Monday, December 28, 2009

പ്രിയ ബാച്ചികളെ.. വിട വിട..

പ്രിയ ബാച്ചികളെ ബാച്ചിച്ചികളെ.. എന്റെ കന്യാകത്വം നഷ്‌ടപ്പെട്ടു. ഞാനിപ്പോള്‍ ഒരു വിവാഹിതനാണ്‌. ഇനിയും ഈ ക്ലബ്ബില്‍ തുടരുന്നത് അന്യായമാണെന്ന് മനസ്സിലാക്കുന്നു. ഈ ക്ലബിന്റെ തുടക്കം മുതല്‍ ക്ലബിന്റെ ഉന്നമനത്തിനും ഔന്നത്യത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍, ഈ ക്ലബില്‍ നിന്നും ഒഴിവാകുക എന്നു പറഞ്ഞാല്‍ എന്റെ ഹൃദയം പറിച്ചു മാറ്റുന്നതു പോലെയാണ്‌. എന്തു ചെയ്യാം പ്രിയരേ... അന്നൊരു ഞായറാഴ്ചയായിരുന്നു. എന്നിലെ ബാച്ചിയെ ഞാന്‍ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയിറക്കി. ഞാന്‍ പടിയിറങ്ങുകയാണ്‌ പ്രിയരേ.. പടിയിറങ്ങുകയാണ്‌. എന്റെ സഹപ്രവര്‍ത്തകരേ... നമുക്കിനിയും വല്ലിടത്തും വെച്ച് കാണാം. കാണേണ്ടി വരും.. കാരണം ഭൂമി ഉരുണ്ട ഒരു ഗോളമായിപ്പൊയല്ലോ. ഒരു പിടി കണ്ണീരോടെ.. വിട വിട.. വിടൂ...

Wednesday, December 16, 2009

“ബാച്ചിലേഴ്സ് ക്ലബ്ബിലെ കലാപ്രതിഭന്‍..!!“

പ്രായമേറേയായിട്ടും ഇപ്പോഴും പണ്ടത്തെ സ്കൂള്‍-കോളജ്-ബാച്ചിലര്‍ ലൈഫിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്ന, സാമ്പത്തികമാന്ദ്യം കൊണ്ട് ജകപൊകയായ ദുബായിയെ 10 ബില്യന്‍ ഡോളര്‍ സഹായിക്കാമെന്നേറ്റ അബുദാബിദേശത്തിന്റെ പൊന്നോമനപുത്രനും, ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായലിന്റെ പരിസരത്ത് ഭാര്യയുടെ പേരില്‍ ഒരു ഫ്ലാറ്റെടുത്ത് അതിന് ‘താടക’ എന്ന പേരിട്ട്, വീ‍ട്ടില്‍ വരുന്നവരെയെല്ലാം കൊണ്ട് ‘താടക’ എന്ന വയലാര്‍ കവിത ചൊല്ലിച്ച് വിടുകയും ചെയ്യാറുള്ള എന്റെ പ്രിയ സുഹൃത്തിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് (ഓം..ഇടിയായ..നമഃ ....ഇടി ഗഡിയായ നമഃ... എനിക്കിടി കിട്ടരുതായ നമോ... നമഃ... ഓം..!) പ്രിയപ്പെട്ട ബാച്ചിലര്‍ ഫ്രന്റ്സിനോട്, എന്റെ ചില അഭിലാഷങ്ങള്‍ അറിയിക്കുവാനാഗ്രഹിക്കുകയാണ്.....

എന്റെ പല സുഹൃത്തുക്കളും പണ്ട് സ്കൂളില്‍ പഠിക്കുന്ന (!?) കാലത്ത് “റെഡ് ഹൌസ്”ല്‍‌ ആയിരുന്നു പോലും! സീ ഫ്രന്‍സ്, എനിക്ക് പറയാനുള്ളത്, നമ്മള്‍ ബാച്ചികള്‍ ഒരിക്കലും “റഡ് ഹൌസില്‍” ചേരരുത്. നിങ്ങള്‍ക്കെല്ലാം ‘റോള്‍ മഡലായ‘ ഞാന്‍ പണ്ട് സ്കൂളിലും കോളജിലുമൊക്കെ (പോയിട്ട്ണ്ട്.. പോയിട്ട്ണ്ട്.. സത്യം) പഠിക്കുന്ന കാലത്ത് “ബ്ലൂ ഹൌസ്” ന്റെ ക്യാപ്റ്റന്‍ ആയിരുന്നു. എന്താന്നറിയില്ല അന്നും ഇന്നും ഈ “ബ്ലൂ” വിനോട് വല്യ താല്പര്യമാ. നിങ്ങളും അങ്ങിനെയായിരിക്കണം. ഞാന്‍ കഴിഞ്ഞആഴ്ച ഒരു “ബ്ലൂ” ഫിലിം CD വാങ്ങിയിട്ട് ഇന്നേ വരെ വീഡിയോ ഷോപ്പില്‍ തിരിച്ചുകൊടുത്തിട്ടില്ല!. ഡൈലി വീണ്ടും വീണ്ടും കാണും. ഇത് “ബ്ലൂ” വിനോടുള്ള അഗാധമായ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്. അതാണ്..!! ഈ ഒരു താല്പര്യം..അതായിരിക്കണം ബാച്ചികളുടെ മുഖമുദ്ര! ങേ...?! അയ്യേ.. തും ലോഗ് ക്യാ സോച്ച് രഹേ ഹോ... ഹോയ്??. ഡേയ് ഡേയ്.. ബാച്ചിലേഴ്സിന് നാണക്കേടുണ്ടാക്കല്ലേ.. കശ്മല്‍ ബാച്ചീസ്.. വേണ്ടാത്ത ചിന്ത മത്ത് കരോ... ഡോണ്ട് മിസ്സ്.അണ്ടര്‍-സ്റ്റാന്റ് മീ....! ഞാന്‍ “ബ്ലൂ” ഫിലിം എന്ന് പറഞ്ഞത് പുതിയ ഹിന്ദി സിനിമയെ പറ്റിയാണ്‍. സിനിമയുടെ പേരാ: “ബ്ലൂ“ - അതില്‍ അഭിനയിച്ച ചുള്ളന്‍സ് & ചുള്ളീസ്: അക്ഷയ് കുമാര്‍, സഞ്ചയ് ദത്ത്, കത്രിന കൈഫ്, സയീദ് ഖാന്‍, ലാറാ ദത്ത എസ്‌കെട്രാ.. എസ്‌കെട്രാ....

ശീ‍ീ‍ീ‍ീ‍ീ... ഒരോന്നിന്റെ ചിന്ത പോയ പോക്ക് നോക്ക്.... ച്ചീ‍ീ‍ീ‍ീ...... വൃത്തികെട്ടവന്മാര്‍... മനസ്സ് നന്നാവണം ബാച്ചികളേ.. മനസ്സ് നന്നാവണം. എന്നെ എന്നുമെന്നും ‘റോള്‍ മഡലാക്കൂ‘.. ശ്ശേ.. മോഡലാക്കൂ, ഞാനെപ്പോഴും പറയാറുള്ള പോലെ ബാച്ചികളുടെ മനസ്സ് എന്നും നയന്‍താരയുടെ വസ്ത്രം പോലെ സുതാര്യമായിരിക്കണം, പക്ഷെ നയന്‍‌താരയെപ്പൊലെ ഒരു തര്‍ക്കബാധിതപ്രദേശമയിരിക്കരുത്....! മനസ്സില്‍ എന്നും സന്തോഷം വിളയാടണം പക്ഷെ സന്തോഷ് മാധവനെപ്പോലെ വിളയാടരുത്..! മനസ്സില്‍ എന്നും ഐശ്വര്യം കുടികൊള്ളണം പക്ഷെ ഐശ്വര്യാറാ‍യിയെപ്പൊലെ ഒരു സുപ്രഭാതത്തില്‍ &^&^@# കണ്ട ഏതേലും ബച്ചന്റച്ചന്റെ മോന്റെമോന്റെ കൂടെ ഇറങ്ങിപ്പോയി മൊത്തം ബാച്ചികളുടെയും ഹാര്‍ട്ടിന്റെ നട്ടും കരളിന്റെ ലിവറും ഊരിക്കളയരുത്..... :(

പിന്നെ നമ്മള്‍ ഒരിക്കലും പൊങ്ങച്ചം പറയാന്‍ പാടില്ല!!. അത് പാപമാണ്. ഷേര്‍ചെയ്യാനേ പാടുള്ളൂ. അതോണ്ട് നിങ്ങള്‍ക്ക് എന്നിലെ ഭയങ്കര പ്രതിഭയുടെ ഒരംശം പകുത്ത്തരാന്‍ അല്ലേല്‍ ലേശം പ്രതിഭാ-ജ്ഞാനം പകര്‍ന്നുതരാന്‍‌ വേണ്ടി, അതിനേക്കാളുപരി ഒരോ ക്ലബ്ബ് മെമ്പേഴ്സിനും ഒരു ഒരു ഇന്‍സ്പിരേഷന് വേണ്ടി... അല്പം ഫ്ലാഷ് ബേക്കുന്നു:

വണ്‍സപ്പോണേ ടൈം വെന്നൈവോസിന്‍ പ്ലസ് റ്റു..., ഏശ്ശ് ..അല്ലേ വേണ്ട.. ഇംഗ്ലീഷ് വേണ്ട...! നിങ്ങക്കൊന്നും മനസ്സിലാവൂല്ല. അതോണ്ടാ...

അതായത്, പണ്ട് +1 & +2 വില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ ഞാനായിരുന്നു കലാപ്രതിഭ. (പിന്നെ, സ്കൂളിലെ ചില വിവരദോഷി കൂട്ടുകാര്‍ എന്നെപറ്റി “മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്” എന്ന് അസൂയകൊണ്ട് പറഞ്ഞപ്പോള്‍ “നിന്റെ തലയില്‍ ഇന്ന് വൈകുന്നേരം കാക്കതൂറട്ടെ..!” എന്ന് അന്നേ ശപിച്ചത് കൊണ്ട് ഇപ്പോ പശ്ചാത്താപമില്ല..). യുവജനോത്സവങ്ങളില്‍ പണ്ട് എന്നെ പോലുള്ള ‘ഭയങ്കര‘ പ്രതിഭയുള്ള ആണ്‍കുട്ടികള്‍ക്ക് (നോട്ട് ദ പോയിന്റ്) കൊടുക്കുന്ന ക്-ണാപ്പാണ് “കലാപ്രതിഭ“ അഥവാ പ്രതിഭന്‍. ഇപ്പോ അങ്ങിനെ ഒരു സംവിധാനം നമ്മുടെ വിദ്യാഭാസമന്ത്രി എം.എ.യൊക്കെ പഠിച്ചെങ്കിലും ബേബിയായത് കാരണം നിര്‍ത്തി എന്ന് കേട്ടു. മന്ത്രി ബേബി വളര്‍ന്ന് വല്യ ബോയ് അല്ലേല്‍ മേന്‍ ആയി മാറുന്ന കാലത്ത് ചിലപ്പോ ഇത് പുനരാരംഭിച്ചേക്കാം.... അത് വരെ നിങ്ങള്‍ ക്ഷമി....

ഇപ്പോ ഏതായാലും, എന്നിലെ പ്രതിഭന്റെ ഒരു ഉദാഹരണം, അതായത് ജസ്റ്റ് ഒരു എസ്‌കാമ്പിള്‍ മാത്രം പറയാം.

സ്കൂള്‍ യുവജനോത്സവം. അവസാനദിവസം. വേദിയില്‍, നാടകം: “ധര്‍മ്മഭേരി”; ഞാന്‍ അശോക ചക്രവര്‍ത്തി. അവസാന രംഗങ്ങള്‍ക്കായി കര്‍ട്ടന്‍ പൊങ്ങി. കലിംഗയുദ്ധത്തിന് ശേഷം നൂറുകണക്കിന് പടയാളികളും പ്രജകളും മരിച്ച് വീണ യുദ്ധഭൂമി കണ്ട് അശോകചക്രവര്‍ത്തിയുടെ മനസ്സിനുണ്ടാകുന്ന പരിവര്‍ത്തനമാണ് രംഗം. അവിടെ മന്ത്രിയോട് അശോകചക്രവര്‍ത്തി ഭയങ്കര സങ്കടത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്...

“മന്ത്രീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മന്ത്രീ, സഹിക്കാനാവുന്നില്ല....”
(മുഖത്ത് ഭയങ്കര സങ്കടം വരണം..)

അശോകചക്രവര്‍ത്തിയായി അത്ര നേരവും സ്റ്റേജില്‍ തകര്‍ത്തുകൊണ്ടിരുന്ന ഞാന്‍, വണ്‍-ഡേ-ക്രിക്കറ്റ് ഫൈനലില്‍ അവസാന ഓവറുകളില്‍ എന്നും കുളമാക്കി കളിതോല്‍ക്കാറുള്ള ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രതിനിധിയായി മുഖത്ത് മൊത്തം ‘സെന്റി‘ വിരിയിച്ച് മൈക്കിലൂടെ ഉറക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിനയിച്ച് ഡയലോഗ് കാച്ചി:

“മണീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മണീ, സഹിക്കാനാവുന്നില്ല....”

“മന്ത്രി“യായി അഭിനയിച്ച സ്കൂള്‍ ലീഡറുംകൂടിയായ എന്റെ സുഹ്രത്ത് കെ.കെ.മണികണ്ഠനെ വികാരാധിക്യത്താല്‍, ഡൈലി വിളിക്കുന്നപോലെ “മണീ“ ന്ന് ആഞ്ഞ് വിളിച്ചുപോയത് കേട്ട് പരലോകത്തിരുന്ന് അപ്പോഴേ അശോകചക്രവര്‍ത്തിയും അയാളുടെ മന്ത്രിയും ക്ഷമിച്ചിരിക്കും എന്ന് എനിക്കുറപ്പുണ്ട്...)

(മാത്രമല്ല, ഒരു നിമിഷം സങ്കടത്തിന് പകരം “ഹയ്യ” ന്ന് നാവും കടിച്ചുള്ള എന്റെ ഒരു പ്രത്യേകതരം എക്സ്പ്രഷന്‍ നവരസങ്ങളില്‍ പോലും ഇല്ലാത്തതായിരുന്നു എന്ന അഭിമാനം ഇപ്പോഴും ഉണ്ട്‌..)

ഇനിയാണ് പ്രധാനസംഗതി.

എല്ലാ ബാച്ചികളുടെയും ഉണര്‍വ്വിനായി, ഈ ബാച്ചി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനത്തിനായ്, ഉത്തേജനത്തിനായ്,
ഒരു പ്രത്യേക അറിയിപ്പ് അഭി-മാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു:

“ആ യുവജനോത്സവത്തില്‍ ബെസ്റ്റ് ആക്റ്റര്‍ക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു!!!“

എന്താടോ? എന്താടോ ബാച്ചികളേ നിങ്ങള്‍ക്കൊക്കെ ഒരു പുച്-ഞ്ജ ഭാവം? കൂട്ടത്തിലൊരുത്തന്‍ അഭിമാനത്തിന് വക നല്‍കുന്ന സംഗതി പറഞ്ഞിട്ടും ഒട്ടും തന്നെ അഭിമാനം തോന്നുന്നില്ലേ നിങ്ങള്‍ക്ക് ?? എന്നാ പിന്നെ പോ.. പുല്ല്..! ഈ ക്ലബ്ബില്‍ നിന്നും ഞാന്‍ ഭയങ്കര ദേഷ്യത്തോടെ രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്നു.

ഡോ..... , രാജിവെക്കുവാണ് ന്ന്....
ഇന്നാ എന്റെ രാജിക്കത്ത്.......

ഡാ ദില്‍ബാ, കത്ത് കിട്ടിയിട്ടും നീയെന്താ ഒന്നും മിണ്ടാത്തേ? സാന്റോ നീയെന്തെടുക്കുവാ? കൊല്ലത്തില്‍ ഡിസംമ്പര്‍ മാസം സാന്റാക്ലോസിന്റകൂടെ ഒരു കുപ്പി റമ്മുമായി പൊങ്ങി അപ്പോത്തന്നെ മുങ്ങി പിന്നെ അടുത്ത ഡിസംബറില്‍ മാത്രം പൊങ്ങുന്ന സാന്റോസേ, ഇങ്ങനെയായാല്‍ ഈ ക്ലബ്ബ് എങ്ങിനെ നന്നാവും? കഴിഞ്ഞ കൊല്ലം “ഹാപ്പി വിഷു... ഹാപ്പി വിഷു” ന്നും പറഞ്ഞ് വിഷുവിന് പിരിച്ചെടുത്ത പണവുംകൊണ്ട് മുങ്ങി പുട്ടടിച്ച ദില്‍ബനേം, ഡിസംബറില്‍ “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നും പറഞ്ഞ് ബാച്ചികളില്‍ നിന്ന് പണം പിരിച്ച് ഒറ്റകാശ് പോലും ക്ലബ്ബിലടക്കാതെ, സെക്കന്റിയര്‍ ബോട്ടണിയിലെ “മേരി” യുടെ കൂടെ ‘ഹാപ്പിയായി നീ മുങ്ങിയ‘യപ്പോഴല്ലേ സാന്റോസേ നമ്മക്ക് “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നതിന്റെ അര്‍ത്ഥം മനസ്സിലായത്... നിന്റെയൊന്നും ഒണക്കകൈകളില്‍ ഈ ക്ലബ്ബ് ഭദ്രമല്ല....

ഈ ഒരു ചിന്തകാരണം ക്ലബ്ബിനെ ഭദ്രമാക്കാന്‍ അല്പം കനത്ത തുക സംഭാവന ക്ലബ്ബ്-എകൌണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റിടാന്‍‌ വേണ്ടി കാശെടുക്കാന്‍ ഇന്നലെ ഷാര്‍ജ്ജയിലെ മീനാ റോഡിലെ ADCB ബാങ്കിന്റെ ATM സെന്ററില്‍ പോയി. പുറത്ത് തകര്‍ത്തുപെയ്യുന്ന പേമാരിയെ (എന്ന്വച്ചാ ചാറ്റല്‍ മഴ...) വകവെക്കതെ ഞാന്‍ ക്യൂ നിന്നു. അവസാനം എന്റെ ATM കാര്‍ഡെടുത്ത് മെഷിനിലിട്ടു.

പല്ല് ഞെരിക്കുന്നപൊലെ അതിന്റെയുള്ളില്‍നിന്ന് കറ കറേന്ന് എന്തോ ഒരു ശബ്ദം. സഹിക്കാന്‍ പറ്റീട്ട്ണ്ടാവില്യ പാവം.... എന്നാലും അത് സാവധാനം ഒരു പേപ്പര്‍ പ്രിന്റ് പുറത്തുനീട്ടി. അതില്‍ Available Balance: എന്നതിനു നേരെ 0:00 AED എന്ന് കണ്ട് ഞാന്‍ സന്തോഷത്തോടെ.. അഭിമാനത്തോടെ പുറത്തിറങ്ങി. കാരണം, പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണല്ലോ....??

മൈ ഡിയര്‍ ബാച്ചീസ്, നിങ്ങളും എന്നെപ്പോലെ ‘എന്നും രാജ്യസ്നേഹികളായിരിക്കണം....‘! നിങ്ങള്‍ക്ക് നല്ലത് വരട്ടെ....

ഞാന്‍ ഈ ക്ലബില്‍ നിന്ന് വിടവാങ്ങുകയാണ്..... ‘കല്യാണം കഴിച്ചാലും ക്ലബ്ബില്‍ തുടരാം‘ എന്ന് ക്ലബ്ബിന്റെ ബൈലോ എന്നെങ്കിലും ഭേദഗതി ചെയ്താല്‍ എന്നെ അറിയിക്കാന്‍ മറക്കരുത്.....

അറിയിക്കേണ്ട വിലാസം...

അഭിലാഷങ്ങള്‍,
ഏക്സ് എച്ചിക്കുട്ടീവ് മെമ്പര്‍,
ദുബായ്.
(കടം മൊത്തം അടച്ചു തീര്‍ന്നാല്‍ മാത്രം..)
അതുവരെ,
അബുദാബി (അതിനാ ഇപ്പോ വെയ്റ്റ്).

(ഒപ്പ്)

**********************************************************
ബാച്ചിക്ലബ്ബ് ലൈബ്രറി:

“ശബ്ദതാരാവളി“ [കന്നടയില്‍ അങ്ങിനേം പറയാം] & “ഞെക്കിപ്പീഡിയ“ [ലിങ്കൊക്കെയുണ്ട്]

“ബ്ലൂ ഫിലിം”: ഇന്നാ പിടി ഞെക്കിപ്പീഡിയ. ഞെക്കിക്കോ.. കാണാം
“ഇടിയായ..നമഃ “: ശബ്ദതാരാവളിയില്‍ മെല്ലെ പരതൂ.. കൈ മുറിയരുത്.
“10 ബില്യന്‍ ഇഷ്യു“: ഈ ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഇവിടെ വേറെ
“ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായല്‍:“ ശബ്ദതാരാവളിയില്‍ പരതൂ
“താടക“ : ഒന്നൂടി ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഞെക്കിക്കോളൂ...
“എം.എ.പാസായ ബേബി“: മെല്ലെ ഞെക്കിയാ മതി... മന്ത്രിയാ.
“ADCB": ചുമ്മാ ഇവിടെ ബാലന്‍സ് ചെക്ക് ചെയ്ത് അഭിമാനിക്കൂ... രാജ്യസ്നേഹിയാകൂ.
“മീനാ റോഡ്”: റോഡ് ഷാര്‍ജ്ജയില്‍ തന്നെ ഉണ്ടെങ്കിലും ഓള് ഇപ്പോ രാവിലെ ‘കൈരളീല്‘ മ്യൂസിക്ക് റ്റൂഷന് പോകുന്നത് കാണാറില്ല
“ബച്ചന്റച്ചന്റെ മോന്റെമോന്‍“: ഞെക്കിക്കൊല്ലെടാ ഓനെ... പന്നി..! പാവം മ്മടെ ഐശ്വര്യറായ്.. :(
“നയന്‍‌താരയുടെ വസ്ത്രം”: ട്രാ..ന്‍സ്...പാ...ര....ന്റാ... കേട്ടോ.. സൂച്ചിക്കണേ.... ങാ..!.. ങാ..!! :)

**********************************************************

Sunday, February 22, 2009

ബാച്ചികള്‍ മരിക്കില്ല !

ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം


വസന്തകാലം ഏറെക്കുറെ ഇത്രയും മത്യാകുമെന്നു എന്റെ വീട്ടുകാര്‍ തിരുമാനിച്ച വിവരം അറിയിക്കാനാണ്‌ ഈ പോസ്റ്റ്. ഞാന്‍ ക്ലബിനെ ചതിച്ചതല്ല സുഹൃത്തുക്കളേ.. ബാച്ചികളെ ഉത്തരവാദിത്തം ഇല്ലത്തവരും.. താന്തോന്നികളുമായി കണക്കാക്കുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ഉള്ള ഒരു വെല്ലു വിളിയാണ്‌ എന്റെ ഈ തീരുമാനം. ക്ലബിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി വരാത്തവര്‍ക്ക് ഞാന്‍ പറയുന്നതു ചിലപ്പോ മനസിലായിക്കൊള്ളണം എന്നില്ല.


ഞാന്‍ പൊയാലും ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത് ക്ലബിനെ മുന്നൊട്ടു നയിക്കാന്‍ ആയുഷ്ക്കാല പ്രസിഡന്റായ ദില്‍ബനും ഭാരവാഹികളായ ഡിങ്കനും അഭിലാഷങ്ങളും സാന്‍ഡോസുമൊക്കെ ഉണ്ടല്ലോ എന്നതാണ്‌ എന്റെ ഏക ആശ്വാസം. നിങ്ങള്‍ ഒന്നും രഹസ്യമായി പെണ്ണുകാണാന്‍ പൊകുന്നില്ല എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.


കുറച്ചു നാളു കഴിയുമ്പോ ഏതെങ്കിലും ഒരു വൈന്നേരം എന്നെ ഈ ക്ലബിന്റെ വരാന്തയില്‍ കണ്ടാല്‍ ..എന്നെ വീട്ടില്‍ ഇന്നു ഇറക്കി വിട്ടതാണെന്നു നിങ്ങള്‍ കരുതരുത്.. പകരം നൊസ്റ്റാള്‍ജിയ മൂത്തു നിങ്ങളെ ഒക്കെ കാണാന്‍ വന്നതാണെന്നു വേണം കരുതാന്‍.


ഈ വര്‍ഷം മേയ് കാലഘട്ടത്തില്‍ ഞാന്‍ ക്ലബിനെ വിട്ടു പോകുകയാണ്. വിറക്കുന്ന കൈകളോടെ (സ്മാള്‍ അടിക്കാത്ത കൊണ്ടല്ലാട്ടാ..) നിറഞ്ഞ കണ്ണുകളോടെ എന്റെ രാജിക്കത്ത് ഈ ഉമ്മറത്ത് കൊണ്ടിട്ടിട്ട് ഞാന്‍ ഓടുന്നു..

Friday, July 18, 2008

'ചിയേര്‍സ് പറയുന്നത് എന്തിന്?'

ഇക്കുറി ഞങ്ങളുടെ സൌഹ്രിദസംഘപരിപാടികള്‍ക്കിടയില്‍ കേട്ട ഒരു ചോദ്യം। "വെള്ളമടിയ്കുമ്പോള്‍ ചിയേര്‍സ് പറയുന്നത് എന്തിന്?"ചോദ്യത്തില്‍ കഴമ്പില്ലേ??

വെള്ളമടിയ്കുമ്പോള്‍ എന്തൊക്കെ പറയാം. അല്ലാത്തപ്പോള്‍ പറയാന്‍ പറ്റാത്തത് പലതും പറയുന്നത് തന്നെ വെള്ളമടിയ്കുമ്പോള്‍ ആണെന്ന് ജനസംസാരം. ചോദ്യം പോട്ടിമുളച്ച്ചപ്പോള്‍ ആര്ക്കും തന്നെ ഒരു ഉത്തരം കണ്ടെത്താന്‍ സാധിച്ചില്ല. ഒരുപക്ഷെ മെയിന്‍ ടോപിക്കില്‍ നിന്നു വ്യതിച്ചലിക്കന്ട എന്ന് കരുതി ആകും.

കപ്പയും കളറും കണ്ണിമാങ്ങയും ചെറിയ ചെറിയ ചിക്കന്‍ പീസുകളും ഉള്ളില്‍ ചെന്നപ്പോള്‍ ആദ്യത്തെ ചേട്ടന്‍ അരുളിച്ചെയ്തത് ഇങ്ങനെ " വെള്ളമടിച്ച് കോണ്‍ തെറ്റിയ ഏതെലും സായിപ്പ് വിഴാന്‍ പോയപ്പോള്‍ 'ചെയെര്‍സ്' എന്ന് കുട്ടുകാര്‍ പറഞ്ഞതോ മറ്റോ ആകും"

കര്‍ത്താവിന്റെയും പരിശുദ്ധാത്മാവിന്റെയും സീസറിന്റെയും പേരില്‍ അങ്ങേര്‍ക്ക് എല്ലാരും മാപ്പ് കൊടുത്ത് കഴിഞ്ഞ വീണ്ടും നടത്തിയ ബ്രെയിന്‍ സ്റൊര്മിങ്ങില്‍ ഉരുത്തിരിഞ്ഞത് 'എല്ലാ ദുഖങ്ങളും മറന്നു സന്തോഷിക്കളിയാ' എന്ന് ആഹ്വാനം ചെയ്തതാകും എന്ന മറ്റൊരു കൂട്ടത്തിന്റെ നിലവിളി ആണ്.

ഇങ്ങനെ പല പല അഭിപ്രായ പ്രകടനങ്ങളും കേട്ട്, സര്‍വ്വസംശയ സംഹാരി ആയ ഗൂഗിളില്‍ തേടി നോക്കിയപ്പോള്‍, അതിനും പരയാനുന്റ്റ് എന്തൊക്കെയോ കഥകള്‍.

ഒടുവില്‍, ചോദ്യം കേട്ടുറങി പിറ്റേന്ന് കേട്ടിരങ്ങിയത്തിനു ശേഷം ഒരു വിദ്വാന്‍ പറഞ്ഞാതാണ് കുട്ടത്തില്‍ ഏറവും മികച്ച ഉത്തരം।മദ്യപാനം മനസ്സിനും ശരീരത്തിനും ഒരു ആനന്ദം പ്രദാനം ചെയ്യുകയാണല്ലോ. അത് കൊണ്ട്ട് തന്നെ ഇത്തരത്തില്‍ ഒരു ചടങ് നടക്കുമ്പോള്‍ എല്ലാരേയും അറിയിക്കേണ്ട ബാധ്യത ഉണ്ട്ടല്ലോ. അപ്പൊ, പഞ്ചേന്ദ്രിയങ്ങളില്‍ ചെവി ഒഴികെ എല്ലാവര്ക്കും അറിയാനുള്ള വക ഉണ്ട്ട്. ചെവിയെ വിവരം അറിയിക്കനാനത്രേ ചിയേര്‍സ് വിളികള്‍ പുറപ്പെടുവിക്കേണ്ടത് അത്രേ.

മറ്റ് അഭിപ്രായങ്ങള്‍ക്ക് സ്വാഗതം !!!

Sunday, June 08, 2008

റെസിപ്പി വേണം!

ബാച്ചിലേഴ്‌സ് പൊതുവേ കൂടുന്നിടത്ത് ചെലവാകുന്ന അച്ചാര്‍, കായ, ചക്ക വറുത്തത് എന്നിവയ്ക്കുപുറമേ, സോസേജ്, ചിക്കന്‍, ഇതെല്ലാം കൊണ്ട് സത്യമായും മടുത്തു. പുതിയ മത്സ്യവിഭവങ്ങളുടെ പാചകരീതികള്‍ ആരെങ്കിലും പറഞ്ഞുതരൂ. പ്ലീസ്. വലിയ ഇനം കൊഞ്ച്, സ്‌ക്വിഡ് തുടങ്ങി പുറംകടലില്‍ നിന്നെത്തുന്ന എന്തും എങ്ങനെ രുചികരമായി പാകം ചെയ്യാം എന്നു പറഞ്ഞുതരൂ.


ഇതൊരു മത്സര ഇനമല്ല. ബാച്ചിലേഴ്‌സ് പ്രസിഡണ്ടിനെകാണാന്‍ പെണ്ണുവീട്ടില്‍ നിന്ന് വരുന്നുമില്ല. അങ്ങനെ തോന്നിയാല്‍ അത് തികച്ചും യാദൃശ്ചികം മാത്രം. നല്ല റെസിപ്പി അയച്ചുതരുന്നയാളെ ബ്ലാക്ക് ലേബലുവാങ്ങിച്ച് വെച്ച് ഫോണ്‍ വിളിച്ചറിയിക്കും.


സീരിയസാണ്.

Monday, April 21, 2008

“നട്ടുച്ചക്കൊരു ഡ്രൈവിങ്ങ് പഠനം!”

"ഓര്‍മ്മ പോയോ?"

ഓടിക്കിതച്ചെത്തിയ ഞാന്‍ മില്‍മാ ബൂത്ത് നടത്തുന്ന മൊയ്‌തൂക്കയോട് ഡോള്‍ബി ഡിജിറ്റല്‍ സൌണ്ടില്‍ ചോദിച്ചു.

"ന്റെ ഓര്‍മ്മയൊന്നും അങ്ങിനെ പോവൂല്ല ചെക്കാ.. നീയിന്നലെ വാങ്ങിയ പാലിന്റേം തൈരിന്റേം കാശ് ഇതുവരെ തന്നിട്ടില്ലാന്ന് എനക്ക് നല്ല ഓര്‍മ്മയുണ്ട്..."

ഞാനെന്താണ് ചോദിച്ചത് എന്ന് എനിക്കും ആ മില്‍മാപ്പുലിക്കും വ്യക്തമായറിയാം. എങ്കിലും, മൊയ്‌തൂക്ക അഥവാ മില്‍മൂക്ക അല്പം നര്‍മ്മിച്ചതല്ലേ.. ഒന്ന് ചിരിച്ചുകൊടുത്തേക്കാം എന്ന് കരുതി ചിരിച്ചോണ്ട് ക്വസ്റ്റ്യന്‍ ഞാന്‍ പിന്നേം റിപ്പീറ്റി...

"ദേ മില്‍മൂക്കാ, കളിക്കല്ലേ..ങാ!.... ‘ഓര്‍മ്മ ബസ്സ്’ പോയോന്ന്?!"

"എടാ ഓര്‍മ്മ ബസ്സ് ഒന്നരമണിക്കല്ലേ? അതിന് നീ ഒന്നേകാലിനേ കിടന്ന് കാറിയാല്‍ അത് വേഗം ഇങ്ങ് വര്വോ?"

"ങാ.. ഓകെ.. അത് മിസ്സായാല്‍ പിന്നെ ‘കുട്ടന്‍സ്’ മൂന്ന് മണികഴിഞ്ഞേയുള്ളൂ.. ഇന്ന് അജയേട്ടന്റെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉല്‍‌ഘാടനമല്ലേ.. അവിടെ പോവുകയാ.."

"യെല്ല മോനേ.. ഞാനൊന്ന് ചോദിച്ചോട്ടേ?" - വിനയപുരസരം മൊയ്തൂക്ക ക്വസ്റ്റ്യന്‍ മാര്‍ക്കിട്ടു.

"യെസ്.. യെസ്.. ആസ്‌കൂ... ആസ്‌കൂ... ധൈര്യമായി ആസ്‌കൂ..മടിച്ചുനില്‍ക്കാതെ ആസ്‌കിക്കോളൂ... ആസ്‌കിക്കോളൂ.."

എന്റെ ടോണ്‍ കേട്ട് കടയില്‍ മാതൃഭൂമി പത്രം വായിച്ചോണ്ടിരിക്കുകയായിരുന്ന പച്ചമനുഷ്യന്‍ (പച്ച ഷര്‍ട്ടിട്ട മനുഷ്യന്‍) പത്രം അല്പം താഴ്‌തി എന്നെയൊന്ന് ഇടംകണ്ണിട്ട് നോക്കിയിട്ട് വീണ്ടും പത്രത്തിലേക്ക് ആഴ്‌ന്നിറങ്ങി.

"ഈ നട്ടുച്ചക്കാണോടാ പൊട്ടാ ഉല്‍ഘാടനം? ഈ നട്ടപ്പൊരിയുന്ന വെയ്‌ലത്ത് പോകാന്‍ നിനക്ക് വട്ടുണ്ടോ? അതൊക്കെ രാവിലേ ഉല്‍ഘാടിച്ച് കഴിഞ്ഞിരിക്കില്ലേ?"

"ങാ.. അതെ.. എന്നാലും പോണം. ഉല്‍ഘാടനദിവസം തന്നെ അവിടെ ഡ്രൈവിങ്ങ് ക്ലാസിന് ജൊയിന്‍ ചെയ്യാം എന്ന് അജയേട്ടന് വാക്ക് കൊടുത്തിരുന്നു. അതുകൊണ്ട് പോയേ പറ്റൂ.."

പുറത്ത് നല്ല വെയില്...

പൊള്ളുന്ന ചൂട്....

വെയിലിന്റെ കാഠിന്യത്തെ ഒന്ന് ബൂസ്റ്റ് ചെയ്ത് കാണിക്കാന്‍ കടയിലിരുന്ന് നേരത്തേ മാതൃഭൂമി പത്രം വായിച്ചോണ്ടിരുന്ന സാക്ഷാല്‍ മമ്മൂട്ടി (സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയല്ല.. നാട്ടിലെ ലോട്ടറിക്കച്ചവടക്കാരന്‍ മമ്മൂട്ടി.. നാടിന്റെ ‘സൌഭാഗ്യ'മായ മ്മടെ സ്വന്തം മമ്മൂക്ക) തനിക്കറിയാവുന്ന വിധം നര്‍മ്മം തലയിലെ റീസൈക്കിള്‍ ബിന്നില്‍ നിന്നും തപ്പിയെടുത്തു.

"എന്തൊരു വെയ്‌ലാ മോനേ... ഈ ഒടുക്കത്തെ വെയില് കാരണം എന്റെ വീട്ടിലെ സിന്ധിപ്പശു ഇന്നലെ ഒണങ്ങിപ്പോയി!"

അതും പറഞ്ഞ് പുള്ളി സ്വന്തമായി ചിരിയോട് ചിരി.

ഞാനെന്തോ മരണവാര്‍ത്തകേട്ടപോലെ ദയനീയമായി അയാളെ നോക്കിക്കൊണ്ട് കടയില്‍ നിന്ന് ഒരു മിറന്റയെടുത്ത് കുടിച്ചു. ബസ്സ് മിസ്സാകാതിരിക്കാന്‍ വീട്ടില്‍ നിന്ന് ടൌണിലേക്ക്, പി.ടി.ഉഷയുടെ സ്വന്തം അനിയനെപ്പോലെ മരണപ്പാച്ചില്‍ പാഞ്ഞത് മൂലം ഞാന്‍ നന്നായി വിയര്‍ത്തിരുന്നു.

പത്തിരുപതു കിലോമിറ്റര്‍ പോകണം തലശ്ശേരിക്കടുത്ത് ധര്‍മ്മടത്ത് എത്താന്‍. എനിക്ക് തീരെ പരിചയമില്ലാത്ത ആ ഏരിയയിലാണ് അജയേട്ടന്‍ ഡ്രൈവിങ്ങ് സ്‌കൂള്‍ കൊണ്ടുപോയി പ്രതിഷ്ഠിച്ചിട്ടുള്ളത്. നാട്ടിലെ ഒരു പ്രമുഖ സഖാവാണ് പുള്ളി. കോണ്‍ഗ്രസ്സുകാരായ വെള്ളച്ചേട്ടന്‍മാരുടെകൂടെയാണ് ഞാന്‍ സാധാരണ പെരങ്ങി നടക്കാറ് എങ്കിലും എനിക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേകിച്ച് അനുഭാവം ഇല്ല എന്ന് നാട്ടിലെ സുഹൃത്തുക്കള്‍ക്കെല്ലാം വ്യക്തമായി അറിയാം. ഇസ്‌ലിയെ, എല്ലാ പാര്‍ട്ടിക്കാരുടെയും മെമ്പര്‍ഷിപ്പ് കൂപ്പണുകള്‍ വര്‍ഷാവര്‍ഷം വിവിധരൂപത്തിലും ഭാവത്തിലുമുള്ള ഒപ്പുകളിട്ട്കൊടുത്ത് കൈപ്പറ്റാറുണ്ട്. എല്ലാവരുടെയും നല്ല പരിപാടികള്‍ക്ക് പങ്കെടുക്കാറുമുണ്ട്.

(ബൈ ദ വേ, എന്റെ ഒപ്പിനെകുറിച്ച് രണ്ട് വാക്ക്. ഒരു പേപ്പറും പെന്നും തന്ന് എന്നൊടാരേലും 100 തവണ ഒപ്പിടാന്‍ പറഞ്ഞാല്‍, ഇടുന്നത് ഒരേ ഒപ്പാണേലും നൂറും നൂറുതരമായിരിക്കും.. എന്താന്നറിയില്ല!!)

ങാ.. ബസ്സിന്റെ സൌണ്ട് കേള്‍ക്കുന്നു. ‘ഓര്‍മ്മ ബസ്സിന്’ ഹോണിന്റെ ആവശ്യമില്ല എന്നകാര്യം നാട്ടില്‍ പാട്ടാ.. അതുകൊണ്ടാവും അതിനെ പാട്ടവണ്ടി പാട്ടവണ്ടി എന്ന് എല്ലാവരും ഓമനപ്പേരിട്ടതിനെ വിളിച്ചത്. ബസ്സോടുമ്പോള്‍ ബസ്സിന്റെ ശരീരഭാഗങ്ങള്‍ ചുമ്മാ അനങ്ങുന്ന ശബ്ദം പോലും ഏതൊരു ഹോണിന്റെ ശബ്ദവീചികളേക്കാളും ഫ്രീക്വന്‍സി ഉള്ളതാണ് എന്ന് ആര്‍ക്കും തോന്നിപ്പോകും.

ഒരിക്കല്‍, ഭാവിയില്‍ ഗള്‍ഫില്‍ പോകാനൊരു ആഗ്രഹം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ ‘ഡ്രൈവിങ്ങ് പഠിച്ചിരിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ പറഞ്ഞിരുന്നത് ഒന്നൂടി ഓര്‍മ്മിച്ചുകൊണ്ട് ഓര്‍മ്മബസ്സില്‍ ഞാന്‍ ആസനസ്ഥനായി.

ബസ്സ് നീങ്ങിത്തുടങ്ങി. ഇപ്പോളെനിക്ക് ഒരു വിമാനത്തില്‍ കയറിയിരുന്ന ഫീലിങ്ങ്!!!!

എന്താന്നറിയില്ല! .. കമ്പിയില്‍ പിടിച്ച് തൂങ്ങിനില്‍ക്കുന്ന ആയില്യത്തെ നാണിയമ്മ ഒരു എയര്‍ഹോസ്റ്റസ്സായി മാറുന്നപോലൊരു തോന്നല്‍..! ബസ്സിന്റെ ഗിയര്‍ സര്‍വ്വശക്തിയുമെടുത്ത് ആട്ടിപ്പൊരിക്കുന്ന ഡ്രൈവര്‍ ഗോപാലേട്ടന്‍ ഫ്ലൈറ്റ് പൈലറ്റ് - ക്യാപ്റ്റന്‍.ഗോപാല്‍ ആയി!! ഏതാനും നിമിഷങ്ങള്‍ കൊണ്ട് എന്റെ മനസ്സ് പാസ്പോര്‍ട്ടും വിസയുമൊന്നുമില്ലാതെ കൂളായി ദുബായിലെത്തി. അവിടുത്തെ ക്ലീന്‍ & സ്‌മൂത്ത് ട്രാക്ക് റോഡുകളിലൂടെ സ്വന്തം ടൊയാറ്റോ പ്രാഡോയില്‍ ഡ്രൈവിങ്ങ് സീറ്റിലിരുന്ന് 140 സ്പീഡില്‍ കത്തിച്ച് വിടുന്ന ഞാന്‍ സ്വയം ഇങ്ങനെ പറയുന്നുണ്ടായിരുന്നു.

"ഹോ! അന്ന് ഡ്രൈവിങ്ങ് സ്‌കൂളില്‍ നിന്ന് ഡ്രൈവിങ്ങ് പഠിച്ച് ലൈസന്‍സ് എടുത്തത് എത്രനന്നായി. അതുകൊണ്ടല്ലേ ദുബായിലെത്തിയ ഉടനേ ആ ലൈസന്‍സിന്റെ ബലത്തില്‍ ഇവിടുത്തെ ലൈസന്‍സ് എളുപ്പത്തില്‍ കിട്ടിയത്!!".

പല പല ചിന്തകളും തലയിലെ മെഡുലോഒബ്ലാങ്കറ്റയുടെ സൈഡിലൂടെ ഓടിനടന്നു.

"ധര്‍മ്മം ..ധര്‍മ്മം.." എന്ന അശരീരി കേട്ട് യേത് പിച്ചക്കാരനാടാ എന്റെ സ്വപ്നസഞ്ചാരത്തിന് ഫുള്‍‌സ്റ്റോപ്പിട്ടത് എന്ന് അല്പം ദേഷ്യത്തോടെ, ആലസ്യത്തില്‍ നിന്നുണര്‍ന്നുനോക്കിയപ്പോള്‍, അത് സ്ഥലമെത്തിയാല്‍ ഒന്നറിയിക്കണം എന്ന് ഞാന്‍ ചട്ടം കെട്ടിയിരുന്ന കണ്ടക്റ്ററാണെന്ന് മനസ്സിലായി. ശ്ശെ! ഈ ഇരപ്പന് വിളിക്കാന്‍ കണ്ട ടൈം. (കണ്ടക്റ്റര്‍=ഇരപ്പന്‍, ഡ്രൈവര്‍=തിരിപ്പന്‍, കിളി=മണിപ്പന്‍, ഇതൊക്കെ നാട്ടിലെ ആധുനീകകവികളുടെ കണ്ടുപിടുത്തങ്ങള്‍..). എന്തൊരു നല്ല സ്വപ്നമായിരുന്നു. പ്രാഡോയിലെ AC ഓണാക്കിയിട്ട് തണുത്ത് വരുന്നേയുള്ളുവായിരുന്നു.. യെല്ലാം നശിപ്പിച്ചു. വൃത്തികെട്ടവന്‍ പിന്നേം "ധര്‍മ്മടം.. ധര്‍മ്മടം.." എന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്.

ഞാന്‍ സ്വബോധം വീണ്ടെടുത്ത് പറഞ്ഞു.

"ങേ!! ..ങാ... ങാ...ഉണ്ട്....ഉണ്ട്....ധര്‍മ്മടം ആളിറങ്ങാനുണ്ട്.."

ഞാന്‍ ചടപടേന്ന് ചാടിയെഴുന്നേറ്റ് ഓടിയിറങ്ങി. ആദ്യമായാണ് ഈ പ്രദേശത്ത് കാലുകുത്തുന്നത്. ഭൂമിശാസ്ത്രം തീരെ അറിയില്ല. വീട്ടില്‍ നിന്നും പത്തിരുപത് കിലോമീറ്റര്‍ ദൂരെയാണിപ്പോള്‍ എന്ന് ഗസ്സി!
സമയം നട്ടുച്ച! ഒരു അപ്പൂപ്പന്‍ നടന്നുവരുന്നു. ഞാന്‍ അദ്ദേഹത്തിനോട് ചോദിച്ചു:

"ഇന്ന് ഉല്‍ഘാടനം കഴിഞ്ഞ ഡ്രൈവിങ്ങ് സ്‌കൂളിലേക്ക് പോകാന്‍ ഇവിടെ നിന്ന് എങ്ങോട്ടാ പോകേണ്ടത് എന്നറിയാമോ?"

അപ്പൂപ്പന്‍ അപ്പുറത്തെപറമ്പില്‍ മണ്ടരിബാധിച്ച തെങ്ങിന്‍ മണ്ടയിലേക്ക് നോക്കി ഒരു നിമിഷം കുലങ്കഷമായി ചിന്തിച്ച ശേഷം കൈ 90 ഡിഗ്രിയില്‍ ഉയര്‍ത്തി വലത്തോട്ട് തിരിച്ച് വച്ച് പറഞ്ഞു:

"അങ്ങോട്ട് നടന്നാല്‍ മതി. റോഡ് സൈഡില്‍ തന്നെയാ."

നന്ദിയൊക്കെ പറഞ്ഞ് നടക്കാന്‍ തുടങ്ങി. നടന്ന് നടന്ന് ഒരു കിലോമീറ്റര്‍ കഴിഞ്ഞു. ആ പൊള്ളുന്ന വെയിലത്ത് ഞാന്‍ ഉരുകിയൊലിക്കാന്‍ തുടങ്ങി. ആരോടെങ്കിലും ഒന്നൂടെ കണ്‍ഫേം ചെയ്യാം. ആരേയും കാണുന്നില്ല. അപ്പഴാ കണ്ടത്. ദാ വരുന്നു നാല് അപ്പൂപ്പന്‍മാര്‍ ഒരുമിച്ച്. ഇതെന്താ ഈ ഗ്രാമത്തിലെ എല്ലാരും ഒരേ വര്‍ഷത്തില്‍ ജനിച്ചതാണോ? അതോ അപ്പൂപ്പന്‍മാരുടെ ഏരിയാ സമ്മേളനമുണ്ടോ ആവോ? ഏതായാലും ഇവരോട് ചോദിച്ചേക്കാം...

"എക്സ്യൂസ്മീ... ഇന്ന് തുടങ്ങിയ ഡ്രൈവിങ്ങ് സ്‌കൂള്‍ ഇവിടെ അടുത്തെവിടെയോ അല്ലേ?"

അതിന് ഒരു മറുചോദ്യമായിരുന്നു ഒരപ്പൂപ്പന്റെ മറുപടി.

"ഇന്നലെ തുടങ്ങിയതല്ലേ? ഇന്നല്ലല്ലോ!?"

ങേ.. ഇന്നലെയോ...! ചിലപ്പോ ഉല്‍ഘാടനം പ്രമാണിച്ച് ഡക്കറേഷനൊക്കെ കണ്ട് അദ്ദേഹം തെറ്റിദ്ധരിച്ചതാവാം.. ശരി.. ഇന്നലെയെങ്കില്‍ ഇന്നലെ... എങ്ങോട്ടാ പോകേണ്ടത് എന്ന് ചോദിച്ചപ്പോ അങ്ങേരും കൈ 90 ഡിഗ്രി ഉയര്‍ത്തി ഒരു ദിശകാണിച്ച് പറഞ്ഞു:

"നേരെ നടന്നോ... റോഡ് സൈഡില്‍ തന്നെയാ...അവിടെ ഇന്ന് രാവിലെ ഒരു ലോറി ഒരു വീടിന്റെ മതിലിനിടിച്ച് അപകടം ഉണ്ടായിട്ടുണ്ട്. അതിന്റെ നേരെ എതിര്‍ഭാഗത്താ..."

"അപകടമെവിടെ അപകടമെവിടെ..?
ലോറിയിടിച്ചൊരു മതിലെവിടെ...?
ലോറിയിടിച്ചൊരു മതിലിന്നോപ്പോ-
സിറ്റിലിരിക്കും സ്‌കൂളെവിടെ?
നമ്മുടെ ഡ്രൈവിങ്ങ് സ്‌കൂളെവിടെ?"

ഓണ്‍-ദ-സ്പോട്ട് മനസ്സില്‍ വിരിഞ്ഞ നിമിഷകവിതയുമായി ഞാന്‍ പിന്നേം നടന്നു.

സൂര്യന്‍ എന്നെ നോക്കി പൊട്ടിച്ചിരിക്കുന്നതായി എനിക്ക് ഫീല്‍ ചെയ്തു. എല്ലാം കൂടി ഒരു ഒന്നൊന്നര കിലോമീറ്റര്‍ പിന്നേം നടന്നപ്പോള്‍ ദാ, ദൂരെ കാണുന്നു ഒരു ലോറി.. മതിലിനിടിച്ച ലോറി....! യാ‍ാഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....!!! നെറ്റിയിലെ വിയര്‍പ്പ് തുടച്ച് ഞാന്‍ ഫുള്‍ ഹാപ്പിയായി. ആദ്യമായാ ഒരു വാഹനാപകടം കണ്ട് സന്തോഷിക്കുന്നത്.. ! ഏതായാലും ലോറിയുടെ അടുത്തെത്തുംതോറും വല്യ ഒരു ബില്‍ഡിങ്ങ് അതിന്റെ എതിര്‍വശത്ത് ദൃശ്യമായി.

അടുത്തെത്തും തോറും ഒരു കാഴ്ച കണ്ട് ഞാന്‍ ഞെട്ടി...!!

ഒരു വലിയ ആള്‍ക്കൂട്ടം! ഒരു ഭാഗത്ത് നീണ്ട ക്യൂ! ഡ്രൈവിങ്ങ് പഠിക്കാന്‍ ഇത്രേം ആളുകളോ? ‘ഗള്‍ഫില്‍ പോകേണ്ടവര്‍ ഡ്രൈവിങ്ങ് പഠിക്കുന്നത് ഭയങ്കര പ്ലസ് പോയിന്റാ‘ എന്ന് അജയേട്ടന്‍ ഈ നാട് മുഴുവന്‍ പാട്ടാക്കിയോ?

കൂടുതല്‍ അടുത്തെത്തിയപ്പോള്‍ ഞാന്‍ ഞെട്ടി ഞെട്ടി ഞെട്ടി തളര്‍ന്നു!

ന്റെ ബാച്ചിപരമ്പരദൈവങ്ങളേ!!!! ആരാദ്??!!!

ഒരു വലിയ ചേച്ചി.....

ആ ചേച്ചി സ്റ്റിയറിങ്ങും പിടിച്ച് ഒരു ചുവന്ന മാരുതീക്കാറിലിരിക്കുന്ന പോസ്റ്റര്‍ ഒട്ടിച്ച ആ ബില്‍ഡിങ്ങിന്റെ മുകളില്‍ ഫിറ്റ് ചെയ്തിരിക്കുന്ന മനോഹരമായ വലിയ ബോര്‍ഡില്‍ എഴുതിയിരിക്കുന്നു: "ധര്‍മ്മ തീയറ്റര്‍, ധര്‍മ്മടം". പോസ്റ്ററില്‍ ചക്കവലിപ്പത്തില്‍ എഴുതിയ സിനിമയുടെ പേര്, ഓള്‍‌റെഡി ഉരുകിയൊലിച്ച ശരീരത്തോടെയും ഉരുകാന്‍ തുടങ്ങിയ ഹൃദയത്തോടെയും ഞാ‍ന്‍ വായിച്ചു:

"ഡ്രൈവിങ്ങ് സ്‌കൂള്‍!!"



വാല്‍ക്കഷ്ണത്തിന്റെ കഷ്ണം:

മാറ്റിനി കണ്ട് കഴിഞ്ഞ് പോകുമ്പോള്‍ ഒന്നൂടി ഞാന്‍ ആ ചുമരിലേക്ക് നോക്കി. പോസ്റ്ററില്‍ ഇരിക്കുന്ന ഷക്കീല ചേച്ചി അപ്പോഴും പുഞ്ചിരിക്കുന്നുണ്ടായിരുന്നു.

"നന്ദിണ്ട് ട്ടാ" -എന്ന് ആ ചേച്ചി ആത്മഗതിച്ചുവോ..?

"എന്നാ ആക്റ്റിങ്ങാ ന്റെ ചേച്ച്യേ..!" എന്ന് ഞാനേതായാലും ആത്മഗതിച്ചു.

രണ്ട് ആത്മഗതങ്ങളുടെ ആത്മാക്കള്‍ അന്തരീക്ഷത്തില്‍ അങ്ങനെ പാറിനടക്കുമ്പോള്‍ തലശ്ശേരിയില്‍ നിന്ന് നാട്ടിലേക്ക് തിരിച്ചു പോകുന്ന ഓര്‍മ്മ ബസ്സ് അങ്ങ് ദൂരെ നിന്ന് മന്തം മന്തം ഒഴുകിവരുന്നത് ഞാന്‍ സന്തോഷപൂര്‍വ്വം നോക്കിനിന്നു.

Friday, April 11, 2008

ഒരു ബാച്ചിലര്‍ രാജി കത്ത്‌

ബാച്ചിലര്‍ ക്ലബിന്റെ ആജീവനാന്ത പ്രസിഡന്റിന്റേം സെക്രട്ടറിയുടേയും ജനാധിപത്യ രാഹിത്യവും സ്വേച്ചാധിപത്യവും ആരോപിച്ചല്ല,ഞാനും രാജിവെക്കുന്നു. (കാരണം അങ്ങ്‌ ഊഹിക്ക്യാ)

ഇതിനു മുന്‍പ്‌ ഞാന്‍ ഈ ബ്ലോഗിലിട്ട എല്ലാ പോസ്റ്റുകളും കാലഹരണപ്പെട്ടിരിക്കുന്നു (അല്ല്ലേലും അതൊന്നും സത്യല്ലാന്നേ)

Friday, March 07, 2008

മാഫിയ

ഇക്കുറി നാട്ടില്‍ നിന്നു ചെന്നൈയിലെക്കുള്ള മടക്കയാത്രയില്‍ ആണ് സംഭവം. ഭാരം നിറച്ച ബാഗുമായി ട്രെയിനില്‍ കംപാര്ട്ട്മെന്റ് കണ്ടുപിടിച്ച് ഭാണ്ടക്കെട്ട്ട് ബര്‍ത്തിന്റെ മുകളില്‍ ' അണ്‍ ലോഡ് ' ചെയ്തതിനു ശേഷം ആണ് പതിവ് പരുപാടി ആയ 'തിര നോട്ടം' (സഹയാത്രികര്‍ ആയ മറ്റു കുഞ്ഞാടുകള്‍ ആരെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസ) ആരംഭിച്ചത്.

എന്റെ ഹിന്ദി ജ്ഞ്ഞാനതെക്കുരിച്ച് എനിക്ക് തന്നെ അഭിമാനം ഉണ്ടാക്കി തന്ന ഒരു അനാലിസിസ് അവിടെ ഞാന്‍ നടത്തുക ഉണ്ടായി. സഹയാത്രികരായ ഒരു പറ്റം ചേട്ടന്‍മാര്‍, സ്റ്റാന്റില്‍ നിര്ത്തി ഇട്ടിരിക്കുന്ന ബസ്സിന്റെ കിളിയും കണ്ടക്ടരും ബസ്സിന്റെ 'ഡെസ്ടിനേഷന്‍' അനൌന്‍സ് ചെയ്യുന്ന അതെ രാഗത്തില്‍, കോറസ്സായി ചിലക്കുന്നത് എന്തായാലും ഹിന്ദിയില്‍ അല്ല. ഒരു പക്ഷെ വല്ല ബംഗാളിയും ആകും(ഈ ബംഗാളി ഭാഷ എനിക്കറിയാവുന്നത് കൊണ്ടൊന്നും അല്ല, എന്തോ അങ്ങനെ തോന്നി.)അത് കൊണ്ട്ട് തന്നെ മൌനം വിദ്വാനു ഭൂഷണം എന്ന പ്രമേയം മനസ്സില്‍ കയ്യടിച്ച് പാസ്സാക്കി ഒരു 'ഇന്ത്യ ടുടെ' കയ്യിലെടുത്ത് പേജ് മറിക്കാന്‍ തുടങ്ങി. ഒരു കാപ്പിയും ഇന്ത്യ ടുടെയും ആയി നിമിഷങ്ങള്‍ അങ്ങനെ. എന്റെ മനസ്സില്‍ 'സഫ്രോന്‍ കി സിന്ദഗി' ഒക്കെ വരാന്‍ തുടങ്ങി.

നൂറു കോടി ആളുകളുള്ള രാജ്യത്ത് മിണ്ടാന്‍ ഒരു ആള് പോലും ഇല്ലെന്ന് വെച്ചാല്‍!!!

ഈ വൈഷമ്യങ്ങളും ആയി ഇരുന്നപ്പോളാണ് ഒരു പിടി 'ഡി വി ഡി'കളുമായി ഒരു ചേട്ടന്‍ സമീപിച്ചത്. വളരെ രഹസ്യമായി അദ്ദേഹം ചോദിച്ചത്‌ ഇങ്ങനെ
'ഇങ്ങക്ക് പടം ബെണോ? പുതിയ പടം?'
'ഏതാ പടം? കാണട്ടെ?' ഞാന്‍ പ്രതികരിച്ചു.
ഒരു കെട്ട് ഡി വി ഡി എന്റെ മുന്‍പില്‍ നിരത്തിയിട്ട്, പെണ്ണുകാണല്‍ സീനുകളില്‍(ഐ മീന്‍ സിനിമകളില്‍, അല്ലാതെ നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ ആ സീനില്‍ പണ്ടേ താത്പര്യം ഇല്ലാത്തവര്‍ ആണല്ലോ.) പെണ്ണിന്റെ അച്ഛന്‍ അനുവദിക്കുന്നത് പോലെ ഞങ്ങള്‍ക്ക് പ്രൈവറ്റ് സമയം അനുവദിചിട്ട് എഴുന്നേറ്റ് പോയി. ഞാന്‍ സസൂക്ഷം ഡി വി ഡി കള്‍ പരിശോധിച്ച് ഒടുവില്‍ ഒന്നു രണ്ടെണ്ണം മാറ്റി വച്ചു.

എത്രയോ വിനാഴികകള്‍ കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു, ഡി വി ഡി കള്‍ പെറുക്കി ബാഗിലാക്കി 'ഒന്നും വേണ്ടല്ലോ അല്ലെ' എന്ന് നെഗടീവ് ചോദ്യം ചോദിച്ചു,

ഇത്തരത്തില്‍ ഒരു ചോദ്യം എന്നെ ഒരല്പം ചൊടിപ്പിച്ചു എന്ന് തന്നെ പറയാം എന്തന്നാല്‍ കാത്ത് കാത്ത് ഒരു മലയാളി വന്നണഞ്ഞതാണ്. ഒരു നാല് നാട്ടുവിശേഷമെങ്കിലും പറയാതെ പോകാന്‍ ഈ ചങ്ങാതിക്ക് എങ്ങിനെ മനസ്സു വരുന്നു?

ഭാണ്ടക്കെട്ട് നിറച്ച് 'ടേക് ഓഫ്' ചെയ്യാന്‍ പോയ ഡി വി ഡി ചേട്ടനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍, ആത്മാവിന്റെ അപേക്ഷയുടെ സ്വരത്തില്‍ ഇങ്ങനെ മൊഴിഞ്ഞു "എനിക്ക് 'പ്രണയകാലം' വേണം"

ഒരു ചിരി ഡി വി ഡി ചേട്ടന്റെ മുഖത്ത് വിരിഞ്ഞുവോ എന്നൊരു സംശയം. കെട്ട് അഴിച്ച് അദ്ദേഹം 'പ്രണയകാലം' തപ്പി, നിരാശനായി പറഞ്ഞു 'ഇല്ലല്ലോ' 'പ്രണയകാലം അപ്പുറത്തെ ബോഗിയിലെ പയ്യന് കൊടുത്തു'

അപ്പുറത്തെ ബോഗിയിലെ പയ്യന് വരെ പ്രണയകാലം ആയി. ഞാന്‍ ഒന്നു ഇരുത്തി മൂളി. "ഊം"
"റോക്ക് ആന്‍ഡ്‌ റോള്‍ മതിയോ?" ചേട്ടന്റെ ഉള്ളിലെ എം ബി എ കാരന്‍ ചിലച്ചു.
"പ്രിന്റ് നല്ലാതാണോ" ഞാന്‍ ഒരു കുശലം ചോദിച്ചു.
"പിന്നില്ലേ നല്ല ഒന്നാന്തരം പ്രിന്റ്റാ. അതോണ്ടല്ലേ അന്‍പത് രൂപ വില."
എന്റെ ആകാംക്ഷയുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു.
"തീയറ്റര്‍ പ്രിന്റ് അല്ലെ? അതിത്ര നല്ലതൊന്നും ആകില്ലല്ലോ" എന്റെ വക ഒരു താങ്ങ്

ചേട്ടന്റെ വിശ്വാസ്യതയുടെ വൃക്ഷത്തിനു ചുവട്ടില്‍ ഞാന്‍ മുറുക്കി തുപ്പിയെന്ന പോലെ അദ്ദേഹത്തിന്റെ ആവേശം അണ പൊട്ടി ഒഴുകി.
"ഇത് തീയറ്റര്‍ പ്രിന്റ് ഒന്നും അല്ല. ഒറിജിനലാ ഒറിജിനല്‍. കൊണ്ട്ട് പോയി കണ്ട്ട് നോക്കിന്‍. എന്നിട്ട വിവരം പറ. ഞമ്മളിതില്‍ സ്ഥിരം കച്ചവടം നടത്തണതാ. കൊള്ളില്ലെന്കില്‍ അടുത്ത തവണ നിങ്ങളുടെ മുന്‍പില്‍ വരാന്‍ പറ്റില്ലല്ലോ?"

ഞാന്‍ ആകെ ഇമ്പ്രസ്സ്ഡ് ആയി. ആ പടത്തിന്റെ സംവിധായകന്‍ രന്ജിത്തിനു പോലും അത്ര ആത്മവിശ്വാസത്തോടെ പടത്തിന്റെ ഏതേലും മേന്മയെക്കുറിച്ച് സംസാരിക്കാന്‍ പറ്റില്ല. ഈ പടം കൊള്ളില്ലേല്‍ ഞാന്‍ ഇനി നിങ്ങടെ മുന്‍പില്‍ കച്ചവടത്തിനു വരില്ല എന്ന് ലാലേട്ടന് പറയാന്‍ സാധിക്കുമോ? ഇല്ല തന്നെ. അതിഭയങ്കരം!! അഭിനന്ദനാര്‍ഹം!!

വേറെ ഒന്നും ആലോചിക്കാതെ ചേട്ടന്റെ ആത്മവിസ്വാസത്തിനു മുന്നില്‍ ഞാന്‍ അന്‍പത് രൂപ വെച്ച് നീട്ടി. (പടം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, ആ കൊണ്ഫിടന്സിനു ഒരു റിവാര്‍ഡ് എന്ന നിലയ്ക്ക് )

പടം പൊതിന്ജോണ്ടിരുന്നതിനിടയില്‍ ചേട്ടനോട് കുസലപ്രശ്നമെന്ന രൂപേണ ഞാന്‍ ചോദിച്ചു. "അല്ല ഇത് തീയറ്ററില്‍ നിന്നല്ലന്കില്‍ പിന്നെ എവിടുന്നു കിട്ടുന്നു?"
ചേട്ടന്‍ മുഖം എന്നോട് അടുപ്പിച്ച് രഹസ്യ രൂപേണ പറഞ്ഞു. "ഇതൊക്കെ സിംഗപ്പൂര്‍ നിന്നും വരുന്നതല്ലേ"
"സിംഗപ്പൂരോ?"
"ആ. സിംഗപ്പൂര്‍ തന്നെ. അവിടുന്നു ഒറിജിനല്‍ പ്രിന്റ് അടിച്ച് വിടുകയല്ലേ. "
"ഓഹോ. അതെങ്ങിനെ ചേട്ടന്റെ കയ്യില്‍ എത്തി?"
"അത് എജന്റ്റ് വഴി."
"സിംഗപ്പൂര്‍ നിന്നു എജന്ട്ട് വരുവോ?"
"എജന്റ്മാര്‍ ഇവിടെ കൊച്ചിയിലല്ലേ."
"അപ്പൊ സിംഗപ്പൂര്‍ നിന്നു ഇതെങ്ങിനെ ഇവിടെ എത്തും."
"ആ പ്രിന്റ് കപ്പലില്‍ കൊച്ചിയിലെത്തിക്കും. ചിലപ്പോള്‍ വിമാനത്തിലും."
"ആര്?"
"മാഫിയ"
"എന്ത്??"
"മാഫിയ."

മാത്രുഭുമിയുടെ പല പേജുകളിലായും, ഇന്ത്യാ വിഷനിലെ നികേഷ്‌ കുമാറിന്റെ ജിഹ്വ സന്ചാരത്തിലും ഒക്കെയായി മാത്രം ഞാന്‍ കേട്ട പരിച്ചയപ്പെട്ടിട്ടുള്ള വാക്ക്। ഒരു പക്ഷെ മലയാളികള്‍ക്കെല്ലാം കേട്ട പരിചയമുള്ള വാക്ക്, കണ്ട്ട് പരിചയം ഇല്ല. എങ്ങനെ ഇരിക്കും ഈ മാഫിയ കാണാന്‍? സ്വാഭാവിക ആക്രാന്തം ചോദ്യമായി പുറപ്പെട്ടത് ഇങ്ങനെ
'അപ്പോള്‍ ചേട്ടനാ ഈ മാഫിയ?'
'ഞമ്മളും ഞമ്മളെ പോലെ പലരും' തികച്ചും മാഫിയ സ്ടയില്‍ ഉത്തരം തന്നെ. ഇന്കംപ്ലീട്ട് വണ്‍.

അഞ്ചടിയില്‍ താഴെ മാത്രം ഉയരമുള്ള, ബാലചന്ദ്രമേനോന്‍ സ്ടൈലില്‍ കഷണ്ടിക്ക് വെയില്‍ എല്ക്കതിരിക്കാന്‍ റ്റൌവല്‍ കെട്ടിയ, കൈ വീശി നടക്കുമ്പോള്‍ 'ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍' എന്ന് കയ്യും വയറുമായി ആരോഗ്യകരമായ കിടമത്സരം നടത്തുന്ന, ഇറികി ചിരിക്കുമ്പോള്‍ അണപ്പല്ലിലെ പുഴുക്കുഞ്ഞുങ്ങള്‍ ലാല്‍സലാം പറയുന്ന, ആ രൂപം എന്റെ മാഫിയാ സന്കല്പതിനു ചാരുത ഏകി।

ഞാന്‍ തുടര്‍ന്നു "അപ്പൊ ചേട്ടനും മാഫിയയാ?"
"അതെല്ലോ. ഡി വി ഡി വാങ്ങിയ സ്ഥിതിക്ക് ഇങ്ങളും മാഫിയ തന്നെ" ഒരു മാഫിയാ ചിരി പാസ്സാക്കി ചേട്ടന്‍ നടന്നു നീങ്ങി.

അങ്ങനെ ഞാനും മാഫിയ ആയി.ഞാന്‍ എന്നെ തന്നെ നോക്കി രഹസ്യത്തില്‍ പുലമ്പി."മാഫിയാ ശിശു"

Monday, February 18, 2008

വൈഫു ഭയം ( ഭാര്യോ ഫോബിയ) നാടോടി കഥ

വീര ശൂര പുരത്തെ വീരസേന മഹാരാജാവ്‌ മഹാ ധീരനുംവീരനും ധൈര്യ ശാലിയുമായിരുന്നു
.വീരമഹാരാജന്റെ പേരു കേള്‍ക്കുമ്പോഴേക്കൂം ദേശത്തേയും അയല്‍ ദേശങ്ങളിലേയും ആണായും പെണ്ണായും പിറന്ന സകല മനുഷ്യരും ഭയക്കുകയും കിടു കിടെ വിറക്കുകയും ചെയ്തു പോന്നു,
രാജനെ നേരിട്ടു മുഖം കാണിച്ച പലരും രാജാവൊന്നു തറപ്പിച്ചു നോക്കിയപ്പോഴേക്കും അറിയാതെ ഒന്നും രണ്ടുമൊക്കെ പുറത്തേക്കൊഴുക്കി.

വീരസേന മഹാരാജാവങ്ങനെ അര്‍മാദിച്ചു നടക്കുന്ന കാലത്താണ്‌ അതിര്‍ത്തി ഗ്രാമത്തെ ഒരു കൊവിലില്‍ സമാധാന പൂര്‍വ്വം വാഴുന്ന ഒരു ദേവിയെ ദര്‍ശനമാക്കപ്പെട്ട്‌ ഒന്നു വിറപ്പിക്കാന്‍ വേണ്ടി പൊവുന്നത്‌. ദേവിയേം വിറപ്പിച്ച്‌ പ്രസാദോം വാങ്ങി പുറത്തിറങ്ങിയപ്പോഴാണ്‌ അയല്‍ ദേശത്തെ അപ്സര സുന്ദരിയായ രാജ കുമാരി ഭര്‍തൃമര്‍ദ്ദിനിയെ കാണുന്നത്‌. "പ്രേമം@ ആദ്യ കടാക്ഷം."അടുത്ത ശുഭ മുഹൂര്‍ത്തത്തില്‍ തന്നെ മാംഗല്യവും കഴിഞ്ഞു.

കല്യാണവും കഴിഞ്ഞു രണ്ടാമത്തെ മാസം ചെവിയില്‍ നിന്ന് ചെവിയിലേക്ക്‌ സ്വകാര്യങ്ങളായും അടുത്ത മാസം കുശു കുശുപ്പായും തൊട്ടടുത്ത മാസം കുറച്ചൊക്കെ ഉച്ചത്തിലും ജനങ്ങള്‍ പറഞ്ഞു തുടങ്ങി."മഹാരാജന്‌ മിസ്സിസ്സിനെ കാണുമ്പൊഴേക്കും മുട്ടുകാല്‍ കൂട്ടിയിടിക്കുമത്രെ. മിക്ക ദിവസങ്ങളിലും പള്ളിയറയില്‍ നിന്ന് രാജന്റെ വായ്‌ പാട്ടു വിലാപവും മാഡത്തിന്റെ രാജവിന്റെ പുറത്തുള്ള മര്‍ദ്ദന മദ്ദള മേളവും കേള്‍ക്കാറുണ്ടത്രെ. രാജാവിന്റെ ബാച്ചിലേഴ്സ്‌ കൂട്ടുകാരുമൊത്ത്‌ റമ്മി കളിച്ചും റം കൂടിച്ചും ഇരിക്കാറുള്ള രാത്രിയില്‍ പള്ളിയറ പുല്‍കാന്‍ രാജാവെങ്ങാനും അഞ്ചു നിമിഷം വൈകിയാല്‍ പിറ്റേന്നു രാവിലെ രാജന്റെ മുതുകത്തും കൊട്ടാരത്തിലെ ചിരവയുടേ പുറത്തും ക്രൂര മര്‍ദ്ദനങ്ങളുടെ പാടുകള്‍ കാണാറുണ്ടത്രെ.

അങ്ങനെയിരിക്കെയാണ്‌ മറ്റേര്‍ണിറ്റി ലീവുമെടുത്ത്‌ കുറച്ചു മാസത്തേക്ക്‌ ശ്രീമതി ഭര്‍തൃമര്‍ദ്ദിനി വീരസേനന്‍ സ്വന്തം വീട്ടിലേക്ക്‌ പോകുന്നത്‌ആ സമയം മഹാരാജന്‍ രാജ്യത്തെ വിവാഹിതരായ മുഴുവന്‍ പുരുഷ പ്രജകളേയും വിളിച്ചു വരുത്തി രാജാവൊരു പള്ളി അനൌണ്‍സ്മെന്റങ്ങ്‌ നടത്തി. "മാന്യമഹാ വിവാതന്മാരെ ഇരകളെ ഇതുവരേക്കും സഹധര്‍മിണിയില്‍ നിന്ന് ഒരടിയെങ്കിലും(പ്രേമ പുരസരം) വാങ്ങുകയോ ഭാര്യയെ ഭയക്കുകയോ (ബഹുമാന പുരസ്സരം) ചെയ്യുന്ന എല്ലാ പുരുഷ കേസരികളും ഗ്രൌണ്ടിന്റെ വലതുവശത്തേക്കും അല്ലാത്തവര്‍ ഗ്രൌണ്ടിന്റെ ഇടതു വശത്തേക്കും മാറി നില്‍ക്കേണ്ടതാണ്‌.

ഓമനപുഴ വില്ലേജിലെ രാധാകൃഷണന്‍ ഒഴികെ എല്ലാ പുരുഷന്മാരും വലതു വശത്തേക്കു മാറി നിന്നു.രാജാവ്‌ അഭിമാനം കൊണ്ട്‌ രോമാഞ്ച കഞ്ചുകനായി. രാജ്യത്തെ വിവാഹിത പുരുഷ പ്രജകളുടെ മാനം കാക്കാന്‍ ഒരു മഹാധീരനെങ്കിലും ഉണ്ടായല്ലോ.അപ്പോള്‍ തന്നെ രാധാകൃഷ്ണനെ രാജാവ്‌ പുരുഷ രത്നമായി പ്രഖ്യാപിച്ചു.അയാള്‍ക്ക്‌ പട്ടും നാണയങ്ങളും രാജാവിന്റെ വകയായും പിന്നെ ആരൊക്കെയോ സ്പോണ്‍സര്‍ ചെയ്ത. ഒരു ഫ്ലാറ്റും സ്വിഫ്റ്റ്‌ മാരുതി കുതിര വണ്ടിയും ഇനാമായി പ്രഖ്യാപിച്ചു,ആകാംക്ഷയോടെ കാത്തിരിക്കുന്ന പുരുഷ പ്രജകളൊട്‌ തന്റെ വിജയ രഹസ്യം പറയാന്‍ രാധാകൃഷ്ണനെ വേദിയിലേക്ക്‌.

രാധ പറഞ്ഞു." ഇങ്ങോട്ടിറങ്ങും മുന്‍പ്‌ എന്റെ പ്രിയ നല്ല പാതി പറഞ്ഞ വാക്കുകളാണ്ട്‌ എന്നെ ഈ അംഗീകാരം ലഭിക്കുവാന്‍ കാരണക്കാരനാക്കിയത്‌ അവളുടെ വിജയ മന്ത്രങ്ങള്‍ നിങ്ങള്‍ക്കു വേണ്ടി ഞാന്‍ ഉദ്ദരിക്കാം""ദേ മനുഷ്യാ , നിങ്ങളെ എന്നും ഞാന്‍ തലക്കുത്തി നിര്‍ത്തി ഉലക്കക്കും ചെരവക്കും ഇട്ടടിക്കുന്ന കാര്യം നാട്ടുകാരോടെങ്കിലും പറഞ്ഞാലുണ്ടല്ലോ നിങ്ങടെ കയും കാലും ഞാന്‍ തല്ലിയൊടിക്കും".

Tuesday, February 12, 2008

വാലന്റൈന്‍സ് ദിനവും ചില ബാച്ചി പ്രതിസന്ധികളും: ഒരു പഠനവും ചില ഉപദേശങ്ങളും

[ഒരു പ്രത്യേക അറിയിപ്പ്: കടുത്ത ബുജി പോസ്റ്റായതിനാല്‍ ലോലഹൃദയരോ ഗര്‍ഭിണികളോ ആയ ബാച്ചിലര്‍മാര്‍ ഇത് വായിക്കാതിരിക്കാന്‍ അപേക്ഷ]

ലോകമെമ്പാടുമുള്ള ബാച്ചിലര്‍മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ വിതരണം ചെയ്യുന്നതായി പ്രഖ്യാപിയ്ക്കപ്പെട്ട ദിവസം കാത്തിരിയ്ക്കുന്ന പോലെ കാത്തിരിയ്ക്കാറുള്ള ഒരു ദിവസമാണല്ലോ വാലന്റൈന്‍സ് ഡേ. വര്‍ഷാവര്‍ഷം തുലാവര്‍ഷം പോലെ വന്ന്‍ പോകുന്ന ഈ അല്‍ഭുത പ്രതിഭാസം പലപ്പോഴും യുവ ബാച്ചിലര്‍മാരുടെ ജീവിതത്തില്‍ അനിതരസാധാരണമായ പ്രതിസന്ധികള്‍ സൃഷ്ടിക്കാറുണ്ട്. ഒരു മാതൃകാബാച്ചിയുടെ അടിസ്ഥാനപരമായ പ്രത്യയശാസ്ത്രത്തോട് ചേര്‍ന്ന് നില്‍ക്കുന്നതാണോ ഈ വാലന്റൈന്‍സ് ഡേ എന്ന് യൂറോപ്പിലെ ചില ബുദ്ധിജീവി ബുജികള്‍ ഒരിക്കല്‍ സംശയം പ്രകടിപ്പിക്കുകയുണ്ടായി.ബാച്ചികളുടെ സാമൂഹ്യഘടനയെ തന്നെ മാറ്റിമറിക്കുന്നതിലും അവരുടെ സ്വതന്ത്രചിന്തയുടെ മുകളില്‍ കുതിരകയറുന്ന ചില സാമ്രാജ്യശക്തികളുടെ കടന്ന് വരവിനെ പ്രോത്സാഹിപ്പിക്കുന്നതിലും വാലന്റൈന്‍സ് ദിനത്തിനുള്ള പങ്ക് കമ്മ്യൂണിസ്റ്റ് ബാച്ചികളും ചൂണ്ടിക്കാണിക്കുക ഉണ്ടായിട്ടുണ്ട്. എങ്കില്‍ തന്നെയും ബാച്ചികളും വാലന്റൈന്‍സ് ദിനവും തമ്മിലുള്ള ബന്ധം ചക്കരയും ഈച്ചയും എന്ന പോലെ അഭേദ്യമായി തന്നെ തുടരുന്നു. ഈ വര്‍ഷത്തെ വാലന്റൈന്‍ ദിനത്തില്‍ ബാച്ചികള്‍ക്ക് ചില മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഞാന്‍ ഈ പോസ്റ്റ് വഴി ശ്രമിക്കുന്നത്.

ആരാണ് വാലന്റൈന്‍?
ഒരു ബാച്ചിലര്‍ മിനിമം അറിഞ്ഞിരിക്കേണ്ട വസ്തുത ആണ് ഇത്. എന്നൊക്കെ പലരും പറയും പക്ഷെ ഈ ചോദ്യത്തിന് ഉത്തരം അറിയാതെ വാലന്റൈന്‍ ദിനം ആഘോഷിക്കാന്‍ പാടില്ല എന്ന് നിയമം ഒന്നും ഇല്ല എന്ന് ഞാന്‍ പ്രസ്താവിക്കാന്‍ ആഗ്രഹിക്കുകയാണ് സുഹൃത്തുക്കളേ. വാലന്റൈന്‍ ആരോ ആയിക്കൊള്ളട്ടെ. അങ്ങേരുടെ പേരില്‍ വീണ് കിട്ടുന്ന ഈ അവസരം പരമാവധി മുതലാക്കുന്നതില്‍ മാത്രമായിരിക്കണം നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. അല്ലാതെ വാലന്റൈന്റെ ചരിത്രവും ഡേറ്റ് ഓഫ് ബെര്‍ത്തും ഒക്കെ പഠിച്ച് പരീക്ഷ എഴുതാന്‍ ഒന്നുമല്ലല്ലോ പോകുന്നത്.

പ്ലീസ് നോട്ട്: മഹാരാഷ്ട്രയില്‍ താക്കറെയുടെ അനുയായികള്‍ വാലന്റൈനെ എതിര്‍ക്കുന്നത് ഉദാഹരണമായി എടുത്ത് കാട്ടി ചിലര്‍ വാലന്റൈന്‍ യു പിയില്‍ ജീവിച്ചിരുന്ന ഒരു ഭയ്യ ആണ് എന്ന് പ്രചരിപ്പിക്കുന്നുണ്ട്.അത് വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്ന് ഓര്‍മ്മിയ്ക്കുക. വാലന്റൈന്‍ ഇന്ത്യക്കാരനാണ് എന്ന് വരുകില്‍ തന്നെ അത് ഒരു മലയാളി ബാച്ചി ആയിരുന്നിരിക്കണം എന്നാണ് ക്ലബ്ബിന്റെ നിലപാട്. ഉള്‍ക്ലബ്ബ് ജനാധിപത്യം ഒക്കെ ഉണ്ട് എങ്കിലും റാഡിക്കല്‍ ചിന്താധാര ഈ ക്ലബ്ബില്‍ സജീവമാവാന്‍ അനുവദിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്നു.

എത്ര വാലന്റൈന്‍ വരെ ആകാം?
ഈ ടൈപ്പ് ബാച്ചിലര്‍ സംശയങ്ങള്‍ക്ക് കാലാകാലങ്ങളായി കേട്ട് വരുന്ന മറുപടി അവനവന്റെ കപ്പാസിറ്റി അനുസരിച്ച് എത്ര വേണേലും ആവാം എന്നാണ്. ഈ വസ്തുത ആഹ്ലാദം പകരുന്ന ഒന്നാണെങ്കിലും ഇതില്‍ മറഞ്ഞിരിക്കുന്ന ചതികള്‍ നമ്മള്‍ ബാച്ചിലേഴ്സ് കാണാതെ പോകരുത്. വെള്ളമടിയ്ക്കുമ്പോള്‍ എന്നത് പോലെ ഈ കാര്യത്തിലും സ്വന്തം കപ്പാസിറ്റി അറിഞ്ഞിരിക്കേണ്ടത് ഒരു ബാച്ചിയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമത്രേ. സാമ്പത്തികമായി അവനവന്റെ കപ്പാസിറ്റി ഓട്ടൊമറ്റിക്കായി ‘അറിയാത്ത പിള്ള ചൊറിയുമ്പോള്‍ അറിയും‘ എന്ന സാമ്പത്തികശാസ്ത്ര തത്വപ്രകാരം അറിഞ്ഞോളും.അത് പ്രശ്നമുള്ള കേസല്ല. എന്നാല്‍ ഇമോഷണലായി എത്ര പേരെ ഒരു ദിവസത്തിനുള്ളില്‍ കൈകാര്യം ചെയ്യാം എന്നുള്ളതാണ് പ്രശ്നം. ഒരു പെണ്‍കുട്ടിയോട് പാര്‍ക്കില്‍ വെച്ച് കാണാം എന്ന് പറഞ്ഞ സമയത്തിനും അടുത്ത പെണ്‍കുട്ടിയോട് പറഞ്ഞ സമയത്തിനും ഇടയില്‍ ട്രാഫിക്കില്‍ ഒരിടത്ത് നിന്ന് മറ്റൊരിടത്തേയ്ക്ക് എത്താന്‍ ഉള്ള സമയം കൂടികണക്കിലെടുത്തിട്ട് വേണം ഗ്യാപ്പ് നിശ്ചയിക്കാന്‍. ഇത് ഒഴിവാക്കാന്‍ ഒരേ പാര്‍ക്കിന്റെ രണ്ട് മൂലകള്‍ തിരഞ്ഞടുക്കാം എങ്കിലും റിസ്കുള്ള പരിപാടി ആണ്. ഇത് പോലെയുള്ള ചെറിയ കാര്യങ്ങളാണ് വലിയ വിജയങ്ങളും പരാജയങ്ങളും ആയി മാറുന്നത്. മികവുറ്റ പ്ലാനിങ്ങും കഠിനമായ പരിശീലനവും വാലന്റൈന്‍ ദിന പരാക്രമങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണ് എന്ന് മനസ്സിലാക്കിയാല്‍ തന്നെ പകുതി വിജയിച്ചു.

എന്ത് ഗിഫ്റ്റ് നല്‍കണം?
ഒരിക്കലും.. ഐ റിപ്പീറ്റ് ഒരിക്കലും നമ്മുടെ ക്ലബ്ബിന്റെ ഉമ്മറത്തെ ടേബിളില്‍ സ്ഥിരമായി കിടക്കുന്ന വനിതാ പ്രസിദ്ധീകരണങ്ങള്‍ വായിച്ച് വാലന്റൈന്‍ ദിന ഗിഫ്റ്റ് നിശ്ചയിക്കരുത്. ശത്രുക്കളുടെ പ്രൊപഗാണ്ട കേട്ടിട്ടാണോ നമ്മള്‍ യുദ്ധത്തില്‍ ആയുധങ്ങള്‍ തെരഞ്ഞടുക്കാറ്? സ്വന്തം ഭാവനയില്‍ വിരിയുന്ന സമ്മാനങ്ങള്‍ ആവാം എങ്കിലും ഭാവന അതിര് വിട്ട് പോയാല്‍ വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാവും എന്നുള്ളത് കൊണ്ട് ബാച്ചിലര്‍മാര്‍ പ്രത്യേകിച്ച് ‘യുവ’ ബാച്ചിലര്‍മാര്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന ചീപ്പ് ടെഡി ബെയറൊക്കെ തന്നെ വാങ്ങി നല്‍കുന്നതാണ് നല്ലത്. റിസ്ക് എടുക്കരുതല്ലോ. കൂടാതെ ഒന്നില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് ഗിഫ്റ്റ് കൊടുക്കാനുള്ളത് കൊണ്ട് ഹോള്‍ സെയില്‍ കടയില്‍ പോയി ഗിഫ്റ്റ് ഐറ്റം ബള്‍ക്കായി വാങ്ങിയാല്‍ ഒരു ഫുള്ളിനുള്ള കാശെങ്കിലും ലാഭിക്കുകയും ചെയ്യാം എന്ന് അനുഭവസ്ഥര്‍ പറയുന്നു.

വാലന്റൈന്‍ വയലന്റായാല്‍..
ഒരു വിധം പെണ്‍കുട്ടികളൊക്കെ ഡയമണ്ട് പെന്റന്റ് പ്രതീക്ഷിച്ചിടത്ത് മേഡ് ഇന്‍ ചൈന ടെഡി ബെയര്‍ ഗിഫ്റ്റ് കിട്ടിയാല്‍ വയലന്റാവും. ഇത് കണ്ട് തുടക്കക്കാര്‍ ബാച്ചികള്‍ ‍പരിഭ്രമിയ്ക്കരുത്. അതിന്റെ ആവശ്യമില്ല. പോകെപ്പോകെ ഇതൊക്കെ ശീലമായിക്കോളും എന്ന് മുതിര്‍ന്ന ബാച്ചികള്‍ പറഞ്ഞ് തരാറുള്ളത് ഓര്‍മ്മിയ്ക്കുക. നിങ്ങളുടെ വാലന്റൈന്‍ അസാധാരണമാം വിധം വയലന്റാവും എന്ന് തോന്നുകയാണെങ്കില്‍ സാധാരണ കീപ്പ് ചെയ്യാറുള്ള കൈപ്പാടകലത്തില്‍ നിന്ന് കുറച്ച് കൂടി മാറി നില്‍ക്കുക. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ വിലപിടിപ്പുള്ള മുന്തിയ ഇനം അല്ല എങ്കില്‍ പേടിയ്ക്കണം അത് വെച്ച് എറിയാന്‍ ചാന്‍സ് ഉണ്ട്, മുന്‍‌കരുതലുകള്‍ സ്വീകരിക്കുക. ബാച്ചിലേഴ്സ് ക്ലബ്ബിലെ സ്റ്റഡീ ക്ലാസുകളില്‍ പങ്കെടുത്തവര്‍ കഴിഞ്ഞ സില്‍ക്ക് ജയന്തിയ്ക്ക് നമ്മള്‍ സംഘടിപ്പിച്ച ഫിലോസഫീ ക്ലാസ് ഓര്‍മ്മിയ്ക്കുന്നുണ്ടാവും. വളരെ വയലന്റായ നിങ്ങളുടെ വാലന്റൈനെ തണുപ്പിയ്ക്കാന്‍ ആര്‍ഷഭാരത സംസ്കാ‍രത്തിന്റെ മഹിമയെ പറ്റിയും വാലന്റൈന്‍ ഡേ പോലെയുള്ള പാശ്ചാത്യ സ്വാധീനങ്ങളുടെ ദൂഷ്യവശങ്ങളെ പറ്റിയും ഒക്കെ പറഞ്ഞ് ബോധ്യപ്പെടുത്തുക. ക്ലാസില്‍ നോട്ട് എഴുതിയെടുത്ത സ്വാമി വിവേകാനന്ദന്റെയും ശങ്കരാചാര്യരുടെയുമൊക്കെ ശ്ലോകങ്ങള്‍ തുണ്ട് കടലാസില്‍ എഴുതി പോക്കറ്റില്‍ കരുതുന്നത് ഈ സാഹചര്യങ്ങളില്‍ ഉപകരിക്കും.

ഇത് വെറും മാര്‍ഗ നിര്‍ദേശങ്ങളാണ് എന്ന് ഓര്‍മ്മിയ്ക്കുക. സ്വന്തം ക്രിയാത്മകത ഉപയോഗിച്ച് നിങ്ങള്‍ തന്നെ തീരുമാനങ്ങള്‍ എടുക്കുക. പോയി വിജയിച്ച് വരിന്‍ ബാച്ചിലര്‍മാരേ.. ലോകം നിങ്ങളുടേതാണ്.

അറിയിപ്പ്: ഫെബ്രുവരി പതിനഞ്ചിന് എല്ലാ വര്‍ഷവും എന്നപോലെ ഈ വര്‍ഷവും ക്ലബ്ബില്‍ മര്‍മ്മ ചികിത്സയും തിരുമ്മല്‍ ക്യാമ്പും സംഘടിപ്പിയ്ക്കപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ പോലെ ആരും ചികിത്സയ്ക്കായി ഇത്തവണ തിക്കും തിരക്കും ഉണ്ടാക്കരുത് എന്ന അഭ്യര്‍ത്ഥിയ്ക്കുന്നു. ചൂട് പിടിയ്ക്കാനുള്ള തൊര്‍ത്തുമുണ്ടും കുഴമ്പും മറ്റും മെമ്പര്‍മാര്‍ സ്വയം കൊണ്ട് വരേണ്ടതാണ്. നന്ദി.

ജയ് ഹിന്ദ്!

Monday, December 31, 2007

ഹപ്പി ന്യൂ ഇയര്‍- ബാചിലേഴ്സ്‌ ക്ലബ്‌ വക

ശ്ശെടാ.ളെവന്മാരിത്‌ എവടെ കെടക്‍ണ്‌.അല്ലേല്‍ എല്ലാ ന്യൂയിര്‍ രാതിനും പാമ്പായി വാളും അടിച്ച്‌ ദേ ഈ ബാച്ചിലേഴ്സ്‌ ക്ലബിന്റെ തിണ്ണേല്‌ നെര നെര ആയി കെടക്‌ക്‍ണേണ്‌ ഇതിപ്പൊ..

ക്‌ണീീീീം ആ..
ല്ലെയ്‌ ദെ കുപ്പി ഒടയണേം വാള്‌ വേക്കണേം മിഠി ആവാസ്‌..

ഡാ ദില്‍ബാ. ശ്രീജിത്തേ, സാന്റോ ഞാനു വരുണ്‌ഡാ...

അപ്പൊ പറഞ്ഞ പൊലേ അടുത്ത കൊല്ലത്തില്‍ കാണാംസ്‌

എല്ലാര്‍ക്കും ബാച്ചി ക്ലബ്‌ വക ചിയേഴ്സ്‌, അതെന്നെ ഹാപ്പി ന്യൂയീര്‍

Sunday, December 02, 2007

വിവാഹം - യാഥാര്‍ഥ്യബോധം




ഭാര്യയുടെ പീഡനം സഹിക്കവയ്യതെ അയാള്‍ മകനെയുമെടുത്ത്‌ പുറത്തിറങ്ങി. വഴിയില്‍ വെച്ചവന്‍ ചോദിച്ചു
അച്‌ഛനെനിക്ക്‌ കാഴ്ചബംഗ്ലാവ്‌ കാണിച്ചു തരുമോ?
അയാള്‍ മകനെയുമെടുത്ത്‌ മൃഗങ്ങളെ കാണാനുള്ള ക്യൂവില്‍ നിന്നു. ആദ്യം കഴുതകളെ കെട്ടിയ ലായത്തിലാണവരെത്തിയത്‌.ഒരു കഴുതയെ ചൂണ്ടി മകന്‍ ചോദിച്ചു:

എന്തിനാണച്‌ഛാ ആ കഴുത ചിരിക്കുന്നത്‌?
അതു കല്യാണം കഴിച്ചിട്ടുണ്ടാവില്ല അതുകൊണ്ടാവും
ഒരു കഴുതയും കല്യാണം കഴിക്കില്ലേ അച്‌ഛാ?

കഴുതകളേ കല്യാണം കഴിക്കൂ. അച്‌ഛന്‍ ആത്മഗതമെന്നോണം പറഞ്ഞു




മാധ്യമം ദിനപത്രത്തില്‍ കാനേഷ്‌ പൂനൂരിന്റെ "നേരം പോക്കിന്റെ നേരം" എന്ന പംക്തിയില്‍ വന്നത്‌

Sunday, November 25, 2007

ചാത്തനും നടാഷയ്ക്കും വിവാഹ മംഗളാശംസകള്‍‌!


2007 നവംബര്‍‌ 26 രാവിലെ 11.00 മണിയ്ക്ക് വിവാഹിതരായ ബാച്ചി ക്ലബ്ബിന്റെ അഭിമാനമായ (ആയിരുന്ന) നമ്മുടെ പ്രിയപ്പെട്ട ചാത്തനും വധു നടാഷയ്ക്കും എല്ലാ വിധ ആശംസകളും നേരുന്നു.

മലയാളി ബ്ലോഗര്‍‌മാരില്‍‌ പ്രശസ്തനും ലോകമെമ്പാടുമുള്ള മലയാളി ബ്ലോഗര്‍‌മാരുടെയെല്ലാം പ്രിയങ്കരനും ബ്ലോഗിലെ ചാത്തനേറു കൊണ്ട് പ്രസിദ്ധനും സര്‍‌വ്വോപരി ബാച്ചി ക്ലബ്ബിന്റെ രോമാഞ്ചവുമായിരുന്ന ശ്രീമാന്‍‌ കുട്ടിച്ചാത്തന്‍‌ വിട പറയുന്നത് ബാച്ചി ക്ലബ്ബിന് ഒരു തീരാ നഷ്ടമാണെങ്കിലും വിവാഹിതര്‍‌ ക്ലബ്ബിലേയ്ക്കുള്ള അദ്ദേഹത്തിന്റെ ചുവടുമാറ്റത്തിന് സര്‍‌വ്വ മംഗളങ്ങളും ആശംസിയ്ക്കുന്നു.

ബാച്ചി ചോര,,

ലൊക്കേഷന്‍: കൊതുകു ഫാമിലി ഫ്ലാറ്റ്‌

സൂര്യന്‍ അസ്തമിക്കുമ്പോഴെക്കും ഫ്ലറ്റിലെത്തി നിരുത്സാഹത്തോടെ ടി വിയില്‍ സീരിയലും കണ്ടിരിക്കുന്ന മകന്‍ കൊതുക്‌ അമ്മയോട്‌,,
അമ്മേ കറിക്കരിയാന്‍ സഹായിക്കണോ?

അമ്മ: എന്നും പാതി രാത്രി സെകന്റ്‌ ഷോ കഴിഞ്ഞ്‌ വയറു നിറയെ ചോരേം അടിച്ച്‌ ബോധോം ല്ലാണ്ടെ വരണ ന്റെ കുട്ടിക്ക്‌ ന്തെ പറ്റീ, ള്ള ഉത്സാഹോം പൊയി...

മകന്‍ കൊതുക്‌

ഞാന്‍ സ്ഥിരമായി ചോര കുടിക്കണ പയ്യന്റെ കല്യാണം കഴിഞ്ഞമ്മേ.. ഞാനതറിഞ്ഞില്ല അമ്മേ (അവന്‍ ബാച്ചിലര്‍ രാജി കത്ത്‌ ബ്ലോഗിലിട്ടിരുന്നു പൊലും)

Sunday, November 04, 2007

ഒരു രാജിക്കത്ത്

എന്റെ ബ്ലോഗ് വാര്‍ഷികത്തോട് അനുബന്ധിച്ച് പറയാം എന്നു കരുതിയതാ‍, ഇനിയിപ്പോ അതിനുവേണ്ടി എഴുതി വച്ചരാജിക്കത്ത് ഇന്ന് വൈകീട്ട് അപ്ഡേറ്റ് ചെയ്യാം, വീട്ടിലായിപ്പോയി.

ഈ ഒരു പോസ്റ്റോടെ കുട്ടിച്ചാത്തന്‍ ബാച്ചിലേഴ്സ് ക്ലബ്ബീന്ന് നിറകണ്ണുകളോടെ രാജി വയ്ക്കുന്നു.
ബാക്കി വിവരങ്ങള്‍ വൈകീട്ട്.

Monday, October 22, 2007

ഇക്കാസ്‌-ജാസൂട്ടി കല്യാണ സ്പെഷ്യല്‍ പതിപ്പ്‌

അഖിലബൂലോഗ ബാച്ചികളേ...
നെഞ്ചത്തടിച്ച്‌ കരയണോ അതോ കുരവയിട്ട്‌ ആഘോഷിക്കണോ....
ചില മൂരാച്ചി എക്സ്‌-ബാച്ചി ക്ലബ്ബുകാരുടെ കൊഞ്ഞനം കുത്തല്‍ കണ്ടില്ലാന്ന് നടിച്ച്‌ ബലം പിടിച്ച്‌ നില്‍ക്കണോ അതോ തിരിച്ച്‌ കൊഞ്ഞനം കുത്തണോ....

ഇന്നലെ വരെ ഉരുളക്ക്‌ ഉപ്പേരി കൊടുത്ത്‌...
വറചട്ടിയില്‍ എണ്ണയൊഴിച്ച്‌...
നമുക്ക്‌ വേണ്ടി പോരാടിയിരുന്ന....
സ്മോള്‍ കഴിച്ച്‌ കാശും ശരീരവും നശിപ്പിക്കാതെ ലാര്‍ജ്ജ്‌ വാങ്ങിച്ചടീടായെന്ന് നമ്മളെ ഉപദേശിക്കാറുള്ള...
ലാര്‍ജ്ജിന്‌ ടച്ചിങ്ങ്സും വാങ്ങിച്ച്‌ കണ്ണില്‍ എണ്ണയുമൊഴിച്ച്‌[എണ്ണക്കൊക്കെ എന്താ വെല..അതു കൂടി നിങ്ങള്‍ ഓര്‍ക്കണം..]കാത്തിരുന്ന ബൂലോകത്തെ ഏക മര്‍ച്ചന്റ്‌...നമ്മളെ..നമ്മള്‍ ബാച്ചികളെ ഉപേക്ഷിച്ച്‌ മൂന്നാറിന്‌ പോകുന്നെടാ...പോകുന്നു...
ഇതെങ്ങനെ നമ്മള്‍ സഹിക്കും...എന്റെ ഇട നെഞ്ച്‌ കലങ്ങിപ്പോയടാ..കലങ്ങിപ്പോയി.[ഇടനെഞ്ച്‌ ഏത്‌ ഭാഗത്തായിട്ട്‌ വരുമെന്ന് ചോദിക്കരുത്‌...അങ്ങനൊരു സാധനമൊണ്ട്‌]

ഇതെങ്ങനെ സംഭവിച്ചു എന്ന് എനിക്ക്‌ മനസ്സിലാകുന്നില്ല.എന്തായാലും ഇതില്‍ നിന്നും പാഠം പഠിച്ച്‌..ബാച്ചിക്ലബിന്റെ നിയമാവലികള്‍ ഒന്ന് മാറ്റിയെഴുതണമെന്ന് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

എന്റെ നിര്‍ദേശങ്ങള്‍....

1.മേലാല്‍ ബാച്ചികള്‍ ഒരു മീറ്റിലും പങ്കെടുക്കുന്നതല്ല.
ഏരിയ വിട്ടുള്ള മീറ്റില്‍ ഒട്ടും പങ്കെടുക്കുന്നതല്ല.[ഉദാ;ബാംഗ്ലൂര്‍]

2.ഇടക്കിടക്ക്‌ യാത്രകള്‍ നടത്തിയിട്ട്‌..തേന്‍ എടുക്കാനാണ്‌ പോയത്‌..മാങ്ങ പറിക്കാനാണ്‌ പോയത്‌ എന്നൊക്കെ പറഞ്ഞ്‌..മാങ്ങേടേം ചക്കേടേം തേനിന്റേം ഒക്കെ പടമിടുന്ന ബാച്ചികളെ പ്രത്യേകമായി നിരീക്ഷിക്കാന്‍ ഒരു ബാച്ചി കര്‍മ്മസേനയെ നിയോഗിക്കേണ്ടതാണ്‌.
3.കല്യാണം കഴിച്ചേ തീരൂ എന്നുള്ള ബാച്ചികള്‍ ഒരു ലക്ഷം രൂപ പിഴയടക്കേണ്ടതാണ്‌.പിഴയടച്ച ശേഷം നിങ്ങള്‍ക്ക്‌ തോന്നിയ വഴിക്ക്‌ പോകാവുന്നതാണ്‌.പിഴയടക്കാനുള്ള കാശും ചേര്‍ത്ത്‌ സ്ത്രീധനം വാങ്ങിച്ചാല്‍ മതി.
[ഈ സ്ത്രീധനം എന്നു പറയുന്ന സാധനം എന്താണെന്ന് പലര്‍ക്കും സംശയം ഉണ്ടാകും.ബാച്ചികളായിരിക്കുന്ന അവസ്ഥയില്‍ അനുകൂലിക്കുകയും..കിട്ടാനായി പരമാവധി ശ്രമിക്കുകയും...കിട്ടിക്കഴിഞ്ഞാല്‍..അതായത്‌ എക്സ്‌-ബാച്ചി ആയാല്‍ ച്ചേ..മോശം എന്നു പറയുകയും ചെയ്യുന്ന ഒരു സാധനമാണ്‌ ഈ സ്ത്രീധനം]
*********************

ബൂലോകത്തെ ഏക മര്‍ച്ചന്റ്‌.....
ബാച്ചിക്ലബിന്റെ പൊന്നോമന...
കൊച്ചിന്‍ ക്ലബിന്റെ സാരഥി...
സര്‍വോപരി നിത്യവസന്തവുമായിരുന്ന[ഉവ്വ].....
കുലപതികൊച്ചുണ്ണികുലോത്തമന്‍....
ശ്രീമാന്‍ ഇക്കാസും....
ബാംഗ്ലൂര്‍ ബ്ലോഗറും....വാസുവിന്റെ അനിയത്തിയുമായ ജാസുവും തമ്മിലുള്ള നിക്കാഹിന്‌...
ബാച്ചി ക്ലബിന്റെ എല്ലാ ആശംസകളും.....

***********************

ബാച്ചിക്ലബിന്റെ പ്രിയങ്കരനായിരുന്ന ഇക്കാസിന്റെ കല്യാണാര്‍മ്മാദാര്‍ഥം ബാച്ചിക്ലബ്‌ വക സ്പെഷ്യല്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്‌...

നവമ്പര്‍ 1-കഥകളി.
കഥ-ഹണീബീ വധം രണ്ടാം ദിവസം.
അവതരണം-സര്‍വ്വശ്രീ കലാമണ്ടലം ഉണ്ണിക്കുട്ടന്‍,
സര്‍വ്വശ്രീ കലാമണ്ടലം ചാത്തന്‍.

നവമ്പര്‍ 2-കള്ളടിച്ചാന്‍ പാട്ട്‌..സോറി....വില്ലടിച്ചാന്‍ പാട്ട്‌.
അവതരണം-സര്‍വ്വശ്രീ ചെന്നൈ പൊന്നു,
സര്‍വ്വശ്രീ പച്ചാളം പച്ചു.

നവമ്പര്‍ 3- ബാച്ചിലേഴ്സ്‌ തീയറ്റര്‍ അവതരിപ്പിക്കുന്ന പുണ്യപുരാണ ഹൈടെക്ക്‌ നാടകം-'ബാച്ചായണം'.
രംഗത്ത്‌-കണ്ണൂര്‍ ശ്രീജി,ഭരണങ്ങാനം സുനീഷ്‌,ചെന്നൈ ലോന,പറവൂര്‍ സിജു,വാവക്കാടന്‍.
നായികയെ കിട്ടിയിട്ടില്ലാ...അഭിനയിക്കാന്‍ താല്‍പ്പര്യമുള്ള ബാച്ചിണികളില്‍ നിന്നും അപേക്ഷ ക്ഷണിച്ച്‌ കൊള്ളുന്നു

നാടകത്തെ തുടര്‍ന്ന് അതേ വേദിയില്‍ ഡപ്പാംകൂത്ത്‌ ഉണ്ടായിരിക്കുന്നതാണ്‌.
ബാച്ചി....എക്സ്‌-ബാച്ചി വിവേചനമില്ലാതെ ആര്‍ക്കും പങ്കെടുക്കാവുന്നതാണ്‌.
ഡപ്പാംകൂത്ത്‌ ബുക്കിങ്ങിന്‌ സമീപ്പിക്കുക-
മഞ്ഞുമ്മല്‍ സാന്റോ
കെ.ടി.എച്ച്‌ ബാറിനു പുറകുവശം,
അല്ലേല്‍ കാര്‍ത്തിക ബാറിനു മുന്‍ വശം,
അതുമല്ലേല്‍ പോളക്കുളത്ത്‌ ബാറിനു ഉള്‍ വശം.

തുടര്‍ന്ന് കൂട്ടവെടി.
[വെടി പറയുന്നതില്‍ മിടുക്കനായ കോട്ടക്കല്‍ ദില്‍ബന്‍ നേതൃത്വം കൊടുക്കുന്നു].


******************
ഒരിക്കല്‍ കൂടി...
ഇക്കാസിനും ജാസൂട്ടിക്കും ബാച്ചിക്ലബ്ബിലെ എല്ലാ അന്തേവാസികളും വക ആശംസകള്‍...

Wednesday, October 17, 2007

Monday, October 01, 2007

ബാച്ചി പുലാവ്

പണ്ട് ഒരു ‘പൊന്നമ്പിളിശേരി’ വച്ചത് ഓര്‍മ്മയില്ലേ? ഇത് പൊന്നമ്പലത്തിന്റെ രീതിയില്‍ ഒരു പുലാവ്!

ആവശ്യമുള്ള സാധനങ്ങള്‍:

അരപ്പ്:
ഈഞ്ചി - 1 കഷണം
പച്ചമുളക് - 6 എണ്ണം
വെളുത്തുള്ളി - 4 അല്ലി
പുദിന - 2 രൂപക്ക്
കൊത്തമല്ലി - 2 രൂപക്ക്
പട്ട (ല ലതല്ല) - 2 കഷണം
കരയാമ്പൂ‍! (ഗ്രാമ്പു) - 4 എണ്ണം
ചുവന്ന ഉള്ളി (തൊലിച്ചത്) - 6-7 എണ്ണം

വതക്കാന്‍:
കാരറ്റ് - 150 ഗ്രാം - മുക്കാലിഞ്ച് അളവില്‍ നീളത്തില്‍ 3x3 മട്രിക്സില്‍ മുറിക്കുക
ബീന്‍സ് - 150 ഗ്രാം - മുക്കാലിഞ്ച് നീളത്തില്‍ മുറിക്കുക
പീസ് - ഒരു പായ്ക്കറ്റ് - വെള്ളത്തില്‍ കുതിര്‍ത്ത് പച്ച കളര്‍ കളഞ്ഞ് വയ്ക്കുക!
തക്കാള്‍സ് - 150 ഗ്രാം - കട്ട് ഇന്റൂ സോ മെനി പീസസ്!

മെയിന്‍ ഐറ്റംസ്
നെയ്യ് - ശകലം (എല്ലാം മനക്കണക്ക് തന്നെ)
പച്ചരി - ഇരുനാഴി (കഴുകിയത്)
ഉപ്പ് - ഇട്ടോളൂ, നാണവും മാനവുമൊക്ക് ഇത്തിരി ഇണ്ടായ്ക്കോട്ടേ.

റേഷ്യോ:
അരി : വെള്ളം = 1 : 2.5


യുദ്ധം:
അരപ്പിനുള്ളതെല്ലാം കൂടെ മിക്സിയില്‍ ഇട്ട് നല്ല മഷി പരുവത്തിനു അരക്കണം. കുക്കര്‍ അടുപ്പത്ത് വച്ച്, ചൂടാക്കണം. അതിലോട്ട് ശകലം നെയ്യൊഴിച്ച്, അരപ്പ് ഇട്ട് വഴറ്റണം. അരപ്പിന്റെ പച്ച മണം പോകുന്നത് വരെ വഴറ്റണം. പച്ച മണം പോയിക്കഴിഞ്ഞാല്‍ അരിഞ്ഞു കഴുകി വച്ചിരിക്കുന്ന വെജിറ്റബിള്‍സ് കുക്കറിലേക്ക് തട്ടൂ.എല്ലാം ഇട്ട് ഒന്ന് നന്നായി മിക്സ് മാഡി. ഇത് നല്ല പോലെ വതങ്ങിക്കഴിയുമ്പോള്‍ വെള്ളം ഒഴിക്കുക. ശരിക്കു തിളച്ച് കഴിയുമ്പോള്‍ അരിയും, ഉപ്പും കുക്കറില്‍ ഇട്ട് മൂടി മൂന്ന് വിസിലടിക്കുക ;). ഇതാണ് സ്വാദിഷ്ടമായ ‘ബാച്ചിലേഴ്സ് വെജിറ്റബിള്‍ പുലാവ്’

ചൂടോടെ, റൈത്താപപ്പട സമേതം സേവിക്കുക. സകല ഐശ്വര്യങ്ങളും ഉണ്ടാവും.