Wednesday, August 22, 2007

ബൂലോകകപ്പ്‌-വനിതാക്ക്ലബിന്‌ ജയം

അന്റാര്‍ട്ടിക്ക:ആദ്യ മത്സരത്തില്‍ വനിതാക്ലബിന്‌ ജയം.

ബൂലോഗകപ്പിലെ ആദ്യ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്‌ വനിതാക്ലബ്‌ പ്രബലരായ വിവാഹിതര്‍ക്ലബിനെ അട്ടിമറിച്ചു.
ഇന്നലെ വൈകീട്ട്‌ ആയിരങ്ങളെ സാക്ഷി നിര്‍ത്തി.....അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വനിതാക്ലബിന്‌ വേണ്ടി ആക്രമണനിരയിലെ സാരംഗിയാണ്‌ മത്സരത്തിലെ ഏകഗോള്‍ നേടിയത്‌.
മത്സരം ആരംഭിക്കുന്നതിന്‌ ഒരു മണിക്കൂര്‍ മുന്‍പ്‌ വളരയേറെ നാടകീയ രംഗങ്ങള്‍ക്ക്‌ അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.നിലവിലുള്ള കോച്ചിനും മാനേജര്‍ക്കും കീഴില്‍ കളിക്കില്ലായെന്ന് വനിതാ ടീമംഗങ്ങള്‍ ശാഠ്യം പിടിച്ചതിനെ തുടര്‍ന്ന് അവസാന നിമിഷം പുതിയ കോച്ചും മാനേജറും സ്ഥാനം ഏല്‍ക്കുകയായിരുന്നു.
'പാവം ക്രൂരന്‍' സ്പോര്‍ട്ട്‌സ്‌ അക്കാഡമിയുടെ ഡയറക്ടറും പഴയ താരവുമായ ടി.ജി.രവിയാണ്‌ വര്‍മ്മക്ക്‌ പകരം കോച്ച്‌ സ്ഥാനം ഏറ്റത്‌.ഇന്റര്‍നാഷണല്‍ താരം ബാലന്‍.കെ.നായരുടെ ശിഷ്യനും ജയമാലിനി ഇന്‍വിറ്റേഷന്‍ ട്രോഫി മൂന്ന് പ്രാവശ്യം നേടിയ ടീമിന്റെ മുന്‍ക്യാപ്റ്റനുമായ ഭീമന്‍ രഘു മാനേജര്‍ സ്ഥാനവും ഏറ്റു.
പഴയ ടീം മാനേജര്‍ പ്രിയങ്കാമാത്യൂസുമായി ടീമംഗങ്ങളില്‍ ചിലര്‍ക്കുണ്ടായിരുന്ന പടലപ്പിണക്കങ്ങളാണ്‌ അവസാന നിമിഷത്തെ...മത്സരത്തെ തന്നെ ബാധിച്ചേക്കാവുന്ന രീതിയില്‍ വളര്‍ന്ന തര്‍ക്കങ്ങള്‍ക്ക്‌ വഴിവച്ചത്‌.

പുതിയ കോച്ചിന്‌ കീഴില്‍ പരിശീലനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും....അന്താരാഷ്ട്ര മത്സരങ്ങള്‍ വളരെയേറെ കണ്ടിട്ടുള്ള ടി.ജി.രവി സ്ഥാനം ഏറ്റെടുത്തത്‌ തന്നെ വനിതാടീമംഗങ്ങള്‍ക്ക്‌ വളരെയേറെ ഉണര്‍വ്‌ ഉണ്ടാക്കിയെന്ന് മത്സര ഫലം തെളിയിക്കുന്നു.ഷാറൂഖ്‌ ഖാനെ കോച്ചായി കൊണ്ടുവരണം എന്നാണ്‌ ടീമംഗങ്ങള്‍ ആവശ്യപ്പെട്ടതെങ്കിലും അദ്ദേഹം ഇപ്പോള്‍ ഏതോ ഹോക്കി ടീമിന്റെ കോച്ചായി ആസ്ത്രേലിയയില്‍ ആണ്‌.പൃഥ്വിരാജിനെ കോച്ചായി കിട്ടാന്‍ ശ്രമിച്ചെങ്കിലും വല്ലപ്പോഴും കിട്ടുന്നത്‌ ഒരു വിനയന്‍ സിനിമയാണ്‌.....അത്‌ കളഞ്ഞിട്ട്‌ വരാന്‍ പറ്റില്ലായെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.അഛന്‍ ഒരു മോശമല്ലാത്ത കോച്ചായിരുന്നു എന്ന് അദ്ദേഹം സ്മരിക്കുകയും ചെയ്തു.
റഫറി ആരായിരിക്കണം എന്ന കാര്യം സംഘാടകസമിതിയായ ബാച്ചിക്ലബിന്‌ വളരെയേറെ തലവേദന ഉണ്ടാക്കി.
എങ്കിലും അവസാനനിമിഷം....ജപ്പാന്‍ ഒന്നാം ഡിവിഷന്‍ ലീഗിലെ റഫറി....
മലയാളത്തില്‍ വക്കാരിയെന്നും....ജപ്പാനില്‍ വക്കാരികോ ഹിമോറയെന്നും അറിയപ്പെടുന്ന ശ്രീമാന്‍ വക്കാരി വിസിലൂതാന്‍ സമ്മതിച്ച്‌ ബാച്ചികളെ ധര്‍മ്മസങ്കടത്തില്‍ നിന്ന് രക്ഷിക്കുകയായിരുന്നു.

തൊണ്ണൂറുമിനുട്ടും വാശിയേറിയ പോരാട്ടം കണ്ട മത്സരത്തില്‍ എണ്‍പത്തിയൊമ്പതാം മിനുട്ടിലാണ്‌ മത്സരത്തിലെ ഏക ഗോള്‍ പിറന്നത്‌.സമനിലയിലേക്ക്‌ പോകുമെന്ന് കരുതിയ മത്സരം അവസാനമിനുട്ടില്‍ സാരംഗി നേടിയ ഗോളിലൂടെ വനിതക്ലബ്‌ പിടിച്ചെടുക്കുകയായിരുന്നു.

കളി തുടങ്ങി ആദ്യ മിനുട്ടില്‍ തന്നെ വിവാഹിതര്‍ മുന്‍പിലെത്തേണ്ടതായിരുന്നു.അവരുടെ ഫോര്‍വേഡ്‌ ദേവരാഗം പെനാല്‍ട്ടി ബോക്സിന്റെ തൊട്ടുമുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു ബുള്ളറ്റ്ഷോട്ട്‌ വനിതാക്ലബിന്റെ ഗോളി സു കുത്തിയകറ്റി.
മറുവശത്ത്‌...പ്രതിരോധനിരയില്‍ നിന്നും ഇടതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് ഇടതുകാല്‍ കൊണ്ടും വലതുകാല്‍ കൊണ്ടും മാറിമാറി ഷോട്ടുകളുതിര്‍ത്ത്‌ ബിന്ദു വിവാഹിതരുടെ പ്രതിരോധനിരയെ ആശയക്കുഴപ്പത്തിലാക്കി.
ചിലപ്പോഴൊക്കെ പന്തില്ലാതെയും ബിന്ദൂട്ടി ഷോട്ടുകളുതിര്‍ത്തു.

ആദ്യപകുതിയുടെ ഇരുപതാം മിനുട്ടില്‍ സ്വന്തം ഹാഫില്‍ നിന്നും പന്തുമായി മുന്നേറിയ വിവാഹിതര്‍ ക്ലബിന്റെ ഫോര്‍വേഡ്‌ ഗന്ധര്‍വനെ വനിതകളുടെ സെന്റര്‍ബാക്ക്‌ അതുല്യാമ്മ പെനാല്‍ട്ടിബോക്സില്‍ വച്ച്‌ ഫൗള്‍ ചെയ്തതിന്‌ അവര്‍ക്ക്‌ ലഭിക്കേണ്ട പെനാല്‍ട്ടി റഫറി നിഷേധിച്ചു.പെനാല്‍ട്ടിക്ക്‌ പകരം ബോക്സിന്‌ തൊട്ടുമുന്‍വശത്ത്‌ നിന്നുള്ള ഫ്രീകിക്കാണ്‌ അവര്‍ക്ക്‌ അനുവദിച്ചത്‌.വിവാഹിതര്‍ പ്രതിഷേധിച്ചെങ്കിലും ഫലമുണ്ടായില്ല.ആ ഫൗളിലൂടെ അതുല്യാമ്മക്ക്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.
ചുവപ്പ്‌ കാര്‍ഡ്‌ തന്നെ കൊടുക്കണം എന്നുപറഞ്ഞ്‌ വിവാഹിതര്‍ പിന്നേയും പ്രതിഷേധിച്ചെങ്കിലും...
ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌.
[വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]
പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌....
വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു.
ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു.
ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു.

തുടര്‍ന്ന് കുട്ടന്‍മേനോന്‍ എടുത്ത ഫ്രീകിക്ക്‌ വനിതാക്ലബ്‌ ഉയര്‍ത്തിയ പ്രതിരോധത്തിന്‌ മുകളിലൂടെ വളഞ്ഞുപുളഞ്ഞ്‌ ചെന്ന് ബാറിലിടിച്ച്‌ മടങ്ങി.ഇടിച്ചത്‌ ബാറിലായത്‌ കൊണ്ട്‌ കുട്ടന്‍മേനോന്‌ സങ്കടം തോന്നിയില്ല.
പണ്ട്‌ തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്‌ ഇടി...ഇത്‌ എന്തോന്ന് ഇടി എന്നാണ്‌ ഇടിഗഡി ചോദിച്ചത്‌.

ആദ്യപകുതി അവസാനിക്കുന്നതിന്‌ തൊട്ടുമുന്‍പ്‌ വലതുവിങ്ങിലൂടെ കുതിച്ച്‌ വന്ന് കൈപ്പിള്ളി നല്‍കിയ ക്രോസ്‌...
നാല്‌ വനിതാപ്രതിരോധനിരക്കാരുടെ തലക്ക്‌ മുകളിലൂടെ ചാടി..
കുറുമാന്‍ ഹെഡ്‌ ചെയ്തത്‌ പോസ്റ്റില്‍ ഇടിച്ച്‌ മടങ്ങിയപ്പോള്‍...
വിവാഹിതരുടെ ആരാധകര്‍ തലയില്‍ കൈവച്ച്‌ പോയി.
കുറുമാനും തലയില്‍ കൈവച്ച്‌ പോയി.
ഇങ്ങനെ ഹെഡ്‌ ചെയ്താണ്‌ എന്റെ മുടിമുഴുവന്‍ പോയതെന്നും ഇനി അങ്ങോട്ട്‌ പോയി പന്തിനെ ഹെഡ്‌ ചെയ്യില്ലെന്നും പന്ത്‌ വേണേല്‍ ഇങ്ങോട്ട്‌ വന്ന് ഹെഡ്‌ ചെയ്യട്ടേയെന്നും കുറുമാന്‍ കളിക്കിടയില്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ കൂട്ടി വ്യക്തമാക്കി.
ഇക്കാസ്‌ നന്ദിയും പറഞ്ഞു.

രണ്ടാം പകുതിയുടെ ആദ്യപത്ത്‌ മിനുട്ട്‌ കളി മധ്യനിരയിലൊതുങ്ങി.
വനിതാക്ലബിന്റെ അചിന്ത്യാമ്മയുടെ നേതൃതത്തിലുള്ള മധ്യനിര പന്തിന്റെ നിയന്ത്രണം പൂര്‍ണമായി കൈവശപ്പെടുത്തി.
പന്ത്‌ ഞാന്‍ തരില്ല്യാ..ഇല്ല്യാ..ഇല്ല്യാ എന്നാണ്‌ അചിന്ത്യാമ്മ പറഞ്ഞത്‌.

അതിനിടയില്‍ പന്തുമായി മുന്നേറിയ ഇഞ്ചിയെ ഫൗള്‍ ചെയ്തതിന്‌ അഗ്രജന്‌ മഞ്ഞക്കാര്‍ഡും ലഭിച്ചു.മഞ്ഞക്കാര്‍ഡ്‌ കിട്ടിയ അഗ്രജന്‍ അത്‌ റഫറിക്ക്‌ തിരിച്ച്‌ കൊടുക്കാതെ പോക്കറ്റിലിട്ടു.
ഇത്‌ എനിക്ക്‌ കിട്ടിയ കാര്‍ഡാണ്‌...ഇത്‌ ഞാന്‍ തിരിച്ച്‌ തരില്ലായെന്ന് അഗ്രജന്‍ പ്രഖ്യാപിച്ചു.

അറുപത്തിരണ്ടാം മിനുട്ടില്‍ തന്റെ പ്രതിഭ പൂര്‍ണമായും പുറത്തെടുത്ത്‌ ഇടിഗഡി നടത്തിയ ഒരു മനോഹരമായ നീക്കം വനിതകളുടെ പ്രതിരോധ നിര താരം ബിക്കു വളരെ കഷ്ടപ്പെട്ട്‌ നടത്തിയ ഒരു ടാക്കിളിങ്ങിലൂടെ തടഞ്ഞു.
ഓഫടിയൂണിയന്റെ സ്ഥാപക പ്രസിഡന്റായ ഇടിഗഡിയെ ഓഫടിക്കുന്ന ലാഘവത്തോട്‌ കൂടിയാണ്‌ ബിക്കു ചവുട്ടിക്കൂട്ടിയത്‌.
അതില്‍ മഞ്ഞക്കാര്‍ഡ്‌ ലഭിച്ചെങ്കിലും...ഗോളാകുമെന്നുറപ്പിച്ച ഒരു നീക്കമാണ്‌ ബിക്കു തടഞ്ഞത്‌.
ബിക്കുവിനെ മഞ്ഞക്കാര്‍ഡ്‌ കാണിക്കാന്‍ റഫറി കുറേ കഷ്ടപ്പെട്ടു.
അഗ്രജനെ... മറ്റ്‌ രണ്ട്‌ കളിക്കാരുടെ സഹായത്തോടെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഗോള്‍പോസ്റ്റില്‍ കെട്ടിയിട്ട്‌ പോക്കറ്റില്‍ നിന്ന് മഞ്ഞക്കാര്‍ഡ്‌ വീണ്ടെടുത്താണ്‌ ബിക്കുവിനെ കാണിച്ചത്‌.
ഇത്‌ അഗ്രജന്‌ കൊടുത്ത മഞ്ഞക്കാര്‍ഡല്ലേ..ഇതെനിക്ക്‌ വേണ്ടാ..എനിക്ക്‌ പുതിയ മഞ്ഞക്കാര്‍ഡ്‌ വേണം എന്നും പറഞ്ഞ്‌ ബിക്കു ബഹളമുണ്ടാക്കിയെങ്കിലും..റഫറി വക്കാരികോ...പുതിയ മഞ്ഞക്കാര്‍ഡും പഴയമഞ്ഞക്കാര്‍ഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഒരു മുഴുനീള കമന്റ്‌ എഴുതാന്‍ പേപ്പറും പേനയും എടുത്തതിനെ തുടര്‍ന്ന്... അപകടം മനസ്സിലാക്കിയ ബിക്കു പഴയ മഞ്ഞക്കാര്‍ഡ്‌ സ്വീകരിച്ച്‌ പ്രതിഷേധം അവസാനിപ്പിച്ചു.

അറുപത്തിയൊമ്പതാം മിനുട്ടില്‍ വലത്‌ വിങ്ങില്‍ നിന്നും രേഷ്മ നീട്ടിക്കൊടുത്ത പന്ത്‌ സ്വീകരിച്ച്‌....പ്രതിരോധത്തിലെ സിയയെ മനോഹരമായ ഒരു ഡ്രിബ്ലിങ്ങിലൂടെ മറികടന്ന ഡാലി....അജിതയേയും സാറാജോസഫിനേയും മനസ്സില്‍ ധ്യാനിച്ച്‌ പായിച്ച ഒരു ഷോട്ട്‌ വിവാഹിതര്‍ ക്ലബിന്റെ ഗോളി സുല്‍ വളരെ കഷ്ടപ്പെട്ടാണ്‌ തട്ടിയകറ്റിയത്‌.
എഴുപത്തിയഞ്ചാം മിനുട്ടില്‍ വിവാഹിതര്‍ ക്ലബിന്റെ ഗോള്‍മുഖത്ത്‌ മുല്ലപ്പൂവിന്റെ ഒരു ഡയഗണല്‍ ക്രോസ്‌ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും വനിതകളുടെ ഫോര്‍വേഡുകള്‍ക്ക്‌ അത്‌ മുതലാക്കാന്‍ പറ്റുന്നതിന്‌ മുന്‍പേ പ്രതിരോധനിരതാരം കലേഷേട്ടന്‍ അത്‌ ഹെഡ്‌ ചെയ്തകറ്റി.കലേഷേട്ടന്‍ ഹെഡ്‌ ചെയ്തതിനെ തുടര്‍ന്ന് പന്തിന്റെ ഷെയിപ്പ്‌ വെള്ളേപ്പം മോഡലില്‍ പരന്ന് പോയി.തുടര്‍ന്ന് വേറെ പന്ത്‌ തൊട്ടപ്പുറത്ത്‌ കളി നടക്കുന്ന സ്റ്റേഡിയത്തില്‍ നിന്ന് കടം വാങ്ങിച്ച്‌ കൊണ്ട്‌ വന്ന്..ഇനി മേലാല്‍ ഹെഡ്‌ ചെയ്യില്ലായെന്ന് കലേഷേട്ടനെ കൊണ്ട്‌ മുദ്രപത്രത്തില്‍ എഴുതിവാങ്ങിച്ചതിന്‌ ശേഷം കളി പുനരാരംഭിച്ചു.

അവസാനമിനുട്ടുകളില്‍ പന്ത്‌ ഇരു ഹാഫുകളിലും ഒരു പോലെ കയറിയിറങ്ങി.ഇഞ്ചോടിഞ്ച്‌ പോരാട്ടം നടന്നെങ്കിലും ഗോള്‍ മാത്രം ഒഴിഞ്ഞ്‌ നിന്നു.
മത്സരം സമനിലയിലേക്ക്‌ നീങ്ങുന്നു എന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ്‌ സാരംഗിയുടെ ഗോള്‍ വന്നത്‌.
മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.
അവസാനമിനുട്ടുകളില്‍ സമനിലക്ക്‌ വേണ്ടി പൊരിഞ്ഞ പോരാട്ടം വിവാഹിതര്‍ക്ലബ്‌ നടത്തിയെങ്കിലും രക്ഷയുണ്ടായില്ല.

ഇഞ്ച്വറി ടൈമിന്റെ അവസാന സെക്കന്റില്‍.....മുപ്പത്‌ വാര അകലെ നിന്ന് കുമാര്‍ പായിച്ച ഒരു മഴവില്‍ ഷോട്ട്‌..കളി തീര്‍ന്നുവെന്ന് കരുതി ഗായത്രീ മന്ത്രം ജപിക്കാന്‍ ഒരുങ്ങുകയായിരുന്ന വനിതാക്ലബിന്റെ ഗോളി സൂവിനെ പൂര്‍ണമായി പരാജയപ്പെടുത്തിയെങ്കിലും....സമയോചിതമായി പ്രവര്‍ത്തിച്ച പ്രതിരോധനിരതാരം വല്യമ്മായി ഡെഡ്‌ ലൈനില്‍ വച്ച്‌ പന്ത്‌ തട്ടിയകറ്റി.

ഫൈനല്‍ വിസില്‍ മുഴങ്ങിയതോട്‌ കൂടി വനിതാക്ലബിന്റെ ആരാധകര്‍ ഗ്യാലറിയില്‍ നൃത്തം ചവുട്ടി. നൃത്തം ചവിട്ടുന്ന വനിതാക്ലബിന്റെ ഫാന്‍സുകളുടെ കൂട്ടത്തില്‍ കൊച്ച്‌ ത്രേസ്യയും ഉണ്ടെന്ന് അറിഞ്ഞതിനെത്തുടര്‍ന്ന്.... അന്റാര്‍ട്ടിക്ക മുന്‍സിപ്പല്‍ സ്റ്റേഡിയം അധികൃതര്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ മുളഗ്യാലറിയുടെ സുരക്ഷാവസ്ഥയില്‍ ആശങ്ക പൂണ്ടു.തിരുത്താനാവാത്ത പിഴവ്‌ കാണിച്ച ഗോളി സുല്‍ ആരാധകരുടെ രോഷം ഭയന്ന് ഗ്രൗണ്ടില്‍നിന്നും ഹെലിക്കോപ്ടറിലാണ്‌ രക്ഷപെട്ടത്‌.

ബാച്ചി ക്ലബുമായി നടക്കുന്ന അടുത്ത മത്സരത്തില്‍ വിവാഹിതര്‍ ടീമില്‍ മാറ്റം ഉണ്ടായേക്കുമെന്ന് കോച്ച്‌ അടൂര്‍ഭവാനിയും മാനേജര്‍ കവിയൂര്‍ പൊന്നമ്മയും മത്സരശേഷം നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.മത്സരത്തില്‍ പൂര്‍ണ്ണമായ മേധാവിത്വം ഉണ്ടായിട്ടും ഭാഗ്യക്കേട്‌ കൊണ്ടാണ്‌ മത്സരം കൈവിട്ട്‌ പോയതെന്നും അവര്‍ പറഞ്ഞു.
******************

അടുത്ത മത്സരത്തിന്റെ വേദിയായ കളമശേരി പ്രീമിയര്‍ മൈതാനം ഒരുങ്ങിക്കഴിഞ്ഞു.മധ്യനിര ഒഴിച്ച്‌ ബാക്കി ബാച്ചിടീമംഗങ്ങള്‍ മൈതാനത്ത്‌ ഇന്നലെ കോച്ച്‌ നവ്യാനായരുടെ കീഴില്‍ പരിശീലനം നടത്തി.ബാര്‍ അടച്ചതിന്‌ ശേഷം മാത്രമാണ്‌ കാത്ത്‌ നിന്ന ആയിരക്കണക്കിന്‌ ആരാധകര്‍ക്ക്‌ മുന്‍പില്‍ മധ്യനിര പ്രത്യക്ഷപ്പെട്ടത്‌.

ആദ്യമത്സരത്തില്‍ വ്യക്തമായ മാര്‍ജിനോട്‌ കൂടി ജയിച്ച്‌ ഫൈനലിലേക്ക്‌ ടിക്കറ്റ്‌ നേടുകയാണ്‌ ലക്ഷ്യമെന്ന് ടീം മാനേജര്‍ ജയഭാരതി പത്രസമ്മേളനത്തില്‍ പറഞ്ഞു.
*****************

അടുത്ത മത്സരത്തിന്റെ വിവരണങ്ങളുമായി[ബാച്ചിക്ലബ്‌ വേഴ്സസ്‌ വിവാഹിതര്‍ ക്ലബ്‌]ഈ ബുള്ളറ്റിന്‍ തുടരും.......

[തുടരാന്‍ ചാന്‍സില്ല]

43 comments:

sandoz said...

തല്ലരുത്‌...
ഇതോട്‌ കൂടി നിര്‍ത്തി...
പൊക്കോളാം...

Unknown said...

ഇതു തുടര്‍ന്നില്ലെങ്കില്‍... നിന്നെ ഞാന്‍ ലിക്വിഡ് ഓക്സിജനില്‍ മുക്കും. ലിക്വിഡ് ആയത് കൊണ്ട് നിനക്ക ശ്വസിക്കാനും പറ്റില്ല, ഓക്സിജന്‍ ഉള്ളത് കൊണ്ട് നീ മരിക്കുകയും ഇല്ല. കഷ്ടപ്പെട്ട് പോകും മോനേ... മര്യാദക്ക് എഴുതിക്കൊ...

[പാവം, അവന്‍ പേടിച്ചൂന്നാ തോന്നണേ]

കണ്ണൂസ്‌ said...

വിവാഹിതര്‍ ടീമില്‍ തോല്‍‌വിയെത്തുടര്‍ന്ന് ഒരു അഴിച്ചു പണി ആലോചിക്കുന്നുണ്ടോ? ഞാന്‍ മദ്യനിരയില്‍ കളിക്കാന്‍ തയ്യാറാണ്‌.

മുസ്തഫ|musthapha said...

:))

"ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌.
[വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]
പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌....
വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു.
ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു.
ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു..."

ഞാന്‍ ഏറ്റവും കൂടുതല്‍ ചിരിച്ച ഏരിയ ഇതാണ്... :)

ഞാനപ്പഴേ പറഞ്ഞതാ... ഞാനാകാം... ഞാനാകാം ഗോള്‍ കീപ്പറേന്ന്... ഞാനാണേ പന്ത് കയ്യീ കിട്ട്യാ... ഒരു ‘ഹൈബോള്‍‘ അടിച്ചേ അത് നിലത്ത് വെക്കൂ :)

മുസ്തഫ|musthapha said...

റഫറി വക്കാരികോ...പുതിയ മഞ്ഞക്കാര്‍ഡും പഴയമഞ്ഞക്കാര്‍ഡും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച്‌ ഒരു മുഴുനീള കമന്റ്‌ എഴുതാന്‍ പേപ്പറും പേനയും എടുത്തതിനെ തുടര്‍ന്ന്... അപകടം മനസ്സിലാക്കിയ ബിക്കു പഴയ മഞ്ഞക്കാര്‍ഡ്‌ സ്വീകരിച്ച്‌ പ്രതിഷേധം അവസാനിപ്പിച്ചു...

:)))

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: സ്റ്റേഡിയം വലിപ്പം പോരാ, ടിക്കറ്റ് കരിഞ്ചന്തേല്‍ പോലും കിട്ടാനില്ലാ. ബാച്ചി Vs വിവാഹിത ക്ലബ്ബിന്റെ മത്സരത്തിന്റെ കാര്യമല്ലാ.. ബാച്ചി Vs വനിതാ ക്ലബ്ബ് മത്സരത്തിന്റെ കാര്യാ..

ഓടോ:
കൊച്ചുത്രേസ്യാ ആ മത്സരത്തിന്റെ ടൈബ്രേക്കര്‍ വിവരണം ആരംഭിച്ചെന്നാ കേള്‍ക്കണെ..;)

Mr. K# said...

കിടിലന്‍, സത്യം പറ സാന്‍ഡോ, ഏതെങ്കിലും പത്രത്തില്‍ സ്പോര്‍ട്സ് കോളം എഴുതിയിരുന്നോ?

ശ്രീ said...

സാന്റ്റോസേ...

നിര്‍‌ത്തരുത്! നിര്‍‌ത്തരുത്! എല്ലാ കളിയും കഴിയട്ടേന്ന്....

“മധ്യനിരയില്‍ നിന്നും കിട്ടിയ ഒരു പാസ്‌ സ്വീകരിച്ച്‌ ഒറ്റക്ക്‌ മുന്നേറിയ സാരംഗി പെനാല്‍ട്ടിബോക്സിന്‌ തൊട്ടു മുന്‍പില്‍ നിന്നും ഉതിര്‍ത്ത ഒരു കാര്‍പെറ്റ്‌ ഷോട്ട്‌ വിവാഹിതര്‍ക്ലബിന്റെ ഗോളി സുല്‍ കൈപ്പിടിയില്‍ ഒതുക്കിയെങ്കിലും...തേങ്ങ എറിഞ്ഞ്‌ പിടിച്ച്‌ എണ്ണി ചാക്കിലേക്ക്‌ ഇടുന്ന പഴയ പരിചയം വച്ച്‌...പന്ത്‌ പിടിച്ചതിന്‌ ശേഷം സ്വന്തം വലയിലേക്ക്‌ തന്നെ ഇടുകയായിരുന്നു.“

ഇതു വായിച്ച് പൊട്ടിച്ചിരിച്ചു പോയി
:)

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോ അമറന്‍ ! ചിരിച്ചു ചിരിച്ചു അവസാനം മുഖം കരഞ്ഞ പോലെ ആയി മോനേ..ഒരുത്തനേം വിട്ടിട്ടില്ല..എല്ലാവര്‍കും അവരവര്‍ക്കു ചേരുന്ന പാരകള്‍ വെച്ചു കൊടുത്തു അല്ലേ...അഗ്രജന്‍ കോട്ടു ചെയ്ത ഭാഗങ്ങള്‍ ഒരു രക്ഷേം ഇല്ലാ..

ഇതിന്റെ ബാക്കി നീ ഉടനെ എഴുതീല്ലെങ്കില്‍ അടുത്ത വര്‍ഷം 'സാന്‍ഡോ മെമ്മോറിയല്‍ ട്രോഫി' ഞാന്‍ എഴുതും ! എന്നെക്കൊണ്ടതു ചെയ്യിക്കരുത്..

RR said...

ഇനി ചിരിക്കാന്‍ വയ്യേ... :)))

Mubarak Merchant said...

കലക്കീട സാന്‍ഡോ..
ബാച്ചി ഇലവന്റെ പുലിക്കുട്ടികള്‍ വിവാഹിതര്‍ ടീമിന്റെ പല്ലുകൊഴിഞ്ഞ സിംഹങ്ങളെ തുന്നം പാടിക്കുന്നതു വായിക്കാന്‍ തിരക്കായി.
എയുത് മോനെ എയുത്..

ഗുപ്തന്‍ said...

ബാലന്‍ കെ നായരെയും റ്റി ജി രവിയെയും റ്റീമിന്റെ ചുമതല ഏല്പിച്ചത് വനിതകള്‍ ക്ഷമിച്ചൂന്ന് വരും. ന്നാലും [വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌] ദേ ഇദ് വക്കാരി ക്ഷമിക്കുമെന്ന് തോന്നുന്നില്ല സാന്‍ഡോയേ...

ഡിങ്കന്‍ പറഞ്ഞത് ശരി. എഴുതിത്തീര്‍ത്തില്ലെങ്കില്‍ അടുത്തവര്‍ഷം സാന്‍ഡോ മെമോറിയല്‍ ട്രോഫി...

ഏറനാടന്‍ said...

സാന്‍ഡോസേ അടുത്ത മാച്ച്‌ കളമശ്ശേരി മൈതാനം മാറ്റീട്ട്‌ ഏറനാടന്‍ പാടത്തെ കളിമണ്‍ മൈതാനമാക്കി നോക്ക്‌. വെള്ളവും കിട്ടാവുന്നതെന്തും കുടിച്ച്‌ നട്ടം കറങ്ങുന്ന മദ്യനിരയേയും വനിതാടീമിനേയും കാണാം.

(ന്നാലും ഞമ്മളെ കടല കച്ചോടം പോലും കളിയിടത്ത്‌ അനുവദിച്ചില്ലാലോ. പരാതി എവിടെ കൊടുക്കണം?)

krish | കൃഷ് said...

ന്നാലും ന്റെ സുല്ലേ.. പന്ത് കിട്ടിയപ്പോള്‍ തേങ്ങയാണെന്നു കരുതി സ്വന്തം ഗോള്‍പൊസ്ന്റിലിടണ്ടായിരുന്നു.

സാന്‍ഡോയെ.. വനിതാക്ലബിലെ മിക്കവരും വിവാഹിതര്‍ക്ലബിലെ മെംബര്‍മാരാ..കുടുംബത്ത് വഴക്കുണ്ടാക്കാന്‍ നൊക്ക്വാല്ലേ.
അടുത്ത കളി വനിതാക്ലബ് വെര്‍സസ് ബാച്ചിക്ലബ്..
ബാച്ചിക്ലബിന്റെ പൊടിപോലും കാണൂല്ലാ.. അടിച്ചു നിരപ്പാക്കും. കട്ടായം.

സുല്‍ |Sul said...

സാന്‍ഡോച്ചാ
ചിരിച്ചൊരു പരുവമായി മച്ചാ.
കോട്ടാനേ ഉള്ളു. അതിലും നല്ലത് മൊത്തം വായിക്കുന്നതാ. :)
പൊന്നമ്പലത്തിന്റെ കമെന്റും സൂപ്പര്‍. മര്യാദക്ക് എഴുതിക്കോ.

-സുല്‍

മനോജ് കുമാർ വട്ടക്കാട്ട് said...

സാന്‍‌റ്റൂ, കമന്‍‌റ്ററി നിര്‍ത്തരുത്.
(നിര്‍ത്തിയാല്‍ തല്ല് മേടിക്കും)

നന്ദന്‍ said...

ചിരിച്ച്‌ ചിരിച്ച്‌ എനിക്ക്‌ വയറു വേദനയെടുക്കുന്നേ! എന്തൊരു കിടിലം റിപ്പോര്‍ട്ട്‌! ഒരു വിധം ചിരിയടക്കി വന്നപ്പോ ദാ കമന്റുകള്‍ വായിച്ച്‌ അടുത്ത റൌണ്ട്‌.. വയ്യ.. ഹോ ഹോ.. എല്ലാ കളിയും റിപ്പോര്‍ട്ട്‌ ചെയ്തേ പറ്റൂ.. :)

ഉണ്ടാപ്രി said...

തകര്‍ത്തു വാരി എന്റെ പൊന്നണ്ണോ..
എന്തായാലും out-പെറുക്കിനിടക്ക്‌ അണ്ണന്‍ കുത്തിക്കുറിച്ചത്‌ ഇതായിരുന്നല്ലേ...
"ലൈന്‍" റഫറിമാരേക്കുറിച്ച്‌ ഒന്നും പറഞ്ഞു കണ്ടില്ലല്ലോ

അഭിലാഷങ്ങള്‍ said...

ഹ ഹ ഹ...

സാന്റോസ്...

കിഡിലോസ്..കിഡിലോസ്.. മാഷേ..

“ഞാന്‍ ചുവപ്പ്‌ കാര്‍ഡ്‌ ഉപയോഗിക്കാറില്ലായെന്നാണ്‌ റഫറി വക്കാരികോ ഹിമോറ പറഞ്ഞത്‌. [വക്കാരികോ ഹിമോറ കോണ്‍ഗ്രസ്സുകാരനാണ്‌]. പകരമായി ഫൗള്‍ ഒരു അശാസ്ത്രീയ നടപടിയാണെന്ന് തെളിയിക്കാനും ബോധവല്‍ക്കരിക്കാനുമായി അദ്ദേഹം എഴുതിയ ഒരു അഞ്ചഞ്ചര പേജ്‌ വരുന്ന കമന്റ്‌.... വായിക്കാന്‍ അതുല്യാമ്മക്ക്‌ നല്‍കുകയും ചെയ്തു. ഇതിലും ഭേദം എനിക്ക്‌ റെഡ്‌ കാര്‍ഡ്‌ തരുന്നതായിരുന്നെന്റെ റഫറി സാറേയെന്ന് അതുല്യാമ്മ കരയുന്നത്‌ കേള്‍ക്കാമായിരുന്നു. ദേഷ്യം സഹിക്കാന്‍ ആകാതെ ഡിഫന്റര്‍ കൈപ്പിള്ളി റഫറിയെ മല്ലുറഫറിയെന്ന് വിളിക്കുകയും ചെയ്തു. “- ഇതാണ് എന്നെ കൂടുതല്‍ ചിരിപ്പിച്ചത്.

പൊന്നമ്പലത്തിന്റെ കമന്റ് വായിച്ച് പൊട്ടിച്ചിരിച്ചുപോയി. കലക്കന്‍ ഫസ്റ്റ് ക്ലാസ് ഹാസ്യം..

ഹ ഹ ഹ...

സാല്‍ജോҐsaljo said...

മി. പെരേര, അളിയാ ഈ വഴി വരാന്‍ വൈകി. തകര്‍ത്തുവാരി. സത്യായിട്ടും ഇഷ്ടപ്പെട്ടു. ശരിക്കു ചിരിച്ചു. വെറൈറ്റി സാധനം. ഇത് തുടര്‍ന്നില്ലെങ്കി... !!! ഗര്‍!!!... സംഭവം ഉഷാര്‍...

അഗ്രജന്‍ മാഷിന്റെ കാര്‍ഡും വക്കാരിമാഷിന്റെ റഫറിത്വവും ഇഷ്ടമായി. നല്ല വ്യക്തിഹത്യയില്ലാത്ത സ്പിരിട്ട് ഹാസ്യം. നടക്കട്ടെ.

ഓ.ടോ.: സുനീഷെ, നീ നിന്റെ ഫുട്ബോള്‍ എഴുത്ത് നിര്‍ത്തീക്കോ. മച്ചാന്‍ ഫോമിലാ...!

G.MANU said...

എനിക്കറിയാമാരുന്നു ഇതിങ്ങനേ വരൂന്നു..
പ്രിയപത്നിയോടെ വരെ ഞാന്‍ പറഞ്ഞിരുന്നു ഒരാഴ്ച ഞാനിവിടെ കാണില്ല മാച്ചുണ്ടെന്ന്..
ലാസ്റ്റ്‌ മൊമണ്റ്റില്‍ ഒരു ഔട്ട്‌പെറുക്കി പോസ്റ്റ്‌ പോലും തരാതെ പൊളിറ്റിക്സ്‌ കളിച്ചപ്പൊ ഓര്‍ക്കണമാരുന്നു...

ഇനി ഇപ്പോ, വേളാങ്കണ്ണിമാതാവേന്നും പറഞ്ഞിരുന്നോ.. ചായകുടിക്കാന്‍ കാശ്‌ ചോദിച്ചേക്കല്ലേ..ആദ്യമേ പറഞ്ഞേക്കാം...

'എന്നാലും ഈ പെങ്കൊച്ചുങ്ങള്‍...' .ഓ.. അതുവിട്‌

myexperimentsandme said...

മണലോസേ, ദുഷ്ടാ, ഇതെന്നെ ആപ്പീസിലിരുത്തിത്തന്നെ വായിപ്പിച്ചല്ലോ. പണ്ടേ വട്ടന്‍ പിന്നേം വട്ടന്‍ എന്ന രീതിയിലാണ് എല്ലാവരും എന്നെ ദോ ഇവിടെ നോക്കുന്നത്. ശരിക്കും, എനിക്ക് വയ്യായ്യേ ആയിപ്പോയി :)

ബാക്കി വീട്ടില്‍ ചെന്നിട്ട് :)

Dinkan-ഡിങ്കന്‍ said...

സാര്‍ന്‍ഡോച്ചാ തകര്‍ത്ത് പണ്ടാരം അടക്കിയല്ലോഡെയ്. അമറന്‍ വിവരണം. കളി നേരില്‍ കണ്ട പ്രതീതി (സുനീഷെ ഇവന്‍ നിനക്ക് ഭീഷണിയാ)

ചിരിച്ച് കുലുങ്ങി എന്റെ സീറ്റില്‍ ഞാന്‍ ഒറ്റയ്യ്ക്ക് മെക്സിക്കന്‍ തിരമാല തീര്‍ത്തു :)

ഓഫ്.ടോ
ഡിങ്കന്‍ പറഞ്ഞത് ശരി.
മനൂ ഡിങ്കന്‍ അല്ല ഉണ്ണിക്കുട്ടന്‍ ആണ് പറഞ്ഞത് ട്ടോ

ഗുപ്തന്‍ said...

"ഓഫ്.ടോ
ഡിങ്കന്‍ പറഞ്ഞത് ശരി.
മനൂ ഡിങ്കന്‍ അല്ല ഉണ്ണിക്കുട്ടന്‍ ആണ് പറഞ്ഞത് ട്ടോ "

അപ്പ നിങ്ങ രണ്ടും ഒരാളല്ലേ.... ഹി ഹി ഹി

*****
ആരും കേള്‍ക്കാതെ : അബദ്ധം പറ്റിയതാ ഷെമി.

കൊച്ചുത്രേസ്യ said...

ഹിയ്യാ ഹിയ്യാ ഞങ്ങളു ജയിച്ചേ...
ഈ പോസ്റ്റ് മുഴുവനും വായിച്ചിട്ട്‌ അത്രേമെങ്കിലും മനസ്സിലായി (ഫുട്ബോള്‍ കളിയെപറ്റി അത്രയ്ക്ക്‌ പരിജ്ഞാനമാണേ..) എന്തായാലുംഞാന്‍ അടുത്തകളിയ്ക്കു മുന്‍പ്‌ തപാല്‍മാര്‍ഗം ഇതു കുപ്ലീറ്റ്‌ പഠിച്ചെടുക്കും.എന്നിട്ടു വേണം ഗോളിയാകാന്‍. ബാച്ചിഗോളി ദില്‍‌ബനോട് കിടപിടിയ്ക്കാന്‍ ഇവിടിപ്പോ ഞാനേയുള്ളൂന്നാ തോന്നുന്നത്‌..

സാജന്‍| SAJAN said...

സാന്‍ഡോയേ, ഇത് അമറന്‍, പക്ഷേ, വിവാഹിതര്‍ കളബ്ബിനെ തീല്‍പ്പിച്ചത് ശരിയായില്ല, ഇക്കണക്കിനു ഗപ്പ് ബാച്ചികള്‍ തന്നെ കൊണ്ട് പോകും എന്നാണ് തോന്നുന്നത്,
കളിക്കുന്നതുപോലല്ലല്ലൊ എഴുതുന്നത്, പകരം എഴുതുന്നത് പോലല്ലേ കളി:)

-B- said...

ഹ ഹ!!

ഇനി കുറച്ചു നാളത്തേക്ക് ആ അലുമിനിയം കലം കൊണ്ട് മൂലക്കെറിഞ്ഞിട്ട് ഇത് മുഴുവാനാക്കെന്റെ സാന്‍ഡോ.

അടുത്ത കളിയും ഞങ്ങള്‍ ജയിക്കും. ടി.ജി.രവിയാണേ, ഭീമന്‍ രഘു ചേട്ടനാണേ സത്യം. ബാച്ചികള്‍ ഞങ്ങള്‍ക്ക് ഗ്രാസ്സ് ആണ് ഗ്രാസ്സ്!

തമനു said...

സാന്‍ഡോസേ ... ഒരു ടീമിനേം രണ്ടു പ്രാവശ്യം തോല്‍പ്പിക്കരുതെന്നാ ഫുട്ബോളിലെ നിയമം... അതു കൊണ്ട് ബാച്ചികളോട് വിവാഹിതരെ തോല്‍പ്പിക്കല്ലേ... (പെണ്ണുങ്ങളോട് തോല്‍ക്കുന്നത് വിവാഹിതര്‍ക്കൊരു പുത്തരിയല്ല....!!! )

ബാച്ചി-വനിതാ മത്സരത്തിന് മുന്‍പ് ഞരമ്പ് രോഗമുള്ളവരെ കണ്ടു പിടിക്കാന്‍ ഒരു ഡോപ് ടെസ്റ്റ് നടത്തുന്നൂന്ന് കേട്ടല്ലോ സാന്‍ഡോസേ ... അങ്ങനെയാണേല്‍ ബാച്ചീ ക്ലബ്ബീന്ന്‌ ആരും കളിക്കാന്‍ കാണില്ലേ...? :)

അടുത്ത കളി എന്നാ ..? ലീവെടുക്കാനാ ...

ഓടോ : സംഭവം തകര്‍ത്തു...

ഇഷ്ടക്കോട്ട് : ......കുറുമാന്‍ കളിക്കിടയില്‍ തന്നെ പത്രസമ്മേളനം വിളിച്ച്‌ കൂട്ടി വ്യക്തമാക്കി.
ഇക്കാസ്‌ നന്ദിയും പറഞ്ഞു.

ഹഹഹഹഹഹ

ഉണ്ണിക്കുട്ടന്‍ said...

ബി.കു അതങ്ങു കണ്ണമാലി പള്ളീ പോയി പറഞ്ഞാ മതി. വേണേ ലേഡീസ് ഫസ്റ്റ് എന്ന നിലയില്‍ ആദ്യത്തെ ഗോളു നിങ്ങളടിച്ചോ.. ചാത്തന്‍ മാറി നിന്നു തരും..പക്ഷെ അടുത്ത പത്തെണ്ണം ഞങ്ങളു ശറ പറേന്നടിക്കും..വിവാഹിതരെ പോലെ അല്ലാ വനിതകളെ ബാച്ചികള്‍ക്കു പേടിയില്ലാ..

Dinkan-ഡിങ്കന്‍ said...

ഒരു പ്രത്യേക അറിയിപ്പുണ്ട്
വനിതാ ക്ലബ് ഒരു കളിയില്‍ ജയിച്ചെന്നു കരുതി അഹങ്കരിക്കണ്ട. ഇത് മാച്ച് ഫിക്സിംഗ് ആണെന്ന് ബ്ലിഫയ്ക്ക് (ബ്ലോഗ് ഫുഡ്ബൊള്‍ അസോസിയേഷന്‍) അറിയിപ്പ് കിട്ടിയിട്ടുണ്ട്.
“കളി കഴിഞ്ഞ് വൈകീട്ട് വീട്ടില്‍ വാ അപ്പോള്‍ കാണാം ബാക്കി” എന്ന ഭാര്യാ ഭീഷണി മൂലം ആണ് വിവാഹിതര്‍ ഈ കളി തോറ്റതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിവാഹിതര്‍ ക്ലബിലെ പല ടാലെന്റഡ് പ്ലേയേര്‍സിനും തലേന്ന് വീട്ടീന്ന് പച്ചവെള്ളം പോലും കൊടുത്തില്ല എന്നും ആക്ഷേപം ഉണ്ട്. ഇത്തരം ആരോപണങ്ങള്‍ മാച്ച് ഫിക്സിംഗിന്റേയും ഭീഷണിയുടെയും പരിധിയില്‍ വരുന്നതിനാല്‍ ഈ മത്സരത്തിന്റെ വിധിനിര്‍ണ്ണയം പുനപരിശോദിക്കണമെന്ന് ബ്ലിഫ ട്രൈബ്യൂണല്‍ വ്യക്തമാക്കി.

ആയതിനാല്‍ ബച്ചികളോട് മുട്ടണ്ടാ. ബാച്ചികളോട് മുട്ടി കയ്യും കാലും ഒടിക്കാന്‍ മെനക്കെടാതെ ഞങ്ങള്‍ക്ക് “വാക്ക് ഓവര്‍” തന്നാല്‍ കൊള്ളാം. കയ്യൊടിഞ്ഞ് സ്പീച്ച് സിന്തസൈസര്‍ വഴി വരമൊഴിയില്‍ കമെന്റിടുന്നതൊക്കെ ഹെര്‍ക്കൂലിയന്‍ ടാസ്കല്ലെ?(അല്ലെ?)
ഡൊപ്പ് ടെസ്റ്റൊന്നും കുഴപ്പമില്ല. ഞരമ്പിലൂറ്റെ രക്തം ഒഴുകിയാലേ ടെസ്റ്റ് നടത്താന്‍ പറ്റൂ തമനൂ

ബാച്ചി മദ്യനിരക്കാര്‍ വേഗം അവനവന്റെ ബ്രാന്ഡുമായി മൈതാനിയില്‍ വരിക. ഞാനും നവ്യാനായരും അവിടെ കൂലങ്കഷമായ സ്പോര്‍ട്ട്സ് ചര്‍ച്ചയിലാണ് “മരോട്ടിക്കാ തിന്ന കാക്ക” എന്നത് സ്പോര്‍ട്ട്സ്മാന്‍ സ്പിരിറ്റുള്ള കമെന്റ് ആണൊ എന്നതാണ് വിഷയം

വേണു venu said...

സാന്‍ഡോസ്സെ,
നമ്മള്‍‍ തമ്മില്‍‍ അറിയാം. കൈ കൊടു്. സെപ്റ്റംബറില്‍ വരുമല്ലോ.
പക്ഷേ പറയാതിരിക്കാന്‍‍ പറ്റുന്നില്ല.
പോസ്റ്റിലെ വിവാഹിതരുടെ നിരയിലിരുന്നു് കളി കണ്ടവരുടെ കൂട്ടത്തില്‍‍ ഞാനും ഉണ്ടായിരുന്നു.
സാന്‍ഡൊസ്സിറക്കിയവര്‍‍.
വക്കാരി.+
സാരംഗി
ദേവരാഗം
ബിന്ദു
ഗന്ധര്‍വന്‍
അതുല്യാമ്മ
കൈപ്പിള്ളി
കുട്ടന്‍മേനോന്‍
കുറുമാന്‍
ഇക്കാസ്‌ +
അചിന്ത്യാമ്മ
ഇഞ്ചി
അഗ്രജന്‍... +
സിയ
സുല്‍ +
മുല്ലപ്പൂവു്
കലേഷേട്ടന്‍
വല്യമ്മായി
കൊച്ച്‌ ത്രേസ്യ +
ഇതില്‍‍ ഞാന്‍‍ + ചിഹ്നം ഉപയോഗിച്ചിരുന്നവരല്ലാതെ ആരും കമാ എന്നു് മിണ്ടിക്കണ്ടില്ല. കളിയില്‍‍ പെനാല്‍റ്റി കോര്‍ണറും മറ്റു പല കാര്യങ്ങളിലും സംശയം ഉണ്ടു്. മാച്ചു ഫിക്സിങെന്നൊക്കെ പറയുന്നതും മറ്റു പലതും സംശയ ദൃഷ്ടിയാല്‍‍ വിക്ഷിക്കപ്പെടുന്നു. ഗോളടിച്ചെന്നു പറയുന്ന സാരംഗി പോലും മൌനം ആചരിക്കുമ്പോള്‍‍ ‍ എവിടെയൊക്കെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നതു പോലെ.:)
NB. ഇന്നു ഞാന്‍‍ സന്ദര്‍ശിച്ചിരുന്ന വിവാഹിതരെല്ലാം നല്ല ഹാപ്പിയിലും ഇങ്ങനെ ഒക്കെ ഉണ്ടായെന്നു് ഒരറിവുമില്ലാതെ ആര്‍മ്മാദിച്ചു് ....ആര്‍മ്മാദിച്ചു്..ആരെയും നേരിടാനുള്ള സ്പോര്‍സു്മാന്‍‍ സ്പിരിട്ടുമായി മരോട്ടിക്കാ തിന്നവരെ നോക്കിയൊരു ചിരിയുമായിരിക്കുന്നു..:)

സാരംഗി said...

ഹഹ സാന്‍ഡോസെ, ഇപ്രാവശ്യവും കലക്കി. വനിതാക്ലബ്ബിന്റെ ജൈത്രയാത്ര തുടരട്ടെ..ടി ജീ രവി, ഭീമന്‍ രഘു എന്നൊക്കെ കേള്‍‍ക്കുമ്പോള്‍തന്നെ അറിയാതെ കളിച്ചുപോകും..അതുകൊണ്ടല്ലെ ബിന്ദൂട്ടി പന്തില്ലാത്തപ്പോള്‍ പോലും കളിച്ചുപോയത്.
വേണൂ..അടുക്കളയിലെ കളിക്കളത്തില്‍ ബിസിയായതുകൊണ്ടാണ്‌ മൗനത്തിലിരുന്നത്..അടുത്തമാച്ചും ഞങ്ങ സ്വന്തമാക്കും..

വേണു venu said...

എന്‍റെ പൊന്നേ,
സാരംഗി അടുക്കളയിലിരുന്നും കേട്ടൊ.
സാണ്ടോസ്സേ ഒരു + കൂടി ഞാനിടുന്നു.
എങ്കിലും വിവാഹിതരുടെ മുഖമിന്നു കണ്ട എനിക്കു് ഒരു സംശയവുമില്ല.ജയം.:)

ഗുപ്തന്‍ said...

കളിക്കളത്തിലോ കറിക്കലത്തിലോ സാരംഗീ :)

(ഹൌ !! എന്തൊരാശ്വാസം. ഒരു മൂരാച്ചി കമന്റിട്ടിട്ട് ഒത്തിരിനാളായപോലെ ഒരു ഫീലിംഗ് ആരുന്നു )

ഡാലി said...

റിതിക് റോഷനേയും, പ്രിഥ്വി രാജിനേയും, ചുരുങ്ങിയ പക്ഷം കൊച്ചുത്രേസ്യായേയും ചോദിച്ച ഞങ്ങള്‍ക്ക് ടി.ജി രവിയും, ഭീമന്‍ രഘുവുമോ? അപ്പോ കളിക്കാണ്ട് നിവര്‍ത്തിയില്ലല്ലേ. സാരംഗി പറഞ്ഞതാണ് കാര്യം,കളിച്ച് പൂവും. ചക് ദേ ഇന്ത്യ ഒക്കെ കണ്ടിരിക്കണ സ്പിരിട്ടില്‍ അല്ലെ. കപ്പ് ഞങ്ങക്ക് തന്നെ.

മനുവേ, കറികലം കളഞ്ഞുള്ള കളികളത്തിലേയ്ക്കില്ല. പാല് തിളപ്പീക്കാന്‍ വച്ചതിന്റെ ഇടയിലാ ഈ ഗോള്‍ സോറി കമന്റ്.

Anonymous said...

ഹ ഹ ..കറിക്കലവും കളിക്കളവും സമന്വയിപ്പിച്ചുകൊണ്ടുള്ള കളിയല്ലേ മനൂ കളി..

ശരിയാ, ഒരു മൂരാച്ചിക്കമന്റ്‌ കാണാത്തതിന്റെ ഫീലിംഗം എനിയ്ക്കും തീര്‍ന്നുകിട്ടി..
:)

ഉണ്ണിക്കുട്ടന്‍ said...

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് കുറവുള്ള ബാച്ചികള്‍ക്ക് സ്പിരിറ്റ് കലക്കി കൊടുക്കാന്‍ സാന്‍ഡോ ഗ്രൌന്‍ഡില്‍ ഒരു കുടില്‍ കെട്ടി ചെറിയ ചെറിയ കുടങ്ങള്‍ അടുക്കി വച്ച് എന്തോ ചെയ്യുന്നുണ്ട് എന്നു കേട്ടല്ലോ.. ശരിയാണോ..മധ്യ നിര സ്പെഷലാണോ..ഞാന്‍ വരണോ..

Unknown said...

പണ്ട്‌ തൃശൂര്‍ ഉദയാ ബാറില്‍ നിന്ന് കിട്ടിയ ഇടിയാണ്‌ ഇടി...ഇത്‌ എന്തോന്ന് ഇടി എന്നാണ്‌ ഇടിഗഡി ചോദിച്ചത്‌.

തകതകര്‍പ്പന്‍ സാന്റോ... :-)

ഓടോ: ബാച്ചിമദ്യനിര ഇന്നലെ മുഴുവന്‍ മൈതാനത്ത് മൂലവെട്ടി അടിച്ച് പരിശീലിക്കുകയായിരുന്നു. (കോര്‍ണര്‍ കിക്കിന് മലയാളത്തില്‍ പറയുന്നത് ഇങ്ങനെ തന്നെയല്ലേ? എന്തായാലും ഭയങ്കര കിക്കായിപ്പോയി എന്നാ പറഞ്ഞ് കേട്ടത്)

SUNISH THOMAS said...

സാന്‍റോസേ.............


അലക്കിപ്പൊരിച്ച് സാലഡും ലേശം സ്മോളുംകൂട്ടിയടിച്ച് ഗോളടിച്ച് കളി ജയിച്ച്...തകര്‍ത്തു.


തുടരട്ടെ. തുടരണം. തുടര്‍ന്നില്ലേല്‍ തന്നെ ഞാ‍ന്‍ തട്ടും!

കുട്ടിച്ചാത്തന്‍ said...

ഷാപ്പു മൊതലാളീ
ഇതിന്റെ ബാക്കിയെഴുതാതെ കേരളത്തീന്ന് ഒറ്റ ഷാപ്പീന്നും ഒരു സോഡാകുപ്പീടെ അടപ്പില്‍ പോലും സാന്‍ഡോയ്ക്ക് ഒന്നും കൊടുക്കരുത് എന്ന സര്‍ക്കുലര്‍ ഇറക്കാമോ?

ഭീഷണിയില്ലാതെ നടക്കൂല.

ഉണ്ണിക്കുട്ടന്‍ said...

സാന്‍ഡോ..എഴുതെടാ ബാക്കി..എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്..!

Unknown said...

ഡാ, മര്യാദയ്ക്ക് ബാക്കി എഴുത്...
ഇല്ലേല്‍ നിന്റെ വയറ്റിന് നോക്കി ഞാന്‍ ഹെഡ്ഡ് ചെയ്യുമേ.....

കലക്കിയെടാ സാന്റപ്പാ!

Sreejith K. said...

അതുല്യാമ്മയും വക്കാരിയും അചിന്ത്യാമ്മയമ്മൂമ്മയും അഗ്രജനും ഒക്കെ അസ്സലായി സാന്റോസേ. നീ ഒക്കെ മുഴുനേര ബ്ലോഗെഴുത്തുകാരനാവേണ്ടതാ.

അടുത്ത കളി എന്നാ? ടിക്കറ്റ് ഒക്കെ വിറ്റ് തീര്‍ന്നോ? നമ്മുടെ ടീമിന്റെ കളസം തയ്പ്പിച്ച് കിട്ടിയോഡേയ്?