Showing posts with label സാന്‍ഡോസ്. Show all posts
Showing posts with label സാന്‍ഡോസ്. Show all posts

Wednesday, April 04, 2007

സാന്‍ഡോസിന്റെ തിരോധാനം

മഞ്ഞുമ്മല്‍ എന്ന ഗ്രാമത്തെ ഒരു ഭൂഖണ്ഡം("വെള്ള"ത്താല്‍ ചുറ്റപ്പെട്ടത്) ആക്കി മാറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചവനും, ഈ ബൂലോഗത്തില്‍ ചറപറാ പോസ്റ്റുകളും, കമെന്റുകളും ഇട്ട് ഒരു പാവം വെട്ടു പോത്തിനെ പോലെ വിഹരിച്ചിരുന്ന ബഹു, ശ്രീ.. (..ഖൊ..ഖൊ.. ചുമ..) സാന്‍ഡോസ് പെട്ടെന്ന് തിരോഭവിച്ചതിന്റെ പിന്നില്‍ ഗൂഡാലോചന, ഗുണ്ടാലോചന എന്നിവയുണ്ടെന്ന് മഞ്ഞുമ്മല്‍ ലോക്കല്‍ പോലീസിന്റെ പ്രഥമ ദൃഷ്‌ട്യാ ഉള്ള അന്വേഷണത്തില്‍ തെളിഞ്ഞു.

വീട്ടില്‍ വല്ലപ്പോഴും മാത്രം കയറുന്നവനായിരുന്നതിനാല്‍ അവര്‍ ഈ വിവരം അറിഞ്ഞിരുന്നില്ല. എന്നാല്‍ ഒന്നാം തിയതി എല്ലാ ബാറുകളും, ഷാപ്പുകളും അവധിയായിട്ടു കൂടി വീട്ടില്‍ വന്നില്ല എന്നതിനാല്‍ ഉളവായ സംശയത്തിന്റെ പേരില്‍ ടിയാന്റെ വീട്ടുകാര്‍ പരാതിയുമായി സ്റ്റേഷനില്‍ ചെല്ലുമ്പോല്‍ ഷാപ്പുകാരന്‍ കുഞ്ഞാപ്പു ഇതേ സംഭവത്തില്‍ നല്‍കിയ പരാതി എസ്.ഐ. വായിച്ചു നോക്കുകയായിരുന്നു. "യേത് ചന്ദ്രനില്‍ പോയാലും, വൈകീട്ട് ന്റെ ഡൈസിപ്പാം കലക്കിയ കള്ള് കുടിക്കാന്‍ വരണ ചെക്കനാണ്, രണ്ടീസ്സായിട്ട് കാണാനില്ല" എന്ന ലോകത്തിലെ തന്നെ ഏറ്റവും ചെറിയ പരാതി വായിച്ച എസ്.ഐ.യ്ക്ക് പിന്നെ ലവലേശം സംശയം ഉണ്ടായിരുന്നില്ല.

പ്രാഥമികാന്വേഷണത്തില്‍ ഉരുത്തിരിഞ്ഞ നിഗമനങ്ങള്‍
----------------------------------------------

1) ഈസ്റ്ററിന് കുരിശായി ഉപയോഗിക്കാന്‍ ആരെങ്കിലും തട്ടിക്കൊണ്ടു പോയി

പക്ഷേ ഈ സംശയം നില നില്‍ക്ക്കുന്നതല്ല. കനം കുറഞ്ഞ കുരിശായ പച്ചാളം അവിടെ അടുത്ത് ഉള്ളപ്പോള്‍ ഈ മുടിഞ്ഞ കുരിശിനെ ആര്‍ക്കു വേണം എന്ന് മാധ്യമ പ്രവര്‍ത്തകര്‍ സംശയം പ്രകടിപ്പിച്ചു

2) മനക്കലെ മീനാക്ഷി(യക്ഷി) ഭക്ഷിച്ചു.

ഈ വാദം അംഗീകരിക്കുന്നതാണ്. മീനാക്ഷി ഇന്നലെ രാത്രി വാളുവെയ്ക്കുന്നത് കണ്ടെന്ന് 'തമനു' മൊഴി നല്‍കിയിട്ടുണ്ട്. മൂത്രമൊഴിക്കാനായി രാത്രീല്‍ പുറത്തിറങ്ങിയതായിരുന്നു തമനു. സാന്‍ഡോ സ്വന്തം ശരീരത്തിലെ 75% ഭാഗവും "ആള്‍ക്കഹോള്‍" സംഭരണിയാക്കി സ്വയം സേവനം നടത്തുന്നയാളായതിനാല്‍ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് സാന്‍ഡൊസുമായി അടുത്ത ബന്ധമുള്ളവര്‍ പറയുന്നു

3) ഇതിനു പിന്നില്‍ മദ്യവിരുദ്ധരുടെ കറുത്തകരങ്ങള്‍ ആണെന്ന് കേരള അബ്കാരി അസോസിയേഷന്‍ ആരോപിച്ചു.

സാന്റോസിന്റെ അഭാവത്തില്‍ ദിവസ വിറ്റു വരവില്‍ 35% ഇടിവുണ്ടായതായി അബ്കാരി-ബിസിനസ് വൃത്തങ്ങള്‍ അവകാശപ്പെട്ടു. കേരളത്തിലെ എല്ലാ ബ്രാന്റിന്റേയും നിറവും മണവുമടക്കമുള്ള രഹസ്യ വിവരം ചോര്‍ത്താന്‍ വിദേശ മദ്യക്കമ്പനികള്‍ തട്ടിക്കൊണ്ട് പോയതാകാനും സാധ്യതയുണ്ടെന്ന് ദില്‍ബന്‍ സംശയിക്കുന്നു

4) സാന്‍ഡോ നീ കൊച്ചി ഗുണ്ടാ മാഫിയയുടെ ഇരയോ?

നാലുദിവസം മുമ്പ് ഇടപ്പിള്ളി ഗീവര്‍ഗ്ഗിസ് പ്രൈമറി സ്‌കൂളിനു മുന്നില്‍ കിടന്ന് അലമ്പുണ്ടാക്കിയ സാന്‍ഡൊയെ സ്‌ക്കൂള്‍ ലീഡര്‍ ടിങ്കമോന്‍ (Std 4-B) വിരട്ടിയതായും ഒരു റിപ്പോറ്ട്ടുണ്ട്. "ഞങ്ങ ഇത്തരം ചീള് പന്നിയോളെയൊന്നും തല്ലാറില്ല" എന്നാണ് തന്നെ ചോദ്യം ചെയ്ത പോലീസുകാരനോട് ടിങ്കുമോന്‍ മൊഴി നല്‍കിയത്. സാന്‍ഡൊസ് പ്രശ്നത്തില്‍ തന്റെ നിലപാട് നാളത്തെ സ്‌കൂള്‍ അസംബ്ലിയില്‍ വെളിപ്പെടുത്തുമെന്നും ടിങ്കുമോന്‍ വെളിപ്പെടുത്തി.

5) ഹോണോലുലു ആയോ?

സാന്‍ഡോസിന്റെ അയല്‍ വാസിയായ വര്‍ക്കിച്ചായന്റെ പോത്തിനെ ഇടയ്ക്കിടെ സാന്‍ഡോ "മച്ചൂ, ഹോണോലുലു" എന്നു വിളിക്കാറുണ്ടെന്ന് വര്‍ക്കിച്ചായന്റെ ഇളയമകള്‍ മൊഴിനല്‍കുകയുണ്ടായി. ആ വിളി കേള്‍ക്കുമ്പോള്‍ പോത്ത് അത് തെറിവിളിയാണെന്ന് കരുതി മുക്രയിടാരുണ്ടാരുന്നെന്നും പറഞ്ഞു. നല്ലകാലത്തിന് ആ പോത്ത് അവനെ വല്ല പൊട്ടക്കിണറ്റിലും കുത്തി മറിച്ചിട്ടാല്‍ മതിയായിരുന്നു എന്നും ആ പെണ്‍കുട്ടി ആശ്വാസം കണ്ടെത്തുന്നു.

6) സാന്‍ഡൊസ്സില്ലാത്ത ബൂലോഗം

ഉപ്പില്ലാത്ത കഞ്ഞി, "ബിറ്റ്" ഇല്ലാത്ത നൂണ്‍ഷോ, സാനിയ ഇല്ലാത്ത ടെനീസ്‌ടൂറ്ണമെന്റ്
എന്നീ ഉപമകള്‍‍ കൊണ്ടാണ് "ഇക്കാസ്" ഈ തിരോധാനത്തെ വര്‍ണ്ണിച്ചത്. സാന്‍ഡോസ് മൂലം മദ്യമാഫിയക്ക് തല്‍ക്കാലം ഉണ്ടായ കോട്ടം താനായിട്ടു നികത്തുമെന്നും ഇക്കാസ് ഉറപ്പു കൊടുത്തു.
സാന്‍ഡോസിന്റെ തിരോധാനത്തില്‍ "തങ്ങള്‍"ക്കാണ് പങ്കെന്നും, "വര്‍മ്മ"കള്‍ക്ക് പങ്കില്ലെന്നും വര്‍മ്മാലയം നടത്തിപ്പുകാരന്‍ "അനുരഞ്ചന വര്‍മ്മ" അറിയിച്ചു. കുടിച്ചു വെളിവില്ല്ലാതെ വര്‍മ്മാലയത്തിനു മുന്നില്‍ കിടന്ന സാന്‍ഡൊസിനെ വര്‍മ്മകള്‍ പലതവണ മഞ്ഞുമ്മല്‍ കലുങ്കിനു മുകളില്‍ കിടത്തിയിട്ടുണ്ടേന്നും അവര്‍ പറയുന്നു. "സംഭവം അവന്‍ കള്ളുകുടിക്കും, പെണ്ണു പിടിക്കും, തല്ലുണ്ടാക്കും, കക്കും എന്നാലും നല്ലവന്‍ ആയിരുന്നു. ബ്ലോഗര്‍ ആണെന്നൊരു ചീത്തപ്പേരു മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്ന് അനോണിവര്‍മ്മ അറിയിച്ചു. അവനില്ലാത്തതിനാല്‍ തല്ലും‌പിടീം ഇല്ലന്നും "കൊട്ടേഷന്‍" രംഗം നിശ്ചലമാണെന്നും പച്ചാളത്തിന്റെ വക്താവ് അറിയിച്ചു. സംഗതി അറിഞ്ഞതു മുതല്‍ പച്ചാളം "ഫ്യൂസായ ബള്‍ബ്ബ്" പോലാണെന്നും വക്താവ് വെളിപ്പെടുത്തി.

7) ബാച്ചീസ്-വിവാഹിത ക്ലബ്ബ് സംഘര്‍ഷം
ഈയിടെ ബാച്ചീസ് ക്ലബ്ബില്‍ ചേര്‍ന്ന സാഡോയ്ക്ക് വിവാഹിതരുടെ ക്ലബ്ബില്‍ നിന്ന് ഭീഷണി ഉയര്‍ന്നിരുന്നതായി ഒരു അനോണി ബാച്ചി വെളിപ്പെടുത്തി. ബാക്കി ആരൊക്കെ കല്യാണം കഴിഞ്ഞ് പോയാലും "ലോകത്താരും പെണ്ണുകൊടുക്കില്ല" എന്ന കാരണത്താല്‍ സാന്‍ഡൊ ബാച്ചീസ് ക്ലബ്ബിന്റെ ജീവനാഡിയായി ഇവിടെതന്നെ എന്നും കാണും എന്ന് അവര്‍ക്ക് ഉറപ്പുള്ളതിനാലാണ് ഇത്ത്രം ഭീഷണികളെന്നും അനോണി പറഞ്ഞു. അന്വേഷണം ഈ വഴിക്കും നീങ്ങുന്നുണ്ട്.


അവന്‍ തിരിച്ചു വരാതിരിക്കാന്‍ എടപ്പിള്ളി പുണ്യാളന് പെണ്‍കുട്ടികള്‍ കത്തിക്കുന്ന മെഴുകുതിരിയുടെ എണ്ണമാണൊ, അതോ അവന്റെ ശക്തമായ തിരിച്ചു വരവിനായി മദ്യ-ഗുണ്ടാ മാഫിയ മഞ്ഞുമ്മല്‍ പള്ളീല്‍ കൊളുത്തുന്ന മെഴുകുതിരികളുടെ എണ്ണമാണോ കൂടുതല്‍ എന്ന് എണ്ണിയിരിക്കാനേ ഹതഭാഗ്യരായ നമുക്കു കഴിയൂ

ഓ.ടോ.
എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള ബാറിലോ കള്ളുഷാപ്പിലോ അറിയിക്കുക

ലേഖകന്‍: വിവി