ബാച്ചീസിനെന്നും കഷ്ടപ്പാടാണ്. കഷ്ടപ്പാടെന്നാല്‍ ദില്‍ബൂന്റെ മുഖത്ത് ഇടയ്ക്ക് കാണുന്ന പാടല്ല. അത് "കയ്യിലിരുപ്പിന്‍പാടാ"ണ്. വിവാഹിതന് സ്വന്തം ഭാര്യേടെ കെട്ടു താലി പണയം വെച്ചെങ്കിലും കള്ള് കുടിയ്ക്കാം. അതു പോലാണോ പാവം ബാച്ചികള്. കഷ്ടം തന്നെ ഞങ്ങളുടെ കാര്യം. വിയര്‍ക്കാതെ, മോഷ്ടിക്കാതെ, ബക്കറ്റ് പിരിവ് നടത്താതെ, പച്ചാളത്തെ പോലെ ഗൂണ്ടാ പിരിവ് നടത്താതെ എങ്ങിനെ വെള്ളമടിക്കാന്‍ കാശുണ്ടാക്കാം എന്നതാണ് വിഷയം.
കഴിഞ്ഞ 3 മാസമായി ഞാനും, ദില്ബനും, സാന്‍ഡോസും, പച്ചാളവും,
സിയയും(വിവാഹിതനെങ്കിലും വിരഹിണന്‍ ആണ്) പിന്നെ
CERN എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദ്ധഗ്ദരും ചേര്‍ന്ന് നടത്തിയ കൂലങ്കഷമായ ഒരു പരീക്ഷണത്തിന്റെ വിശദാംശങ്ങളാണ് അനര്‍ഗളനിര്‍ഗളമായി ഇവിടെ വിവരിക്കുന്നത്.
N.B
ഇതിന്റെ കോപ്പി റൈറ്റ് ബാച്ചീസില്‍ നിക്ഷിപ്തമാണ്.(ഫുള്‍ബോട്ടില്‍ തന്നാല്‍ പകര്‍പ്പവകാശം ഫോട്ടോസ്റ്റാറ്റ് എടുത്ത് തരും). ആരേലും ഇത് അടിച്ച് മാറ്റി പരീക്ഷിക്കാനാണ് ഭാവമെങ്കില്‍ ബാച്ചീസിന്റെ കണ്‍കണ്ട ദൈവമായ ഹനുമാന് സ്വാമിയാണേ ഇടിച്ച് മുഖം "ദൈവതുല്ല്യം" ആക്കും.
പരീക്ഷണത്തിനായി വേണ്ട ഉപകരണങ്ങള്‍
ചെറിയ കപ്പി (ആംഗലേയത്തില്‍ "പുള്ളി"ക്കാരന്) - 1
കുഞ്ഞുതവള - അംഗവൈകല്യം ഇല്ലാത്തത് - 1
പുല്‍ച്ചാടി - നല്ല പെടപ്പനായിരിക്കണം - 1
കമ്പ്യൂട്ടര്‍ - യുനികോഡ് ഉള്ളത് - 1
ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ്ഗ് - 1
ഇന്റര്‍ നെറ്റ് കണക്ഷന് - നല്ല ഞെരിപ്പന്‍ സ്പീഡുള്ളത് - ആവശ്യത്തിന്
നൂല് - 2 മീറ്റര്‍
എന്നിട്ട് താഴെ ചിത്രത്തില്‍ കാണുംവിധം ഈ വസ്തുക്കളെ ഘടിപ്പിച്ച് നിര്‍ത്തുക.
(ഈ ഫോട്ടോ CERN എന്ന സ്ഥാപനത്തിലെ അതി സങ്കീര്‍ണ്ണമായ ലാബില്‍ വെച്ച് സിയ വരച്ചതാണ് .
ലിങ്ക് കാണുക )

ഇനി മ്മക്ക് അങ്ങട് തൊടങ്ങാം!!!!
അദ്യമായി ഗൂഗിള്‍ ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ് ഓപ്പണ്‍ ചെയ്യുക.
നൂല് "പുള്ളി"ക്കാരനില്‍ കോര്‍ക്കുക.
മൌസിന്റെ കര്‍സറിനെ ആഡ് സെന്‍സിന്റെ മുകളിലും, തവളയെ മൌസിന്റെ "ലെഫ്റ്റ് ബട്ടന്" മുകളിലും, പുല്‍ച്ചാടിയെ "Backspace"ന് മുകളിലും പ്ലേസ് ചെയ്ത് നൂലിനാല്‍ ബന്ധിക്കുക.
ആദ്യമായി തവളയെ ലെഫ്റ്റ് ബട്ടനില്‍ വച്ച് ഒന്ന് അമര്‍ത്തുക. ബാക്കി എല്ലാം "ഓട്ടോമേറ്റഡ്" ആണ്. ക്ലിക്കിന്റെ ഫലം ആയി ആഡ്സെന്‍സിന്റെ പേജ് വരും. തല്‍ സമയം വിശന്നിരിക്കുന്ന തവള മുകളിലെ പുല്‍ച്ചാടിയെ പിടിക്കാനായി മുകളിലേയ്ക്ക് ചാടും. ആ സമയത്ത് പുല്‍ച്ചാടി ഇരിക്കുന്ന വശത്തിന് ഭാരം കൂടുകയും Backspace കീ അമരുകരും ചെയ്യും. അപ്പോള്‍ ബ്രൌസറിലെ "ബാക്ക്" എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ഫലമുളവാകയാല്‍ ബ്രൌസറില്‍ പഴയ പേജ് ആയ സ്വന്തം ബ്ലോഗ് തന്നെ പ്രത്യക്ഷപ്പെടും. എന്നാല്‍ ഭൂഗുരുത്വം എന്ന "കുരുത്തംകെട്ട" പിന്‍വലിയാല്‍ തവള വീണ്ടും "ലെഫ്റ്റ് ബട്ടണിന്" വീഴും. വീണ്ടും ആഡ് സെന്‍സ് ഞെക്കപ്പെടും. ഈ പ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരോ തവളച്ചാട്ടത്തിലും, പുല്‍ച്ചാടിയുടേ ഒരോ രക്ഷപ്പെടലിലും കീശയില്‍ കാശ് വീഴുന്ന കിലുക്കം കേള്‍ക്കാം.
ഒരു ഡോളര്‍ ആയാല്‍ പുല്‍ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും.
1 ഡോളറിന് വെച്ച് പുല്‍ച്ചാടി
10 ഡോളറിന് വെച്ച് തവള
1000 ഡോളറിന് വെച്ച് കീ ബോറ്ഡ് എന്നീ ഐറ്റംസ് മാറ്റുക

കാശ് ഇടാന്‍ സ്വിസ് ബാങ്കില്‍ ബാച്ചീസിനായി 011235813 എന്ന എക്കൌണ്ട് ഓപ്പണ്‍ ആണ്. ദയവായി അവിടെ നിക്ഷേപിക്കുക.
"വൈകീട്ടെന്താ പരിപാടി?" എന്ന് ആരെങ്കിലും ചോദിച്ചാല്‍ സ്വിസ്ബാങ്കിലെ "ക്രെഡിറ്റ് കാര്‍ഡ്" കാണിച്ച് സാദനം വാങ്ങി മോന്തുക. വാളും പരിചയും വെയ്ക്കുക, തന്തയ്ക്ക് വിളിക്കുക.
മറക്കരുതാത്ത ഒരു കാര്യമുണ്ട് , തിരികെ പോരും വഴി ഒരു തവളയേയും, പുല്‍ച്ചാടിയേയും പിടിക്കുക.
എല്ലാം ബാച്ചീസിനേയും ഹനുമാന് സ്വാമി കാക്കട്ടേ... ഇന്ഷാ ഹനുമാന്
നന്ദി:
ഈ സംരംഭം ഒരു കിടിലന്‍ പരീക്ഷണ വിജയം ആക്കി തീര്‍ക്കാന്‍ ലാബ് തന്ന് സഹായിച്ച CERN അധികാരികള്‍, സയന്റിസ്റ്റ്: ദില്ബാസുരന്, പ്രൊഫ.സാന്‍ഡോസ്, സയന്റിസ്റ്റ്:പച്ചാളം, പ്രൊഫ.സിയ എന്നിവര്‍ക്ക് ഞാനീയവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു.
സസ്നേഹം
സയന്റിസ്റ്റ്: ഡോ. വിവി ഇഗ്ഗ്നേഷ്യസ് പിമെന്റോ