Wednesday, July 04, 2007

പുളിശ്ശേരി

ഹല ഹലോ ഹല ഹല...

ബാച്ചികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഭക്ഷണം. എന്നുമെന്നും ഹോട്ടലില്‍ നിന്നും കഴിച്ച് വയറ് കേടാക്കാതെ വീക്കെന്‍ഡുകളില്‍, റൂമില്‍ തന്നെ കുക്ക് ചെയ്ത് കഴിക്കുന്നതാണ് ഉത്തമം. ഈ ഒരു ചിന്തയുടെ ഭാഗമായി ഞാന്‍ എന്റെ സഹ ബാച്ചികള്‍ക്ക് ഒരു പുളിശ്ശേരി ഡെഡിക്കേറ്റ് ചെയ്യുന്നു. പുളിശ്ശേരി, പെട്ടെന്ന് കേടാവാത്ത ഒരു കറിയാണ്. ശനിയാഴ്ച്ച ഉച്ചക്ക് വച്ചാല്‍ തിങ്കളാഴ്ച്ച രാവിലെ വരെ ഒരു പ്രശ്നവും ഇല്ലാതെ പോകും. ചോറു മാത്രം അപ്പപ്പൊ വച്ച ഇവനെയും കൂട്ടി അങ്ങ് വഹിക്കുക. ടച്ചിങ്സിന് ഒരു പാക്കറ്റ് കുര്‍ക്കുറേയോ ലേയ്സോ മതിയാകും. അച്ചാറും കൂടെ ഉണ്ടെങ്കില്‍ സുഖം സ്വസ്ഥം. ചിലവാകട്ടെ. ഹോട്ടലില്‍ നിന്നും കഴിക്കുന്നതിന്റെ 1/10-ഏ വരൂ. അതും ഹോം മെയ്ഡ് ഫുഡ്. ഒരിക്കല്‍ ശ്രമിച്ചു നോക്കൂ. നിങ്ങള്‍ക്ക് തന്നെ മനസ്സിലാകും അതിന്റെ ഗുണം.


ആവശ്യമുള്ള സാധനങ്ങള്‍:

തൈര് : 400 എം എല്‍ (നെസ്റ്റ്ലെ ഡെപ്പി കിട്ടും - 17 രൂപ)
തേങ്ങ : സാമാന്യം വലുത് 1 (രണ്ട് മൂടിയും എടുക്കാം, തേങ്ങ ഈസ് ഈക്വല്‍ റ്റു റ്റേസ്റ്റ്)
പെരുങ്കായം : ശകലം (പൊടി ഉത്തമം)
ജീരകം : ഒരു സ്പൂണ്‍(പൊടിച്ചത് ഉണ്ടെങ്കില്‍ കൊള്ളാം, അല്ലെങ്കില്‍ ചതക്കുക)
മഞ്ഞള്‍പ്പൊടി: അര സ്പൂണ്‍ മതി
എണ്ണ, കടുക്, ഉലുവ: തോന്നിയ പോലെ
കൊത്തമല്ലി : ഒരു ചെറിയ കെട്ട് (3 രൂപക്ക് കിട്ടുന്നത്രയും മതി)
കറിവേപ്പില : മണം വരണം
പച്ചമുളക് : 5 എണ്ണം (നല്ല സൈസ് ഉള്ളത്)
ഉപ്പ് : മറക്കണ്ട

ചീനച്ചട്ടി : 1
തവി : 1
മിക്സി/അമ്മിക്കല്ല്(വിത്ത് കുഴവി): 1
ചെറിയ ചരുവം: 1
സ്പൂണ്‍ : ഉപ്പിനും, ജീരകത്തിനും, മഞ്ഞള്‍പ്പൊടിക്കും
അടുപ്പ് : 1
തീപ്പെട്ടി : 1
ഇന്ധനം : ആവശ്യത്തിന്

(വെള്ളം : പാത്രം കഴുകാന്‍!)

പാചക രീതി:

തേങ്ങ ചിരവുക. (ബാച്ചി റൂമുകളില്‍ ചിരവ ഇല്ലങ്കില്‍, പിച്ചാത്തി കൊണ്ട് തേങ്ങ അരിയുക, പായസത്തിനൊക്കെ ഇടുന്ന പോലെ. ) പച്ചമുളക് കമ്പ് കളഞ്ഞ് കഴുകിയതും, ഇത്തിരി കറിവേപ്പിലയും ചേര്‍ത്ത് നല്ല മഷി പരുവത്തിന് അരക്കുക. മിക്സിയോ അരകല്ലോ... നോ പ്രോബ്ലം. ഇനി മഷി ഇത്തിരി തരു തരാന്നിരുന്നാലും ആരും ഒന്നും പറയൂല്ല. എല്ലാം നന്നായി മിക്സ് ആയി എന്ന് ഉറപ്പ് വരുത്തുക.

അരപ്പ് പാത്രത്തിലേക്ക് മാറ്റുക. തൈര് അതിലേ ഒഴിച്ച് കൈ കൊണ്ട് മിക്സ് ചെയ്യുക.

അടുപ്പ് കത്തിച്ച്, ചീനച്ചട്ടി അതേല്‍ വച്ച് ചൂടാക്കുക. ശകലം എണ്ണ ഒഴിക്കുക. അതിലോട്ട് കടുക്, ഉലുവ, ജീരകം എന്നിവ ഇടുക. ആദ്യത്തെ ഒരു ലൈറ്റ് അന്‍ഡ് സൌണ്ട് ഷോ കഴിയുമ്പോളേക്കും, കൊത്തിയരിഞ്ഞ മഞ്ഞള്‍പ്പൊടിയും മല്ലിയിലയും ചീനച്ചട്ടിയിലേക്കിടുക. പാത്രത്തിലെ അരപ്പ്+തൈര് ലായനി ചീനച്ചട്ടിലേക്കൊഴിക്കുക. ഉപ്പ് ഇടുക. ഒരു ഗ്ലാസ്സില്‍ ഇത്തിരി വെള്ളമെടുത്ത് അതിലേക്ക് ശകലം കായപ്പൊടി ഇട്ട് മിക്സ് ചെയ്ത് ചീനച്ചട്ടിയില്‍ ഒഴിക്കുക. മിച്ചമുള്ള കറിവേപ്പിലയും ഇതില്‍ കീറിയിടുക. നന്നായിട്ടൊന്ന് ഇളക്കി വിടുക. ചിലപ്പൊ ഈ കുഴമ്പ് ഇത്തിരി കട്ടി കൂടിപ്പോയൊ എന്ന് തോന്നും. അങ്ങനെ തോന്നിയാല്‍ സൂക്ഷിച്ച് ഇത്തിരി വെള്ളം ചേര്‍ക്കുക. ഒരുപാട് നീട്ടിയാല്‍, അതിന്റെ ഗുമ്മ്‌ പോകും. ഇതിനെ ഒരു 15 മിനിറ്റ് നേരത്തേക്ക് തിളപ്പിക്കുക. ഒന്ന് തിളച്ചാല്‍ പിന്നെ സിമ്മിലിട്ട് വച്ചാല്‍ മതി. ഇനി ഐഡിയാ സ്റ്റാര്‍ സിങ്ങര്‍ കാണാന്‍ പോകൂ... 2 പേര്‍ പാടിക്കഴിയുമ്പോള്‍ തിരിച്ച് വന്ന് അടുപ്പണക്കൂ. പുളിശ്ശേരി റെഡി.

ഇവനെ, ചോറ്, ചപ്പാത്തി, ദോശ, ഉഴുന്ന് വട, തുടങ്ങി എന്തിനെ കൂടെയും ചാമ്പാം എന്നതാണ് ഏറ്റവും വലിയ ഗുണം.

ആള്‍ ദി ബെസ്റ്റ്