Thursday, April 26, 2007

കൊളസ്ട്രോള്‍

ദില്‍ബൂന്റെ കൊളസ്ട്രോള്‍ എന്ന പോസ്റ്റിന്റെ ചിത്രീകരണം
അതു വായിക്കണേ ഇവിടെ പോയി നോക്കണം
പടങ്ങള്‍ക്കു കടപ്പാട്‌ സച്ചിദാനന്ദം
********************************
ഇറങ്ങാന്‍ തുടങ്ങുന്നതിനു മുന്‍പ്‌

*******************

ഒന്നാമത്തെ പടിയില്‍ നിന്നു താഴേക്ക്‌


*************************************

പതിനേഴാമത്തെ പടിയില്‍ ചവിട്ടാന്‍ തുടങ്ങുന്നു


*********************

തേങ്ങാ എറിയുന്നു
******************************************

കംബോന്‍ഡര്‍ വാവരുടെ രൂപത്തില്‍

***************************

സാമി കാടുകയറി

****************************************
അടിയന്തിര ദേവപ്രശ്നം

***************************************

ഉല്‍ഖണ്ടയോടെ പ്രസിഡ്ന്റും മെംബര്‍മാരും

************************************

ഉല്‍ഖണ്ടയോടെ മറ്റുള്ളവര്‍

************************************

ഇന്റര്‍വ്യൂ ആവേശമായി

***************************************

ദേവഗണങ്ങള്‍ ഉള്‍പ്പടെ എല്ലാരും എത്തിയിട്ടുണ്ട്‌

********************************************

ഇന്റര്‍വ്യൂ

*********************************************

ഇന്റര്‍വ്യൂ ചെയ്യുന്നവര്‍ക്ക്‌ കഴിക്കാനുള്ളത്‌

*****************************************

കുറിപ്പ്‌ : ഞാന്‍ ഈ നാട്ടുകാരന്‍ അല്ലാ.............................

Wednesday, April 25, 2007

ഇതാ ദില്‍ബന്‍ വരുന്നു

സുഹൃത്തുക്കളെ,

മണലാര്യണ്യത്തിലെ നീണ്ടകാലത്തെ കഠിനാദ്ധ്വാനം[എല്ലാബ്ലോഗിലും പോയി തെറി വിളിക്കണ്ടേ] കഴിഞ്ഞ് ഒരു ചെറിയ ഇടവേളയില്‍ വിശ്രമത്തിനായി നാട്ടില്‍ വരുന്ന ദില്‍ബനെ സ്വീകരിക്കാനും, ഈ വരവ് ദില്‍ബന് ഒരിക്കലും മറക്കാതിരിക്കാനുള്ള ഒരു അനുഭവപരമ്പര തന്നെ ആയി മാറാനും വേണ്ടി ബാച്ചീസ് ക്ലബ് സംഘടിപ്പിക്കുന്ന പരിപാടികളുടെ വിശദ വിവരങ്ങള്‍

ദില്‍ബന്‍ വരുന്നത് നാട്ടില്‍ വിവാദം ആയിക്കഴിഞ്ഞു. പ്രായപൂര്‍ത്തിയായ പെണ്‍ പിള്ളെരുടെ അച്ഛന്മാരുടെ നേതൃത്വത്തില്‍ നടന്ന "ദില്‍ബന്റെ കോലം കത്തിക്കല്‍ സമരം" [കത്തിക്കുന്നതിനു മുമ്പുള്ള കോലം]കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് ദില്‍ബാസുരനെ സ്വീകരിക്കാനായി താഴെക്കാണുന്ന "ഒഫീഷ്യല്‍ കാര്യര്‍" മുല്ലപ്പൂ വെച്ച് അലങ്കരിച്ച് ബാച്ചീസിന്റെ അകമ്പടിയൊടെ എത്തിക്കുന്നതാണ് [വേറെ ഏത് വണ്ടി വരും ഈ മൊതലിനെ കൊണ്ടുപോകാന്‍?. ഇതന്നെ സംഘടിപ്പിച്ചത് ഓവര്‍ലോഡ് ചാര്‍ജ്ജ് തരാന്ന് പറഞ്ഞിട്ടാ]പവനായി "ശവ"മാകുന്നതിന് മുമ്പ് ബാച്ചീസിന് ഇഷ്‌ടദാനം തന്ന ആയുദ്ധപ്പെട്ടി ദില്‍ബനു വേണ്ടി ഇതാ ഞങ്ങള്‍ ഇന്ന് തുറന്നു [താക്കോല്‍ മറന്ന് പോയതായിരുന്നു. ബിയറിന്റെയും, ജോഹറിന്റെയും അടപ്പ് തെര്‍മ്മോകോള്‍ പോലെ കടിച്ച് പൊട്ടിക്കണ സാ‍ന്‍ഡോയ്ക്കാണോ ഒരു പെട്ടിടെ പൂട്ട് കടിച്ച് പൊട്ടിക്കാന്‍ വിഷമം]ദില്‍ബന്‍ വരുന്നു എന്ന് മുന്‍‌കൂട്ടി കണ്ട് "കു.ചാത്തന്‍,ഡിങ്കന്‍,ഇക്കാസ്,സാന്‍ഡൊ,വിവി,പച്ചാളം,ശ്രീജിത്ത് " എന്നിവര്‍ പിരിവെടുത്ത് ആഫ്രിക്കേന്ന് ഒരു മാസം മുന്നേ തന്നെ നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്തതും, നാട്ടിലിപ്പോള്‍ "കൊണ്ടോട്ടി സുലൈമാന്‍" എന്ന് ഓമനപ്പേരില്‍ അറിയപ്പെടുകയും ചെയ്യുന്ന ഉരുപ്പടി [ആ കറുത്ത ജെട്ടിയിട്ട കരുമാടി]


"കൊണ്ടൊട്ടി സുലൈമാന്റെ" ഒരു ചെറിയ ഒരു കൈക്രിയയില്‍ ഒടിഞ്ഞ ദില്‍ബന്റെ കാല്ദില്‍ബന് എന്തു സംഭവിച്ചാലും ബൂലോഗത്ത് അത് സംഭവമാകുമല്ലോ.
"ദില്‍ബന്റെ കാല്- ഫോട്ടോ മത്സരം" എന്ന പോസ്റ്റില്‍ " കൈപ്പള്ളി, സപ്തന്‍, തുളസി,പച്ചാളം എന്നിവര്‍ എടുത്ത പോട്ടോസിന്റെ കളക്ഷന്‍"കോമാചിഹ്നം" പോലെ ഉള്ള ദില്‍ബന്റെ കാല് "ക്വസ്റ്റിന്‍മാര്‍ക്ക്" പോലെ ആക്കാന്‍ ദില്‍ബനു വേണ്ടി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ ഒരുങ്ങിയിരിക്കുന്ന എണ്ണത്തോണി [ഷക്കൂസ് ബേബീടെ തോണിയല്ല ഇത്]എന്തിനോ വേണ്ടി പറക്കുന്ന വിമാനങ്ങള്‍...കഷ്‌ടം!!!ഇതൊന്നും പോരാതെ "കൊച്ചി,ചെന്നൈ,ബാങ്ക്ലൂര്‍" എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ വിവിധ കലാ പരിപാടികള്‍ ദില്‍ബനു വേണ്ടി ഒരുങ്ങിക്കഴിഞ്ഞെന്നും അതെല്ലാം തത്സമയം ബാച്ചീസുമായി കോര്‍ഡിനേറ്റ് ചെയ്‌തുനടപ്പിലാക്കുമെന്നു വിവിധ ബ്ലോഗേര്‍സ് അറിയിച്ചിട്ടുണ്ട്നാട്ടില്‍ വരുന്ന ദില്‍ബാസുരന് എല്ലാവിധ ആശംസകളും നേര്‍ന്ന് കൊണ്ട്

സ്വ.ലേ.വിവി [ഞാന്‍ ഒളിവിലാണ്]

Sunday, April 22, 2007

ആദിത്യനെ ക്ലബ്ബില്‍ നിന്ന് പുറത്താക്കി അഥവാ ആദി പടിയിറങ്ങുമ്പോള്‍..

ഒടുവില്‍ ആ ദിനവും വന്നണഞ്ഞിരിക്കുന്നു. ഈ കഴിഞ്ഞ ശനിയാഴ്ച 21/4/2007ന് ബാച്ചിലര്‍ സിംഹം എന്നറിയപ്പെട്ടിരുന്ന ശ്രീ.ആദിത്യന്‍ വിവാഹിതനായി. തന്റെ ബാച്ചിക്കാലം തമര്‍ത്തി ആഘോഷിച്ച, ബാച്ചിപീഡനങ്ങള്‍ക്കെതിരെ പല്ലും നഖവും ക്യാമറയും ഉപയോഗിച്ച് ചെരിവും വിടവും സൃഷ്ടിച്ച് പ്രതിഷേധിച്ച ആ പ്രിയ കൂട്ടുകാരന്‍ ക്ലബ്ബിന്റെ പടിയിറങ്ങുമ്പോള്‍ എന്റെ പേരിലും ക്ലബ്ബിന്റെ പേരിലും ഞാന്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേരുന്നു.

ആദീ.. വിവാഹമംഗളാശംസകള്‍! സര്‍വ്വ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ!

വിവാഹിതരേ വരൂ കാണൂ

രണ്ടു ബാച്ചികള്‍ പോയാല്‍ രണ്ടായിരം ബാച്ചികള്‍ വരും . വിവാഹിതരേ നിങ്ങള്‍ ഒരു കാര്യം ഓര്‍ ക്കണം ..ഇവിടെ ആരും വിവാഹിതരായി ജനിക്കുന്നില്ല..ജനിച്ചു വീഴുന്ന ഒരോ കുഞ്ഞുങ്ങളും ബാച്ചിലേഴ്സ് ക്ലബിലെ മെമ്പേഴ്സാണ്‌. ഒരോ നിമിഷവും ആ ക്ലബ് വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുന്നു. അതിനൊപ്പമെത്താന്‍ നിങ്ങള്‍ക്കാവില്ല. ബാച്ചി ക്ലബില്‍ മിനിറ്റിനു മിനിറ്റിനു പോസ്റ്റുകള്‍ വന്നു വീഴുമ്പോള്‍ വിവാഹിതരുടെ ക്ലബ് മറാല പിടിച്ചു കിടക്കുന്നു. ബാച്ചി ക്ലബില്‍ കമന്റിടാന്‍ വിവാഹിതരുടെ തിരക്കു കണ്ടില്ലേ.. അതാണ്‌...

വിവാഹിതരൂ വരൂ കാണൂ .. ആകാശത്തിലെ പറവകളെപ്പോലെ സ്വതന്ത്രമായി ചിറകടിച്ചു പറക്കുന്ന ബാച്ചികളെ..കണ്ടു കൊതിക്കൂ..ഇനീപ്പോ അതല്ലേ പറ്റൂ..

- ക്ലബിന്റെ ഉപ്പും സോറും തിന്തു വളര്‍ന്ത ഒരു ഉഴൈപ്പാളി. (തമിഴാ തമിഴ്..) -

Friday, April 20, 2007

കരിദിനം

ആ പച്ചാളം എവിടെ? ബച്ചന്‍ കൊച്ചന് ഒരു കൊട്ടേഷന്‍ ഇടണം... ഇന്ത്യയിലെ മൊത്തം യുവ ജനതയേയും വഞ്ചിച്ച് ആ കാപാലികന്‍ സ്വപ്ന സുന്ദരി ഐശൂനേം കൊണ്ട് പോയില്ലേ...

ഇന്നു മുതല്‍ മൂന്ന് നാളുകള്‍ക്ക് നമ്മള്‍ ബാച്ചികള്‍ കരിദിനം ആഹ്വാനം ചെയ്യുന്നു...

ഭാരതം സ്തംഭിക്കണം.

എന്നാലും ഐശൂ...

Monday, April 16, 2007

ബാച്ചി ക്ലബ്‌ സ്പെഷ്യല്‍ പതിപ്പ്‌-ഇടിവാളിനു വിവാഹവാര്‍ഷികാശംസകള്‍.....

എതിരാളിക്കൊരു പോരാളി.
ബാച്ചികളോട്‌ കട്ടക്ക്‌ കട്ടക്ക്‌ മുട്ടിയവന്‍.
പല വിവാഹിത സിംഹങ്ങളും തോറ്റ്‌ മടങ്ങിയപ്പോളും...
അവസാനശ്വാസം വരെ പോരാടും എന്ന് യുദ്ധഭൂമിയില്‍ കിടന്ന് ചുമ്മാ അലറിയവന്‍.
[എല്ലാരും യുദ്ധം നിര്‍ത്തി ചായ കുടിക്കാന്‍ പോയ സമയത്ത്‌]

ബാച്ചികളുടെ തലൈവര്‍ ശ്രീജിയെ ചാറ്റിലൂടെ ഭീഷണിപ്പെടുത്തിയവന്‍....

ബാച്ചിസിംഗം ദില്‍ബനെ ഓര്‍ക്കുട്ടില്‍ കേറി തല്ലുമെന്നുപറഞ്ഞവന്‍...
പച്ചാളത്തിനെ വഴിതെറ്റിക്കാന്‍ ഒരു സോഡ വാങ്ങിച്ചു 3 ഗ്ലാസ്സിലാക്കി ഒഴിച്ചു കൊടുത്തവന്‍
[എന്നിട്ട്‌ തന്നെ പച്ചാളം 3 ദിവസം കഴിഞ്ഞാ എഴുന്നേറ്റത്‌]

വിവിയോട്‌ മെയില്‍ വന്നു എന്നു പറഞ്ഞവന്‍
[മദ്രാസ്‌ മെയിലിന്റെ കാര്യം ആണു ഉദ്ദേശിച്ചത്‌-പക്ഷേ തികച്ച്‌ പറയുന്നതിനു മുന്‍പേ....
കാവിലമ്മേ എന്നു വിളിച്ചുകൊണ്ട്‌ വിവി ബോധം കെട്ട്‌ വീണു].

ഇക്കാസിനെ കുറിച്ചുള്ള അപവാദം സൂസിയുടെ അടുത്ത്‌ പറഞ്ഞ്‌ അവനില്‍ നിന്നും സൂസിയെ അകറ്റാന്‍ ശ്രമിച്ചവന്‍.

കുട്ടിച്ചാത്തനെ വീണ്ടും കുപ്പീലാക്കന്‍ അവന്റെ പുറകേ ഒരു കാലി വിക്സിന്റെ കുപ്പിയുമായി ഓടിയവന്‍......

അങ്ങനെ അങ്ങനെ ബാച്ചിപ്പുലികളുമായി ശീതയുദ്ധം നടത്തുന്ന ഒരു വ്യക്തിയുണ്ട്‌.

ചോദിക്കൂ..അങ്ങനെ ചോദിക്കൂ....ആരാണെന്നു ഞാന്‍ പറയാം....

വേറാരുമല്ലാ....നമ്മുടെ ഇടിവാള്‍.....

ഇതൊക്കെ ഇവിടെ പറയാന്‍ കാരണം എന്താണെന്നോ..
അതും പറയാം.

ശത്രുക്കളെ പോലും സ്നേഹിക്കുക എന്ന ആപ്തവാക്യത്തില്‍ അടിയുറച്ച്‌ വിശ്വസിക്കുന്ന[ഉവ്വ]ഞങ്ങള്‍ ബാച്ചികള്‍.....
ബാച്ചിക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായി ഒരു വിവാഹിതന്റെ വിവാഹവാര്‍ഷികം ആഘോഷിക്കുന്നു.
[വിവാഹിതന്റെ അല്ലാതെ.....ബാച്ചികളുടെ വിവാഹ വാര്‍ഷികം എങ്ങനെ അഘോഷിക്കും എന്നൊന്നും ചോദിക്കരുത്‌...വേണോങ്കി ഞങ്ങള്‍ അതും ചെയ്യും]

നമ്മുടെ സം പൂജ്യ ശ്രീമാന്‍.....കാലഭൈരവന്‍.....സാക്ഷാല്‍ ശ്രീ ഭദ്രകാളി ചാത്തന്‍ സേവ....
ഇടിവാള്‍ മന്നവന്‍ ഇന്ന് തന്റെ അഞ്ചാം വിവാഹ വാര്‍ഷികം കൊണ്ടാടുന്ന[കൊണ്ടോടുന്ന അല്ല]വേളയില്‍....

അദ്ദേഹത്തിനും പ്രിയപത്നിക്കും എല്ലാവിധ ആശംസകളും.

Thursday, April 05, 2007

എങ്ങിനെ എളുപ്പത്തില്‍ കാശുണ്ടാക്കാം

ബാച്ചീസിനെന്നും കഷ്‌ടപ്പാടാണ്. കഷ്‌ടപ്പാടെന്നാല്‍ ദില്‍ബൂന്റെ മുഖത്ത് ഇടയ്ക്ക് കാണുന്ന പാടല്ല. അത് "കയ്യിലിരുപ്പിന്‍പാടാ"ണ്. വിവാഹിതന് സ്വന്തം ഭാര്യേടെ കെട്ടു താലി പണയം വെച്ചെങ്കിലും കള്ള് കുടിയ്ക്കാം. അതു പോലാണോ പാവം ബാച്ചികള്. കഷ്‌ടം തന്നെ ഞങ്ങളുടെ കാര്യം. വിയര്‍ക്കാതെ, മോഷ്ടിക്കാതെ, ബക്കറ്റ് പിരിവ് നടത്താതെ, പച്ചാളത്തെ പോലെ ഗൂണ്ടാ പിരിവ് നടത്താതെ എങ്ങിനെ വെള്ളമടിക്കാന്‍ കാശുണ്ടാക്കാം എന്നതാണ് വിഷയം.

കഴിഞ്ഞ 3 മാസമായി ഞാനും, ദില്‍ബനും, സാന്‍ഡോസും, പച്ചാളവും,
സിയയും(വിവാഹിതനെങ്കിലും വിരഹിണന്‍ ആണ്) പിന്നെ CERN എന്ന സ്ഥാപനത്തിലെ സാങ്കേതിക വിദ്ധഗ്ദരും ചേര്‍ന്ന് നടത്തിയ കൂലങ്കഷമായ ഒരു പരീക്ഷണത്തിന്റെ വിശദാംശങ്ങളാണ് അനര്‍ഗളനിര്‍ഗളമായി ഇവിടെ വിവരിക്കുന്നത്.

N.B
ഇതിന്റെ കോപ്പി റൈറ്റ് ബാച്ചീസില്‍ നിക്ഷിപ്‌തമാണ്.(ഫുള്‍ബോട്ടില്‍ തന്നാല്‍ പകര്‍പ്പവകാശം ഫോട്ടോസ്റ്റാറ്റ് എടുത്ത് തരും). ആരേലും ഇത് അടിച്ച് മാറ്റി പരീക്ഷിക്കാനാണ് ഭാവമെങ്കില്‍ ബാച്ചീസിന്റെ കണ്‍കണ്ട ദൈവമായ ഹനുമാന്‍ സ്വാമിയാണേ ഇടിച്ച് മുഖം "ദൈവതുല്ല്യം" ആക്കും.

പരീക്ഷണത്തിനായി വേണ്ട ഉപകരണങ്ങള്‍
ചെറിയ കപ്പി (ആംഗലേയത്തില്‍ "പുള്ളി"ക്കാരന്‍) - 1
കുഞ്ഞുതവള - അം‌ഗവൈകല്യം ഇല്ലാത്തത് - 1
പുല്‍ച്ചാടി - നല്ല പെടപ്പനായിരിക്കണം - 1
കമ്പ്യൂട്ടര്‍ - യുനികോഡ് ഉള്ളത് - 1
ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ്ഗ് - 1
ഇന്റര്‍ നെറ്റ് കണക്ഷന്‍ - നല്ല ഞെരിപ്പന്‍ സ്പീഡുള്ളത് - ആവശ്യത്തിന്
നൂല് - 2 മീറ്റര്‍

എന്നിട്ട് താഴെ ചിത്രത്തില്‍ കാണുംവിധം ഈ വസ്തുക്കളെ ഘടിപ്പിച്ച് നിര്‍ത്തുക.


(ഈ ഫോട്ടോ CERN എന്ന സ്ഥാപനത്തിലെ അതി സങ്കീര്ണ്ണമായ ലാബില്‍ വെച്ച് സിയ വരച്ചതാണ് . ലിങ്ക് കാണുക )
ഇനി മ്മക്ക് അങ്ങട് തൊടങ്ങാം!!!!
അദ്യമായി ഗൂഗിള്‍ ആഡ് സെന്‍സ് ഉള്ള സ്വന്തം ബ്ലോഗ് ഓപ്പണ്‍ ചെയ്യുക.
നൂല് "പുള്ളി"ക്കാരനില്‍ കോര്‍ക്കുക.
മൌസിന്റെ കര്‍സറിനെ ആഡ് സെന്‍സിന്റെ മുകളിലും, തവളയെ മൌസിന്റെ "ലെഫ്റ്റ് ബട്ടന്" മുകളിലും, പുല്‍ച്ചാടിയെ "Backspace"ന് മുകളിലും പ്ലേസ് ചെയ്ത് നൂലിനാല്‍ ബന്ധിക്കുക.

ആദ്യമായി തവളയെ ലെഫ്റ്റ് ബട്ടനില്‍ വച്ച് ഒന്ന് അമര്‍ത്തുക. ബാക്കി എല്ലാം "ഓട്ടോമേറ്റഡ്" ആണ്. ക്ലിക്കിന്റെ ഫലം ആയി ആഡ്സെന്‍സിന്റെ പേജ് വരും. തല്‍ സമയം വിശന്നിരിക്കുന്ന തവള മുകളിലെ പുല്‍ച്ചാടിയെ പിടിക്കാനായി മുകളിലേയ്ക്ക് ചാടും. ആ സമയത്ത് പുല്‍ച്ചാടി ഇരിക്കുന്ന വശത്തിന് ഭാരം കൂടുകയും Backspace കീ അമരുകരും ചെയ്യും. അപ്പോള്‍ ബ്രൌസറിലെ "ബാക്ക്" എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്ത ഫലമുളവാകയാല്‍ ബ്രൌസറില്‍ പഴയ പേജ് ആയ സ്വന്തം ബ്ലോഗ് തന്നെ പ്രത്യക്ഷപ്പെടും. എന്നാല്‍ ഭൂഗുരുത്വം എന്ന "കുരുത്തംകെട്ട" പിന്‍‌വലിയാല്‍ തവള വീണ്ടും "ലെഫ്റ്റ് ബട്ടണിന്‍" വീഴും. വീണ്ടും ആഡ് സെന്‍സ് ഞെക്കപ്പെടും. ഈ പ്രവൃത്തി ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഒരോ തവളച്ചാട്ടത്തിലും, പുല്‍ച്ചാടിയുടേ ഒരോ രക്ഷപ്പെടലിലും കീശയില്‍ കാശ് വീഴുന്ന കിലുക്കം കേള്‍ക്കാം.

ഒരു ഡോളര്‍ ആയാല്‍ പുല്‍‌ച്ചാടിയെ തവളയ്ക്ക് തിന്നാന്‍ കൊടുക്കുക്ക, പാവം അല്ലെങ്കില്‍ ശാപം കിട്ടും. ആ കാശോണ്ട് കുടിച്ചാല്‍ വാള് വെച്ച് വയറിളകി ചാകും.

1 ഡോളറിന് വെച്ച് പുല്‍ച്ചാടി
10 ഡോളറിന് വെച്ച് തവള
1000 ഡോളറിന് വെച്ച് കീ ബോറ്ഡ് എന്നീ ഐറ്റംസ് മാറ്റുകകാശ് ഇടാന്‍ സ്വിസ് ബാങ്കില്‍ ബാച്ചീസിനായി 011235813 എന്ന എക്കൌണ്ട് ഓപ്പണ്‍ ആണ്. ദയവായി അവിടെ നിക്ഷേപിക്കുക.
"വൈകീട്ടെന്താ പരിപാടി?" എന്ന് ആരെങ്കിലും ചോദിച്ചാല്‍ സ്വിസ്‌ബാങ്കിലെ "ക്രെഡിറ്റ് കാര്‍ഡ്" കാണിച്ച് സാദനം വാങ്ങി മോന്തുക. വാളും പരിചയും വെയ്ക്കുക, തന്തയ്ക്ക് വിളിക്കുക.
മറക്കരുതാത്ത ഒരു കാര്യമുണ്ട് , തിരികെ പോരും വഴി ഒരു തവളയേയും, പുല്‍ച്ചാടിയേയും പിടിക്കുക.

എല്ലാം ബാച്ചീസിനേയും ഹനുമാന്‍ സ്വാമി കാക്കട്ടേ... ഇന്‍ഷാ ഹനുമാന്‍

നന്ദി:
ഈ സം‌രംഭം ഒരു കിടിലന്‍ പരീക്ഷണ വിജയം ആക്കി തീര്‍ക്കാന്‍ ലാബ് തന്ന് സഹായിച്ച CERN അധികാരികള്‍, സയന്റിസ്റ്റ്: ദില്‍ബാസുരന്‍, പ്രൊഫ.സാന്‍ഡോസ്, സയന്റിസ്റ്റ്:പച്ചാളം, പ്രൊഫ.സിയ എന്നിവര്‍ക്ക് ഞാനീയവസരത്തില്‍ നന്ദി പ്രകാശിപ്പിക്കുന്നു.

സസ്നേഹം
സയന്റിസ്റ്റ്: ഡോ. വിവി ഇഗ്ഗ്നേഷ്യസ് പിമെന്റോ

Wednesday, April 04, 2007

സാന്‍ഡോസിന്റെ തിരോധാനം

മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്) ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചവനും, ഈ ബൂലോഗത്തില്‍ ചറപറാ പോസ്റ്റുകളും, കമെന്റുകളും ഇട്ട് ഒരു പാവം വെട്ടു പോത്തിനെ പോലെ വിഹരിച്ചിരുന്ന ബഹു, ശ്രീ.. (..ഖൊ..ഖൊ.. ചുമ..) സാന്‍ഡോസ് പെട്ടെന്ന് തിരോഭവിച്ചതിന്റെ പിന്നില്‍ ഗൂഡാലോചന, ഗുണ്ടാലോചന എന്നിവയുണ്ടെന്ന് മഞ്ഞുമ്മല്‍ ലോക്കല്‍ പോലീസിന്റെ പ്രഥമ ദൃഷ്‌ട്യാ ഉള്ള അന്വേഷണത്തില്‍ തെളിഞ്ഞു.

വീട്ടില്‍ വല്ലപ്പോഴും മാത്രം കയറുന്നവനായിരുന്നതിനാല്‍ അവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം തിയതി എല്ലാ ബാറുകളും, ഷാപ്പുകളും അവധിയായിട്ടു കൂടി വീട്ടില്‍ വന്നില്ല എന്നതിനാല്‍ ഉളവായ സംശയത്തിന്റെ പേരില്‍ ടിയാന്റെ വീട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ ചെല്ലുമ്പോല്‍ ഷാപ്പുകാരന്‍ കുഞ്ഞാപ്പു ഇതേ സംഭവത്തില്‍ നല്‍കിയ പരാതി എസ്.ഐ. വായിച്ചു നോക്കുകയായിരുന്നു. "യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല" എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരാതി വായിച്ച എസ്.ഐ.യ്ക്ക് പിന്നെ ലവലേശം സംശയം ഉണ്ടായിരുന്നില്ല.

പ്രാഥമികാന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍
----------------------------------------------

1) ഈസ്റ്ററിന് കുരിശായി ഉപയോഗിക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയി

പക്ഷേ ഈ സംശയം നില നില്‍ക്ക്കുന്നതല്ല. കനം കുറഞ്ഞ കുരിശായ പച്ചാളം അവിടെ അടുത്ത് ഉള്ളപ്പോള്‍ ഈ മുടിഞ്ഞ കുരിശിനെ ആര്‍ക്കു വേണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു

2) മനക്കലെ മീനാക്ഷി(യക്ഷി) ഭക്ഷിച്ചു.

ഈ വാദം അംഗീകരിക്കുന്നതാണ്. മീനാക്ഷി ഇന്നലെ രാത്രി വാളുവെയ്ക്കുന്നത് കണ്ടെന്ന് 'തമനു' മൊഴി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി രാത്രീല്‍ പുറത്തിറങ്ങിയതായിരുന്നു തമനു. സാന്‍ഡോ സ്വന്തം ശരീരത്തിലെ 75% ഭാഗവും "ആള്‍ക്കഹോള്‍" സംഭരണിയാക്കി സ്വയം സേവനം നടത്തുന്നയാളായതിനാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് സാന്‍ഡൊസുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു

3) ഇതിനു പിന്നില്‍ മദ്യവിരുദ്ധരുടെ കറുത്തകരങ്ങള്‍ ആണെന്ന് കേരള അബ്കാരി അസോസിയേഷന്‍ ആരോപിച്ചു.

സാന്റോസിന്റെ അഭാവത്തില്‍ ദിവസ വിറ്റു വരവില്‍ 35% ഇടിവുണ്ടായതായി അബ്കാരി-ബിസിനസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു

4) സാന്‍ഡോ നീ കൊച്ചി ഗുണ്ടാ മാഫിയയുടെ ഇരയോ?

നാലുദിവസം മുമ്പ് ഇടപ്പിള്ളി ഗീവര്‍ഗ്ഗിസ് പ്രൈമറി സ്‌കൂളിനു മുന്നില്‍ കിടന്ന് അലമ്പുണ്ടാക്കിയ സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്. "ഞങ്ങ ഇത്തരം ചീള് പന്നിയോളെയൊന്നും തല്ലാറില്ല" എന്നാണ് തന്നെ ചോദ്യം ചെയ്ത പോലീസുകാരനോട് ടിങ്കുമോന്‍ മൊഴി നല്‍കിയത്. സാന്‍ഡൊസ് പ്രശ്നത്തില്‍ തന്റെ നിലപാട് നാളത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തുമെന്നും ടിങ്കുമോന്‍ വെളിപ്പെടുത്തി.

5) ഹോണോലുലു ആയോ?

സാന്‍ഡോസിന്റെ അയല്‍ വാസിയായ വര്‍ക്കിച്ചായന്റെ പോത്തിനെ ഇടയ്ക്കിടെ സാന്‍ഡോ "മച്ചൂ, ഹോണോലുലു" എന്നു വിളിക്കാറുണ്ടെന്ന് വര്‍ക്കിച്ചായന്റെ ഇളയമകള്‍ മൊഴിനല്‍കുകയുണ്ടായി. ആ വിളി കേള്‍ക്കുമ്പോള്‍ പോത്ത് അത് തെറിവിളിയാണെന്ന് കരുതി മുക്രയിടാരുണ്ടാരുന്നെന്നും പറഞ്ഞു. നല്ലകാലത്തിന് ആ പോത്ത് അവനെ വല്ല പൊട്ടക്കിണറ്റിലും കുത്തി മറിച്ചിട്ടാല്‍ മതിയായിരുന്നു എന്നും ആ പെണ്‍കുട്ടി ആശ്വാസം കണ്ടെത്തുന്നു.

6) സാന്‍ഡൊസ്സില്ലാത്ത ബൂലോഗം

ഉപ്പില്ലാത്ത കഞ്ഞി, "ബിറ്റ്" ഇല്ലാത്ത നൂണ്‍ഷോ, സാനിയ ഇല്ലാത്ത ടെനീസ്‌ടൂറ്ണമെന്റ്
എന്നീ ഉപമകള്‍‍ കൊണ്ടാണ് "ഇക്കാസ്" ഈ തിരോധാനത്തെ വര്‍ണ്ണിച്ചത്. സാന്‍ഡോസ് മൂലം മദ്യമാഫിയക്ക് തല്‍ക്കാലം ഉണ്ടായ കോട്ടം താനായിട്ടു നികത്തുമെന്നും ഇക്കാസ് ഉറപ്പു കൊടുത്തു.
സാന്‍ഡോസിന്റെ തിരോധാനത്തില്‍ "തങ്ങള്‍"ക്കാണ് പങ്കെന്നും, "വര്‍മ്മ"കള്‍ക്ക് പങ്കില്ലെന്നും വര്‍മ്മാലയം നടത്തിപ്പുകാരന്‍ "അനുരഞ്ചന വര്‍മ്മ" അറിയിച്ചു. കുടിച്ചു വെളിവില്ല്ലാതെ വര്‍മ്മാലയത്തിനു മുന്നില്‍ കിടന്ന സാന്‍ഡൊസിനെ വര്‍മ്മകള്‍ പലതവണ മഞ്ഞുമ്മല്‍ കലുങ്കിനു മുകളില്‍ കിടത്തിയിട്ടുണ്ടേന്നും അവര്‍ പറയുന്നു. "സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് അനോണിവര്‍മ്മ അറിയിച്ചു. അവനില്ലാത്തതിനാല്‍ തല്ലും‌പിടീം ഇല്ലന്നും "കൊട്ടേഷന്‍" രംഗം നിശ്ചലമാണെന്നും പച്ചാളത്തിന്റെ വക്താവ് അറിയിച്ചു. സംഗതി അറിഞ്ഞതു മുതല്‍ പച്ചാളം "ഫ്യൂസായ ബള്‍ബ്ബ്" പോലാണെന്നും വക്താവ് വെളിപ്പെടുത്തി.

7) ബാച്ചീസ്-വിവാഹിത ക്ലബ്ബ് സംഘര്‍ഷം
ഈയിടെ ബാച്ചീസ് ക്ലബ്ബില്‍ ചേര്‍ന്ന സാഡോയ്ക്ക് വിവാഹിതരുടെ ക്ലബ്ബില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നതായി ഒരു അനോണി ബാച്ചി വെളിപ്പെടുത്തി. ബാക്കി ആരൊക്കെ കല്യാണം കഴിഞ്ഞ് പോയാലും "ലോകത്താരും പെണ്ണുകൊടുക്കില്ല" എന്ന കാരണത്താല്‍ സാന്‍ഡൊ ബാച്ചീസ് ക്ലബ്ബിന്റെ ജീവനാഡിയായി ഇവിടെതന്നെ എന്നും കാണും എന്ന് അവര്‍ക്ക് ഉറപ്പുള്ളതിനാലാണ് ഇത്ത്രം ഭീഷണികളെന്നും അനോണി പറഞ്ഞു. അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്.


അവന്‍ തിരിച്ചു വരാതിരിക്കാന്‍ എടപ്പിള്ളി പുണ്യാളന് പെണ്‍കുട്ടികള്‍ കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണമാണൊ, അതോ അവന്റെ ശക്തമായ തിരിച്ചു വരവിനായി മദ്യ-ഗുണ്ടാ മാഫിയ മഞ്ഞുമ്മല്‍ പള്ളീല്‍ കൊളുത്തുന്ന മെഴുകുതിരികളുടെ എണ്ണമാണോ കൂടുതല്‍ എന്ന് എണ്ണിയിരിക്കാനേ ഹതഭാഗ്യരായ നമുക്കു കഴിയൂ

ഓ.ടോ.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ബാറിലോ കള്ളുഷാപ്പിലോ അറിയിക്കുക

ലേഖകന്‍: വിവി