Monday, April 21, 2008

“നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”

"ഓര്‍മ്മ പോയോ?"

ഓടിക്കിതച്ചെത്തിയ ഞാന്‍ മില്‍മാ ബൂത്ത് നടത്തുന്ന മൊയ്‌തൂക്കയോട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചു.

"ന്റെ ഓര്‍മ്മയൊന്നും അങ്ങിനെ പോവൂല്ല ചെക്കാ.. നീയിന്നലെ വാങ്ങിയ പാലിന്റേം തൈരിന്റേം കാശ് ഇതുവരെ തന്നിട്ടില്ലാന്ന് എനക്ക് നല്ല ഓര്‍മ്മയുണ്ട്..."

ഞാനെന്താണ് ചോദിച്ചത് എന്ന് എനിക്കും ആ മില്‍മാപ്പുലിക്കും വ്യക്തമായറിയാം. എങ്കിലും, മൊയ്‌തൂക്ക അഥവാ മില്‍മൂക്ക അല്പം നര്‍മ്മിച്ചതല്ലേ.. ഒന്ന് ചിരിച്ചുകൊടുത്തേക്കാം എന്ന് കരുതി ചിരിച്ചോണ്ട് ക്വസ്റ്റ്യന്‍ ഞാന്‍ പിന്നേം റിപ്പീറ്റി...

"ദേ മില്‍മൂക്കാ, കളിക്കല്ലേ..ങാ!.... ‘ഓര്‍മ്മ ബസ്സ്’ പോയോന്ന്?!"

"എടാ ഓര്‍മ്മ ബസ്സ് ഒന്നരമണിക്കല്ലേ? അതിന് നീ ഒന്നേകാലിനേ കിടന്ന് കാറിയാല്‍ അത് വേഗം ഇങ്ങ് വര്വോ?"

"ങാ.. ഓകെ.. അത് മിസ്സായാല്‍ പിന്നെ ‘കുട്ടന്‍സ്’ മൂന്ന് മണികഴിഞ്ഞേയുള്ളൂ.. ഇന്ന് അജയേട്ടന്റെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉല്‍‌ഘാടനമല്ലേ.. അവിടെ പോവുകയാ.."

"യെല്ല മോനേ.. ഞാനൊന്ന് ചോദിച്ചോട്ടേ?" - വിനയപുരസരം മൊയ്തൂക്ക ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടു.

"യെസ്.. യെസ്.. ആസ്‌കൂ... ആസ്‌കൂ... ധൈര്യമായി ആസ്‌കൂ..മടിച്ചുനില്‍ക്കാതെ ആസ്‌കിക്കോളൂ... ആസ്‌കിക്കോളൂ.."

എന്റെ ടോണ്‍ കേട്ട് കടയില്‍ മാതൃഭൂമി പത്രം വായിച്ചോണ്ടിരിക്കുകയായിരുന്ന പച്ചമനുഷ്യന്‍ (പച്ച ഷര്‍ട്ടിട്ട മനുഷ്യന്‍) പത്രം അല്പം താഴ്‌തി എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് വീണ്ടും പത്രത്തിലേക്ക് ആഴ്‌ന്നിറങ്ങി.

"ഈ നട്ടുച്ചക്കാണോടാ പൊട്ടാ ഉല്‍ഘാടനം? ഈ നട്ടപ്പൊരിയുന്ന വെയ്‌ലത്ത് പോകാന്‍ നിനക്ക് വട്ടുണ്ടോ? അതൊക്കെ രാവിലേ ഉല്‍ഘാടിച്ച് കഴിഞ്ഞിരിക്കില്ലേ?"

"ങാ.. അതെ.. എന്നാലും പോണം. ഉല്‍ഘാടനദിവസം തന്നെ അവിടെ ഡ്രൈവിങ്ങ് ക്ലാസിന് ജൊയിന്‍ ചെയ്യാം എന്ന് അജയേട്ടന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ട് പോയേ പറ്റൂ.."

പുറത്ത് നല്ല വെയില്...

പൊള്ളുന്ന ചൂട്....

വെയിലിന്റെ കാഠിന്യത്തെ ഒന്ന് ബൂസ്റ്റ് ചെയ്ത് കാണിക്കാന്‍ കടയിലിരുന്ന് നേരത്തേ മാതൃഭൂമി പത്രം വായിച്ചോണ്ടിരുന്ന സാക്ഷാല്‍ മമ്മൂട്ടി (സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല.. നാട്ടിലെ ലോട്ടറിക്കച്ചവടക്കാരന്‍ മമ്മൂട്ടി.. നാടിന്റെ ‘സൌഭാഗ്യ'മായ മ്മടെ സ്വന്തം മമ്മൂക്ക) തനിക്കറിയാവുന്ന വിധം നര്‍മ്മം തലയിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും തപ്പിയെടുത്തു.

"എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"

അതും പറഞ്ഞ് പുള്ളി സ്വന്തമായി ചിരിയോട് ചിരി.

ഞാനെന്തോ മരണവാര്‍ത്തകേട്ടപോലെ ദയനീയമായി അയാളെ നോക്കിക്കൊണ്ട് കടയില്‍ നിന്ന് ഒരു മിറന്റയെടുത്ത് കുടിച്ചു. ബസ്സ് മിസ്സാകാതിരിക്കാന്‍ വീട്ടില്‍ നിന്ന് ടൌണിലേക്ക്, പി.ടി.ഉഷയുടെ സ്വന്തം അനിയനെപ്പോലെ മരണപ്പാച്ചില്‍ പാഞ്ഞത് മൂലം ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.

പത്തിരുപതു കിലോമിറ്റര്‍ പോകണം തലശ്ശേരിക്കടുത്ത് ധര്‍മ്മടത്ത് എത്താന്‍. എനിക്ക് തീരെ പരിചയമില്ലാത്ത ആ ഏരിയയിലാണ് അജയേട്ടന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിലെ ഒരു പ്രമുഖ സഖാവാണ് പുള്ളി. കോണ്‍ഗ്രസ്സുകാരായ വെള്ളച്ചേട്ടന്‍മാരുടെകൂടെയാണ് ഞാന്‍ സാധാരണ പെരങ്ങി നടക്കാറ് എങ്കിലും എനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുഭാവം ഇല്ല എന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കെല്ലാം വ്യക്തമായി അറിയാം. ഇസ്‌ലിയെ, എല്ലാ പാര്‍ട്ടിക്കാരുടെയും മെമ്പര്‍ഷിപ്പ് കൂപ്പണുകള്‍ വര്‍ഷാവര്‍ഷം വിവിധരൂപത്തിലും ഭാവത്തിലുമുള്ള ഒപ്പുകളിട്ട്കൊടുത്ത് കൈപ്പറ്റാറുണ്ട്. എല്ലാവരുടെയും നല്ല പരിപാടികള്‍ക്ക് പങ്കെടുക്കാറുമുണ്ട്.

(ബൈ ദ വേ, എന്റെ ഒപ്പിനെകുറിച്ച് രണ്ട് വാക്ക്. ഒരു പേപ്പറും പെന്നും തന്ന് എന്നൊടാരേലും 100 തവണ ഒപ്പിടാന്‍ പറഞ്ഞാല്‍, ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിരിക്കും.. എന്താന്നറിയില്ല!!)

ങാ.. ബസ്സിന്റെ സൌണ്ട് കേള്‍ക്കുന്നു. ‘ഓര്‍മ്മ ബസ്സിന്’ ഹോണിന്റെ ആവശ്യമില്ല എന്നകാര്യം നാട്ടില്‍ പാട്ടാ.. അതുകൊണ്ടാവും അതിനെ പാട്ടവണ്ടി പാട്ടവണ്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ടതിനെ വിളിച്ചത്. ബസ്സോടുമ്പോള്‍ ബസ്സിന്റെ ശരീരഭാഗങ്ങള്‍ ചുമ്മാ അനങ്ങുന്ന ശബ്ദം പോലും ഏതൊരു ഹോണിന്റെ ശബ്ദവീചികളേക്കാളും ഫ്രീക്വന്‍സി ഉള്ളതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.

ഒരിക്കല്‍, ഭാവിയില്‍ ഗള്‍ഫില്‍ പോകാനൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ഡ്രൈവിങ്ങ് പഠിച്ചിരിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ പറഞ്ഞിരുന്നത് ഒന്നൂടി ഓര്‍മ്മിച്ചുകൊണ്ട് ഓര്‍മ്മബസ്സില്‍ ഞാന്‍ ആസനസ്ഥനായി.

ബസ്സ് നീങ്ങിത്തുടങ്ങി. ഇപ്പോളെനിക്ക് ഒരു വിമാനത്തില്‍ കയറിയിരുന്ന ഫീലിങ്ങ്!!!!

എന്താന്നറിയില്ല! .. കമ്പിയില്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്ന ആയില്യത്തെ നാണിയമ്മ ഒരു എയര്‍ഹോസ്റ്റസ്സായി മാറുന്നപോലൊരു തോന്നല്‍..! ബസ്സിന്റെ ഗിയര്‍ സര്‍വ്വശക്തിയുമെടുത്ത് ആട്ടിപ്പൊരിക്കുന്ന ഡ്രൈവര്‍ ഗോപാലേട്ടന്‍ ഫ്ലൈറ്റ് പൈലറ്റ് - ക്യാപ്റ്റന്‍.ഗോപാല്‍ ആയി!! ഏതാനും നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സ് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കൂളായി ദുബായിലെത്തി. അവിടുത്തെ ക്ലീന്‍ & സ്‌മൂത്ത് ട്രാക്ക് റോഡുകളിലൂടെ സ്വന്തം ടൊയാറ്റോ പ്രാഡോയില്‍ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് 140 സ്പീഡില്‍ കത്തിച്ച് വിടുന്ന ഞാന്‍ സ്വയം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

"ഹോ! അന്ന് ഡ്രൈവിങ്ങ് സ്‌കൂളില്‍ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് എടുത്തത് എത്രനന്നായി. അതുകൊണ്ടല്ലേ ദുബായിലെത്തിയ ഉടനേ ആ ലൈസന്‍സിന്റെ ബലത്തില്‍ ഇവിടുത്തെ ലൈസന്‍സ് എളുപ്പത്തില്‍ കിട്ടിയത്!!".

പല പല ചിന്തകളും തലയിലെ മെഡുലോഒബ്ലാങ്കറ്റയുടെ സൈഡിലൂടെ ഓടിനടന്നു.

"ധര്‍മ്മം ..ധര്‍മ്മം.." എന്ന അശരീരി കേട്ട് യേത് പിച്ചക്കാരനാടാ എന്റെ സ്വപ്നസഞ്ചാരത്തിന് ഫുള്‍‌സ്റ്റോപ്പിട്ടത് എന്ന് അല്പം ദേഷ്യത്തോടെ, ആലസ്യത്തില്‍ നിന്നുണര്‍ന്നുനോക്കിയപ്പോള്‍, അത് സ്ഥലമെത്തിയാല്‍ ഒന്നറിയിക്കണം എന്ന് ഞാന്‍ ചട്ടം കെട്ടിയിരുന്ന കണ്ടക്റ്ററാണെന്ന് മനസ്സിലായി. ശ്ശെ! ഈ ഇരപ്പന് വിളിക്കാന്‍ കണ്ട ടൈം. (കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..). എന്തൊരു നല്ല സ്വപ്നമായിരുന്നു. പ്രാഡോയിലെ AC ഓണാക്കിയിട്ട് തണുത്ത് വരുന്നേയുള്ളുവായിരുന്നു.. യെല്ലാം നശിപ്പിച്ചു. വൃത്തികെട്ടവന്‍ പിന്നേം "ധര്‍മ്മടം.. ധര്‍മ്മടം.." എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്.

ഞാന്‍ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.

"ങേ!! ..ങാ... ങാ...ഉണ്ട്....ഉണ്ട്....ധര്‍മ്മടം ആളിറങ്ങാനുണ്ട്.."

ഞാന്‍ ചടപടേന്ന് ചാടിയെഴുന്നേറ്റ് ഓടിയിറങ്ങി. ആദ്യമായാണ് ഈ പ്രദേശത്ത് കാലുകുത്തുന്നത്. ഭൂമിശാസ്ത്രം തീരെ അറിയില്ല. വീട്ടില്‍ നിന്നും പത്തിരുപത് കിലോമീറ്റര്‍ ദൂരെയാണിപ്പോള്‍ എന്ന് ഗസ്സി!
സമയം നട്ടുച്ച! ഒരു അപ്പൂപ്പന്‍ നടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു:

"ഇന്ന് ഉല്‍ഘാടനം കഴിഞ്ഞ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ നിന്ന് എങ്ങോട്ടാ പോകേണ്ടത് എന്നറിയാമോ?"

അപ്പൂപ്പന്‍ അപ്പുറത്തെപറമ്പില്‍ മണ്ടരിബാധിച്ച തെങ്ങിന്‍ മണ്ടയിലേക്ക് നോക്കി ഒരു നിമിഷം കുലങ്കഷമായി ചിന്തിച്ച ശേഷം കൈ 90 ഡിഗ്രിയില്‍ ഉയര്‍ത്തി വലത്തോട്ട് തിരിച്ച് വച്ച് പറഞ്ഞു:

"അങ്ങോട്ട് നടന്നാല്‍ മതി. റോഡ് സൈഡില്‍ തന്നെയാ."

നന്ദിയൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു. ആ പൊള്ളുന്ന വെയിലത്ത് ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ആരോടെങ്കിലും ഒന്നൂടെ കണ്‍ഫേം ചെയ്യാം. ആരേയും കാണുന്നില്ല. അപ്പഴാ കണ്ടത്. ദാ വരുന്നു നാല് അപ്പൂപ്പന്‍മാര്‍ ഒരുമിച്ച്. ഇതെന്താ ഈ ഗ്രാമത്തിലെ എല്ലാരും ഒരേ വര്‍ഷത്തില്‍ ജനിച്ചതാണോ? അതോ അപ്പൂപ്പന്‍മാരുടെ ഏരിയാ സമ്മേളനമുണ്ടോ ആവോ? ഏതായാലും ഇവരോട് ചോദിച്ചേക്കാം...

"എക്സ്യൂസ്മീ... ഇന്ന് തുടങ്ങിയ ഡ്രൈവിങ്ങ് സ്‌കൂള്‍ ഇവിടെ അടുത്തെവിടെയോ അല്ലേ?"

അതിന് ഒരു മറുചോദ്യമായിരുന്നു ഒരപ്പൂപ്പന്റെ മറുപടി.

"ഇന്നലെ തുടങ്ങിയതല്ലേ? ഇന്നല്ലല്ലോ!?"

ങേ.. ഇന്നലെയോ...! ചിലപ്പോ ഉല്‍ഘാടനം പ്രമാണിച്ച് ഡക്കറേഷനൊക്കെ കണ്ട് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.. ശരി.. ഇന്നലെയെങ്കില്‍ ഇന്നലെ... എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോ അങ്ങേരും കൈ 90 ഡിഗ്രി ഉയര്‍ത്തി ഒരു ദിശകാണിച്ച് പറഞ്ഞു:

"നേരെ നടന്നോ... റോഡ് സൈഡില്‍ തന്നെയാ...അവിടെ ഇന്ന് രാവിലെ ഒരു ലോറി ഒരു വീടിന്റെ മതിലിനിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. അതിന്റെ നേരെ എതിര്‍ഭാഗത്താ..."

"അപകടമെവിടെ അപകടമെവിടെ..?
ലോറിയിടിച്ചൊരു മതിലെവിടെ...?
ലോറിയിടിച്ചൊരു മതിലിന്നോപ്പോ-
സിറ്റിലിരിക്കും സ്‌കൂളെവിടെ?
നമ്മുടെ ഡ്രൈവിങ്ങ് സ്‌കൂളെവിടെ?"

ഓണ്‍-ദ-സ്പോട്ട് മനസ്സില്‍ വിരിഞ്ഞ നിമിഷകവിതയുമായി ഞാന്‍ പിന്നേം നടന്നു.

സൂര്യന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എല്ലാം കൂടി ഒരു ഒന്നൊന്നര കിലോമീറ്റര്‍ പിന്നേം നടന്നപ്പോള്‍ ദാ, ദൂരെ കാണുന്നു ഒരു ലോറി.. മതിലിനിടിച്ച ലോറി....! യാ‍ാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....!!! നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഞാന്‍ ഫുള്‍ ഹാപ്പിയായി. ആദ്യമായാ ഒരു വാഹനാപകടം കണ്ട് സന്തോഷിക്കുന്നത്.. ! ഏതായാലും ലോറിയുടെ അടുത്തെത്തുംതോറും വല്യ ഒരു ബില്‍ഡിങ്ങ് അതിന്റെ എതിര്‍വശത്ത് ദൃശ്യമായി.

അടുത്തെത്തും തോറും ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി...!!

ഒരു വലിയ ആള്‍ക്കൂട്ടം! ഒരു ഭാഗത്ത് നീണ്ട ക്യൂ! ഡ്രൈവിങ്ങ് പഠിക്കാന്‍ ഇത്രേം ആളുകളോ? ‘ഗള്‍ഫില്‍ പോകേണ്ടവര്‍ ഡ്രൈവിങ്ങ് പഠിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ ഈ നാട് മുഴുവന്‍ പാട്ടാക്കിയോ?

കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഞെട്ടി ഞെട്ടി തളര്‍ന്നു!

ന്റെ ബാച്ചിപരമ്പരദൈവങ്ങളേ!!!! ആരാദ്??!!!

ഒരു വലിയ ചേച്ചി.....

ആ ചേച്ചി സ്റ്റിയറിങ്ങും പിടിച്ച് ഒരു ചുവന്ന മാരുതീക്കാറിലിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ച ആ ബില്‍ഡിങ്ങിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന മനോഹരമായ വലിയ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു: "ധര്‍മ്മ തീയറ്റര്‍, ധര്‍മ്മടം". പോസ്റ്ററില്‍ ചക്കവലിപ്പത്തില്‍ എഴുതിയ സിനിമയുടെ പേര്, ഓള്‍‌റെഡി ഉരുകിയൊലിച്ച ശരീരത്തോടെയും ഉരുകാന്‍ തുടങ്ങിയ ഹൃദയത്തോടെയും ഞാ‍ന്‍ വായിച്ചു:

"ഡ്രൈവിങ്ങ് സ്‌കൂള്‍!!"



വാല്‍ക്കഷ്ണത്തിന്റെ കഷ്ണം:

മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

"നന്ദിണ്ട് ട്ടാ" -എന്ന് ആ ചേച്ചി ആത്മഗതിച്ചുവോ..?

"എന്നാ ആക്റ്റിങ്ങാ ന്റെ ചേച്ച്യേ..!" എന്ന് ഞാനേതായാലും ആത്മഗതിച്ചു.

രണ്ട് ആത്മഗതങ്ങളുടെ ആത്മാക്കള്‍ അന്തരീക്ഷത്തില്‍ അങ്ങനെ പാറിനടക്കുമ്പോള്‍ തലശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു.

Friday, April 11, 2008

ഒരു ബാച്ചിലര്‍ രാജി കത്ത്‌

ബാച്ചിലര്‍ ക്ലബിന്റെ ആജീവനാന്ത പ്രസിഡന്റിന്റേം സെക്രട്ടറിയുടേയും ജനാധിപത്യ രാഹിത്യവും സ്വേച്ചാധിപത്യവും ആരോപിച്ചല്ല,ഞാനും രാജിവെക്കുന്നു. (കാരണം അങ്ങ്‌ ഊഹിക്ക്യാ)

ഇതിനു മുന്‍പ്‌ ഞാന്‍ ഈ ബ്ലോഗിലിട്ട എല്ലാ പോസ്റ്റുകളും കാലഹരണപ്പെട്ടിരിക്കുന്നു (അല്ല്ലേലും അതൊന്നും സത്യല്ലാന്നേ)