Tuesday, March 27, 2007

ബാച്ചിലര്‍ വചനങ്ങള്‍

"ഡോക്ടര്‍ എനിക്കു കുറേക്കാലം കൂടി ജീവിച്ചിരുന്നാല്‍ കൊള്ളാമെന്നുണ്ട്‌"

ഡോക്ടര്‍ : പോയി ഒരു കല്യാണം കഴിക്കൂ.

"കല്യാണം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിച്ചിരിക്കുമോ ഡോക്ടര്‍?"

ഡോക്ടര്‍:"ഇല്ല, പക്ഷേ കൂടുതല്‍ കാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം മാറിക്കിട്ടും"

*********************************************************
ഭാര്യ: ഇന്നാണ്‌ നമ്മുടെ വിവാഹ വാര്‍ഷികം. എങ്ങനാ ആഘോഷിക്കുന്നത്‌?

ഭര്‍ത്താവ്‌: നമുക്ക്‌ രണ്ട്‌ മിനിറ്റ്‌ മൗനം ആചരിക്കാം.

*********************************************************

രണ്ട്‌ തവണ വിവാഹം കഴിക്കാന്‍ നിയമം അനുവദിക്കുന്നില്ല.

ഒരേ കുറ്റത്തിനു ഒരാളെ രണ്ട്‌ തവണ ശിക്ഷിക്കാന്‍ ഒരു നിയമോം അനുവദിക്കൂല.

*********************************************************

ഈ പോസ്റ്റ് വിരമിക്കുന്ന താരം ആദിക്കു ഡെഡിക്കേറ്റ് ചെയ്യുന്നു.

ഒരു ഫോര്‍വേഡ് തര്‍ജമ ചെയ്തതാണ്. ബാക്കിയുണ്ട്. തര്‍ജമാ വിദഗ്ദരായ ബാച്ചിലേര്‍സിനു താല്പര്യമുണ്ടേല്‍ അയച്ചു തരാം.

Tuesday, March 13, 2007

ക്ലബ് തകരില്ല, അങ്ങിനെയാരും കരുതണ്ട

ബാച്ചിലേര്‍സ് ക്ലബ്ബ് എന്ന പ്രസ്ഥാനം രൂപീകൃതമാകുന്നത് മഹത്തായ ഒരു ഉദ്ദേശ്യം ലക്ഷ്യം വച്ചാണ്. പൌരുഷവും ആണ്‍സൌന്ദര്യവും തികഞ്ഞ ബാച്ചിലര്‍ പുലികളെ ഒന്നിച്ച് ഒരു കുടക്കീഴില്‍ കൊണ്ട് വരികയും അവരുടെ അവകാശങ്ങള്‍ക്കായി പോരാടുകയും ബാച്ചിലര്‍ഹുഡിനെ പുകഴ്തിപ്പാടുകും ഒക്കെ അതിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളില്‍ ചിലത് മാത്രം. അതുപോലൊന്നായിരുന്നു അംഗങ്ങളുടെ ഇടയില്‍ ബാച്ചിലര്‍ വികാരം വളര്‍ത്തുക എന്നതും അവരെ ബാച്ചിലര്‍ഹുഡിന്റെ വക്താക്കളാകുക എന്നതും. എന്നാല്‍ ഈ ലക്ഷ്യത്തില്‍ എത്തുന്നതിനിടെ ക്ലബ്ബിന്റെ കാലൊന്നിടറി. ഇന്ന് ഈ ഒരു വാര്‍ത്ത ഞങ്ങളുടെ ചെവിയിലെത്തുമ്പോഴേക്കും ക്ലബ്ബംഗങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ നടുങ്ങിക്കഴിഞ്ഞിരുന്നു. ഇപ്പോഴും പോയ ബോധം തിരിച്ച് വരാത്തവര്‍ അനവധി.

ഇനി ഒരല്‍പ്പം ഫ്ലാഷ്‌ബാക്ക്: കഴിഞ്ഞ സെപ്തംബര്‍ 23-ന് സില്‍ക്ക് സ്മിതയുടെ മരണത്തില്‍ അനുശോചിക്കാനും ആ പുണ്യജന്മത്തെ ആദരിക്കാനും എന്താണ് വഴി എന്ന് ചിലര്‍ ബാച്ചിലര്‍മാര്‍ ആലോചിച്ചുതുടങ്ങിയപ്പോഴാണ് ബാച്ചിലര്‍മാര്‍ക്ക് ഒരു ക്ലബ്ബ് എന്ന ആശയം രൂപീകൃതമായത്. അന്ന് ഈ ആശയത്തിന്റെ അമര്‍ക്കാരായി പ്രവര്‍ത്തിക്കാന്‍ ദില്‍ബനും ഞാനും മാത്രമായിരുന്നില്ല ഉണ്ടായിരുന്നത്, അന്നത്തെ ബാച്ചിലര്‍ സിംഹം ആയിരുന്ന് ആദിത്യനും കൂടിയായിരുന്നു. ആദ്യു പോസ്റ്റിനു ചുക്കാന്‍ പിടിച്ചതും, പിന്നീടിങ്ങോട്ട് ബാച്ചിലര്‍മാരുടെ രക്ഷകനായും വക്താവായും ശക്തിയായും ഒക്കെ നിന്ന് മറ്റ് ബാച്ചിലേര്‍സിന് ധൈര്യം പകര്‍ന്നതും ഒക്കെ ഇതേ സിംഹം ആയിരുന്നു. അന്നത്തെ ഇവന്റെ ആവേശം കണ്ടിട്ട് ദില്‍ബന്‍ പോലും പറഞ്ഞത് “നീ സിംഹമല്ലേടാ, പുലിയാണെടാ എന്നായിരുന്നു”.

തുടര്‍ന്നാണ് ക്ലബ്ബിനെ തകര്‍ക്കാന്‍ ചില ദുഷ്ടശക്തികള്‍ “വിവാഹിതര്‍” എന്ന ക്ലബ്ബ് തുടങ്ങിയത്. ആയുധ ബലം കൊണ്ടും അംഗബലം കൊണ്ടും വിവാഹിതര്‍ ക്ലബ്ബ് ബാച്ചിലര്‍ ക്ലബ്ബിനെ ആദ്യം തോല്‍പ്പിച്ചു. പോസ്റ്റിന്റെ നിലവാരം കൊണ്ടും ബാച്ചിലേര്‍സ് ക്ലബ്ബംഗങ്ങളെ ഓടിച്ചിട്ട് തല്ലിയും വിവാഹിതര്‍ ക്ലബ്ബ് അംഗംങ്ങള്‍ ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ചില മിടുക്കന്‍ അംഗങ്ങള്‍ ക്ലബ്ബ് വിട്ട് ക്ലബ്ബ് മാറി ബാച്ചിലേര്‍സ് ക്ലബ്ബിനെ വീണ്ടും തോല്‍പ്പിച്ചു. ഇനി ബാച്ചിലേര്‍ ക്ലബ്ബിനെ ആരും തോല്‍പ്പിക്കണ്ട എന്നും പറഞ്ഞ് ബാച്ചിലര്‍ ക്ലബ്ബിന്റെ ഒഫീഷ്യല്‍ ഗുണ്ട പച്ചാളം തന്റെ വെള്ളക്കളസ് കാണിച്ച് എല്ലാം പറഞ്ഞ് കോമ്പ്ലിമെന്റ്സ് ആക്കിയതായിരുന്നു.

അങ്ങിനെ മനസ്സമ്മാധാനത്തോടെ ബാച്ചിലേര്‍സ് സ്വന്ത് കീറപ്പായയില്‍ കിടന്നുറങ്ങുന്നതിനിടെയാണ് ക്ലബംഗങ്ങളെ മുഴുവന്‍ നടുക്കിയ ഈ സംഭവം ഉണ്ടായത്. ബാച്ചിലര്‍ ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരുവനും ഇപ്പോള്‍ പ്രെസിഡന്റും ആയ ആദി ഇങ്ങനെ ഒരു ചതി ചെയ്യുമെന്ന് ബാച്ചിലര്‍ ദൈവങ്ങളാണെ ആരും പ്രതീക്ഷിച്ചിരുന്നില്ല.

ഇന്ന് രാവിലെ നേരം പുലര്‍ന്ന് ഒരു ഉച്ച ആവാറായപ്പോള്‍ ഈ ബാച്ചിലര്‍ കുലപതി സ്വന്തം വിവാഹം ഉറപ്പിച്ച് വിവരം കാണിച്ച് എഴുത്തയച്ചിരിക്കുന്നു. വഞ്ചകന്‍. ബുദ്ധിശൂന്യന്‍. സ്വന്തം കുഴി സ്വയം തോണ്ടുന്ന മണ്ടശ്ശിരോമണി. ബാച്ചിലര്‍മാരുടെ കാലു വാരിയ കരിംകാലി. അഹങ്കാരി.

ഇല്ല. ഇതുകൊണ്ടൊന്നും ക്ലബ്ബ് തകരില്ല. അങ്ങിനെയാരും കരുതണ്ട. ഒരു ക്ലബ്ബ് പ്രവര്‍ത്തിക്കാന്‍ ഒരു പ്രസിഡന്റ് വേണമെന്ന് ആരാണ് കണ്ടു പിടിച്ചത്. അതില്ലെങ്കിലെന്താ ക്ലബ്ബ് പ്രവര്‍ത്തിക്കില്ലേ? അതൊന്ന് നോക്കണമല്ലോ. ബാച്ചിലേര്‍സ് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ച് വരും. എണ്ണം പറഞ്ഞ ബാച്ചികള്‍ ഇനിയും ഈ ക്ലബ്ബില്‍ ഉണ്ടാകും. അടവ് പതിനെട്ടും പഠിച്ച് കുലോത്തമന്മാര്‍ ഈ ക്ലബ്ബിന്റെ പ്രതാപം ഇനിയും ഉയര്‍ത്തും. ക്ലബ്ബിന്റെ നല്ല കാലം ഇനിയും തെളിയും. അസൂയക്കാ‍ര്‍ കണ്ടു കൊതിച്ചോ.

അഖിലലോകബാച്ചിലര്‍മക്കളേ, സംഘടിക്കുവിന്‍. വിപ്ലവത്തിന് സമയം ആഗതമായി.

എന്നാലും എന്റെ ആദീ, ഈ ചതി ഞങ്ങളോട് വേണ്ടായിരുന്നു...