Sunday, January 14, 2007

രണ്ട്‌ ഞായറാഴ്ചകള്‍

***********************************
ഞായറാഴ്ച-ബാച്ചി വേര്‍ഷന്‍
***********************************

ഹൊ ഈ സൂര്യനൊന്നും വേറെ ഒരു പണിയുമില്ലേ , രാവിലേ ഇറങ്ങിക്കോളും. തല വഴി മൂടിയിട്ടു വരെ വെളിച്ചം കണ്ണിലേക്കടിക്കുന്നു.ഒരു കര്‍ട്ടന്‍ വാങ്ങിയിടണം എന്നു വച്ചിട്ടെത്ര നാളായി. ഞായറാഴ്ച രാവിലെ മാത്രമേ ഓര്‍മ്മയുണ്ടാവൂ. ഇന്നെന്തായാലും വാങ്ങണം.

അയ്യോ മണി പത്തായോ.ആ ഇന്നലെ കിടന്നപ്പോള്‍ രണ്ടായീന്ന് തോന്നുന്നു. എങ്ങനാ വല്ല ബോധോം വേണ്ടേ. ഇനി മെസ്സിലെ ചായക്കു മാത്രമേ ചൂട്‌ കാണൂ.കുളിയൊക്കെ വന്നിട്ടാകാം.

ചൂട്‌ കുറവാണെങ്കിലെന്താ നല്ല സ്വാദ്‌. നളപാചകം നളപാചകം ന്ന് പറയുന്നതിതാണ്‌.

പേപ്പര്‍ എവിടെടാ?
സണ്‍ഡേ സപ്ലിമന്റൊ?
ഒരു കഷ്ണം ഇങ്ങു താടാ.
സ്പോര്‍ട്‌സ്‌ പേജ്‌ നീ വായിച്ചിട്ട്‌ തന്നാല്‍ മതി.

മറന്നു. ഷേവ്‌ ചെയ്യണം.ഇന്നല്ലേ മാറ്റിനിക്ക്‌ കൂടെ പോകാമെന്ന് അവളോട്‌ പറഞ്ഞത്‌.അക്കാര്യൊം മറന്നു. ഇനി ഇങ്ങോട്ട്‌ വിളിക്കുമ്പോള്‍ അറിയാം പുകില്‌.ഏതായാലും കുളിച്ച്‌ കുട്ടപ്പനായി ഇരുന്നേക്കാം.

വെള്ളത്തിനൊക്കെ എന്താ തണുപ്പ്‌. ങാഹാ നീ വെള്ളം ചൂടാക്കാന്‍ വച്ചിട്ടുണ്ടായിരുന്നല്ലേ. ഡാ ഞാന്‍ അര ബക്കറ്റ്‌ എടുക്കുന്നേ.

ചോറുണ്ണാനൊന്നും നേരമില്ല. അവളു മൂന്ന് തവണയായി വിളിക്കുന്നു. നാലഞ്ച്‌ ഗേള്‍ ഫ്രണ്ട്‌സ്‌ ഉള്ളവരൊക്കെ എങ്ങനെ മാനേജ്‌ ചെയ്യുന്നോ എന്തോ? അവന്മാര്‍ക്കൊക്കെ അവാര്‍ഡ്‌ കൊടുക്കണം.

സത്യം പറയാലോ നിനക്ക്‌ കണ്ടേ പറ്റൂ എന്ന് പറഞ്ഞതുകൊണ്ടാ അല്ലായിരുന്നേല്‍ ഞാനീ പടം കാണണമെന്ന് വിചാരിച്ചതേയല്ല.ഞാന്‍ റൊമാന്റിക്കാണേലും റൊമാന്റിക്‌ പടങ്ങള്‍ ഞാന്‍ കാണാറേയില്ല. നിന്നെക്കരുതി മാത്രമാ ഞാന്‍ വന്നത്‌.(അല്ലാതെ സിനിമാടിക്കറ്റ്‌ നീ എടുക്കാം എന്ന് പറഞ്ഞതു കൊണ്ട്‌ അല്ലേ അല്ല.) അതുകൊണ്ട്‌ വൈകീട്ട്‌ നിന്റെ വക ട്രീറ്റ്‌ വേണം.

പിന്നേ 200 രൂപേടെ ടിക്കറ്റ്‌ ഞാന്‍ എടുത്ത്‌ തന്നിട്ട്‌ മോളു പടം കണ്ടതു തന്നെ. ആദ്യത്തെ തവണയൊഴികെ എപ്പോഴെങ്കിലും ഞാന്‍ ടിക്കറ്റ്‌ എടുത്തതായി ചരിത്രമുണ്ടോ.ഇവളുമാര്‍ക്കെല്ലാം ദൈവം കളിമണ്ണ്‍ വാരിക്കോരിക്കൊടുത്തത്‌ എത്ര നന്നായി.

അപ്പോള്‍ ട്രീറ്റ്‌ എവിടെയാ, നിനക്കൊന്നും വേണ്ടേ?
ഞാന്‍ ഉച്ചയ്ക്കൊന്നും കഴിക്കാതാ വന്നത്‌. എല്ലാം നിനക്കു വേണ്ടി.അതോണ്ട്‌ ചെലവ്‌ കാര്യമായിട്ടായിക്കോട്ടെ. നീ രണ്ട്‌ ഐസ്‌ക്രീമെങ്കിലും കഴിച്ച്‌ കമ്പനി താ. വേണ്ടേ?
ഭാഗ്യം അവളൊന്നും കഴിച്ചില്ല. ഇനിപ്പോ ബില്ല് ഞാന്‍ തന്നെ കൊടുത്തേക്കാം.പാവം. എത്രാന്നു വച്ചാ ഓസില്‍ ശാപ്പാടടിക്കുന്നത്‌.

അപ്പോള്‍ അടുത്ത ആഴ്ച കാണില്ല. ഞാന്‍ ഓണ്‍സൈറ്റ്‌ പോകുന്നു ഒരാഴ്ചത്തേക്ക്‌. വീട്ടില്‍ തന്നെ കാണില്ലേ ഞാന്‍ വിളിക്കാം. ISD യാ മൊബൈലില്‍ വിളിച്ചാല്‍ കിട്ടിയില്ലെങ്കിലോ. നീ ലാന്‍ഡ്‌ഫോണിന്റെ അടുത്ത്‌ തന്നെ കാണണം.

അങ്ങനെ അടുത്ത ആഴ്ചയും ഒകെ.ഇവളു ഫോണിന്റെ അടുത്തൂന്ന് മാറില്ല. മറ്റവള്‍ക്ക്‌ ഈ സണ്‍ഡേ ഓഫീസുണ്ടായത്‌ എത്ര നന്നായി. അല്ലെങ്കില്‍ ഇത്ര സ്വാതന്ത്ര്യത്തോടെ കറങ്ങാന്‍ പറ്റില്ലായിരുന്നു.

അയ്യോ നേരം വൈകി, ഡ്രൈ വാഷിനു കൊടുത്ത കട അടച്ചു കാണുമോ എന്തോ.
കര്‍ട്ടന്‍ വാങ്ങാന്‍ ഇന്നും മറന്നു.
ഒന്നിനും സമയമില്ല.
ഈ ഞായറാഴ്ചകളൊക്കെ 24 ഇല്‍ നിന്നും 36 മണിക്കൂറെങ്കിലും ആക്കി മാറ്റേണ്ടസമയം അതിക്രമിച്ചിരിക്കുന്നു.
നാളെ പിന്നേം ഓഫീസില്‍ പോണം.
അതോര്‍ത്താല്‍ ഉറക്കമേ വരില്ല.
ഇനീം ഒരാഴ്ച കഴിയണം ഒരു ഞായറാഴ്ചയ്ക്ക്‌.

************************************
ഞായറാഴ്ച-നോണ്‍ ബാച്ചി വേര്‍ഷന്‍
************************************
ദേ ഒന്നെണീറ്റേ.. ഈ പിള്ളാരോട്‌ ഒന്ന് അടങ്ങിയിരിക്കാന്‍ പറയുന്നുണ്ടോ.
ഉച്ചീല്‌ വെയിലടിക്കുന്നതു വരെ കിടന്നുറങ്ങിക്കൊള്ളും. ഞായറാഴ്ചയെങ്കിലും എന്നെ ഒന്നു സഹായിച്ചാലെന്താ.

ചായയോ? പല്ലുതേച്ചോ? ങാഹാ അച്ഛനും പിള്ളാരും പേപ്പറും പിടിച്ചിരിപ്പായി അല്ലേ. ഇവിടെക്കിടന്ന് കഷ്ടപ്പെടാന്‍ ഞാനൊരുത്തിയുണ്ടല്ലോ.

ഇതാ ചായ.ഇനി അതിന്റെ കുറവു വേണ്ട. ചൂടില്ലാന്നോ?
മണി എട്ടായില്ലേ അത്രയേ ചൂടു കാണൂ. ഇനി കഴിക്കാനിരിക്കുമ്പോള്‍ ചൂടാക്കിത്തരാം.

ഹേയ്‌ എന്തിന്‌ ഐസ്‌ ടീ പണ്ടേ എനിക്ക്‌ വല്യ ഇഷ്‌ടമാ.
ഒന്ന് കുളിച്ചേക്കാം.ആ ഹീറ്റര്‍ ഒന്ന് ഓണാക്കിയേ.

എനിക്കിവിടെ രണ്ട്‌ കൈയ്യേ ഉള്ളൂ. തന്നെത്താനെ പോയി ഓണാക്കിയാലെന്താ ഷോക്കടിക്കുമോ?

അതാരാ.. നിന്നെ ഇപ്പോള്‍ ഈ വഴിയൊന്നും കാണാറില്ലാലോ. എത്ര നാളായെടെ നമ്മളൊന്ന് കൂടീട്ട്‌. ചീട്ട്‌ കളിക്കമ്പനിയൊക്കെ ഇപ്പോഴും സജീവമാണോ? സമയമില്ലെടാ എപ്പോഴും തിരക്ക്‌ തന്നെ തിരക്ക്‌. ചോറുണ്ടിട്ട്‌ പോയാല്‍പോരെ?

ശ്‌ ശ്‌ ... (അഥവാ 'കൈയ്യും കലാശോം') ഒന്നിങ്ങു വന്നേ
വൈകീട്ട്‌ പുറത്ത്‌ പോവാം ന്ന് വച്ചിട്ട്‌ ഞാന്‍ അരി അത്രയേ ഇട്ടിട്ടുള്ളൂ.

എന്ത്‌ നിനക്ക്‌ വേറെ സ്ഥലത്ത്‌ പോവാനുണ്ടെന്നോ.ഇനി ഒരിക്കലാകാമെന്നോ എന്നാലും ഞാന്‍ ചോറിടാന്‍ പറഞ്ഞു പോയി. എടിയേയ്‌ ഇവന്‍ പോവുകാന്ന്. ഊണ്‌ വേണ്ടാന്ന്.

അവന്‍ ആ പറഞ്ഞത്‌ കേട്ടോ എന്തോ. ഭാഗ്യവാന്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു.

നിങ്ങള്‍ക്കെന്താ വവ്വാലിന്റെ സ്വഭാവമോ, നട്ടുച്ചയ്ക്ക്‌ കിടന്നുറങ്ങുന്നോ? ഒന്നെണീറ്റ്‌ റെഡിയായിക്കേ,വൈകീട്ട്‌ നമ്മള്‍ക്കൊരു സിനിമയ്ക്ക്‌ പോകാം.ഒന്ന് രണ്ട്‌ സാധനങ്ങള്‍ വാങ്ങാനുമുണ്ട്‌. പഞ്ചസാര തീര്‍ന്നു, അരിപ്പൊടി തീര്‍ന്നു, വെളിച്ചെണ്ണയാണേല്‌ ഒരു തുള്ളിയില്ല. ഇതൊക്കെ പൊക്കിപ്പിടിച്ചെങ്ങനെയാ തീയേറ്ററില്‍ കയറുന്നത്‌? ഇപ്പോളാണേല്‍ ആ സൂപ്പര്‍ മാര്‍ക്കറ്റില്‍ തിരക്കും കാണില്ല. ഒന്നു വേഗം പോയി വാങ്ങി വാന്നേ. അപ്പോഴേയ്ക്കും ഞാന്‍ പിള്ളേരെയൊക്കെ റെഡിയാക്കാം.

ഹോ ഭാഗ്യം ഈ ആണുങ്ങള്‍ക്കൊക്കെ അരണേടെ ഓര്‍മ്മശക്തിയായത്‌. ഇന്നലെ കൂടി നിറഞ്ഞ പഞ്ചസാരപ്പാത്രവുമെടുത്ത്‌ ഞാന്‍ ചായയ്ക്ക്‌ മധുരം പോരാന്ന് പറഞ്ഞപ്പോള്‍ ചെന്നതാ. പാവം ഇത്തിരി ഉറങ്ങിക്കോട്ടെ എന്നൊക്കെ എനിക്കും തോന്നാറുള്ളതാ. പക്ഷേ ഉറങ്ങാന്‍ വിട്ടാല്‍ കുഭകര്‍ണ്ണന്‍ അത്താഴം കഴിക്കാനേ കിടക്ക വിടൂ.

സിനിമ കഴിഞ്ഞ്‌ വന്ന് എനിക്കടുക്കളേല്‍ കയറാനൊന്നും മേല. പാര്‍സല്‍ വാങ്ങാന്‍ ഓര്‍ക്കണേ.

......

പാര്‍സല്‍ വാങ്ങിയതു ഭാഗ്യം വായക്കു രുചിയുള്ളത്‌ വല്ലതും കഴിക്കാമല്ലോ.

ഭാഗ്യം അങ്ങനെ ഒരു ഞായറാഴ്ച കൂടിക്കഴിഞ്ഞു. നാളെ വീണ്ടും ഓഫീസില്‍ പോകാം.
അത്രേം ആശ്വാസം.ഇനി ഒരാഴ്ച മുഴുവന്‍ ഈ പരാതിയും പരിഭവങ്ങളും പകലെങ്കിലും കേള്‍ക്കാതിരിക്കാമല്ലോ.
അയ്യോ ഷര്‍ട്ടൊന്നും ഇസ്തിരി ഇട്ടില്ല. നാളെ നേരത്തെ എഴുന്നേറ്റിടാം. അതിനവളോടു പറഞ്ഞാല്‍ രാവിലെ ചായപോലും കിട്ടീന്ന് വരില്ല.
നാളെയെക്കുറിച്ചോര്‍ത്താല്‍ ഉറക്കം താനേ വരും.
ഒരാഴ്ച കഴിഞ്ഞാല്‍ പിന്നേം വരും, നാശം പിടിക്കാന്‍ ഈ ഞായറാഴ്ച...

വാല്‍ക്കഷ്ണം:
കൗരവരോട്‌ മൊത്തം പോരാടാന്‍ തനിച്ചുമതി എന്ന അഹങ്കാരത്തോടെ, വെള്ളക്കൊടി പുതച്ചു കിടക്കുന്ന കുരുക്ഷേത്രത്തില്‍, പൊട്ടുമോന്നറിയാത്ത ഒരു നാടന്‍ ബോംബുമായി, ചക്രവ്യൂഹം പിളര്‍ക്കാന്‍, ഒരു കുഞ്ഞു ചാത്തന്‍.

പ്രിയ ബാച്ചി പാണ്ഡവരേ, ചക്രവ്യൂഹത്തില്‍ അകാലചരമമടയാന്‍ എനിക്ക്‌ മേലായേ.. പിന്നാലെ വരണേ എന്നെ രക്ഷിക്കാന്‍.

10 comments:

കുട്ടിച്ചാത്തന്‍ said...

കൗരവരോട്‌ മൊത്തം പോരാടാന്‍ തനിച്ചുമതി എന്ന അഹങ്കാരത്തോടെ, വെള്ളക്കൊടി പുതച്ചു കിടക്കുന്ന കുരുക്ഷേത്രത്തില്‍, പൊട്ടുമോന്നറിയാത്ത ഒരു നാടന്‍ ബോംബുമായി, ചക്രവ്യൂഹം പിളര്‍ക്കാന്‍, ഒരു കുഞ്ഞു ചാത്തന്‍.

പ്രിയ ബാച്ചി പാണ്ഡവരേ, ചക്രവ്യൂഹത്തില്‍ അകാലചരമമടയാന്‍ എനിക്ക്‌ മേലായേ.. പിന്നാലെ വരണേ എന്നെ രക്ഷിക്കാന്‍...

Unknown said...

കുട്ടിച്ചാത്താ,
സംഭവമൊക്കെ കൊള്ളാം. പക്ഷെ ലവളുമാരെ പറ്റി വല്ലാതെ താങ്ങി പറയണോ? ഇതൊക്കെ വെള്ളപൂശിക്കാണിക്കണ്ടേ? സെല്‍ഫ് ഗോളാവരുതല്ലോ.

നോക്കാം അടി എത് ഭാഗത്ത് നിന്നാ വരുന്നതെന്ന്. ഓടുന്നതിന് മുമ്പ് ഒരു വാണിംഗ് തരണേ അണ്ണാ മറ്റുള്ളവര്‍ക്കും. :-)

സുല്‍ |Sul said...

ഹെ ഹെ ഹെ
ചാത്താ
ജാമ്പ് ജാമ്പാണല്ലൊ (ചാമ്പ് ചാമ്പ് എന്നും പറയും) പോസ്റ്റ്.

വീണ്ടും ഒരു ബാച്ചി-നൊണ്‍-ബാച്ചി അടിതുടങ്ങാനുള്ള പുറപ്പാടിലാണോ.

-സുല്ല്

sandoz said...

ചാത്താ,
സമാധാനത്തിന്റെ സീസണ്‍ ആണു ഇത്‌, എന്നാണു എനിക്ക്‌ തോന്നുന്നത്‌.വല്ലവന്റേം മോത്തിട്ട്‌ കുത്തീട്ട്‌ രച്ചിക്കണേ,രച്ചിക്കണേ എന്നും പറഞ്ഞ്‌ മോങ്ങാതെ ഒരു ഫുള്ളും വാങ്ങി മഞ്ഞുമ്മല്‍ വഴി വരൂ.നമുക്ക്‌ വഴിയുണ്ടാക്കാം.ദില്‍ബു പറഞ്ഞ പോലെ അടി കൊണ്ടിട്ട്‌ കരഞ്ഞാല്‍ പോരെ,അത്രയും നേരം കൊണ്ട്‌ ഫുള്ളിന്റെ ഉള്ളില്‍ എന്താണെന്ന് നമുക്ക്‌ നോക്കാം.

ഉത്സവം : Ulsavam said...

ഹായ് എന്താദ്, ചാത്തന്‍ വെടിനിറ്ത്തല്‍ കരാറ് ലംഘിച്ചോ..

ആ ഫുള്ളിന്റെ ഉള്ളില്‍ എന്താണെന്നു നോക്കാന്‍ ഞാനും വരട്ടെയോ സന്‍ഡോസേ..? :-)

Mubarak Merchant said...

മോനെ സന്തോഷേ, അല്ല സാന്ഡോസേ,
ഉത്സവം അമ്പതിട്ടിരിക്കുന്നു.

അത് കയ്യോടെ മേടിച്ച് അടുത്ത ഫുള്ളിനൊള്ളതീ കൂട്ടിക്കോ.

Kaithamullu said...

ചാത്തുട്ടീ,

ഞായറാഴ്ച്ച ഒന്നേ കണ്ടുള്ളൂ, ട്ടോ; രണ്ടിനു പകരം.

ബാച്ചി നോണ്‍ ബാച്ചിയല്ലാതെ പിന്നേയും ഒരു കൂട്ടരുണ്ട്. നോണ്‍ ആയിട്ടും ബാച്ചിയായിട്ട് ജീവിക്കേണ്ടി വരുന്നവര്‍! അവരുടെ കാര്യാ കഷ്ടം, ചത്തൂസെ. ഒന്നു ശ്രമിച്ചൂടെ?

-ഇനി നിന്നാല്‍ ശരിയാവില്ല, വിട്ടോ വണ്ടീ.....

കുട്ടിച്ചാത്തന്‍ said...

ദില്‍ബൂ നോണ്‍ ബാച്ചികളെപ്പറ്റിപ്പറഞ്ഞത് ശരിയായില്ലേ ?എല്ലാര്‍ക്കും തിരക്കാ ഇന്ന്. ചോദിക്കാനാരും വന്നില്ല. പിന്നെ ലവളുമാരുടെ കാര്യം,ന്നെ ഇന്നേവരെ ഒരു ലവളും തിരിഞ്ഞുപോലും നോക്കീട്ടില്ല. ആ ദേഷ്യം കാണാണ്ടിരിക്കുമോ?, പിന്നെ സെല്‍ഫ് അതു വിളിക്കാന്‍ നമ്മള്‍ക്ക് റഫറിയില്ലാന്ന് ഒരാള്‍ ആദ്യേ പറഞ്ഞ് തന്നു.ആളെ ഊഹിക്കാമോ?

സുല്‍ ചേട്ടാ അടിക്കൊന്നുമല്ല ഇതു എന്റെ വിലാസത്തില്‍ ഇടാന്‍ തോന്നീല. ഇവിടെയാകൂടുതല്‍ ചേരുന്നത്.

സാന്‍ഡോസെ ആ വഴി ഞാന്‍ വന്നതാ, പക്ഷേ ഫുള്ളിന്റെ ഉള്ള് ഇന്നേവരെ കണ്ടിട്ടില്ലാ ഇനി കാണുകേം വേണ്ടാ.

ഉത്‌സവം: കരാറുകള്‍ പിന്നെ എന്തിനാ ഉണ്ടാക്കുന്നത്?

ഇക്കാസെ ഇങ്ങളെല്ലാരും ഇങ്ങനെ വന്നു പോയാല്‍ പിന്നെ തിരിച്ചടി വരുമ്പോള്‍ ആരും കാണില്ലാലൊ?

കൈതമുള്ളേ ഇത്തിരി വെള്ളം തലവഴി ഒഴിച്ചിട്ട് നോക്കിക്കേ രണ്ടും കാണും. മൂന്നാം ലോകത്തിന്റെ കാര്യം അവരു ഞായറാഴ്ച ഒന്നുകില്‍ തിരിച്ചുള്ള യാത്രയില്‍ അല്ലേല്‍ ഫോണിന്റെ കീഴെ സമയം കളയും.

സു | Su said...

ഞാന്‍ ചാത്തനേറ് നടത്തും. :)

കുട്ടിച്ചാത്തന്‍ said...

സൂചേച്ചീ: സന്തോഷം. കല്ലുകൊണ്ടാകരുത് എന്ന ഒരു നിര്‍ബന്ധം മാത്രം...