Monday, December 28, 2009

പ്രിയ ബാച്ചികളെ.. വിട വിട..

പ്രിയ ബാച്ചികളെ ബാച്ചിച്ചികളെ.. എന്റെ കന്യാകത്വം നഷ്‌ടപ്പെട്ടു. ഞാനിപ്പോള്‍ ഒരു വിവാഹിതനാണ്‌. ഇനിയും ഈ ക്ലബ്ബില്‍ തുടരുന്നത് അന്യായമാണെന്ന് മനസ്സിലാക്കുന്നു. ഈ ക്ലബിന്റെ തുടക്കം മുതല്‍ ക്ലബിന്റെ ഉന്നമനത്തിനും ഔന്നത്യത്തിനും ഉയര്‍ച്ചയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം പണിയെടുത്ത ഒരു എളിയ പ്രവര്‍ത്തകനെന്ന നിലയില്‍, ഈ ക്ലബില്‍ നിന്നും ഒഴിവാകുക എന്നു പറഞ്ഞാല്‍ എന്റെ ഹൃദയം പറിച്ചു മാറ്റുന്നതു പോലെയാണ്‌. എന്തു ചെയ്യാം പ്രിയരേ... അന്നൊരു ഞായറാഴ്ചയായിരുന്നു. എന്നിലെ ബാച്ചിയെ ഞാന്‍ യാതൊരു ദയാദാക്ഷിണ്യവും കൂടാതെ ആട്ടിയിറക്കി. ഞാന്‍ പടിയിറങ്ങുകയാണ്‌ പ്രിയരേ.. പടിയിറങ്ങുകയാണ്‌. എന്റെ സഹപ്രവര്‍ത്തകരേ... നമുക്കിനിയും വല്ലിടത്തും വെച്ച് കാണാം. കാണേണ്ടി വരും.. കാരണം ഭൂമി ഉരുണ്ട ഒരു ഗോളമായിപ്പൊയല്ലോ. ഒരു പിടി കണ്ണീരോടെ.. വിട വിട.. വിടൂ...

Wednesday, December 16, 2009

“ബാച്ചിലേഴ്സ് ക്ലബ്ബിലെ കലാപ്രതിഭന്‍..!!“

പ്രായമേറേയായിട്ടും ഇപ്പോഴും പണ്ടത്തെ സ്കൂള്‍-കോളജ്-ബാച്ചിലര്‍ ലൈഫിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്ന, സാമ്പത്തികമാന്ദ്യം കൊണ്ട് ജകപൊകയായ ദുബായിയെ 10 ബില്യന്‍ ഡോളര്‍ സഹായിക്കാമെന്നേറ്റ അബുദാബിദേശത്തിന്റെ പൊന്നോമനപുത്രനും, ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായലിന്റെ പരിസരത്ത് ഭാര്യയുടെ പേരില്‍ ഒരു ഫ്ലാറ്റെടുത്ത് അതിന് ‘താടക’ എന്ന പേരിട്ട്, വീ‍ട്ടില്‍ വരുന്നവരെയെല്ലാം കൊണ്ട് ‘താടക’ എന്ന വയലാര്‍ കവിത ചൊല്ലിച്ച് വിടുകയും ചെയ്യാറുള്ള എന്റെ പ്രിയ സുഹൃത്തിനെ മനസ്സില്‍ ധ്യാനിച്ച് കൊണ്ട് (ഓം..ഇടിയായ..നമഃ ....ഇടി ഗഡിയായ നമഃ... എനിക്കിടി കിട്ടരുതായ നമോ... നമഃ... ഓം..!) പ്രിയപ്പെട്ട ബാച്ചിലര്‍ ഫ്രന്റ്സിനോട്, എന്റെ ചില അഭിലാഷങ്ങള്‍ അറിയിക്കുവാനാഗ്രഹിക്കുകയാണ്.....

എന്റെ പല സുഹൃത്തുക്കളും പണ്ട് സ്കൂളില്‍ പഠിക്കുന്ന (!?) കാലത്ത് “റെഡ് ഹൌസ്”ല്‍‌ ആയിരുന്നു പോലും! സീ ഫ്രന്‍സ്, എനിക്ക് പറയാനുള്ളത്, നമ്മള്‍ ബാച്ചികള്‍ ഒരിക്കലും “റഡ് ഹൌസില്‍” ചേരരുത്. നിങ്ങള്‍ക്കെല്ലാം ‘റോള്‍ മഡലായ‘ ഞാന്‍ പണ്ട് സ്കൂളിലും കോളജിലുമൊക്കെ (പോയിട്ട്ണ്ട്.. പോയിട്ട്ണ്ട്.. സത്യം) പഠിക്കുന്ന കാലത്ത് “ബ്ലൂ ഹൌസ്” ന്റെ ക്യാപ്റ്റന്‍ ആയിരുന്നു. എന്താന്നറിയില്ല അന്നും ഇന്നും ഈ “ബ്ലൂ” വിനോട് വല്യ താല്പര്യമാ. നിങ്ങളും അങ്ങിനെയായിരിക്കണം. ഞാന്‍ കഴിഞ്ഞആഴ്ച ഒരു “ബ്ലൂ” ഫിലിം CD വാങ്ങിയിട്ട് ഇന്നേ വരെ വീഡിയോ ഷോപ്പില്‍ തിരിച്ചുകൊടുത്തിട്ടില്ല!. ഡൈലി വീണ്ടും വീണ്ടും കാണും. ഇത് “ബ്ലൂ” വിനോടുള്ള അഗാധമായ താല്പര്യം ഒന്നുകൊണ്ട് മാത്രമാണ്. അതാണ്..!! ഈ ഒരു താല്പര്യം..അതായിരിക്കണം ബാച്ചികളുടെ മുഖമുദ്ര! ങേ...?! അയ്യേ.. തും ലോഗ് ക്യാ സോച്ച് രഹേ ഹോ... ഹോയ്??. ഡേയ് ഡേയ്.. ബാച്ചിലേഴ്സിന് നാണക്കേടുണ്ടാക്കല്ലേ.. കശ്മല്‍ ബാച്ചീസ്.. വേണ്ടാത്ത ചിന്ത മത്ത് കരോ... ഡോണ്ട് മിസ്സ്.അണ്ടര്‍-സ്റ്റാന്റ് മീ....! ഞാന്‍ “ബ്ലൂ” ഫിലിം എന്ന് പറഞ്ഞത് പുതിയ ഹിന്ദി സിനിമയെ പറ്റിയാണ്‍. സിനിമയുടെ പേരാ: “ബ്ലൂ“ - അതില്‍ അഭിനയിച്ച ചുള്ളന്‍സ് & ചുള്ളീസ്: അക്ഷയ് കുമാര്‍, സഞ്ചയ് ദത്ത്, കത്രിന കൈഫ്, സയീദ് ഖാന്‍, ലാറാ ദത്ത എസ്‌കെട്രാ.. എസ്‌കെട്രാ....

ശീ‍ീ‍ീ‍ീ‍ീ... ഒരോന്നിന്റെ ചിന്ത പോയ പോക്ക് നോക്ക്.... ച്ചീ‍ീ‍ീ‍ീ...... വൃത്തികെട്ടവന്മാര്‍... മനസ്സ് നന്നാവണം ബാച്ചികളേ.. മനസ്സ് നന്നാവണം. എന്നെ എന്നുമെന്നും ‘റോള്‍ മഡലാക്കൂ‘.. ശ്ശേ.. മോഡലാക്കൂ, ഞാനെപ്പോഴും പറയാറുള്ള പോലെ ബാച്ചികളുടെ മനസ്സ് എന്നും നയന്‍താരയുടെ വസ്ത്രം പോലെ സുതാര്യമായിരിക്കണം, പക്ഷെ നയന്‍‌താരയെപ്പൊലെ ഒരു തര്‍ക്കബാധിതപ്രദേശമയിരിക്കരുത്....! മനസ്സില്‍ എന്നും സന്തോഷം വിളയാടണം പക്ഷെ സന്തോഷ് മാധവനെപ്പോലെ വിളയാടരുത്..! മനസ്സില്‍ എന്നും ഐശ്വര്യം കുടികൊള്ളണം പക്ഷെ ഐശ്വര്യാറാ‍യിയെപ്പൊലെ ഒരു സുപ്രഭാതത്തില്‍ &^&^@# കണ്ട ഏതേലും ബച്ചന്റച്ചന്റെ മോന്റെമോന്റെ കൂടെ ഇറങ്ങിപ്പോയി മൊത്തം ബാച്ചികളുടെയും ഹാര്‍ട്ടിന്റെ നട്ടും കരളിന്റെ ലിവറും ഊരിക്കളയരുത്..... :(

പിന്നെ നമ്മള്‍ ഒരിക്കലും പൊങ്ങച്ചം പറയാന്‍ പാടില്ല!!. അത് പാപമാണ്. ഷേര്‍ചെയ്യാനേ പാടുള്ളൂ. അതോണ്ട് നിങ്ങള്‍ക്ക് എന്നിലെ ഭയങ്കര പ്രതിഭയുടെ ഒരംശം പകുത്ത്തരാന്‍ അല്ലേല്‍ ലേശം പ്രതിഭാ-ജ്ഞാനം പകര്‍ന്നുതരാന്‍‌ വേണ്ടി, അതിനേക്കാളുപരി ഒരോ ക്ലബ്ബ് മെമ്പേഴ്സിനും ഒരു ഒരു ഇന്‍സ്പിരേഷന് വേണ്ടി... അല്പം ഫ്ലാഷ് ബേക്കുന്നു:

വണ്‍സപ്പോണേ ടൈം വെന്നൈവോസിന്‍ പ്ലസ് റ്റു..., ഏശ്ശ് ..അല്ലേ വേണ്ട.. ഇംഗ്ലീഷ് വേണ്ട...! നിങ്ങക്കൊന്നും മനസ്സിലാവൂല്ല. അതോണ്ടാ...

അതായത്, പണ്ട് +1 & +2 വില്‍ പഠിക്കുന്ന കാലത്ത് സ്കൂളില്‍ ഞാനായിരുന്നു കലാപ്രതിഭ. (പിന്നെ, സ്കൂളിലെ ചില വിവരദോഷി കൂട്ടുകാര്‍ എന്നെപറ്റി “മൂക്കില്ലാ രാജ്യത്ത് മുറിമൂക്കന്‍ രാജാവ്” എന്ന് അസൂയകൊണ്ട് പറഞ്ഞപ്പോള്‍ “നിന്റെ തലയില്‍ ഇന്ന് വൈകുന്നേരം കാക്കതൂറട്ടെ..!” എന്ന് അന്നേ ശപിച്ചത് കൊണ്ട് ഇപ്പോ പശ്ചാത്താപമില്ല..). യുവജനോത്സവങ്ങളില്‍ പണ്ട് എന്നെ പോലുള്ള ‘ഭയങ്കര‘ പ്രതിഭയുള്ള ആണ്‍കുട്ടികള്‍ക്ക് (നോട്ട് ദ പോയിന്റ്) കൊടുക്കുന്ന ക്-ണാപ്പാണ് “കലാപ്രതിഭ“ അഥവാ പ്രതിഭന്‍. ഇപ്പോ അങ്ങിനെ ഒരു സംവിധാനം നമ്മുടെ വിദ്യാഭാസമന്ത്രി എം.എ.യൊക്കെ പഠിച്ചെങ്കിലും ബേബിയായത് കാരണം നിര്‍ത്തി എന്ന് കേട്ടു. മന്ത്രി ബേബി വളര്‍ന്ന് വല്യ ബോയ് അല്ലേല്‍ മേന്‍ ആയി മാറുന്ന കാലത്ത് ചിലപ്പോ ഇത് പുനരാരംഭിച്ചേക്കാം.... അത് വരെ നിങ്ങള്‍ ക്ഷമി....

ഇപ്പോ ഏതായാലും, എന്നിലെ പ്രതിഭന്റെ ഒരു ഉദാഹരണം, അതായത് ജസ്റ്റ് ഒരു എസ്‌കാമ്പിള്‍ മാത്രം പറയാം.

സ്കൂള്‍ യുവജനോത്സവം. അവസാനദിവസം. വേദിയില്‍, നാടകം: “ധര്‍മ്മഭേരി”; ഞാന്‍ അശോക ചക്രവര്‍ത്തി. അവസാന രംഗങ്ങള്‍ക്കായി കര്‍ട്ടന്‍ പൊങ്ങി. കലിംഗയുദ്ധത്തിന് ശേഷം നൂറുകണക്കിന് പടയാളികളും പ്രജകളും മരിച്ച് വീണ യുദ്ധഭൂമി കണ്ട് അശോകചക്രവര്‍ത്തിയുടെ മനസ്സിനുണ്ടാകുന്ന പരിവര്‍ത്തനമാണ് രംഗം. അവിടെ മന്ത്രിയോട് അശോകചക്രവര്‍ത്തി ഭയങ്കര സങ്കടത്തോടെ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്ന ഒരു ഡയലോഗുണ്ട്...

“മന്ത്രീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മന്ത്രീ, സഹിക്കാനാവുന്നില്ല....”
(മുഖത്ത് ഭയങ്കര സങ്കടം വരണം..)

അശോകചക്രവര്‍ത്തിയായി അത്ര നേരവും സ്റ്റേജില്‍ തകര്‍ത്തുകൊണ്ടിരുന്ന ഞാന്‍, വണ്‍-ഡേ-ക്രിക്കറ്റ് ഫൈനലില്‍ അവസാന ഓവറുകളില്‍ എന്നും കുളമാക്കി കളിതോല്‍ക്കാറുള്ള ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രതിനിധിയായി മുഖത്ത് മൊത്തം ‘സെന്റി‘ വിരിയിച്ച് മൈക്കിലൂടെ ഉറക്കെ പൊട്ടിക്കരഞ്ഞുകൊണ്ട് അഭിനയിച്ച് ഡയലോഗ് കാച്ചി:

“മണീ...ഈ രണഭൂമിയിലെ കാഴ്ച എനിക്ക് സഹിക്കാനാവുന്നില്ല മണീ, സഹിക്കാനാവുന്നില്ല....”

“മന്ത്രി“യായി അഭിനയിച്ച സ്കൂള്‍ ലീഡറുംകൂടിയായ എന്റെ സുഹ്രത്ത് കെ.കെ.മണികണ്ഠനെ വികാരാധിക്യത്താല്‍, ഡൈലി വിളിക്കുന്നപോലെ “മണീ“ ന്ന് ആഞ്ഞ് വിളിച്ചുപോയത് കേട്ട് പരലോകത്തിരുന്ന് അപ്പോഴേ അശോകചക്രവര്‍ത്തിയും അയാളുടെ മന്ത്രിയും ക്ഷമിച്ചിരിക്കും എന്ന് എനിക്കുറപ്പുണ്ട്...)

(മാത്രമല്ല, ഒരു നിമിഷം സങ്കടത്തിന് പകരം “ഹയ്യ” ന്ന് നാവും കടിച്ചുള്ള എന്റെ ഒരു പ്രത്യേകതരം എക്സ്പ്രഷന്‍ നവരസങ്ങളില്‍ പോലും ഇല്ലാത്തതായിരുന്നു എന്ന അഭിമാനം ഇപ്പോഴും ഉണ്ട്‌..)

ഇനിയാണ് പ്രധാനസംഗതി.

എല്ലാ ബാച്ചികളുടെയും ഉണര്‍വ്വിനായി, ഈ ബാച്ചി ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രചോദനത്തിനായ്, ഉത്തേജനത്തിനായ്,
ഒരു പ്രത്യേക അറിയിപ്പ് അഭി-മാനപൂര്‍വ്വം അറിയിച്ചുകൊള്ളുന്നു:

“ആ യുവജനോത്സവത്തില്‍ ബെസ്റ്റ് ആക്റ്റര്‍ക്കുള്ള അവാര്‍ഡ് എനിക്കായിരുന്നു!!!“

എന്താടോ? എന്താടോ ബാച്ചികളേ നിങ്ങള്‍ക്കൊക്കെ ഒരു പുച്-ഞ്ജ ഭാവം? കൂട്ടത്തിലൊരുത്തന്‍ അഭിമാനത്തിന് വക നല്‍കുന്ന സംഗതി പറഞ്ഞിട്ടും ഒട്ടും തന്നെ അഭിമാനം തോന്നുന്നില്ലേ നിങ്ങള്‍ക്ക് ?? എന്നാ പിന്നെ പോ.. പുല്ല്..! ഈ ക്ലബ്ബില്‍ നിന്നും ഞാന്‍ ഭയങ്കര ദേഷ്യത്തോടെ രാജിവെക്കുന്നതായി പ്രഖ്യാപിക്കുന്നു.

ഡോ..... , രാജിവെക്കുവാണ് ന്ന്....
ഇന്നാ എന്റെ രാജിക്കത്ത്.......

ഡാ ദില്‍ബാ, കത്ത് കിട്ടിയിട്ടും നീയെന്താ ഒന്നും മിണ്ടാത്തേ? സാന്റോ നീയെന്തെടുക്കുവാ? കൊല്ലത്തില്‍ ഡിസംമ്പര്‍ മാസം സാന്റാക്ലോസിന്റകൂടെ ഒരു കുപ്പി റമ്മുമായി പൊങ്ങി അപ്പോത്തന്നെ മുങ്ങി പിന്നെ അടുത്ത ഡിസംബറില്‍ മാത്രം പൊങ്ങുന്ന സാന്റോസേ, ഇങ്ങനെയായാല്‍ ഈ ക്ലബ്ബ് എങ്ങിനെ നന്നാവും? കഴിഞ്ഞ കൊല്ലം “ഹാപ്പി വിഷു... ഹാപ്പി വിഷു” ന്നും പറഞ്ഞ് വിഷുവിന് പിരിച്ചെടുത്ത പണവുംകൊണ്ട് മുങ്ങി പുട്ടടിച്ച ദില്‍ബനേം, ഡിസംബറില്‍ “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നും പറഞ്ഞ് ബാച്ചികളില്‍ നിന്ന് പണം പിരിച്ച് ഒറ്റകാശ് പോലും ക്ലബ്ബിലടക്കാതെ, സെക്കന്റിയര്‍ ബോട്ടണിയിലെ “മേരി” യുടെ കൂടെ ‘ഹാപ്പിയായി നീ മുങ്ങിയ‘യപ്പോഴല്ലേ സാന്റോസേ നമ്മക്ക് “മേരി കൃസ്തുമസ്സ്.. ഹാപ്പി കൃസ്‌മസ്സ്...“ എന്നതിന്റെ അര്‍ത്ഥം മനസ്സിലായത്... നിന്റെയൊന്നും ഒണക്കകൈകളില്‍ ഈ ക്ലബ്ബ് ഭദ്രമല്ല....

ഈ ഒരു ചിന്തകാരണം ക്ലബ്ബിനെ ഭദ്രമാക്കാന്‍ അല്പം കനത്ത തുക സംഭാവന ക്ലബ്ബ്-എകൌണ്ടില്‍ ഫിക്സഡ് ഡിപ്പോസിറ്റിടാന്‍‌ വേണ്ടി കാശെടുക്കാന്‍ ഇന്നലെ ഷാര്‍ജ്ജയിലെ മീനാ റോഡിലെ ADCB ബാങ്കിന്റെ ATM സെന്ററില്‍ പോയി. പുറത്ത് തകര്‍ത്തുപെയ്യുന്ന പേമാരിയെ (എന്ന്വച്ചാ ചാറ്റല്‍ മഴ...) വകവെക്കതെ ഞാന്‍ ക്യൂ നിന്നു. അവസാനം എന്റെ ATM കാര്‍ഡെടുത്ത് മെഷിനിലിട്ടു.

പല്ല് ഞെരിക്കുന്നപൊലെ അതിന്റെയുള്ളില്‍നിന്ന് കറ കറേന്ന് എന്തോ ഒരു ശബ്ദം. സഹിക്കാന്‍ പറ്റീട്ട്ണ്ടാവില്യ പാവം.... എന്നാലും അത് സാവധാനം ഒരു പേപ്പര്‍ പ്രിന്റ് പുറത്തുനീട്ടി. അതില്‍ Available Balance: എന്നതിനു നേരെ 0:00 AED എന്ന് കണ്ട് ഞാന്‍ സന്തോഷത്തോടെ.. അഭിമാനത്തോടെ പുറത്തിറങ്ങി. കാരണം, പൂജ്യം കണ്ടുപിടിച്ചത് ഇന്ത്യക്കാരാണല്ലോ....??

മൈ ഡിയര്‍ ബാച്ചീസ്, നിങ്ങളും എന്നെപ്പോലെ ‘എന്നും രാജ്യസ്നേഹികളായിരിക്കണം....‘! നിങ്ങള്‍ക്ക് നല്ലത് വരട്ടെ....

ഞാന്‍ ഈ ക്ലബില്‍ നിന്ന് വിടവാങ്ങുകയാണ്..... ‘കല്യാണം കഴിച്ചാലും ക്ലബ്ബില്‍ തുടരാം‘ എന്ന് ക്ലബ്ബിന്റെ ബൈലോ എന്നെങ്കിലും ഭേദഗതി ചെയ്താല്‍ എന്നെ അറിയിക്കാന്‍ മറക്കരുത്.....

അറിയിക്കേണ്ട വിലാസം...

അഭിലാഷങ്ങള്‍,
ഏക്സ് എച്ചിക്കുട്ടീവ് മെമ്പര്‍,
ദുബായ്.
(കടം മൊത്തം അടച്ചു തീര്‍ന്നാല്‍ മാത്രം..)
അതുവരെ,
അബുദാബി (അതിനാ ഇപ്പോ വെയ്റ്റ്).

(ഒപ്പ്)

**********************************************************
ബാച്ചിക്ലബ്ബ് ലൈബ്രറി:

“ശബ്ദതാരാവളി“ [കന്നടയില്‍ അങ്ങിനേം പറയാം] & “ഞെക്കിപ്പീഡിയ“ [ലിങ്കൊക്കെയുണ്ട്]

“ബ്ലൂ ഫിലിം”: ഇന്നാ പിടി ഞെക്കിപ്പീഡിയ. ഞെക്കിക്കോ.. കാണാം
“ഇടിയായ..നമഃ “: ശബ്ദതാരാവളിയില്‍ മെല്ലെ പരതൂ.. കൈ മുറിയരുത്.
“10 ബില്യന്‍ ഇഷ്യു“: ഈ ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഇവിടെ വേറെ
“ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായല്‍:“ ശബ്ദതാരാവളിയില്‍ പരതൂ
“താടക“ : ഒന്നൂടി ഞെക്കിപ്പിഡിയയില്‍ ഞെക്കൂ.... ഞെക്കിക്കോളൂ...
“എം.എ.പാസായ ബേബി“: മെല്ലെ ഞെക്കിയാ മതി... മന്ത്രിയാ.
“ADCB": ചുമ്മാ ഇവിടെ ബാലന്‍സ് ചെക്ക് ചെയ്ത് അഭിമാനിക്കൂ... രാജ്യസ്നേഹിയാകൂ.
“മീനാ റോഡ്”: റോഡ് ഷാര്‍ജ്ജയില്‍ തന്നെ ഉണ്ടെങ്കിലും ഓള് ഇപ്പോ രാവിലെ ‘കൈരളീല്‘ മ്യൂസിക്ക് റ്റൂഷന് പോകുന്നത് കാണാറില്ല
“ബച്ചന്റച്ചന്റെ മോന്റെമോന്‍“: ഞെക്കിക്കൊല്ലെടാ ഓനെ... പന്നി..! പാവം മ്മടെ ഐശ്വര്യറായ്.. :(
“നയന്‍‌താരയുടെ വസ്ത്രം”: ട്രാ..ന്‍സ്...പാ...ര....ന്റാ... കേട്ടോ.. സൂച്ചിക്കണേ.... ങാ..!.. ങാ..!! :)

**********************************************************

Sunday, February 22, 2009

ബാച്ചികള്‍ മരിക്കില്ല !

ജീവിതത്തിന്റെ വസന്തകാലത്ത് ചങ്ങലക്കെട്ടുകളാല്‍ ബന്ധിതരാവാതെ കളിച്ചും ചിരിച്ചും അര്‍മ്മാദിച്ച് നടക്കുന്ന ബാച്ചിലര്‍മാര്‍ക്ക് ഇതാ ഒത്തുചേരാനും കൂട്ടുകൂടാനുമായി ബൂലോഗത്ത് ഒരു ഇടം


വസന്തകാലം ഏറെക്കുറെ ഇത്രയും മത്യാകുമെന്നു എന്റെ വീട്ടുകാര്‍ തിരുമാനിച്ച വിവരം അറിയിക്കാനാണ്‌ ഈ പോസ്റ്റ്. ഞാന്‍ ക്ലബിനെ ചതിച്ചതല്ല സുഹൃത്തുക്കളേ.. ബാച്ചികളെ ഉത്തരവാദിത്തം ഇല്ലത്തവരും.. താന്തോന്നികളുമായി കണക്കാക്കുന്ന ഇന്നത്തെ സാമൂഹിക വ്യവസ്ഥയ്ക്കെതിരെ ഉള്ള ഒരു വെല്ലു വിളിയാണ്‌ എന്റെ ഈ തീരുമാനം. ക്ലബിന്റെ സ്റ്റഡി ക്ലാസ്സുകളില്‍ കൃത്യമായി വരാത്തവര്‍ക്ക് ഞാന്‍ പറയുന്നതു ചിലപ്പോ മനസിലായിക്കൊള്ളണം എന്നില്ല.


ഞാന്‍ പൊയാലും ആഗോള മാന്ദ്യത്തിന്റെ ഈ കാലത്ത് ക്ലബിനെ മുന്നൊട്ടു നയിക്കാന്‍ ആയുഷ്ക്കാല പ്രസിഡന്റായ ദില്‍ബനും ഭാരവാഹികളായ ഡിങ്കനും അഭിലാഷങ്ങളും സാന്‍ഡോസുമൊക്കെ ഉണ്ടല്ലോ എന്നതാണ്‌ എന്റെ ഏക ആശ്വാസം. നിങ്ങള്‍ ഒന്നും രഹസ്യമായി പെണ്ണുകാണാന്‍ പൊകുന്നില്ല എന്നു തന്നെയാണ്‌ എന്റെ വിശ്വാസം.


കുറച്ചു നാളു കഴിയുമ്പോ ഏതെങ്കിലും ഒരു വൈന്നേരം എന്നെ ഈ ക്ലബിന്റെ വരാന്തയില്‍ കണ്ടാല്‍ ..എന്നെ വീട്ടില്‍ ഇന്നു ഇറക്കി വിട്ടതാണെന്നു നിങ്ങള്‍ കരുതരുത്.. പകരം നൊസ്റ്റാള്‍ജിയ മൂത്തു നിങ്ങളെ ഒക്കെ കാണാന്‍ വന്നതാണെന്നു വേണം കരുതാന്‍.


ഈ വര്‍ഷം മേയ് കാലഘട്ടത്തില്‍ ഞാന്‍ ക്ലബിനെ വിട്ടു പോകുകയാണ്. വിറക്കുന്ന കൈകളോടെ (സ്മാള്‍ അടിക്കാത്ത കൊണ്ടല്ലാട്ടാ..) നിറഞ്ഞ കണ്ണുകളോടെ എന്റെ രാജിക്കത്ത് ഈ ഉമ്മറത്ത് കൊണ്ടിട്ടിട്ട് ഞാന്‍ ഓടുന്നു..