Saturday, September 23, 2006

ഉത്തരാധുനിക കദനകഥ

ചക്രവാളത്തില്‍ സൂര്യന്‍ “ഡേയ്.... പോടേയ്” എന്ന ഭാവത്തില്‍ നില്‍ക്കുന്നു. രമേശന്‍ എരിഞ്ഞ് തീരാറായ ബീഡിയില്‍ നിന്ന് ഒരു കഞ്ചാവ് കത്തിച്ചു. അല്ലെങ്കിലും ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് ഉലാത്താനിറങ്ങുന്ന ചിന്തകള്‍ക്ക് ഒരു ‘പുകമറ‘യിടാന്‍ അയാള്‍ പണ്ടേ ശ്രദ്ധിക്കുമായിരുന്നു. എവിടെയാണ് പിഴച്ചത്? ഞരമ്പുകളിലോടുന്ന പ്രത്യയശാസ്ത്രചിന്തകള്‍ എവിടെയാണ് പാളയംകോടന്‍ പഴത്തൊലി ചവിട്ടി വഴുക്കി വീണത്? യുഗാന്തരങ്ങള്‍ക്കപ്പുറത്ത് ഒരു കടവാതില്‍ കോട്ടുവായിട്ടത് അയാള്‍ അറിഞ്ഞില്ല. കാലം തന്റെ കൂടപ്പിറപ്പുകളുമായി കുളിക്കാനിറങ്ങുമ്പോള്‍ ആഫ്രിക്കന്‍ പായലുകള്‍ കെട്ടിക്കിടക്കുന്ന കുളം ഒരു ശൂന്യബിന്ദുവിലലിഞ്ഞു.

ആവര്‍ത്തനവിരസമായ കാലചക്രത്തിന്റെ തിരിച്ചിലില്‍ എണ്ണകൊടുക്കാത്ത പല്‍ചക്രങ്ങള്‍ ‘ക്രീ ക്രീ’ ശബ്ദമുണ്ടാക്കി. അയാള്‍ ചിന്തിക്കുകയായിരുന്നു. ഇന്നലെവരെ കണ്ടിട്ടില്ലാത്ത രീതിയില്‍ വേട്ടപ്പട്ടികള്‍ക്കിരയാവാന്‍ മാത്രം ഞാന്‍ എന്ത് തെറ്റ് ചെയ്തു. കാമത്തിന്റെ കടക്കണ്ണില്‍ കടലെണ്ണയൊഴിച്ച് പുറംകാല്‍ കൊണ്ട് തൊഴിക്കാന്‍ കഴിയാത്തത് ഇത്ര വലിയ ഒരു പഞ്ചാഗ്നിയില്‍ ഒഴിച്ച പാമോയിലാവുമെന്ന് അയാള്‍ അറിഞ്ഞിരുന്നില്ല. മാന്തിയെടുക്കപ്പെട്ട തോല് അയാളുടെ കവിളില്‍ നീറ്റലുണ്ടാക്കി. പാപത്തിന്റെ നിറം എന്തെന്ന് കണ്ടെത്തിയ അയാള്‍ക്ക് സങ്കടമോ സന്തോഷമോ തോന്നിയതെന്ന് ഓര്‍മ്മയുണ്ടായില്ല.

നിറമില്ലായ്മയുടെ നിറക്കൂട്ടുകളില്‍ നിറഞ്ഞൊഴുകിയ പുഴയും നീരാളിയുടെ കൈയ്യും ഒമര്‍ ഖയ്യാമിന്റെ പൂച്ചകള്‍ക്ക് പ്രവേശനമില്ലാത്ത പൂന്തോട്ടവും അയാള്‍ ഓര്‍ക്കാന്‍ ശ്രമിച്ചു. ഇന്നലെ വരെ തുറക്കപ്പെട്ടിരുന്നു സ്വര്‍ഗത്തിന്റെ വാതില്‍ പെട്ടെന്ന് അയാള്‍ക്ക് മുന്നില്‍ കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു. മുമ്പ് ഇല്ലായിരുന്ന ഈ സ്വര്‍ഗം ഇപ്പോള്‍ നഷ്ടപ്പെടുമ്പോള്‍ എന്താണ് വേദനിക്കുന്നത് എന്ന ചോദ്യം അയാളെ നോക്കി കൊഞ്ഞനം കുത്താന്‍ ശ്രമിച്ചെങ്കിലും അയാള്‍ അതിനെ നോക്കിപ്പേടിപ്പിച്ചു. ഈ സ്വര്‍ഗം സ്വപ്നം കണ്ടിരുന്നപ്പോഴുള്ള സുഖം ഇപ്പോഴില്ല എന്ന വേദനിപ്പിക്കുന്ന സത്യം അയാളെയും ചെറുതായിട്ടൊന്ന് വേദനിപ്പിച്ചു.

കഞ്ചാവ് കെട്ടടങ്ങി. ഇനി തിരികെ ശ്മശാനഭൂവിലേക്ക്. കവിളും പുറവും അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഭീമമായ തെറ്റ് അയാള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഞെട്ടിപ്പിക്കുന്ന ആ സത്യം അയാള്‍ ഒരിക്കല്‍ കൂടി വളരെ പ്രയാസപ്പെട്ട് അയവിറക്കി.

ചാണകപ്പച്ച ഷേഡ് ബ്ലൌസിന് പകരം തത്തമ്മപ്പച്ച ഷേഡാണത്രേ താന്‍ വാങ്ങിയത്.

13 comments:

ദില്‍ബാസുരന്‍ said...
This comment has been removed by a blog administrator.
ദില്‍ബാസുരന്‍ said...

ആത്മാവിന്റെ അന്തരാളങ്ങളില്‍ നിന്ന് വന്ന ചില എക്സ് ബാച്ചിലര്‍ ചിന്താമുകുളങ്ങള്‍ ഞാന്‍ ഇവിടെ കുത്തിക്കുറിച്ചിരിക്കുന്നു.
പേടിയുള്ളവര്‍ വായിക്കരുത് പ്ലീസ്.....

ikkaas|ഇക്കാസ് said...

ഗുഡ്ഡ് മോനേ ഗുഡ്ഡ്.. ദിങ്ങനെ പോരട്ടെ ചിന്തകള്

വിശാല മനസ്കന്‍ said...

കഞ്ചാവ് കെട്ടടങ്ങി. ഇനി തിരികെ ശ്മശാനഭൂവിലേക്ക്. കവിളും പുറവും അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഭീമമായ തെറ്റ് അയാള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഞെട്ടിപ്പിക്കുന്ന ആ സത്യം ആ ‘ബാച്ചിലര്‍‘ ഒരിക്കല്‍ കൂടി വളരെ പ്രയാസപ്പെട്ട് അയവിറക്കി.

‘ബസിനുള്ളില്‍ വച്ച് ഞാനാ സ്ത്രീയോട് ഇത്രക്കും മോശമായി പെരുമാറാന്‍ പാടില്ലായിരുന്നു’

അനംഗാരി said...

വിവാഹം കഴിച്ച് ഭാര്യാ പീഡനത്തിന് ഇരയായവന്റെ വേദന..ദില്‍ബൂ സത്യം പറ...എവിടെയാ അണ്‍‌രെജിസ്ടേഡ് ഭാര്യ?....ഹഹഹഹ.....
ശരിയായ ഭര്‍ത്താക്കന്‍‌മാര്‍ ഒന്നും ഇങ്ങനെയല്ല ദില്‍ബൂ.
അവര്‍ യേശുവിന്റെ പിന്‍മുറക്കാരെയല്ല. ബിന്‍ലാദന്‍ ടീമാണ്.ഒന്ന് കിട്ടിയാല്‍ തിരിച്ച് രണ്ട്.

ഇടിവാള്‍ said...

കഞ്ചാവ് കെട്ടടങ്ങി. ഇനി തിരികെ ശ്മശാനഭൂവിലേക്ക്. കവിളും പുറവും അപ്പോഴും വേദനിക്കുന്നുണ്ടായിരുന്നു. താന്‍ ചെയ്ത ഭീമമായ തെറ്റ് അയാള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തു. ഞെട്ടിപ്പിക്കുന്ന ആ സത്യം ആ ‘ബാച്ചിലര്‍‘ ഒരിക്കല്‍ കൂടി വളരെ പ്രയാസപ്പെട്ട് അയവിറക്കി.


കുളി കഴിഞ്ഞ് ഷര്‍ട്ട് നോക്കിയിട്ട് കാണാഞ്ഞ്‌ ലിവിങ്ങ് റൂമിലെ പത്രമാസികകളുടെ കൂമ്പാരത്തിനു മുകളിലും സൊഫയിലും ഉള്ളതൊന്നും മണം കാരണം അടുക്കാ‍ന്‍ പറ്റാത്ത ഷര്‍ട്ടുമെടുത്തിട്ട്‌ അവളോട്‌ ഐ ലവ്‌ യൂ എന്നു പറഞ്ഞതാണോ താന്‍ ചെയ്ത തെറ്റ്‌ ?

കരണം പുകഞ്ഞ അടി മാത്രമോ, പുറം നോക്കി ഒരു ചവിട്ടുമല്ലേ ആ ഭദ്രകാളി തന്നത്‌ ! കവിളും പുറവും നീറാതിരിക്കുമോ ?

നാറ്റം സഹിക്കാന്‍ പറ്റുന്നില്ലെന്ന് അവള്‍ക്ക്‌ !

ഈ ബാച്ചലേഴ്സിന്റെയൊക്കെ ഓരോ പ്രശ്നങ്ങളേ !

ദില്‍ബാസുരന്‍ said...

ഇത് വായിച്ചിട്ട് ബാച്ചിലറുടെ കഥയാണെന്ന് തോന്നിയവരോട് എനിക്ക് സഹതാപമുണ്ട്.

ദില്‍ബാസുരന്‍ said...

ടെമ്പ്ലേറ്റ് ടെസ്റ്റിങ്ങ് ടെസ്റ്റിങ്......

പുള്ളി said...

ദില്‍ബൂ, സൂര്യന്റെ ആ നില്‍പ്പു കൊള്ളാം. സംഗതി കലാപരമായി ഉദാത്തമെങ്കിലും ആശയപരവും സൈദ്ധാന്തികവുമായ കാരണങ്ങളാല്‍ ഇതു കഥയില്ലാതെ ഉത്തരാധുനിക കദനം മാത്രമായി.

Adithyan said...

അയാള്‍ക്കിന്നും അത്താഴപ്പട്ടിണി അല്ലെ?
പാവം കിടപ്പും പുറത്താവും...

അളിയന്‍സ് said...

എന്ത്...... ex-bachelors ന്റെ മനോവികാരങ്ങളെ ഇതയും ഉദാത്തമായി പറഞ്ഞിട്ടും അതിനെ അഭിനന്ദിക്കാന്‍ ആളുകള്‍ കുറവോ...?
മാത്രമല്ലാ.... അസൂയ പൂണ്ട തല്പരകക്ഷികളായ ചില എക്സ്-പുംഗവന്മാര്‍ ആ രചനയിലെ ക്ലൈമാക്സ് ഭാഗം മാനിപുലേറ്റ് ചെയ്ത് അലമ്പാക്കിയിരിക്കുന്നൂ, ലജ്ജാകരം.

കലക്കീ ദില്‍ബൂ, കലക്കി.

ദില്‍ബാസുരന്‍ said...

അളിയാ... ആളുകള്‍ ഇത് വായിക്കാത്തതില്‍ ഒരു സങ്കടവുമില്ല. മറുപടി പറയാന്‍ പറ്റില്ലെങ്കില്‍ പിന്നെ കണ്ടില്ലെന്ന് നടിച്ചാല്‍ മതിയല്ലോ. പാവങ്ങള്‍ ജീവിച്ച് പോട്ടെ...

മുസാഫിര്‍ said...

ഇതു ഏറ്റില്ലല്ലൊ ദില്ബു അനിയാ.
വിവാഹിതരെക്കുറിച്ച് എഴുതണമെങ്കില്‍ വേറെ എന്തെല്ലാം വിഷയങ്ങള്‍ ഉണ്ടായിരുന്നു ? ഉദാഹരണത്തിന്...
അയ്യോ,ഞാന്‍ തന്നെ കോടാലിക്കൈ ആകുന്നില്ല.ബാക്കിയുള്ളവര്‍ എല്ലാം കുടി എന്നെ എടുത്തിട്ടു പെരുമാറും.
അപ്പോള്‍ പറഞ്ഞപോലെ .