Friday, March 07, 2008

മാഫിയ

ഇക്കുറി നാട്ടില്‍ നിന്നു ചെന്നൈയിലെക്കുള്ള മടക്കയാത്രയില്‍ ആണ് സംഭവം. ഭാരം നിറച്ച ബാഗുമായി ട്രെയിനില്‍ കംപാര്ട്ട്മെന്റ് കണ്ടുപിടിച്ച് ഭാണ്ടക്കെട്ട്ട് ബര്‍ത്തിന്റെ മുകളില്‍ ' അണ്‍ ലോഡ് ' ചെയ്തതിനു ശേഷം ആണ് പതിവ് പരുപാടി ആയ 'തിര നോട്ടം' (സഹയാത്രികര്‍ ആയ മറ്റു കുഞ്ഞാടുകള്‍ ആരെന്നറിയാനുള്ള സ്വാഭാവിക ജിജ്ഞാസ) ആരംഭിച്ചത്.

എന്റെ ഹിന്ദി ജ്ഞ്ഞാനതെക്കുരിച്ച് എനിക്ക് തന്നെ അഭിമാനം ഉണ്ടാക്കി തന്ന ഒരു അനാലിസിസ് അവിടെ ഞാന്‍ നടത്തുക ഉണ്ടായി. സഹയാത്രികരായ ഒരു പറ്റം ചേട്ടന്‍മാര്‍, സ്റ്റാന്റില്‍ നിര്ത്തി ഇട്ടിരിക്കുന്ന ബസ്സിന്റെ കിളിയും കണ്ടക്ടരും ബസ്സിന്റെ 'ഡെസ്ടിനേഷന്‍' അനൌന്‍സ് ചെയ്യുന്ന അതെ രാഗത്തില്‍, കോറസ്സായി ചിലക്കുന്നത് എന്തായാലും ഹിന്ദിയില്‍ അല്ല. ഒരു പക്ഷെ വല്ല ബംഗാളിയും ആകും(ഈ ബംഗാളി ഭാഷ എനിക്കറിയാവുന്നത് കൊണ്ടൊന്നും അല്ല, എന്തോ അങ്ങനെ തോന്നി.)അത് കൊണ്ട്ട് തന്നെ മൌനം വിദ്വാനു ഭൂഷണം എന്ന പ്രമേയം മനസ്സില്‍ കയ്യടിച്ച് പാസ്സാക്കി ഒരു 'ഇന്ത്യ ടുടെ' കയ്യിലെടുത്ത് പേജ് മറിക്കാന്‍ തുടങ്ങി. ഒരു കാപ്പിയും ഇന്ത്യ ടുടെയും ആയി നിമിഷങ്ങള്‍ അങ്ങനെ. എന്റെ മനസ്സില്‍ 'സഫ്രോന്‍ കി സിന്ദഗി' ഒക്കെ വരാന്‍ തുടങ്ങി.

നൂറു കോടി ആളുകളുള്ള രാജ്യത്ത് മിണ്ടാന്‍ ഒരു ആള് പോലും ഇല്ലെന്ന് വെച്ചാല്‍!!!

ഈ വൈഷമ്യങ്ങളും ആയി ഇരുന്നപ്പോളാണ് ഒരു പിടി 'ഡി വി ഡി'കളുമായി ഒരു ചേട്ടന്‍ സമീപിച്ചത്. വളരെ രഹസ്യമായി അദ്ദേഹം ചോദിച്ചത്‌ ഇങ്ങനെ
'ഇങ്ങക്ക് പടം ബെണോ? പുതിയ പടം?'
'ഏതാ പടം? കാണട്ടെ?' ഞാന്‍ പ്രതികരിച്ചു.
ഒരു കെട്ട് ഡി വി ഡി എന്റെ മുന്‍പില്‍ നിരത്തിയിട്ട്, പെണ്ണുകാണല്‍ സീനുകളില്‍(ഐ മീന്‍ സിനിമകളില്‍, അല്ലാതെ നമ്മള്‍ ഈ പ്രസ്ഥാനത്തില്‍ വിശ്വസിക്കുന്നവര്‍ ആ സീനില്‍ പണ്ടേ താത്പര്യം ഇല്ലാത്തവര്‍ ആണല്ലോ.) പെണ്ണിന്റെ അച്ഛന്‍ അനുവദിക്കുന്നത് പോലെ ഞങ്ങള്‍ക്ക് പ്രൈവറ്റ് സമയം അനുവദിചിട്ട് എഴുന്നേറ്റ് പോയി. ഞാന്‍ സസൂക്ഷം ഡി വി ഡി കള്‍ പരിശോധിച്ച് ഒടുവില്‍ ഒന്നു രണ്ടെണ്ണം മാറ്റി വച്ചു.

എത്രയോ വിനാഴികകള്‍ കഴിഞ്ഞു അദ്ദേഹം മടങ്ങി വന്നു, ഡി വി ഡി കള്‍ പെറുക്കി ബാഗിലാക്കി 'ഒന്നും വേണ്ടല്ലോ അല്ലെ' എന്ന് നെഗടീവ് ചോദ്യം ചോദിച്ചു,

ഇത്തരത്തില്‍ ഒരു ചോദ്യം എന്നെ ഒരല്പം ചൊടിപ്പിച്ചു എന്ന് തന്നെ പറയാം എന്തന്നാല്‍ കാത്ത് കാത്ത് ഒരു മലയാളി വന്നണഞ്ഞതാണ്. ഒരു നാല് നാട്ടുവിശേഷമെങ്കിലും പറയാതെ പോകാന്‍ ഈ ചങ്ങാതിക്ക് എങ്ങിനെ മനസ്സു വരുന്നു?

ഭാണ്ടക്കെട്ട് നിറച്ച് 'ടേക് ഓഫ്' ചെയ്യാന്‍ പോയ ഡി വി ഡി ചേട്ടനെ പിടിച്ചു നിര്‍ത്തിക്കൊണ്ട് ഞാന്‍, ആത്മാവിന്റെ അപേക്ഷയുടെ സ്വരത്തില്‍ ഇങ്ങനെ മൊഴിഞ്ഞു "എനിക്ക് 'പ്രണയകാലം' വേണം"

ഒരു ചിരി ഡി വി ഡി ചേട്ടന്റെ മുഖത്ത് വിരിഞ്ഞുവോ എന്നൊരു സംശയം. കെട്ട് അഴിച്ച് അദ്ദേഹം 'പ്രണയകാലം' തപ്പി, നിരാശനായി പറഞ്ഞു 'ഇല്ലല്ലോ' 'പ്രണയകാലം അപ്പുറത്തെ ബോഗിയിലെ പയ്യന് കൊടുത്തു'

അപ്പുറത്തെ ബോഗിയിലെ പയ്യന് വരെ പ്രണയകാലം ആയി. ഞാന്‍ ഒന്നു ഇരുത്തി മൂളി. "ഊം"
"റോക്ക് ആന്‍ഡ്‌ റോള്‍ മതിയോ?" ചേട്ടന്റെ ഉള്ളിലെ എം ബി എ കാരന്‍ ചിലച്ചു.
"പ്രിന്റ് നല്ലാതാണോ" ഞാന്‍ ഒരു കുശലം ചോദിച്ചു.
"പിന്നില്ലേ നല്ല ഒന്നാന്തരം പ്രിന്റ്റാ. അതോണ്ടല്ലേ അന്‍പത് രൂപ വില."
എന്റെ ആകാംക്ഷയുടെ റോക്കറ്റ് ആകാശത്തേക്ക് കുതിച്ചുയര്‍ന്നു.
"തീയറ്റര്‍ പ്രിന്റ് അല്ലെ? അതിത്ര നല്ലതൊന്നും ആകില്ലല്ലോ" എന്റെ വക ഒരു താങ്ങ്

ചേട്ടന്റെ വിശ്വാസ്യതയുടെ വൃക്ഷത്തിനു ചുവട്ടില്‍ ഞാന്‍ മുറുക്കി തുപ്പിയെന്ന പോലെ അദ്ദേഹത്തിന്റെ ആവേശം അണ പൊട്ടി ഒഴുകി.
"ഇത് തീയറ്റര്‍ പ്രിന്റ് ഒന്നും അല്ല. ഒറിജിനലാ ഒറിജിനല്‍. കൊണ്ട്ട് പോയി കണ്ട്ട് നോക്കിന്‍. എന്നിട്ട വിവരം പറ. ഞമ്മളിതില്‍ സ്ഥിരം കച്ചവടം നടത്തണതാ. കൊള്ളില്ലെന്കില്‍ അടുത്ത തവണ നിങ്ങളുടെ മുന്‍പില്‍ വരാന്‍ പറ്റില്ലല്ലോ?"

ഞാന്‍ ആകെ ഇമ്പ്രസ്സ്ഡ് ആയി. ആ പടത്തിന്റെ സംവിധായകന്‍ രന്ജിത്തിനു പോലും അത്ര ആത്മവിശ്വാസത്തോടെ പടത്തിന്റെ ഏതേലും മേന്മയെക്കുറിച്ച് സംസാരിക്കാന്‍ പറ്റില്ല. ഈ പടം കൊള്ളില്ലേല്‍ ഞാന്‍ ഇനി നിങ്ങടെ മുന്‍പില്‍ കച്ചവടത്തിനു വരില്ല എന്ന് ലാലേട്ടന് പറയാന്‍ സാധിക്കുമോ? ഇല്ല തന്നെ. അതിഭയങ്കരം!! അഭിനന്ദനാര്‍ഹം!!

വേറെ ഒന്നും ആലോചിക്കാതെ ചേട്ടന്റെ ആത്മവിസ്വാസത്തിനു മുന്നില്‍ ഞാന്‍ അന്‍പത് രൂപ വെച്ച് നീട്ടി. (പടം കാണാനുള്ള ആഗ്രഹം കൊണ്ടായിരുന്നില്ല, ആ കൊണ്ഫിടന്സിനു ഒരു റിവാര്‍ഡ് എന്ന നിലയ്ക്ക് )

പടം പൊതിന്ജോണ്ടിരുന്നതിനിടയില്‍ ചേട്ടനോട് കുസലപ്രശ്നമെന്ന രൂപേണ ഞാന്‍ ചോദിച്ചു. "അല്ല ഇത് തീയറ്ററില്‍ നിന്നല്ലന്കില്‍ പിന്നെ എവിടുന്നു കിട്ടുന്നു?"
ചേട്ടന്‍ മുഖം എന്നോട് അടുപ്പിച്ച് രഹസ്യ രൂപേണ പറഞ്ഞു. "ഇതൊക്കെ സിംഗപ്പൂര്‍ നിന്നും വരുന്നതല്ലേ"
"സിംഗപ്പൂരോ?"
"ആ. സിംഗപ്പൂര്‍ തന്നെ. അവിടുന്നു ഒറിജിനല്‍ പ്രിന്റ് അടിച്ച് വിടുകയല്ലേ. "
"ഓഹോ. അതെങ്ങിനെ ചേട്ടന്റെ കയ്യില്‍ എത്തി?"
"അത് എജന്റ്റ് വഴി."
"സിംഗപ്പൂര്‍ നിന്നു എജന്ട്ട് വരുവോ?"
"എജന്റ്മാര്‍ ഇവിടെ കൊച്ചിയിലല്ലേ."
"അപ്പൊ സിംഗപ്പൂര്‍ നിന്നു ഇതെങ്ങിനെ ഇവിടെ എത്തും."
"ആ പ്രിന്റ് കപ്പലില്‍ കൊച്ചിയിലെത്തിക്കും. ചിലപ്പോള്‍ വിമാനത്തിലും."
"ആര്?"
"മാഫിയ"
"എന്ത്??"
"മാഫിയ."

മാത്രുഭുമിയുടെ പല പേജുകളിലായും, ഇന്ത്യാ വിഷനിലെ നികേഷ്‌ കുമാറിന്റെ ജിഹ്വ സന്ചാരത്തിലും ഒക്കെയായി മാത്രം ഞാന്‍ കേട്ട പരിച്ചയപ്പെട്ടിട്ടുള്ള വാക്ക്। ഒരു പക്ഷെ മലയാളികള്‍ക്കെല്ലാം കേട്ട പരിചയമുള്ള വാക്ക്, കണ്ട്ട് പരിചയം ഇല്ല. എങ്ങനെ ഇരിക്കും ഈ മാഫിയ കാണാന്‍? സ്വാഭാവിക ആക്രാന്തം ചോദ്യമായി പുറപ്പെട്ടത് ഇങ്ങനെ
'അപ്പോള്‍ ചേട്ടനാ ഈ മാഫിയ?'
'ഞമ്മളും ഞമ്മളെ പോലെ പലരും' തികച്ചും മാഫിയ സ്ടയില്‍ ഉത്തരം തന്നെ. ഇന്കംപ്ലീട്ട് വണ്‍.

അഞ്ചടിയില്‍ താഴെ മാത്രം ഉയരമുള്ള, ബാലചന്ദ്രമേനോന്‍ സ്ടൈലില്‍ കഷണ്ടിക്ക് വെയില്‍ എല്ക്കതിരിക്കാന്‍ റ്റൌവല്‍ കെട്ടിയ, കൈ വീശി നടക്കുമ്പോള്‍ 'ഞാന്‍ മുന്നില്‍ ഞാന്‍ മുന്നില്‍' എന്ന് കയ്യും വയറുമായി ആരോഗ്യകരമായ കിടമത്സരം നടത്തുന്ന, ഇറികി ചിരിക്കുമ്പോള്‍ അണപ്പല്ലിലെ പുഴുക്കുഞ്ഞുങ്ങള്‍ ലാല്‍സലാം പറയുന്ന, ആ രൂപം എന്റെ മാഫിയാ സന്കല്പതിനു ചാരുത ഏകി।

ഞാന്‍ തുടര്‍ന്നു "അപ്പൊ ചേട്ടനും മാഫിയയാ?"
"അതെല്ലോ. ഡി വി ഡി വാങ്ങിയ സ്ഥിതിക്ക് ഇങ്ങളും മാഫിയ തന്നെ" ഒരു മാഫിയാ ചിരി പാസ്സാക്കി ചേട്ടന്‍ നടന്നു നീങ്ങി.

അങ്ങനെ ഞാനും മാഫിയ ആയി.ഞാന്‍ എന്നെ തന്നെ നോക്കി രഹസ്യത്തില്‍ പുലമ്പി."മാഫിയാ ശിശു"