Thursday, September 21, 2006

ആത്മാവിനു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍

ഇന്നും (പതിവുപോലെ) താമസിച്ചാണുണര്‍ന്നത്. 9-ന് ഓഫീസിലെത്തണമെന്നാണ് കരുതിയത്. 11-നെങ്കിലും എത്തിയാല്‍ ഭാഗ്യം. എണീറ്റ് കാല് കുത്തിയത് ഇന്നലെ കുടിച്ചിട്ട് ബെഡിനു താഴെ വെച്ചിരുന്ന ഹെയ്‌ങ്കന്‍ ബിയര്‍ കുപ്പിയുടെ മുകളില്‍. അത് തട്ടിമറിഞ്ഞ്, കിടക്കുന്നതിനു മുന്‍പെ ഊരിയിട്ടിരുന്ന ഷൂസില്‍ മുഴുവന്‍ ബിയറായി. നേരെ ബെഡ്‌ഷീറ്റു കൊണ്ടതങ്ങ് തുടച്ചു. ടൂത്ത് പേസ്റ്റ് എടുക്കാനായി അടുക്കളയിലെത്തി. സ്മിര്‍ണ്‍ ഓഫിന്റെ കുപ്പി (ഉപയോഗിക്കാത്ത) ഹീറ്ററിന്റെ മുകളില്‍ ഇരിക്കുന്നു. ഇന്നലെ ഫ്രിഡ്‌ജില്‍ തിരിച്ചു വെക്കാന്‍ മറന്നു. പല്ലു തേക്കുന്നതിനു മുന്നെ ഒരു സ്മോള്‍ ഓണ്‍ ദ് റോക്ക്സ് അടിക്കണോ എന്നാലോചിച്ചു. ഓഫീസില്‍ പോകണ്ടതല്ലേ എന്നു വിചാരിച്ച് വേണ്ടെന്നു വെച്ചു.

തലേന്നത്തെ അത്താഴത്തിന്റെ ബാക്കിയായി ഫ്രീസറില്‍ വെച്ചിരുന്ന ഒരു കഷ്‌ണം പിസ്സാ ആയിരുന്നു ബ്രെയ്ക്ക് ഫാസ്റ്റ്. അടുക്കളയില്‍ ആകെ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ മൈക്രോവേവും ഫ്രിഡ്‌ജും. ഹീറ്റര്‍ ടോപ്പ് ബാര്‍ ടേബിള്‍ ആയി ഉപയോഗിക്കുന്നു ;) പിന്നെ കിട്ടാവുന്ന കോക്ക്‌ടെയില്‍ റെസിപ്പീസ് എല്ലാം അടുക്കളയുടെ ചുവരുകളെ അലങ്കരിക്കാനായി തൂക്കിയിട്ടിട്ടുണ്ട്.

കുളി കഴിഞ്ഞ് ഷര്‍ട്ട് നോക്കിയിട്ട് കാണുന്നില്ല. ലിവിങ്ങ് റൂമിലെ പത്രമാസികകളുടെ കൂമ്പാരത്തിനു മുകളിലും സൊഫയിലും ഉള്ളതൊന്നും മണം കാരണം അടുക്കാ‍ന്‍ പറ്റാത്ത സ്ഥിതിയിലാണ്. പിന്നെ ലോണ്ട്രി ബാസ്‌ക്കറ്റില്‍ നിന്ന് ഉള്ളതില്‍ ഭേദമുള്ള ഒരെണ്ണം ഒപ്പിച്ചു. ഡിയോ പുതിയതു വാങ്ങാറായി.

വൈകിട്ട് ഓഫീസ് വിട്ട് ഇറങ്ങുന്ന വഴിക്കാണ് ലിന്‍ഡയ്ക്ക് ഒന്നു ഷോപ്പിങ്ങിനു കൂട്ടു ചെല്ലുമോ എന്നു ചോദിച്ചത്. വീട്ടില്‍ ആരും പ്രതീക്ഷിച്ചിരിക്കാനില്ലാത്തതു കൊണ്ട് അവളുടെ കൂടെ സായാഹ്നം ചിലവാക്കാന്‍ പെട്ടെന്നു തന്നെ സമ്മതിച്ചു. അത്താഴം ലിന്‍ഡയുടെ ഫ്ലാറ്റില്‍ നിന്നാക്കിയത് അവളുടെ നിര്‍ബന്ധം കൊണ്ടു മാത്രം. ഇറങ്ങിയപ്പോള്‍ താമസിച്ചു.

വീട്ടിലേക്കു ഡ്രൈവ് ചെയ്‌തു കൊണ്ടിരുന്നതിനിടയിലാണ് അപൂര്‍വ്വയുടെ ഫോണ്‍ വന്നത്. സിദ്ധാര്‍ത്ഥും കൌഷിക്കും അവന്റെ ഫ്ലാറ്റില്‍ ഒന്നു കൂടാന്‍ തീരുമനിച്ചത്രെ. എന്നാല്‍ പിന്നെ കോറം തികയ്ക്കാനായി വണ്ടി അങ്ങോട്ടു വിടാം എന്നു തീരുമാനിച്ചു. അങ്ങനെയിരിക്കുമ്പോള്‍ സിദ്ധാര്‍ത്ഥ് പെട്ടെന്ന് പഴയ കാമുകിയെപ്പറ്റി ഓര്‍ക്കും. പിന്നെ എല്ലാം പെട്ടെന്നായിരിക്കും, 2 ലിറ്ററിന്റെ ഒരു ജാക്ക് ഡാനിയത്സും വാങ്ങി അവന്‍ ഞങ്ങളെയെല്ലാം വിളിക്കും. നല്ല്ല കൂട്ടുകാര്‍ എന്ന നിലയില്‍ അവന്റെ ദുഃഖം പങ്കുവെയ്ക്കേണ്ടത് ഞങ്ങളുടെ കടമയാണല്ലോ. പിന്നെ വീട്ടില്‍ ആരും നേരത്തെ വരാനായി നോക്കിയിരിക്കുന്നില്ലാത്തതു കൊണ്ട് കുഴപ്പമില്ല.

അപൂര്‍വ്വയുടെ വീട്ടിലെ ആഘോഷം തീര്‍ന്നപ്പോള്‍ രാവിലെ നാലുമണിയായി. ഒരുതരത്തില്‍ വീടെത്തി, ഡ്രെസ് മാറാനൊന്നും, എന്തിന് ഷൂ അഴിക്കാന്‍ പോലും നിന്നില്ല. ഫ്രിഡ്ജില്‍ നിന്ന് ഒരു ഹെയ്‌ങ്കന്‍ കുപ്പിയുമെടുത്ത് നേരെ ബെഡിലേക്ക്. വീണ്ടും ഒരു ദിവസം താമസിച്ചെണീക്കാന്‍... പതിവു പോലെ അവിവാഹിത ദിനങ്ങള്‍ ആഘോഷിക്കാന്‍... :)

39 comments:

രാജീവ് സാക്ഷി | Rajeev Sakshi said...

ആദിയുടെ ആത്മാവിന്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ എന്നു തിരുത്തിവായിക്കാന്‍ ആപേക്ഷ.

ഈ ടൈറ്റില്‍ വേറെയാരുടേയോ സ്റ്റാറ്റസില്‍ വായിച്ചൂലോ. ഇനി കക്ഷിയുടെ ആത്മാവിന്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങളാണോ ആദിയെഴുതിയിരിക്കുന്നത്.

(ആദി എന്നേക്കൊണ്ട് ഇത്രയേ പറ്റൂ.
ഷരട്ടൊക്കെ അഴിച്ച് കുനിഞ്ഞ് നിന്നോളൂ.
ഓരോരുത്തരായി വന്ന് തിരുവാതിര കളിച്ച് പൊയ്ക്കോട്ടെ.)

ബിന്ദു said...

എന്തിന് ബെഡിലേക്കു മറിയണം? ആ വാഷ്‌റൂമിന്റെ വാതില്‍ക്കല്‍ തന്നെ കിടക്കൂ.. രാവിലെ ഇത്തിരി കൂടി താമസിച്ചെഴുന്നേറ്റാല്‍ മതീല്ലൊ.;)

Rasheed Chalil said...

ബാച്ചിലറല്ലേ ആദീ... ന്നീ ഇതൊക്കെ ചെയ്യും.

പാപ്പാന്‍‌/mahout said...

തലേ ദിവസം ഷൂ അഴിച്ചുവച്ചതുകൊണ്ടല്ലേ അതി ഹൈനക്കനായത്. ഇന്നു ഷൂ അഴിച്ചുവയ്ക്കാത്തതിനാല്‍ നാളെ നടക്കുമ്പോ ഇന്നത്തെപ്പോലെ പുഞ്ചപ്പാടത്തു നടക്കുന്ന ഫീലിങ്ങ് ഉണ്ടാവില്ല. ഇതിനാണു പുരോഗതി എന്നു പറയുന്നത്.

അഷ്റഫ് said...

നന്നായിക്കൂടെ മാഷെ...?

Anonymous said...

പന്നിക്കൂടിലെ ആത്മാവ് എന്നു വല്ലോമാ‍വായിരുന്നു ടൈട്ടില്‍.:)

കിച്ചു said...

അല്ല മാഷേ ഹോട്ടും കൂളും ഇങ്ങനെ കഴിച്ചാല്‍ വാളുവയ്ക്കാതിരിക്കാന്‍ എന്തു ചെയ്യാന്‍ കഴിയും?.

പിന്നെ ഒരു സജക്ഷന്‍; ബാച്ചിലറുടെ പ്രശ്നങ്ങള്ക്ക് 'ഡോക്ടറോട് ചോദിക്കാം' എന്നൊരു പംക്തി കൂടി വേണം. അതില്‍ ആദ്യത്തെ ചോദ്യം - വാളു വ്യ്ക്കാതിരിക്കാന്‍ എന്തെല്ലാം ചെയ്യണം എന്നതിനെ കുറിച്ചായിരിക്കണം. (കാരണം എന്നും റൂം കഴുകി കഴുകി ഞാന്‍ മടുത്തു):)-:)

Kumar Neelakandan © (Kumar NM) said...

അയ്യയ്യേ ആദീ ഇതൊക്കെയാണോ അവിവാഹിതന്റെ രസം? ഇതൊക്കെ വേണമെങ്കില്‍ വിവാഹം കഴിചിട്ടും ആകാം. ഇതിനുവേണ്ടിയാണോ പെണ്ണുകെട്ടാതെ നിലക്കണേ? (അല്ലാതെ കിട്ടാത്തതു കൊണ്ടല്ല, അല്ലേ?)

തണുപ്പന്‍ said...

വര്‍ക്കിങ്ങ് ടേബിളിന് ചുറ്റുമുള്ള ബീര്‍ കാനുകളൊക്കെ കുലുക്കി നോക്കി, ഉള്ളത്തില്‍ നിന്നും ഇരിറുക്ക് കുടിച്ച്, ഫ്രിഡ്ജിലെ പിസാ കഷണം മൈക്റോ വേവില്ല് ഒന്ന് ചൂടാക്കി ഒരു കഷണം കടിച്ച്, മൂലയിലെ അലമാരയില്‍ നിന്ന് മണത്ത് നോക്കി സെലെക്റ്റ് ചെയ്ത ഒരു സോക്സും കാലിലിട്ട് ഞാനും പുറത്തിറങ്ങട്ടെ, ഇന്നാണല്ലോ ലവന്‍റെ ലൈനിന്‍റെ കല്യാണം കഴിഞ്ഞ് പാര്‍ട്ടി.

എന്തൊരു ലൈഫാണപ്പാ...അസൂയപ്പെട്ടൊ എക്സന്മാരെ.

പട്ടേരി l Patteri said...
This comment has been removed by a blog administrator.
പട്ടേരി l Patteri said...

എന്തായാലും ബാച്ചിലേര്‍സ് ബെഡിലേ വീഴൂ...കല്യാണം കഴിച്ചവര്‍ എവിടെ വീഴും എന്നു
ഇവിടെ നോക്കൂ

ദേവന്‍ said...

മോറല്‍ ഓ ദിഅ കഥ
ആല്‍ക്കഹോള്‍ അഡിക്ഷന്‍+ ജങ്ക് ശാപ്പാട്= ബാച്ചിലര്‍
&
ക്വാളിറ്റി ലൈഫ്+ ക്വാളിറ്റി ശാപ്പാട് = കെട്ടിയോന്‍
കെട്ടെടോ. ലിവ് ഫസ്റ്റ് ക്ലാസ്സ്.

രാജീവ് സാക്ഷി | Rajeev Sakshi said...

അതന്ന്യാ ദേവേട്ടാ പറയണത് കെട്ടിയാല്‍ ഫസ്റ്റ് ക്ലാസ് ഉപേക്ഷിക്കേണ്ടി വരും.

Adithyan said...

കിച്ച്വേ, എനിക്കൊന്നേ പറയാനൊള്ളു പ്രാക്റ്റീ‍സ് മെയ്‌ക്ക്സ് എ മാന്‍ പേര്‍ഫെക്‌ട്.

കുമാറേട്ടാ,
“ഇതൊക്കെ വേണമെങ്കില്‍ വിവാഹം കഴിചിട്ടും ആകാം“ അല്ലെ?
ബെഡ്‌ റൂമിലേക്ക് ബിയറും കൊണ്ട് കേറാന്‍ ചേച്ചി സമ്മതിക്കുമോ? (എന്തിന് ബെഡ് റൂം, വീട്ടില്‍ കേറ്റുമോ?) ;)

ഏതേലും ഫ്രണ്ട് വിളിക്കുമ്പോ അവന്റെ കൂടെ തോന്നുന്ന സമയത്ത് ഇറങ്ങിപ്പോകാന്‍ പറ്റുമോ? എന്നിട്ട് തിരിച്ച് വീട്ടില്‍ പാതിരാ കഴിഞ്ഞ് കയറി വരാന്‍ പറ്റുമോ?

മതി ... നിര്‍ത്തി... :)) ദില്‍ബന്‍ പറഞ്ഞ പോലെ നിങ്ങളെ ഞങ്ങള്‍ അധികം വേദനിപ്പിക്കാന്‍ പാടില്ല. ഞങ്ങള്‍ക്കുമില്ലേ മനസാക്ഷി. ;))

Kumar Neelakandan © (Kumar NM) said...

എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ, ഇവന്മാരുടെ വാക്കിലെ ആത്മാര്‍ത്ഥതയും ആത്മവിശ്വാസവും കണ്ടാല്‍ തോന്നും, ജീവിത കാലം മുഴുവന്‍ ഇങ്ങനെ കാളകളിച്ചു നടക്കാന്‍ പോവുകയാണെന്ന്.

ആദിത്യാ അടുത്ത തവണ വരുമ്പോള്‍ ഒരു ജാക്ക് ഡാനിയത്സ് കൊണ്ടുവാ.. അപ്പോള്‍ ഞാ‍ന്‍ കാണിച്ചുതരാം അതുമായി ഞാന്‍ വീട്ടില്‍ കയറുന്നത് ;)

അനംഗാരി said...

ആദീ, ഇതുപോലെയൊക്കെ പെണ്ണ് കെട്ട് കഴിഞ്ഞാലും ജീവിക്കാം. പുറകില്‍ നട്ടെല്ല എന്ന് പറയുന്ന സാധനം വേണം. എന്റെ ഫ്രിഡ്ജിലാണെങ്കില്‍ ഇപ്പോഴും കുപ്പികള്‍ എന്നെ നോക്കി ചിരിക്കുന്നു. പിന്നെ, നല്ല പാതിയെ ( ചിലപ്പോഴൊക്കെ ചീത്ത പാതിയും) മയക്കി കൈപ്പിടിയിലൊതുക്കാന്‍ ചില സൂത്രങ്ങള്‍ പ്രയോഗിക്കേണ്ടി വരും.ഇതിനു വേണ്ടി പെണ്ണു കെട്ട് ഉപേക്ഷിക്കണ്ട. ധൈര്യമായി ഇറങ്ങൂ. ജീവചരിത്രം എന്തായാലും ഇതു മതി. ഇതു നല്ല ഒരു ബയോഡാറ്റയാണ്. നന്നായി ചില്ലിട്ട് സൂക്ഷിച്ച് വെച്ചോളൂ.

വേഡ് വെരി:fitfit

Adithyan said...

പാണ്ഡവര്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, മഹായുദ്ധത്തിനു വളരെ മുന്‍പു തന്നെ. പന്ത്രണ്ട് മാസത്തെ വനവാ‍സം അവര്‍ ആയുധങ്ങള്‍ സംഭരിക്കാനും പുതിയ ആയോധനവിദ്യകള്‍ അഭ്യസിക്കാനുമായി ചിലവിട്ടു. ഒടുവില്‍ ഒരു വര്‍ഷത്തെ വനവാസം, പിന്നെ പൊടുന്നനെ അത് അവസാനിപ്പിച്ചു കൊണ്ട് വിരാടരാജ്യത്തില്‍ വെച്ച് കൌരവപ്രമുഖരുമായി ഒരങ്കം. അവിടുന്നങ്ങോട്ട് കാര്യങ്ങള്‍ പെട്ടെന്ന് നീങ്ങി. പടയൊരുക്കം തുടങ്ങി, ഇരുഭാഗത്തും. മഹാരഥനമാര്‍ ഇരുവശത്തുമായി അണിനിരന്നു. എല്ലാമവസാനിപ്പിക്കാനുള്ള യുദ്ധം തുടങ്ങാനൊരു തിയതിയും തീര്‍മാനിച്ചു.

യുദ്ധത്തിന്റെ ആദ്യദിവസം രാവിലെ അര്‍ജ്ജുനന്‍ മറ്റുള്ളവരോടൊപ്പം യുദ്ധത്തിനായി കുരുക്ഷേത്രത്തിലെത്തി... യുദ്ധത്തിന് തയ്യാറെടുത്ത് മറുപക്ഷം അണിനിരന്നിരിക്കുന്നത് ഒരു നിമിഷം ശ്രദ്ധിച്ച അര്‍ജ്ജുനന്‍ തളര്‍ന്നു പോയി. ഇരുപക്ഷത്തിന്റെയും നഥനായ ഭീഷമപിതാമഹര്‍, ഗുരു ദ്രോണാചാര്യര്‍, കൃപാചാര്യര്‍, ശല്യര്‍, അസംഖ്യം പേരു കേട്ട മഹാരാജാക്കള്‍, പിന്നെ പോരടിച്ചു വളര്‍ന്ന കൌരവര്‍ എന്നു തുടങ്ങി ബന്ധുമിത്രാദികളുടെ ഒരു വലിയ നിര. ഇവരോടോ അങ്കം വെട്ടേണ്ടു എന്നാലോചിച്ച് അര്‍ജ്ജുനന്‍ തളര്‍ന്നിരുന്നു.

*************

ഒരു ബാച്ചിലേഴ്സ് ക്ലബ്ബ് ഉണ്ടാക്കാനുള്ള ആലോചന പണ്ടേ തുടങ്ങിരുന്നു. ഞാനും ദില്‍ബനും ശ്രീയും എല്ലാം ഒളിഞ്ഞും തെളിഞ്ഞും എല്ലാം അതിനായി പല കമന്റുകളും ഇട്ടിരുന്നു. ഒരു ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെ സ്‌ട്രാറ്റജി ആയ ക്യൂറിയോസിറ്റി സ്പ്രെഡിങ്ങ് ഞങ്ങള്‍ ചെയ്തു പോന്നു. പിന്നെ ഞങ്ങള്‍ അത് നിര്‍ത്തി - ഒരു സൈലന്റ് പീര്യഡ് ഉണ്ടാക്കി. വിരാടരാജധാനിയില്‍ അവിചാരിതമായി ഗോഗ്രഹണം തടയാന്‍ യുദ്ധം ചെയ്യേണ്ടി വന്നപോലെ കറിവേപ്പിലയിലെ ഒരു പോസ്റ്റിനെത്തുടര്‍ന്ന് എന്റെ ബ്ലോഗില്‍ ഒരു മുട്ടപുരാണം, അതിന്റെ കമന്റു തട്ടില്‍ ഒരു മിനി അങ്കം. പിന്നെ നിശബ്ദമായ പടയൊരുക്കം. ഞങ്ങള്‍ ബ്ലോഗ് ഒരുക്കി. ദില്‍ബനും ഞാനും ശ്രീയും മെമ്പേഴ്സ് ആയി. പോസ്റ്റ് ഒക്കെ ഡ്രാഫ്റ്റ് ആക്കി വെച്ചു. ഇന്നലെ അങ്കം കുറിക്കാന്‍ തീരുമാനിച്ചു വെച്ചിരുന്നു. ഇതെല്ലാം അറിയാമായിരുന്ന ഞാന്‍ ഇന്ന് രാവിലെ എണീറ്റ് വന്ന് ബ്ലോഗില്‍ കയറി, നോക്കിയപ്പോള്‍ കണ്ടത് മറുപക്ഷം ‘പെണ്ണിനെ കെട്ടിയ ആണുങ്ങള്‍’ എന്ന കുടക്കീഴില്‍ അണിനിരന്നിരിക്കുന്നതാണ്. ആ കോണ്‍ട്രിബ്യൂട്ടേഴ്സ് ലിസ്റ്റിലേക്ക് ഒന്നു നോക്കിയ എനിക്ക് അര്‍ജ്ജുനനോട് സഹതാപം തോന്നി. അര്‍ജ്ജുനന് അന്ന് മനസില്‍ തോന്നിയത് അതിന്റെ മുഴുവന്‍ അര്‍ത്ഥത്തില്‍ എനിക്ക് മനസിലായി...

ബ്ലോഗുകുലത്തിനാകെ ഭീഷ്മപിതാമഹനായ സിബു, എല്ലാവര്‍ക്കും ഗുരുവായ ഉമേഷ്ജി, ആചാര്യന്മാരുടെ സ്ഥാനത്ത് വിശ്വേട്ടന്‍, ബെന്നി, അനിലേട്ടന്‍, പാപ്പേട്ടന്‍, വിശാല്‍ജി, പിന്നെ സ്ഥിരം പോരടിക്കുന്ന കുമാറേട്ടന്‍, ഇത്തിരി, ഇടിവാള്‍, ഇബ്രു, അരവിന്ദ് , പിന്നെയും എണ്ണിയാലൊടുങ്ങാത്ത മഹാരഥന്മാര്‍... ;)

ഇതു മൊത്തം കണ്ടപ്പോളാണ് ഞാന്‍ അര്‍ജ്ജുനന് അന്നെ എന്താവും ആലോചിച്ചിട്ടുണ്ടാവുക എന്നതിന്റെ ഒരു ഏകദേശ ഐഡിയ കിട്ടിയത്. പിന്നെ എന്നെ ആശ്വസിപ്പിക്കാന്‍ ഞാന്‍ തന്നത്താന്‍ രചിച്ച ഗീഥയാണ് ലോ ലിത്. :D

പാപ്പാന്‍‌/mahout said...

കിടിലന്‍ കമന്റാണെങ്കിലും അര്‍‌ജ്ജുനാ, 12 കൊല്ലത്തെ വനവാസവും, ഒരു കൊല്ലത്തെ അജ്ഞാതവാസവുമായിരുന്നില്ലേ നിങ്ങള്‍‌ക്കുവിധിച്ചിരുന്നത് എന്നു ചോദിച്ചേ പറ്റൂ...

evuraan said...

എല്ലാം കഴിഞ്ഞാലോ, ഇനി വയ്യ കൂട്ടരേ... എന്ന് ദിഗന്തങ്ങള്‍ നടുങ്ങുമാറലറിയ ശേഷം അര്‍ജ്ജുനന്‍ വില്ലും ആവനാഴിയും വലിച്ചെറിഞ്ഞ് മറുകണ്ടം ചാടുകയും ചെയ്യും.

Adithyan said...

കറക്ട് കറക്ട്... :)
ആവേശം കൂടിപ്പോയതാ ;)

Anonymous said...

ഹഹഹ..ആദി സത്യം കേട്ടൊ.ഇന്നലെ അത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു നിങ്ങളെന്തെങ്കിലും ഒക്കെ ഇവിടെ ചെയ്യുമെന്ന്...ഇപ്പൊ മല പോലെ വന്നത് എലി പോലെ ആയിപ്പോയി...

മിനിമം കലേഷേട്ടന് ഒരു സീക്രട്ട് മെംബര്‍ഷിപ്പ് കൊടുക്കകയോ..അല്ലെങ്കില്‍ റീമേനെ വിളിച്ച് ദേ കുടുമ്മത്ത് വരാണ്ട് ഇവിടെയിരുന്ന് ബ്ലോഗുന്നു എന്നൊരു വിവരം അറിയിക്കുകയോ ചെയ്തിരുന്നാല്‍ മതിയായിരുന്നു..

ശത്രുപക്ഷത്തെ ഒരിക്കലും നിസ്സാരമായി കാണരുതുണ്ണീ..

Kumar Neelakandan © (Kumar NM) said...

ആദിത്യാ എല്‍ ജി യെ സൂക്ഷിച്ചോളൂ..
എല്‍ ജി ആണ് ശരിക്കും ഈ രണ്ട് കണ്ടം ക്ലബ്ബുകളിലും കിടന്ന് മറുകണ്ടം ചാടിക്കളിക്കുന്നത്.

ദേ ഇപ്പോള്‍ നിങ്ങള്‍ക്ക് എതിരേയാണ്.
അവിടുത്തെ കണ്ടത്തില്‍ ആദ്യം വന്നപ്പോള്‍ പറഞ്ഞത് “ഞാന്‍ പാവം ബാച്ചിലേര്‍സിന്റെ കൂടെയാണ്“ എന്നാണ്.

നിങ്ങളുടെ മാസ്റ്റര്‍ പ്ലാനും, സ്റ്റ്രാറ്റജിയും കണ്ടുപിടിക്കാന്‍ വന്ന ഞങ്ങളുടെ ചാര ആണ് എല്‍ ജി ;)
ഒരു കണ്ണുവച്ചോളൂ..

Adithyan said...

അനംഗാരിച്ചേട്ടാ,
ആ പറഞ്ഞത് സമ്മതിച്ചു. താങ്കള്‍ ഭാഗ്യവാനാണ്. എന്നാല്‍ ആ ഭാഗ്യം ഇവിടെ എത്രപേര്‍ക്കുണ്ട്... ;)
അതായത് എത്രപേര്‍ക്ക് വീട്ടില്‍ ബിയര്‍ കയറ്റാം? എത്രപെര്‍ അത് ഫ്രിഡ്ജില്‍ വയ്ക്കുന്നു, എത്ര പേര്‍ ടോയ്‌ലറ്റിലെ സ്ലാബ് ഇളക്കി അതില്‍ ഒളിച്ചു വെയ്ക്കുന്നു? എത്രപേര്‍ക്ക് ബെഡ്‌റൂമില്‍ ഇരുന്ന് ബിയര്‍ അടിക്കാ‍ന്‍ അവകാശം ഉണ്ട്? എത്രപേര്‍ക്ക് “സ്റ്റോര്‍ റൂമിലെ ബള്‍ബിനെന്തോ പ്രശ്നം, ന്നു നോക്കീട്ടു വരാം“ എന്നും പറഞ്ഞ് പോയി പമ്മിയിരുന്ന് അടിക്കേണ്ടി വരുന്നു?

ഇതൊന്നും ഈ പൊതുവേദിയില്‍ ചോദിച്ച് ഇവിടെ ആരുടെയും മനസു വേദനിപ്പിക്കാന്‍, ഇവിടെ ആരുടെയും കണ്ണീര്‍ വീഴ്ത്താന്‍ ഞങ്ങള്‍ക്ക് ആഗ്രഹമില്ല. ഞാന്‍ ആവര്‍ത്തിക്കട്ടെ, നിങ്ങളെ ഞങ്ങള്‍ വളരെ സോഫ്റ്റ് ആയി മാത്രമേ വേദനിപ്പിക്കൂ, ഞങ്ങള്‍ തീരെ മനസാക്ഷിയില്ലാത്തവരല്ല ;))

Anonymous said...

ആദിത്യാ
ഓകെ, അവിടെയൊക്കെ തപ്പി..ഇനി വേറെ ഏതൊക്കെ ഒളിസങ്കേതണങ്ങളുണ്ടെന്നും കൂടി പറയോ ഇവര്‍ക്ക്? ഒന്ന് പറയോ?
വീടൊന്ന് തപ്പാനാ.. :)

പിന്നെ ഇവര്‍ കുടിക്കാന്‍ എന്തൊക്കെ ചെയ്യും? ഒന്ന് അറിഞ്ഞിരിക്കാനാ...

സത്യായിട്ടും ഞാന്‍ നിങ്ങടേ കൂടെയാ...എന്നിട്ട് വേണം പല സൂത്രങ്ങളും മനസ്സിലാക്കാന്‍.
അതോണ്ട് സത്യായിട്ടും അവര്‍ക്ക് എതിരാണെങ്കില്‍ ആദ്യം ഈ വക ഇന്‍ഫോമേഷന്‍ തരേണ്ടത് ഇവിടുത്തെ ബ്ലോഗിനിമാര്‍ക്കാണെന്ന് പ്രത്യേകം പറഞ്ഞു കൊള്ളട്ടെ ;). ഞങ്ങള്‍ അത് ബ്ലോഗേര്‍സ് ഭാര്യമാര്‍ക്ക് എത്തിച്ചോളാം. മറ്റേ ക്ലബീന്ന് കൌരവപ്പടാ പൊഴിഞ്ഞു പോണത് അപ്പൊ കാണാം.. :)

Obi T R said...

ഹൊ ഇന്നലെ കഴിച്ച റെഡ് ലേബലിന്റെ കെട്ട് ഇതു വരെ വിട്ടില്ലെല്ലൊ ഈശ്വരാ‍.

ദിവാസ്വപ്നം said...

ആദീ, ചതിക്കരുത്... കാര്യം ഞാന്‍ എക്സും ആദി സ്റ്റില്ലുമാണെങ്കിലും നമ്മുടെ രഹസ്യങ്ങള്‍ ചോര്‍ത്തിക്കൊടുക്കരുത്...പ്ലീസ്...
:-)

അതും ഇഞ്ചിചേച്ചിയെപ്പോലെയുള്ള മിടുക്കികള്‍ ഉള്ളപ്പോള്‍ ! ഇവര്‍ ക്ലബ്ബുണ്ടാക്കിയാല്‍ അതോടെ എല്ലാം തീ‍ര്‍ന്നു :(

Mubarak Merchant said...

ഇഞ്ചിച്ചേച്ചീ, ഒരു സ്ഥലം കൂടി പറഞ്ഞുതരാം.
ഫ്ലഷ്‌ടാങ്കിന്റെ അടപ്പൊന്ന് തുറന്നു നോക്കൂ..

Adithyan said...

ഹൊ ഇന്നലെ കഴിച്ച റെഡ് ലേബലിന്റെ കെട്ട് ഇതു വരെ വിട്ടില്ലെല്ലൊ ഈശ്വരാ‍

ചായ ആരിക്കും?

Obi T R said...

ശെഡാ, വില്‍‌സ് വലിച്ചു എന്നു പറഞ്ഞാല്‍ ഇവനൊക്കെ ഷര്‍ട്ടണോന്നു ചോദിക്കുവല്ലോ ഭഗവാനെ

ഉമേഷ്::Umesh said...

അര്‍ജ്ജുനനാകാന്‍ ശ്രമിക്കുന്ന ആദിത്യാ, നിനക്കുള്ള മറുപടി ഇവിടെ.

ഇടിവാള്‍ said...

അല്ല ആദി..
ഇതിനിടക്കു മുട്ട പുഴുങ്ങുന്നതെപ്പഴാ ?

മുസ്തഫ|musthapha said...

ആദീ... നന്നായി എന്നൊക്കെ പറയണെമെന്നുണ്ട്...
പക്ഷേ, എനിക്കൊരു വര്‍ഗ്ഗ വഞ്ചകനാകാന്‍ വയ്യ :)

Adithyan said...

ഇടിഗഡീ, മുട്ട ബയിങ്ങ്, വാഷിങ്ങ്, ഫ്രൈയിങ്ങ്, ബോയിലിങ്ങ് ഇതൊന്നും എന്റെ ഡിപ്പാര്‍ട്ട്മെന്റ് അല്ല ;) എല്ലാം പെരിങ്ങ്സിന്റെ ലീലാവിലാസങ്ങള്‍...

അഗ്രജാ,
ഹോ ... ഇതു കണ്ടാ മതി... തൃപ്തിയായി... മനസ് ഇപ്പൊഴും ഇവിടെയാണല്ലോ... അതറിഞ്ഞാ മതി.. ;)

മുസ്തഫ|musthapha said...

അതാ ആദീ പറഞ്ഞത് ഞങ്ങള്‍ക്ക് മനസ്സ് കൊണ്ടെങ്കിലും ഇങ്ങോട്ടൊക്കെ വരാം... നിങ്ങള്‍ക്കോ... സങ്കല്പങ്ങളുടെ ചിറകിലേറിയുള്ള പ്രയാണം തുടരുമ്പോഴും യാഥാര്‍ഥ്യങ്ങളുടെ മാധുര്യം അപ്പോഴും അകലെ തന്നെയല്ലേ.

ഈ ക്ലബ്ബിലെ ഒരു ആജീവനാന്ത മെമ്പറായിരിക്കാനും അങ്ങിനെ ഈ ക്ലബ്ബിനെ നില നിര്‍ത്തിക്കൊണ്ടു പോകാനും താങ്കള്‍ക്ക് കഴിയട്ടെ എന്നാശംസിക്കുന്നു :)

സു | Su said...

ഹിഹിഹി അഗ്രജന്‍ ആദിയെ ശപിച്ചിരിക്കുന്നു.

ആദീ, എന്റെ ഉണ്ണീ, നീ കല്പാന്തകാലത്തോളം, പെണ്ണ് കെട്ടാതെ നില്‍ക്കട്ടെ എന്നാണ് അഗ്രജന്‍ പറഞ്ഞ് പോയിട്ടുള്ളത്.

Adithyan said...

പൊന്നു ചേട്ടന്മാരേ, സൂച്ചേച്ചീ,
ഇങ്ങനെ ചങ്കിക്കൊള്ളുന്ന വര്‍ത്തമാനം പറയല്ലേ... എങ്ങനേലുവൊക്കേ നോക്കി ഏതേലും ഒരുത്തിയെ എന്തേലുവൊക്കെപ്പറഞ്ഞ് സമ്മതിപ്പിച്ച് എല്ലാം ഒന്ന് ശരിയാക്കി എടുക്കാന്‍ വേണ്ടി പെടാപ്പാടു പെടുന്ന ഈയുള്ളവന്‍... ;)
അത് എല്ലാരും കൂടെ ഗോപാലകൃഷ്ണ ആക്കല്ലേ... ;))

പട്ടേരി l Patteri said...

ആദിയേ, നീ ബൂലൊഗ കൂടപ്പിറപ്പു എന്നു പറഞ്ഞു നടന്നു അഭിമാനിച്ച കൂടപ്പിറപ്പുകള്‍ ഇപ്പോള്‍ ശപിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നു...:( :(
എന്നാലും നമ്മളൊന്നും വാക്കു കൊണ്ടും നോക്കു കൊണ്ടു പോലും അവരെ ഒന്നും ശപിക്കരുത്...
അവര്‍ക്കുമില്ലെ വളര്‍ത്തി വലുതാക്കിയ അഛനും അമ്മയും പിന്നെ അവരെ വിശ്വസിച്ചു അവരുടെ കൂടെ ഇറങ്ങിപ്പോയ നമ്മുടെ പെങ്ങള്മാരും ..അവരെ ഓര്‍ത്തു നമുക്കു സഹിക്കാം , ഒപ്പം നല്ല ബുദ്ധി കൊടുക്കണേ എന്നു പ്രാര്‍ഥിക്കാം ;;)

Adithyan said...

പട്ടേരീ, ഈ സ്നേഹമാണ്, ഈ സാഹോദര്യമാണ് ബാച്ചിലേഴ്സിന്റെ ശക്തി. എനിക്ക് തൃപ്തിയായി... ;)

Kalesh Kumar said...

ഈ ആദിയെപിടിച്ച് പെണ്ണുകെട്ടിക്കാനാരുമില്ലേ?
ആദീ, ദേവേട്ടന്‍ പറഞ്ഞത് കേള്‍ക്ക്!
നന്നാക്!
(ഈ പോസ്റ്റ് ഭാവീല് ബാക്ക്‍ഫയര്‍ ചെയ്യാതെ നോക്കിക്കോ!)