമകള്‍കൂടാതെ ചില ഹിന്ദി സിനിമകളിലും വേഷമിട്ടു.

വിജയലക്ഷ്മി എന്നായിരുന്നു സില്‍ക്കിന്റെ ആദ്യ നാമം. ചെറുപ്പത്തിലേതന്നെ സ്മിത എന്ന് പേര്‍ തിരുത്തുകയാണുണ്ടായത്. തമിഴിലെ ആദ്യ ചിത്രമായ വണ്ടിച്ചക്രത്തില്‍ സില്‍ക്ക് എന്ന ഒരു ബാര്‍ ഡാന്‍സറുടെ വേഷമായിരുന്നു സ്മിതയ്ക്ക്. അതിനുശേഷമാണ് സ്മിത, സില്‍ക്ക് സ്മിത എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. നാലാം ക്ലാസ്സില്‍ പഠിത്തം നിര്‍ത്തി, അന്ന് ഒന്‍പത് വയസ്സുണ്ടായിരുന്ന സ്മിത സ്വന്തം അമ്മായിയുടെ കൂടെ, സിനിമയില്‍ അഭിനയിക്കുക എന്ന ലക്ഷ്യവുമായി തെന്നിന്ത്യന്‍ സിനിമയുടെ ഈറ്റില്ലമായ ചെന്നെയിലെക്ക് താമസം മാറ്റുകയായിരുന്നു.

മൂന്നാം പിറ എന്ന സിനിമയിലെ ധീരമായ വേഷവും, നൃത്തവും സില്‍ക്കിനെ പ്രശസ്തിയിലേക്കുയര്‍ത്തി. തുടര്‍ന്നുള്ള പതിനഞ്ച് വര്‍ഷത്തോളം സില്‍ക്ക്, തെന്നിന്ത്യന്‍ മസാല പടങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് സില്‍ക്കിന്റെ അത്ര പ്രശസ്തിയുള്ള മറ്റൊരു മാദക നടിയും ദക്ഷിണേന്ത്യയില്‍ ഉണ്ടായിരുന്നില്ല.

മദ്രാസിലെ തന്റെ ഗൃഹത്തില്‍ വച്ച് മുപ്പത്തിയാറാം വയസ്സില്‍ സില്‍ക്ക് സ്വന്തം ജീവിതം അവസാനിപ്പിച്ചു.

ഉത്തരാധുനിക കദനകഥ

ചക്രവാളത്തില്‍ സൂര്യന്‍ “ഡേയ്.... പോടേയ്” എന്ന ഭാവത്തില്‍ നില്‍ക്കുന്നു. രമേശന്‍ എരിഞ്ഞ് തീരാറായ ബീഡിയില്‍ നിന്ന് ഒരു കഞ്ചാവ് കത്തിച്ചു. അല്ലെങ്കിലും ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉലാത്താനിറങ്ങുന്ന ചിന്തകള്‍ക്ക് ഒരു ‘പുകമറ‘യിടാന്‍ അയാള്‍ പണ്ടേ ശ്രദ്ധിക്കുമായിരുന്നു. എവിടെയാണ് പിഴച്ചത്? ഞരമ്പുകളിലോടുന്ന പ്രത്യയശാസ്ത്രചിന്തകള്‍ എവിടെയാണ് പാളയംകോടന്‍ പഴത്തൊലി ചവിട്ടി വഴുക്കി വീണത്? യുഗാന്തരങ്ങള്‍ക്കപ്പുറത്ത് ഒരു കടവാതില്‍ കോട്ടുവായിട്ടത് അയാള്‍ അറിഞ്ഞില്ല. കാലം തന്റെ കൂടപ്പിറപ്പുകളുമായി കുളിക്കാനിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ പായലുകള്‍ കെട്ടിക്കിടക്കുന്ന കുളം ഒരു ശൂന്യബിന്ദുവിലലിഞ്ഞു.

ആവര്‍ത്തനവിരസമായ കാലചക്രത്തിന്റെ തിരിച്ചിലില്‍ എണ്ണകൊടുക്കാത്ത പല്‍ചക്രങ്ങള്‍ ‘ക്രീ ക്രീ’ ശബ്ദമുണ്ടാക്കി. അയാള്‍ ചിന്തിക്കുകയായിരുന്നു. ഇന്നലെവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വേട്ടപ്പട്ടികള്‍ക്കിരയാവാന്‍ മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു. കാമത്തിന്റെ കടക്കണ്ണില്‍ കടലെണ്ണയൊഴിച്ച് പുറംകാല്‍ കൊണ്ട് തൊഴിക്കാന്‍ കഴിയാത്തത് ഇത്ര വലിയ ഒരു പഞ്ചാഗ്നിയില്‍ ഒഴിച്ച പാമോയിലാവുമെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. മാന്തിയെടുക്കപ്പെട്ട തോല് അയാളുടെ കവിളില്‍ നീറ്റലുണ്ടാക്കി. പാപത്തിന്റെ നിറം എന്തെന്ന് കണ്ടെത്തിയ അയാള്‍ക്ക് സങ്കടമോ സന്തോഷമോ തോന്നിയതെന്ന് ഓര്‍മ്മയുണ്ടായില്ല.

നിറമില്ലായ്മയുടെ നിറക്കൂട്ടുകളില്‍ നിറഞ്ഞൊഴുകിയ പുഴയും നീരാളിയുടെ കൈയ്യും ഒമര്‍ ഖയ്യാമിന്റെ പൂച്ചകള്‍ക്ക് പ്രവേശനമില്ലാത്ത പൂന്തോട്ടവും അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇന്നലെ വരെ തുറക്കപ്പെട്ടിരുന്നു സ്വര്‍ഗത്തിന്റെ വാതില്‍ പെട്ടെന്ന് അയാള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. മുമ്പ് ഇല്ലായിരുന്ന ഈ സ്വര്‍ഗം ഇപ്പോള്‍ നഷ്ടപ്പെടുമ്പോള്‍ എന്താണ് വേദനിക്കുന്നത് എന്ന ചോദ്യം അയാളെ നോക്കി കൊഞ്ഞനം കുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ അതിനെ നോക്കിപ്പേടിപ്പിച്ചു. ഈ സ്വര്‍ഗം സ്വപ്നം കണ്ടിരുന്നപ്പോഴുള്ള സുഖം ഇപ്പോഴില്ല എന്ന വേദനിപ്പിക്കുന്ന സത്യം അയാളെയും ചെറുതായിട്ടൊന്ന് വേദനിപ്പിച്ചു.

കഞ്ചാവ് കെട്ടടങ്ങി. ഇനി തിരികെ ശ്മശാനഭൂവിലേക്ക്. കവിളും പുറവും അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഭീമമായ തെറ്റ് അയാള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഞെട്ടിപ്പിക്കുന്ന ആ സത്യം അയാള്‍ ഒരിക്കല്‍ കൂടി വളരെ പ്രയാസപ്പെട്ട് അയവിറക്കി.

ചാണകപ്പച്ച ഷേഡ് ബ്ലൌസിന് പകരം തത്തമ്മപ്പച്ച ഷേഡാണത്രേ താന്‍ വാങ്ങിയത്.

Friday, September 22, 2006

എന്റെ പ്രണയത്തെ തകര്‍ത്തത്‌

എന്റെ പ്രണയതെ തട്ടി തെറിപ്പിച ആ ഫോണ്‍ വന്നപ്പോഴും എനിക്ക്‌ കാര്യമായൊന്നും തോനീിയില്ല. പ്രണയം വിവാഹത്തിലവാസാനിക്കുന്നു എന്ന അവളുടെ ചിന്ത യെ ഞാനും തട്ടി തെറിപ്പിചിരുന്നല്ലോ.പ്രണയത്തിന്റെ വികാരങ്ങളെ ചിന്തകളേ പ്രകടനങ്ങളെ പന്‍ക്കിദാന്‍ വിറസമായ ക്ലാസ്സിനേയും ചിലമ്പിക്കുന്ന ക്യാംപസിനേയും മാറ്റി കുന്നിന്‍ ചെരുവുലെ പക്ഷികള്‍ മുറിക്കുന്ന ഏകാന്തതയിലേക്കിരങ്ങി അവളുടെ മടിയില്‍ തലവെച്‌ കിടക്കുമ്പോഴും അവള്‍ക്ക്‌ പറയാനുണ്ടാവുക വിവാഹവും കുട്ടികൌം കുടുംബത്തേയും കുറിചായിരിക്കും. അപ്പോഴൊക്കെ അവളുടെ കണ്ണുകളിളെ തിളക്കത്തില്‍ പ്രതിഫലിക്കുന്ന എന്റെ ബിംബത്തെ നോക്കി ഞാന്‍ വിചാരിക്കും"പ്രണയം വിവാഹത്തില്‍ തീരുന്നുവോ അതൊ അത്ത്രയൊക്കെ ഒള്ളോ പ്രണയത്തിന്ന് പറയ്യാന്‍ പക്ഷേ എന്റെ ഉള്ളിലെ പ്രണയം അതിലും ഏറെ എന്തൊക്കെ യൊ ആയിരുന്നും അത്‌ പറയാന്‍ എനിക്കറിയുമ്മായിരുന്നില്ല.അവള്‍ വിവാഹത്തെ യും കുട്ടികളെയുമൊക്കെ പറയുംബൊള്‍ എനിക്ക്‌ പ്രാരാബ്ദങ്ങല്‍ നിറഞ്ഞ കുടുംബങ്ങളെ ഓര്‍മ വന്നു. അതില്‍ കുറെ പരാധീനകളല്ലാതെ പ്രണയത്തെ ഒട്ടും ദര്‍ശിക്കന്‍ എനിക്കയില്ല. വീട്ടില്‍ വിവാലോചനകള്‍ വന്നു തുടങ്ങിയപ്പൊഴാകണം അവള്‍ വിവാഹത്തിന്ന് നിര്‍ബന്ധം പിടിച്‌ തുറ്റങ്ങിയത്‌. നമ്മുടെ പ്രണയതെ വിവാഹം കൊണ്ട്‌ കൊന്ന് കളയണൊ എന്ന ചൊദ്യത്തിന്‍ നീ ദിവ്യ പ്രണയത്തിന്റെയല്ല പ്രയൊഗിക്‌ പ്രണയത്തിന്റെ വക്താവാണെന്നവള്‍ മറുപടി പറഞ്ഞത്‌. ബന്ധങ്ങളേ ത്യജിച്‌ നേടുന്ന വിവാഹത്തില്‍ പ്രണയത്തിന്‍ സംസാരിക്കാന്‍ സമയമുണ്ടാവില്ല. പരിവേദനങ്ങല്‍ ക്കല്ലതെ എന്നു ഞാന്‍ പറഞ്ഞതൊടെ മറഞ്ഞ അവള്‍ പ്രണയതെ തട്ടിതെറിപ്പിക്കാനെന്ന് പറഞ്ഞ്‌ അവളുടെ വിവാഹത്തിന്‍ ക്ഷണിചു കൊണ്ടുള്ള ആ ഫോണ്‍ ചെയുകയായിരുന്നു. അവളുടെ വിവാഹാനന്തരവും ഞാന്‍ അവളെ പ്രണയിചു കൊണ്ടെയിരുന്നു. അവള്‍ പ്രതികരിചതെയില്ല. . അല്ലെങ്കിലും എനിക്കെന്തിന്നാണവളുടെ പ്രതികരണം ഞാന്‍ അവളെ പ്രണയിക്ക മ്മാത്രമയിരുന്നലോ ? അല്ല അണല്ലോ?

ബാച്ചിലേഴ്സ് ലൈഫ്

ബാച്ചിലേഴ്സ് ലൈഫ് : വയസ്സന്മാരേ എക്സുകളേ.. കണ്ട് അസൂയപ്പെട്ടോ...




Thursday, September 21, 2006

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍

ഇന്നും (പതിവുപോലെ) താമസിച്ചാണുണര്‍ന്നത്. 9-ന് ഓഫീസിലെത്തണമെന്നാണ് കരുതിയത്. 11-നെങ്കിലും എത്തിയാല്‍ ഭാഗ്യം. എണീറ്റ് കാല് കുത്തിയത് ഇന്നലെ കുടിച്ചിട്ട് ബെഡിനു താഴെ വെച്ചിരുന്ന ഹെയ്‌ങ്കന്‍ ബിയര്‍ കുപ്പിയുടെ മുകളില്‍. അത് തട്ടിമറിഞ്ഞ്, കിടക്കുന്നതിനു മുന്‍പെ ഊരിയിട്ടിരുന്ന ഷൂസില്‍ മുഴുവന്‍ ബിയറായി. നേരെ ബെഡ്‌ഷീറ്റു കൊണ്ടതങ്ങ് തുടച്ചു. ടൂത്ത് പേസ്റ്റ് എടുക്കാനായി അടുക്കളയിലെത്തി. സ്മിര്‍ണ്‍ ഓഫിന്റെ കുപ്പി (ഉപയോഗിക്കാത്ത) ഹീറ്ററിന്റെ മുകളില്‍ ഇരിക്കുന്നു. ഇന്നലെ ഫ്രിഡ്‌ജില്‍ തിരിച്ചു വെക്കാന്‍ മറന്നു. പല്ലു തേക്കുന്നതിനു മുന്നെ ഒരു സ്മോള്‍ ഓണ്‍ ദ് റോക്ക്സ് അടിക്കണോ എന്നാലോചിച്ചു. ഓഫീസില്‍ പോകണ്ടതല്ലേ എന്നു വിചാരിച്ച് വേണ്ടെന്നു വെച്ചു.

തലേന്നത്തെ അത്താഴത്തിന്റെ ബാക്കിയായി ഫ്രീസറില്‍ വെച്ചിരുന്ന ഒരു കഷ്‌ണം പിസ്സാ ആയിരുന്നു ബ്രെയ്ക്ക് ഫാസ്റ്റ്. അടുക്കളയില്‍ ആകെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മൈക്രോവേവും ഫ്രിഡ്‌ജും. ഹീറ്റര്‍ ടോപ്പ് ബാര്‍ ടേബിള്‍ ആയി ഉപയോഗിക്കുന്നു ;) പിന്നെ കിട്ടാവുന്ന കോക്ക്‌ടെയില്‍ റെസിപ്പീസ് എല്ലാം അടുക്കളയുടെ ചുവരുകളെ അലങ്കരിക്കാനായി തൂക്കിയിട്ടിട്ടുണ്ട്.

കുളി കഴിഞ്ഞ് ഷര്‍ട്ട് നോക്കിയിട്ട് കാണുന്നില്ല. ലിവിങ്ങ് റൂമിലെ പത്രമാസികകളുടെ കൂമ്പാരത്തിനു മുകളിലും സൊഫയിലും ഉള്ളതൊന്നും മണം കാരണം അടുക്കാ‍ന്‍ പറ്റാത്ത സ്ഥിതിയിലാണ്. പിന്നെ ലോണ്ട്രി ബാസ്‌ക്കറ്റില്‍ നിന്ന് ഉള്ളതില്‍ ഭേദമുള്ള ഒരെണ്ണം ഒപ്പിച്ചു. ഡിയോ പുതിയതു വാങ്ങാറായി.

വൈകിട്ട് ഓഫീസ് വിട്ട് ഇറങ്ങുന്ന വഴിക്കാണ് ലിന്‍ഡയ്ക്ക് ഒന്നു ഷോപ്പിങ്ങിനു കൂട്ടു ചെല്ലുമോ എന്നു ചോദിച്ചത്. വീട്ടില്‍ ആരും പ്രതീക്ഷിച്ചിരിക്കാനില്ലാത്തതു കൊണ്ട് അവളുടെ കൂടെ സായാഹ്നം ചിലവാക്കാന്‍ പെട്ടെന്നു തന്നെ സമ്മതിച്ചു. അത്താഴം ലിന്‍ഡയുടെ ഫ്ലാറ്റില്‍ നിന്നാക്കിയത് അവളുടെ നിര്‍ബന്ധം കൊണ്ടു മാത്രം. ഇറങ്ങിയപ്പോള്‍ താമസിച്ചു.

വീട്ടിലേക്കു ഡ്രൈവ് ചെയ്‌തു കൊണ്ടിരുന്നതിനിടയിലാണ് അപൂര്‍വ്വയുടെ ഫോണ്‍ വന്നത്. സിദ്ധാര്‍ത്ഥും കൌഷിക്കും അവന്റെ ഫ്ലാറ്റില്‍ ഒന്നു കൂടാന്‍ തീരുമനിച്ചത്രെ. എന്നാല്‍ പിന്നെ കോറം തികയ്ക്കാനായി വണ്ടി അങ്ങോട്ടു വിടാം എന്നു തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് പെട്ടെന്ന് പഴയ കാമുകിയെപ്പറ്റി ഓര്‍ക്കും. പിന്നെ എല്ലാം പെട്ടെന്നായിരിക്കും, 2 ലിറ്ററിന്റെ ഒരു ജാക്ക് ഡാനിയത്സും വാങ്ങി അവന്‍ ഞങ്ങളെയെല്ലാം വിളിക്കും. നല്ല്ല കൂട്ടുകാര്‍ എന്ന നിലയില്‍ അവന്റെ ദുഃഖം പങ്കുവെയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണല്ലോ. പിന്നെ വീട്ടില്‍ ആരും നേരത്തെ വരാനായി നോക്കിയിരിക്കുന്നില്ലാത്തതു കൊണ്ട് കുഴപ്പമില്ല.

അപൂര്‍വ്വയുടെ വീട്ടിലെ ആഘോഷം തീര്‍ന്നപ്പോള്‍ രാവിലെ നാലുമണിയായി. ഒരുതരത്തില്‍ വീടെത്തി, ഡ്രെസ് മാറാനൊന്നും, എന്തിന് ഷൂ അഴിക്കാന്‍ പോലും നിന്നില്ല. ഫ്രിഡ്ജില്‍ നിന്ന് ഒരു ഹെയ്‌ങ്കന്‍ കുപ്പിയുമെടുത്ത് നേരെ ബെഡിലേക്ക്. വീണ്ടും ഒരു ദിവസം താമസിച്ചെണീക്കാന്‍... പതിവു പോലെ അവിവാഹിത ദിനങ്ങള്‍ ആഘോഷിക്കാന്‍... :)

മുട്ട പുഴുങ്ങേണ്ട വിധം

അവിടെ കെട്ടിയോമ്മാരുടെ ക്ലബ്ബില്‍ പോസ്റ്റ് ചറപറാന്നാ വരുന്നെ.
നമ്മക്കാനേരത്ത് രണ്ട് മുട്ടയെങ്കിലും പുഴുങ്ങാം. ഹല്ലപിന്നെ!

മുട്ട പുഴുങ്ങാന്‍ ഒരു പാത്രത്തില്‍ നല്ല തണുത്ത വെള്ളം എടുക്കുക, എന്നിട്ട് മുട്ട അതിലേക്കു പതുക്കേ വയ്ക്കുക. എന്നിട്ട് ഇത്തിരി ഉപ്പും കൂടി ഇട്ടിട്ട് അടുപ്പ് കത്തിച്ച് അതിലേക്കു വയ്ക്കുക. ഉപ്പിടുന്നത് മുട്ട പൊട്ടാതിരിക്കാനാണ്.
ഒരു 10 മിനിട്ട് (?) തിളച്ചതിനു ശേഷം ഓഫ് ചെയ്യുക, തോലു പൊളിക്കുക.
(കടപ്പാട്:അശ്വമേധത്തില്‍ ബിന്ദുവിന്റെ കമന്റ്)

Wednesday, September 20, 2006

ചുമ്മാ ബാ..... ച്ചിലേഴ്സ്

പ്രിയ ബാച്ചിലേഴ്സ്,

ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന നമ്മള്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം. ഇതിന്റെ വാതിലുകള്‍ മലര്‍ക്കെ തുറക്കപ്പെടുന്ന ഈ ദിനം ഒരു മലയാളി ബാച്ചിലര്‍ ഒരിക്കലും ഓര്‍മ്മിക്കാനിഷ്ടപ്പെടാത്ത ഒരു സംഭവത്തിന്റെ വാര്‍ഷികമായത് തികച്ചും യാദൃശ്ചികം മാത്രം. അതെ ഇന്നാണ് നമ്മുടെ ഏവരുടേയും പ്രിയപ്പെട്ടവളായിരുന്ന ‘സില്‍ക്ക്’ സ്മിതചേച്ചി ഇങ്ങിനിവരാത്തവണ്ണം കാലയവനികക്കുള്ളില്‍ മറഞ്ഞത്. ആരും കരയരുത് പ്ലീസ്... അടക്കിനിര്‍ത്തിയിരുന്ന സങ്കടം അണപൊട്ടിയൊഴുകാന്‍ എന്റെ വാക്കുകള്‍ കാരണമായെങ്കില്‍ എനിക്ക് മാപ്പ് തരൂ... ഈ ബ്ലോഗ് ഉല്‍ഘാടന കര്‍മ്മം അതിനാല്‍ അവരുടെ പാവന സ്മരണയ്ക്കായി ആഘോഷങ്ങളില്ലാതെ നടത്തുന്നു.

അഖിലബൂലോഗബാച്ചിലര്‍മാരേ സംഘടിക്കുവിന്‍..... ഈ ക്ലബ്ബിലെ അംഗമാവാന്‍ വേണ്ട യോഗ്യതകള്‍ ഇത്ര മാത്രം:

1) വിവാഹം കഴിക്കാത്ത ബാച്ചിലറായിരിയ്ക്കണം* (ക്രോണിക്കുകള്‍ക്ക് പ്രത്യേക പരിഗണന, ആദരവ് എന്നിവ ഉണ്ടായിരിക്കുന്നതാണ്)
2) മാന്യന്മാര്‍ ആയാല്‍ നന്ന് (പകല്‍ മാത്രം എന്ന ഓപ്ഷന്‍ തല്‍ക്കാലം അനുവദിക്കുന്നില്ല)
3) സ്വന്തമായി ഒരു ബ്ലോഗ് വേണം (ക്ലബ്ബിന്റെ ആവശ്യങ്ങള്‍ക്കായി പണയം വെക്കേണ്ടി വന്നാല്‍ എന്തെങ്കിലും ഉണ്ട് എന്ന് ഉറപ്പ് വരുത്താന്‍ വേണ്ടി മാത്രം)

ഇവിടെ ബാച്ചിലര്‍ കഥകള്‍, ജോക്കുകള്‍, ഉപദേശങ്ങള്‍, വിവാഹ പരസ്യങ്ങള്‍, സ്ത്രീധനത്തുക ലേലം വിളി (ഉറപ്പിച്ച തുകയുടെ 10% ക്ലബ്ബിന് കമ്മീഷന്‍) തുടങ്ങി സഭ്യവും നിയമാനുസൃതവും ക്ലബ്ബിന്റെ മൂല്ല്യങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്നതുമായ എന്തും ആവാം. ബാച്ചിലര്‍മാര്‍ക്കെതിരെയുള്ള വിവാഹിതരുടെ കടന്ന് കയറ്റങ്ങള്‍, മെക്കിട്ട് കേറല്‍, ഊശിയാക്കല്‍ ശ്രമങ്ങള്‍ എന്നിവയ്ക്കെതിരെ പ്രതികരിക്കാനുള്ള വേദി കൂടിയാണ് ഇത്.

എല്ലാവര്‍ക്കും സ്വാഗതം. വരുവിന്‍ അര്‍മ്മാദിക്കുവിന്‍.......

* വിശദീകരണം: കല്ല്യാണം കഴിയ്ക്കാത്ത ബാച്ചിലര്‍
അബദ്ധത്തില്‍ കല്ല്യാണം കഴിച്ച് പോയി, മനസ്സില്‍ ബാച്ചിലര്‍ തന്നെയാണ്, ഫലത്തില്‍ ബാച്ചിലര്‍ തന്നെയാണ് മുതലായ ന്യായങ്ങള്‍ തല്‍ക്കാലം പരിഗണിക്കുന്നില്ല, അവരുടെ ബാച്ചിലര്‍ മനോവികാരങ്ങളെ ഉള്‍ക്കോള്ളുന്നു എങ്കിലും. ദയവായി സഹകരിക്കുക.